ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷന് ലീഗ് (സി.എം.എല്‍) യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും 2026-27 പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനവും സെന്റ് മേരീസ് മതബോധന സ്കൂള്‍ ഹാളില്‍ നടന്നു. മിഷന് ലീഗ് പ്രസിഡന്റ് ഐസക് മറ്റത്തില്‍ അധ്യക്ഷത വഹിച്ചു. സി.എം.എല്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. അനീഷ് മാവേലിപ്പുത്തന്പുരയില് പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു.
ഏകദേശം 150-ഓളം മിഷന് ലീഗ് അംഗങ്ങള്‍, ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍മാര്‍, മതബോധന അധ്യാപകര്‍, ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. സി.എം.എല്‍ ഡയറക്ടര്‍ ജോജോ ആനാലില്‍ യോഗം ഏകോപിപ്പിച്ചു. എവാന മണ്ണുകുന്നേല്‍ ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ അബിഗയില്‍ കണ്ടച്ചന്പറമ്പില് സ്വാഗതം പറഞ്ഞു.
കുട്ടികളുടെ ആത്മീയവും വ്യക്തിപരവുമായ വളര്‍ച്ചയ്ക്കും സമൂഹസേവന മനോഭാവം വളര്‍ത്തുന്നതിനും സി.എം.എല്‍ പ്രവര്‍ത്തനങ്ങള്‍ നല്കുന്ന പ്രാധാന്യം പ്രസിഡന്റ് ഐസക് മറ്റത്തില്‍ അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സെക്രട്ടറി ഷോബിന്‍ കണ്ണമ്പള്ളി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജോഷ്വാ കിഴവള്ളില്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സി.എം.എല്‍ ലീഡറായി പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ ഡേവിഡ് കളപുരക്കല്‍ കുട്ടികളുമായി പങ്കുവെക്കുകയും കൂടുതല്‍ കുട്ടികളെ സി.എം.എല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാകാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 2026-27 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെയും വിവിധ ഗ്രൂപ്പ് ലീഡര്‍മാരെയും യോഗത്തില്‍ തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തിലെ സി.എം.എല്‍ പ്രവര്‍ത്തനങ്ങളുടെ വിജയത്തില്‍ ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍മാരുടെ സജീവമായ ഇടപെടലും പിന്തുണയും ശ്രദ്ധേയമായി. ബിബി നെടുംതുരുത്തിപ്പുത്തന്പുരയില്, സൂര്യ കരിക്കുളം എന്നിവരോടൊപ്പം എല്ലാ ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍മാരും വിവിധ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ മികച്ച പിന്തുണ നല്കി. കോര്‍ഡിനേറ്റര്‍മാരുടെ സേവനത്തെ സി.എം.എല്‍ നേതൃത്വം അഭിനന്ദിച്ചു.
പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്ത ഫാ. അനീഷ് മാവേലിപ്പുത്തന്പുരയില് കുട്ടികളും യുവാക്കളും പ്രാര്‍ത്ഥനയിലും സേവനത്തിലും സജീവമായി വളരേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. സി.എം.എല്‍ നല്കുന്ന വിവിധ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി വിശ്വാസത്തിലും സേവന മനോഭാവത്തിലും മുന്നേറാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. തുടര്‍ന്ന് ഫാ. അനീഷ് മാവേലിപ്പുത്തന്പുരയുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഫിലിപ്പ് നെടുംതുരുത്തിപ്പുത്തന്പുരയുടെയും നേതൃത്വത്തില്‍ 2026-27 പ്രവര്‍ത്തന വര്‍ഷത്തിന് ഔപചാരിക തുടക്കമായി.
ഡി.ആര്.ഇ. സജി പൂത്തൃക്കയില്‍ ആശംസകള്‍ നേര്‍ന്നു. സി.എം.എല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മതബോധന സ്കൂളിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. കുട്ടികള്‍ ആവേശവും ഉത്സാഹവും നിലനിര്‍ത്തി എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അസിസ്റ്റന്റ് ഡി.ആര്.ഇ. മനീഷ് കൈമൂലയില്‍, ട്രസ്റ്റി പ്രതിനിധി മജോ കുന്നശ്ശേരി എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായി.




