സ്‌നേഹത്തിന്റെ നൂലിഴകളുമായി ‘Threads of Love’; CML വസ്ത്രശേഖരണത്തിന് തുടക്കമായി

ചിക്കാഗോ: പങ്കുവയ്ക്കലിന്റെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും ക്രൈസ്തവ മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ CML യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘Threads of Love’ എന്ന പേരില്‍ വസ്ത്രശേഖരണ പദ്ധതിക്ക് തുടക്കമായി. നവംബര്‍ 8 ഞായറാഴ്ച വിവിധ കുര്‍ബാനകള്‍ക്കു ശേഷം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

CML എക്‌സിക്യൂട്ടീവ് അംഗങ്ങളായ റിയ പരമ്പെട്ട്, ഫിലിപ്പ് നെടുംതുരുത്തി പുത്തന്‍പുരയില്‍, മിലാനിയ പാറേല്‍ എന്നിവര്‍ പദ്ധതിയുടെ ലക്ഷ്യവും പ്രവര്‍ത്തനരീതിയും ഇടവകാംഗങ്ങള്‍ക്ക് വിശദീകരിച്ചു.

ലൂക്കാ 3:11-ലെ ”രണ്ട് ഉടുപ്പുള്ളവന്‍ ഒന്നുമില്ലാത്തവന് ഒന്ന് കൊടുക്കട്ടെ” എന്ന തിരുവചനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഭവനരഹിതരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ കുട്ടികള്‍ക്ക് വസ്ത്രങ്ങളും അവശ്യസാധനങ്ങളും നല്‍കുന്ന സന്നദ്ധസംഘടനയായ Cradles to Crayons-മായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

മൂന്നു മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവരുടെ മീഡിയം സൈസ് വരെയുള്ളവര്‍ക്ക് അനുയോജ്യമായ പുതിയതോ നല്ല നിലയില്‍ ഉപയോഗിച്ചതോ ആയ വേനല്‍ക്കാല, ശൈത്യകാല വസ്ത്രങ്ങളാണ് ശേഖരിക്കുന്നത്. സ്വെറ്ററുകള്‍, ജാക്കറ്റുകള്‍, തൊപ്പികള്‍, കൈയുറകള്‍, സ്‌കാര്‍ഫുകള്‍ തുടങ്ങിയ ശൈത്യകാല വസ്ത്രങ്ങള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കുന്നത്. നവംബര്‍ 25 വരെയാണ് വസ്ത്രങ്ങള്‍ സ്വീകരിക്കുന്നത്. ഇതിനായി പള്ളി ഹാളില്‍ പ്രത്യേക കളക്ഷന്‍ ബോക്‌സ് സജ്ജീകരിച്ചിട്ടുണ്ട്.

ഓരോ കുട്ടിയും സ്വന്തം വസ്ത്രശേഖരത്തില്‍നിന്ന് ആവശ്യക്കാരനായ ഒരു സഹോദരനോ സഹോദരിക്കോ നല്‍കുന്നതിനായി ഒരു വസ്ത്രം സ്വയം തിരഞ്ഞെടുക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത. വസ്ത്രത്തോടൊപ്പം അത് സ്വീകരിക്കുന്ന കുട്ടിക്കായി സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം ഉള്‍ക്കൊള്ളുന്ന കുറിപ്പും നല്‍കും. ഇതിലൂടെ പങ്കുവയ്ക്കലിന്റെ മഹത്തായ മൂല്യം കുട്ടികളുടെ ഹൃദയങ്ങളില്‍ വളര്‍ത്തിയെടുക്കുകയാണ് CML ലക്ഷ്യമിടുന്നത്.

”നമുക്ക് രണ്ടുണ്ടെങ്കില്‍ ഒന്നില്ലാത്തവനുമായി ഒന്ന് പങ്കുവയ്ക്കാം” എന്ന ക്രൈസ്തവ സന്ദേശം ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് ഇടവകയിലെ കുട്ടികളും കുടുംബങ്ങളും ഈ കാരുണ്യസംരംഭത്തില്‍ സജീവമായി പങ്കുചേരണമെന്ന് CML ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

 

Previous Post

VKCC Office-Bearers Meet Mar Joseph Pandarasseril in Melbourne

Next Post

‘Threads of Love’ CML Clothing Drive Launched in Chicago

Total
0
Share
error: Content is protected !!