ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ (All Saints Day) നവംബര്‍ 1 ഞായറാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. അന്നേ ദിവസം രാവിലെ പത്തു മണിക്ക് നടന്ന വി. കുര്ബാനക്കും വചനസന്ദേശത്തിനും ഫാ. ടോമി തേര്വാലകൊട്ടയില് മുഖ്യ കാര്‍മ്മികനായിരുന്നു,
തുടര്‍ന്ന് നോര്‍ത്ത് അമേരിക്കയിലെ ക്നാനായ റീജിയന്റെ കീഴിലുള്ള ഏറ്റവും വലിയ സണ്‍ഡേ സ്കൂളായ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് സണ്‍ഡേ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ ഓള് സെയിന്റ്സ് ഡേ പരേഡ് നടന്നു. പ്രീ -സ്കൂള്‍ മുതല്‍ മുതിര്‍ന്ന ക്ലാസ്സുവരെയുള്ള കുട്ടികള്‍ തങ്ങളുടെ പേരിനോടനുബന്ധിച്ചുള്ള വിശുദ്ധരുടെ വേഷങ്ങള്‍ അണിഞ്ഞു പരേഡില്‍ പങ്കെടുത്തത് ഏവര്‍ക്കും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. കുട്ടികള്‍ ദേവാലയത്തിലേക്ക് പ്രവേശിക്കുന്ന സമയത്തു ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചു. തുടര്‍ന്ന് അള്‍ത്താരയില്‍ എല്ലാ കുട്ടികളും ഒരുമിച്ചു അണിനിരന്നു ഓള് സെയിന്റ്സ് ഡേ പ്രതിജ്ഞ എടുത്തു. വികാരി ഫാ. സിജു മുടക്കോടില്‍, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുര എന്നിവര്‍ കുട്ടികളെ ആശീര്‍വദിച്ചു. കുട്ടികളെ ഇത്രയും മനോഹരമായി വിശുദ്ധരുടെ വേഷം അണിയിച്ച് കൊണ്ടുവന്ന മാതാപിതാക്കളെ ഫാ.സിജു, ഫാ. അനീഷ് എന്നിവര്‍ മുക്തകണ്ഠം പ്രശംസിച്ചു. സണ്‍ഡേ സ്കൂള്‍ ക്ളാസ്സുകളില്‍ വിശുദ്ധരുടെ ജീവിതത്തെ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേകം ക്ലാസ്സുകളും പ്രദര്‍ശനവും നടന്നു.
തുടര്‍ന്ന് ശാന്തിയുടെയും നിര്മ്മാല്യത്തിന്റെയും പ്രതീകമായി ബലൂണുകള്‍ ബഹുമാനപ്പെട്ട വൈദികരുടെയും സണ്‍ഡേ സ്കൂള്‍ അധ്യാപകരുടെയും ട്രസ്റ്റിമാരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തില്‍ ആകാശത്തേക്ക് പറത്തി. തുടര്‍ന്ന് കുട്ടികള്‍ക്കു മധുരം വിതരണം ചെയ്തു.
സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ സജി പൂതൃക്കയില്‍, അസിസ്റ്റന്റ് ഡി.ആര്.ഇ. മനീഷ് കൈമൂലയില്‍, സെക്രട്ടറി ബിനു ഇടക്കര, മറ്റു അധ്യാപര്‍ എന്നിവരോടൊപ്പം, ട്രസ്റ്റിമാരായ സേവ്യര്‍ നടുപറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളക്കല്‍, മജോ കുന്നശേരി, ഫെലിക്സ് പാലകന് എന്നിവരും ഈ പരിപാടികളുടെ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
ഡോ. റോയി ചേലമലയില്‍




