മോണ്‍. ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പായുടെ ശ്വാസകോശത്തില്‍ നിന്ന് നീക്കം ചെയ്ത ഭാഗത്തെ പരിശോധനാഫലം പുറത്തുവന്നുവെന്നും, പാപ്പായ്ക്ക് കൂടുതല്‍ ചികിത്സകള്‍ ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി ഒക്ടോബര്‍ 21 ബുധനാഴ്ച പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. ഒക്ടോബര്‍ 13 ചൊവ്വാഴ്ച റോമിലെ പോളിക്ലിനിക് ജെമെല്ലി ആശുപത്രിയില്‍ വച്ച് നീക്കം ചെയ്ത, വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയില്‍, അവിടെയുണ്ടായിരുന്ന മുഴ ശ്വാസകോശ അഡിനോകാര്‍സിനോമ ആയിരുന്നുവെന്നും എന്നാല്‍ രോഗം പ്രാദേശികമായി പരിമിതമായ ഇടത്തുമാത്രമാണ് ഉണ്ടായിരുന്നതെന്നും, മുന്‍പുതന്നെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
ഡോ. ലൂയിജി കാര്‍ബോണെ, പ്രൊഫസര്‍ സ്തേഫനോ മാര്ഗരിത്തോറ എന്നിവരാണ് പരിശുദ്ധ പിതാവിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ടു നടത്തിയ ഓങ്കോളജി പരിശോധനയുടെ അടിസ്ഥാനത്തില്‍, പരിശുദ്ധ പിതാവിന് കൂടുതല്‍ ചികിത്സ ആവശ്യമില്ലെന്ന് സ്ഥിരീകരിച്ചത്.
പരിശുദ്ധ പിതാവിന് നടത്തിയ ശസ്ത്രക്രിയയുടെ ഭാഗമായി നീക്കം ചെയ്ത കലകളെക്കുറിച്ചുള്ള സൂക്ഷ്മപരിശോധന (histopathology), കോശങ്ങളിലെ ജനിതകമാറ്റങ്ങള്‍ പരിശോധിക്കുന്ന മോളിക്യുലാര്‍ പരിശോധനാ എന്നിവയുടെ ഫലങ്ങളാണ് പുറത്തുവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ്, ശ്വാസകോശത്തിലുണ്ടായിരുന്ന മുഴ ശ്വാസകോശ അഡിനോകാര്സിനോമയാണെന്നും രോഗം പ്രാദേശികമായി പരിമിതപ്പെട്ടതാണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
ശസ്ത്രക്രിയയ്ക്ക് ശേഷം, ആശുപത്രിയില്‍നിന്നും തിരികെ വത്തിക്കാനിലേക്ക് പരിശുദ്ധ പിതാവ് പോരുന്ന അവസരത്തില്‍, വരുന്ന നവംബര്‍ മാസത്തില്‍ തെക്കേ അമേരിക്കയിലേക്ക് നടത്താനിരുന്ന അപ്പസ്തോലിക യാത്ര റദ്ദുചെയ്യേണ്ട ക്ലിനിക്കല്‍ വൈദ്യശാസ്ത്രപരമായ കാരണങ്ങളില്ലെന്ന് പരിശുദ്ധ പിതാവിന്റെ ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ച പ്രൊഫസര്‍ മാര്ഗരിത്തോറ പ്രസ്താവിച്ചിരുന്നു.




