നിഷ്‌പക്ഷവും സുതാര്യവുമായിരിക്കട്ടെ തിരഞ്ഞെടുപ്പു കമ്മീഷന്‍

ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായി വിശേഷിപ്പിക്കുന്ന വരാണ്‌ നമ്മുടെ ഭരണാധികാരികള്‍. ഒരുപക്ഷേ, ലോകത്ത്‌ ഏറ്റവും അധികം പൗരന്മാര്‍ വോട്ടെടുപ്പിലൂടെ തങ്ങളുടെ ഭരണാധികാരികളെ നിശ്ചയിക്കുന്നത്‌ ഭാരതത്തിലാണ്‌. നിഷ്‌പക്ഷവും നീതിപൂര്‍വകവും സുതാര്യവുമായ തിരഞ്ഞെടുപ്പ്‌ ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ്‌ തിരഞ്ഞെടുപ്പു കമ്മീഷനെ ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപന മായിട്ടാണ്‌ ഭരണഘടന വിഭാവനം ചെയ്‌തത്‌. ഒരുപക്ഷേ, ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി തിരഞ്ഞെടുപ്പു കമ്മീഷനെ തങ്ങളുടെ താല്‍പര്യത്തിന നുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കാനുള്ള സാധ്യത ഉണ്ടായിരുന്നെ ങ്കില്‍പോലും, കമ്മീഷന്‍ അത്തരം ദുഷ്‌പ്രേരണകള്‍ക്ക്‌ കാര്യമായി വഴങ്ങിയിരുന്നില്ല എന്നതാണ്‌ രാജ്യത്തിന്റെ ഇതുവരെയുള്ള അനുഭവം. ജനാധിപത്യത്തിന്റെ അടിസ്ഥാന സ്‌തംഭങ്ങള്‍ ശക്തവും സ്വതന്ത്ര വുമായ ഭരണഘടനാ പിന്‍ബലമുള്ള സ്ഥാപനങ്ങളാണെന്നു ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയും നിയമവിശാരദനുമായിരുന്ന ഡോ. അംബേദ്‌കര്‍ ഇക്കാര്യം ഉറച്ചു വിശ്വസിച്ചിരുന്നു. സ്വതന്ത്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ വേണമെന്ന്‌ ഇന്ത്യന്‍ ഭരണഘടനയുടെ 324-ാം അനു ച്ഛേദത്തില്‍ രേഖപ്പെടുത്തുമ്പോള്‍, അതിനു കാരണമായി അദ്ദേഹം പറ ഞ്ഞത്‌, “തിരഞ്ഞെടുപ്പുകളുടെ പരിശുദ്ധിയും നീതിയും ഏറ്റവുമധികം സംരക്ഷിക്കപ്പെടുക കമ്മീഷന്റെ അധികാരം എക്‌സിക്യൂട്ടീവിന്റെ കൈകളില്‍നിന്ന്‌ ഏറ്റെടുത്ത്‌ ഏതെങ്കിലും സ്വതന്ത്ര അധികാരിക്ക്‌ കൈമാറുമ്പോള്‍ മാത്രമായിരിക്കും” എന്നാണ്‌. ഇത്രത്തോളം ദീര്‍ഘ വീക്ഷണത്തോടെ ഭരണഘടന വിഭാവനം ചെയ്‌ത്‌ സ്ഥാപിച്ചിരിക്കുന്ന ഇന്ത്യയിലെ തിരഞ്ഞെടുപ്പു കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഗൗരവമായ സംശയങ്ങളും ആശങ്കകളും ഉയരുന്ന സ്ഥിതിവിശേഷമാണ്‌ ഇപ്പോഴുള്ളത്‌. ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല, സാധാരണ പൗരന്മാരും സുപ്രീംകോടതിയിലെ വിരമിച്ചവരും നിലവില്‍ സേവനമനുഷ്‌ഠിക്കുന്നവരുമായ ജഡ്‌ജിമാര്‍ വരെ ഇത്തരം ആശങ്കകള്‍ ഉന്നയിക്കുന്നുണ്ട്‌. അടുത്തകാലത്ത്‌ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ നടത്തിവരുന്ന വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്‌.ഐ.ആര്‍.) ഇന്ത്യന്‍ ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്നാണ്‌ ഉയര്‍ന്നുവരുന്ന ആക്ഷേപം.
രാജ്യത്ത്‌ ഇതുവരെ 13.3 കോടി വോട്ടര്‍മാര്‍ എസ്‌.ഐ.ആറിലൂടെ വോട്ടര്‍പട്ടികയില്‍നിന്ന്‌ പുറത്തായി എന്നാണ്‌ പറയപ്പെടുന്നത്‌. അനര്‍ഹരെ വോട്ടര്‍പട്ടികയില്‍നിന്ന്‌ പുറത്താക്കേണ്ടത്‌ ആവശ്യംതന്നെ യാണ്‌. എന്നാല്‍, അതിന്റെ മറവില്‍ സാധാരണക്കാരന്റെ അന്യാധീന പ്പെടുത്താനാവാത്ത വോട്ടവകാശവും പൗരാവകാശവും ഇല്ലാതാക്കുന്ന പ്രക്രിയ നമ്മുടെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതിനു തുല്യമാണ്‌. വോട്ട്‌ ചെയ്യാന്‍ പ്രായം തികഞ്ഞ രാജ്യത്തെ എല്ലാ പൗര ന്മാര്‍ക്കും മുടക്കമില്ലാതെ നിഷ്‌പക്ഷമായും സുതാര്യമായും എളുപ്പ ത്തിലും വോട്ടവകാശം വിനിയോഗിക്കാനുള്ള അവസരം ഒരുക്കുകയാണ്‌ തിരഞ്ഞെടുപ്പു കമ്മീഷന്‍ ചെയ്യേണ്ടത്‌. ഏതെങ്കിലും സാങ്കേതിക കാരണങ്ങള്‍ കണ്ടെത്തി ആളുകളെ വോട്ടര്‍പട്ടികയില്‍നിന്ന്‌ ഒഴിവാ ക്കാനല്ല കമ്മീഷന്‍ ശ്രമിക്കേണ്ടത്‌. തിരഞ്ഞെടുപ്പു കമ്മീഷന്‍ ഒരംഗ ത്തില്‍ മാത്രം ഒതുങ്ങി നിന്നപ്പോള്‍, അദ്ദേഹം തിരഞ്ഞെടുപ്പു പ്രക്രിയ യില്‍ സ്വന്തം താല്‍പര്യം അടിച്ചേല്‍പ്പിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്ന തിനെത്തുടര്‍ന്നാണ്‌ കമ്മീഷനില്‍ മൂന്ന്‌ അംഗങ്ങളെ നിയമിക്കാന്‍ തീരുമാനിച്ചത്‌. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസും അടങ്ങുന്ന സമിതിയായിരിക്കണം തിരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കേ ണ്ടതെന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം ബി.ജെ.പി. സര്‍ക്കാര്‍ നിയമനിര്‍മാണത്തിലൂടെ മറികടന്നു. പ്രധാന മന്ത്രി, പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ക്യാബിനറ്റ്‌ മന്ത്രി, പ്രതിപക്ഷ നേതാവ്‌ എന്നിവര്‍ അടങ്ങുന്ന സമിതിയാണ്‌ നിയമനം നടത്തേണ്ടതെന്ന്‌ തീരുമാനിച്ചതോടെ തിരഞ്ഞെടുപ്പു കമ്മീഷന്റെ നിഷ്‌പക്ഷതയ്‌ക്ക്‌ കോട്ടം തട്ടി. എസ്‌.ഐ.ആര്‍. ഉള്‍പ്പെടെ അടുത്തകാലത്ത്‌ തിരഞ്ഞെടുപ്പു കമ്മീഷന്‍ കൈക്കൊണ്ട പല നടപടി കളെക്കുറിച്ചും കമ്മീഷനിലെ രണ്ട്‌ അംഗങ്ങള്‍ പത്തുമാസ ത്തിനിടെ പലതവണ സംശയം ഉന്നയിച്ച കാര്യം പത്രങ്ങളിലൂടെ പുറത്തുവന്നത്‌ കമ്മീഷനെ വീണ്ടും സംശയനിഴലിലാക്കി. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്കെതിരെ അവര്‍ ഉന്നയിച്ച ആക്ഷേപങ്ങളെ ശരിവയ്‌ക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ്‌ പിന്നീട്‌ കമ്മീഷന്റെ നിര്‍ദേശങ്ങളില്‍ നിന്ന്‌ ഉണ്ടായതെന്നത്‌ അവരുടെ ആക്ഷേപങ്ങളുടെ യുക്തിയെ ശരിവയ്‌ക്കുന്നു. നിലവിലെ വോട്ടര്‍പട്ടികയിലുള്ള വ്യക്തിയോട്‌ അപേക്ഷ പൂരിപ്പിച്ചും രേഖകള്‍ ഹാജരാക്കിയും വീണ്ടും വോട്ടവകാശം തെളിയിക്കണമെന്ന്‌ ആവശ്യപ്പെടുന്നത്‌ 1960-ലെ ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമാണെന്നാണ്‌ ആക്ഷേപം. ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമായ നിയമം നിര്‍മിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടില്ലെന്നാണ്‌ കോടതിയുടെ നിലപാട്‌. പ്രാബല്യത്തിലുള്ള നിയമങ്ങളെ മറികടക്കാന്‍ ഭരണഘടനയുടെ 324-ാം അനുച്ഛേദം തിരഞ്ഞെടുപ്പു കമ്മീഷനെ അധികാരപ്പെടുത്തുന്നില്ലെന്നും എസ്‌.ഐ.ആറിന്റെ കാര്യത്തില്‍ നിയമത്തിലെ നിഷ്‌കര്‍ഷതകള്‍ ലംഘിക്കപ്പെടുകയാണെന്നും ചൂണ്ടി ക്കാണിക്കപ്പെടുന്നു. വോട്ടര്‍പട്ടികയുടെ പരിഷ്‌കരണം നിലവിലുള്ള വോട്ടര്‍മാരെ പുറന്തള്ളാനുള്ളതല്ലെന്ന്‌ നിയമവിദഗ്‌ധര്‍ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ അത്‌ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെയും ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെയും ലംഘനമായിരിക്കുമെന്ന്‌ സുപ്രീംകോടതിയിലെ സിറ്റിങ്‌ ജഡ്‌ജിയായ ജസ്റ്റിസ്‌ ഉജ്ജല്‍ ഭൂയാന്‍ പറഞ്ഞതിന്റെ അന്തഃസത്ത ഉത്തരവാദിത്വപ്പെട്ടവര്‍ മറക്കരുത്‌. ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക്‌ ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളും മറ്റ്‌ അവകാശങ്ങളും സാങ്കേതികത്വം പറഞ്ഞ്‌ ആരും കവര്‍ന്നെടുക്കാതിരി ക്കാനുള്ള ജാഗ്രത പൊതുസമൂഹത്തിനും ഉണ്ടായേ തീരൂ.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്‌.എച്ച്‌

Previous Post

ഉഴവൂര്‍: ആല്‍പ്പാറയില്‍ എ.എ കുര്യന്‍

Next Post

അരീക്കര: മുരിയംകോട്ട്മലയില്‍ അന്ന ജോസഫ്

Total
0
Share
error: Content is protected !!