കല ദൈവമഹത്വത്തിനുള്ള ഉപകരണമാകണം: മാര്‍ തോമസ് ആനിമൂട്ടില്‍

കടുത്തുരുത്തി: കല ദൈവമഹത്വത്തിനുള്ള ഉപകരണമാകണമെന്നും കലാപ്രതിഭകള്‍ വിശ്വാസപ്രഘോഷണത്തിനും സുവിശേഷമൂല്യങ്ങളുടെ പ്രചാരണത്തിനും സമൂഹനന്മയ്ക്കുമായി വിനിയോഗിക്കപ്പെടണമെന്നും കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടില്‍. കോട്ടയം അതിരൂപതയുടെ ബൈബിള്‍ കലോത്സവം ഫെസ്ത 2026 കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ രാവിലെ എത്തിയ മാര്‍ തോമസ് ആനിമൂട്ടില്‍ പിതാവിനെ വിശ്വാസസമൂഹം നടവിളികളോടെ സ്വീകരിച്ചു. തുടര്‍ന്ന് കടുത്തുരുത്തി വലിയപള്ളി അങ്കണത്തിലും പരിസരത്തുമായി 17 വേദികളില്‍ നടന്ന കലോത്സവത്തില്‍ അതിരൂപതയിലെ വിവിധ ഫൊറോനകളില്‍നിന്ന് ആയിരത്തിലധികം കലാപ്രതിഭകള്‍ പങ്കെടുത്തു. ബൈബിള്‍ സന്ദേശങ്ങളെ കലയുടെ മനോഹരമായ ആവിഷ്‌കാരങ്ങളിലൂടെ പകരുന്ന വിശ്വാസത്തിന്റെയും സര്‍ഗാത്മകതയുടെയും സംഗമമായി കലോത്സവം മാറി.

കടുത്തുരുത്തി വലിയപള്ളി വികാരി ഫാ. ജോണ്‍സണ്‍ നീലാനിരപ്പേല്‍ സ്വാഗതം ആശംസിച്ചു. അതിരൂപത ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്യു മണക്കാട്ട് കൃതജ്ഞത രേഖപ്പെടുത്തി.

മിഷന്‍ ലീഗിന്റെ വിവിധ മത്സരങ്ങളില്‍ ചുങ്കം ഫൊറോന ഒന്നാം സ്ഥാനവും കടുത്തുരുത്തി ഫൊറോന രണ്ടാം സ്ഥാനവും ഉഴവൂര്‍ ഫൊറോന മൂന്നാം സ്ഥാനവും നേടി. തിരുബാലസഖ്യത്തിന്റെ വിവിധ മത്സരങ്ങളില്‍ ചുങ്കം ഫൊറോന ഒന്നാം സ്ഥാനവും കിടങ്ങൂര്‍ ഫൊറോന രണ്ടാം സ്ഥാനവും കടുത്തുരുത്തി ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മിഷന്‍ ലീഗ് ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, പ്രസിഡന്റ് സജി പഴുമാലില്‍, കോര്‍ഡിനേറ്റര്‍ മാത്യു പാലകന്‍, ഫൊറോന വികാരി ഫാ. ജോണ്‍സണ്‍ നീലാനിരപ്പേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

കായികരംഗത്ത് കല്ലറ സെന്റ് തോമസ് സ്‌കൂളിന് ഒരു പൊന്‍തൂവല്‍ കൂടി

Total
0
Share
error: Content is protected !!