കടുത്തുരുത്തി: കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായ കടുത്തുരുത്തി വലിയ പള്ളിയുടെ മുന്‍ വികാരി മാര്‍ തോമസ് ആനിമൂട്ടില്‍ പിതാവിന് വലിയ പള്ളിയുടെ നേതൃത്വത്തില്‍ പ്രൗഢഗംഭീര സ്വീകരണം നല്കി.
ക്നാനായ സമുദായത്തിന്റെ പാരമ്പര്യവും പൂര്വികസ്മരണകളും നിറഞ്ഞുനില്ക്കുന്ന കടുത്തുരുത്തി കുരിശുപള്ളിയില്‍ പ്രാര്‍ഥനകള്‍ അര്‍പ്പിച്ചാണ് പിതാവ് സന്ദര്‍ശനം ആരംഭിച്ചത്. എ.ഡി. 345-ലെ ക്നാനായ കുടിയേറ്റത്തിനിടെ കൊടുങ്ങല്ലൂരില്‍ എത്തുന്നതിനുമുമ്പ് മരിച്ചുപോയ പൂര്‍വികരെ അനുസ്മരിച്ച് നൂറ്റാണ്ടുകളായി സമൂഹം ഈ കുരിശടിയില്‍ പ്രാര്ഥിച്ചുവരുന്നു. തുടര്‍ന്ന് പ്രദക്ഷിണമായി വലിയ പള്ളിയിലെത്തിയ പിതാവ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. പാരിഷ് ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ പിതാവിന് സ്വീകരണം നല്കി.
മലബാറിന്റെ മണ്ണില്‍നിന്നുള്ള കര്‍ഷകപുത്രനായ താന്‍ മലബാറിന്റെ അജപാലന ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനിക്കുന്നതായും എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും അഭ്യര്‍ഥിക്കുന്നതായും മാര്‍ തോമസ് ആനിമൂട്ടില്‍ പിതാവ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. വാര്‍ധക്യത്തില്‍ ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കുന്ന വയോധികരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ക്നാനായ സമുദായത്തിന്റെ ഉന്നമനത്തിനും ഐക്യത്തിനുംവേണ്ടി പ്രവര്‍ത്തിക്കുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമുദായാംഗങ്ങളെ ഒരുമിപ്പിക്കുക പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വലിയപള്ളി വികാരി ഫാ. ജോണ്സണ് നീലാനിരപ്പേല്‍ അധ്യക്ഷത വഹിച്ചു. ജലവിഭവ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. ജോസഫ് മുഖ്യാതിഥിയായി. ഫാ. ജോണ്‍ പാളിത്തോട്ടം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയ് ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പാരിഷ് കൗണ്‍സില്‍ സെക്രട്ടറി മാത്യു ഫിലിപ്പ് പാലകന്, കെ.സി.വൈ.എല്‍. പ്രതിനിധി എല്‍സ ബെന്നി, ജില്ലാ പഞ്ചായത്ത് പ്രതിനിധി ആന്‍ മരിയ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി ലൈസാമ്മ ജോസ്, ഗ്രാമപഞ്ചായത്ത് പ്രതിനിധി ജിന്‍സി എലിസബത്ത് തുടങ്ങിയവരും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. വിവിധ ഇടവകകളിലെ സംഘടനാ ഭാരവാഹികള്‍ പിതാവിനെ ആദരിച്ചു.





