മടമ്പം: പി. കെ. എം. കോളേജ് ഓഫ് എഡ്യുകേഷന്റെ നൂതനമായ കരികുലര്‍, എക്സ്റ്റെന്റഡ് കരികുലര്‍, കൊളാബൊറേറ്റീവ് പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം അഡ്വ. സജീവ് ജോസഫ് എം. എല്‍. എ. നിര്‍വഹിച്ചു. വര്‍ത്തമാനകാല വിദ്യാഭ്യാസ രംഗത്ത് നൂതന ആശയങ്ങളും പ്രവര്‍ത്തനരീതികളും മുന്നോട്ടുവച്ച് പി.കെ.എം. കോളേജ് ഓഫ് എജുക്കേഷന്‍ ശ്രദ്ധേയമായ മാതൃകയായി മാറുകയാണെന്ന് എം.എല്‍.എ. പറഞ്ഞു.
കോളേജ് പ്രൊ-മാനേജര്‍ ഫാ. ജോയ് കാട്ടിയാങ്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന നൈപുണ്യ വികസന സംരംഭമായ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (ASAP)-മായി സഹകരിച്ച് വിവിധ പുതിയ കോഴ്സുകള്‍ കോളേജില്‍ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി പി.കെ.എം. കോളേജ് ‘അസാപ് സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍’ ആയി പ്രവര്‍ത്തിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഇരുകൂട്ടരും ഒപ്പുവെച്ചു. റൂസ-അസാപ് പദ്ധതിയുടെ ഭാഗമായി രണ്ടു ഘട്ടങ്ങളിലായി സംഘടിപ്പിച്ച വിവിധ കോഴ്സ്കളുടെ സമാപനവും നടത്തി. അധ്യാപകവിദ്യാര്‍ത്ഥികളില്‍ പ്രൊഫഷണല്‍ മികവും വിഭവശേഷിയും വര്‍ധിപ്പിക്കുന്നതിനായി കോളേജ് ഐ.ക്യു.എ.സിയുടെ നേതൃത്വത്തില്‍ ‘സ്റ്റേ റിസോര്‍സ് ഫുള്‍’ എന്ന പുതിയ പാഠ്യപദ്ധതി അധിഷ്ഠിത സംരംഭത്തിനും തുടക്കം കുറിച്ചു. അധ്യാപവിദ്യാര്ത്ഥികളില് പരസ്പര സഹകരണം, അറിവിന്റെ പങ്കുവെക്കല്‍, നവീന ചിന്ത, ആത്മവിശ്വാസം, പ്രൊഫഷണല്‍ കഴിവുകള്‍ എന്നിവ വളര്‍ത്തിയെടുക്കുന്നതിലൂടെ അധ്യാപക പരിശീലനരംഗത്ത് പുതിയൊരു പഠനസംസ്കാരം സൃഷ്ടിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപയിനായ ഓപ്പറേഷന് തുഫാനോട് സഹകരിച്ചുകൊണ്ടുള്ള കോളേജിന്റെ ‘യെസ് ടു ലൈഫ് ‘ ആന്റി ഡ്രഗ് ക്യാമ്പയിനും തുടക്കമായി. നൂതന സാങ്കേതികവിദ്യകളില്‍ അഭിരുചിയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികളിലേക്ക് STEAM വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പി.കെ.എം. കോളേജ് വിഭാവനം ചെയ്ത STEAM@സ്കൂള്‍സ് പദ്ധതിയുടെ മൂന്നാംഘട്ട കോഴ്സുകള്‍ക്കും തുടക്കമായി. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, കല, ഗണിതശാസ്ത്രം എന്നിവ സമന്വയിപ്പിച്ചുള്ള പഠനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ പ്രായോഗിക നൈപുണ്യങ്ങളും സൃഷ്ടിപരമായ ചിന്തയും വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാര്‍ത്ഥികളില്‍ സമാധാനബോധവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്നതിനുള്ള കോളേജിന്റെ തനത് സംരംഭമായ ‘കേഡേറ്റ്സ് ഓഫ് പീസ്’ സ്കൂള്തലത്തിലേക്കുകൂടി വ്യാപിപ്പിച്ചുകൊണ്ടു ‘കേഡേറ്റ്സ് ഓഫ് പീസ്@ സ്കൂള്‍സ്, എന്ന പദ്ധതിക്കും എം. എല്‍. എ. തുടക്കം കുറിച്ചു. ‘സഹജീവികളോടുള്ള കരുതല്‍’, ‘പ്രകൃതിയോടുള്ള കരുതല്‍’ എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കി കോളേജ് ആരംഭിച്ചിട്ടുള്ള ‘ഷെയര്‍ യുവര്‍ സ്പേയര്’, ‘ഗ്രീന്‍ സ്കൂള്‍സ്’ എന്നീ പദ്ധതികള്‍ സമൂഹത്തോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്വബോധം വളര്‍ത്തുക എന്നതു ലക്ഷ്യമിടുന്നു. കണ്ണൂര്‍ യൂണിവേര്സിറ്റി സിന്‍ഡികേറ്റ് മെംബറും മട്ടന്നൂര്‍ പി. ആര്. എന്‍. എസ്. എസ് കോളേജ് പ്രിന്‍സിപ്പാളുമായ ഡോ. ബിജു ആര്. കെ. മുഖ്യപ്രഭാഷണം നടത്തി.
കോളേജ് ഫിസിക്കല്‍ എഡ്യുകേഷന് വിഭാഗം അസിസ്റ്റന്റ് പ്രൊഫെസര്‍ ഡോ. സിനോജ് ജോസഫ് സ്വാഗതഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ ഡോ. പ്രശാന്ത് മാത്യു പദ്ധതിവിശദീകരണം നടത്തി. കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. ജെസ്സി എന്‍. സി. ആശംസകള്‍ നേര്‍ന്നു . സൃഷ്ടി റൊബോറ്റിക്സ് ആന്റ് ടെക്നോളജിസ് സി. ഇ. ഒ. സുനില്‍ പോള്‍, അസാപ്പ്, കേരള മാനേജര്‍ സുജീഷ്, ഡെപ്യൂട്ടി മാനേജര്‍സുബിന്‍ മോഹന്‍, കോളേജ് ‘കേഡേറ്റ്സ് ഓഫ് പീസ്’ സ്ഥാപക സിസ്റ്റര്‍. കരോളിന് എഫ്. സി. സി., കോളേജ് യൂണിയന് ചെയര്‍പേര്‍സണ്‍ ടോം ക്രിസ്റ്റിയാനോ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. കോളേജ് ലോക്കല്‍ മാനേജര്‍ ഫാ. ഷാജി വടക്കേതൊട്ടിയില്‍ സംബന്ധിച്ചു. ഐ. എ. സി. കോഡിനേറ്ററും സോഷ്യല്‍ സയന്‍സ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫെസറുമായ ഡോ. വീണ അപ്പുകുട്ടന്‍ നന്ദി പറഞ്ഞു.




