കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി മികച്ച പൊതുവിദ്യാലയങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ’ ശ്രേഷ്ഠ വിദ്യാലയ’ ജില്ലാതല പുരസ്‌കാരത്തിന് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍, കോട്ടയം സെന്റ് ആന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അര്‍ഹമായി. പൊതുവിദ്യാഭ്യാസ രംഗത്ത് വിദ്യാലയങ്ങള്‍ കൈവരിക്കുന്ന സമഗ്ര മികവിനെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. അക്കാദമിക മികവ്, പഠനനിലവാരം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, കലാ-കായിക രംഗത്തെ നേട്ടങ്ങള്‍, ആധുനിക ഭൗതിക സാഹചര്യങ്ങള്‍, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ വിവിധ മേഖലകളിലെ പ്രവര്‍ത്തന മികവുകള്‍ പരിഗണിച്ചായിരുന്നു അവാര്‍ഡ് ലഭിച്ചത്. വിദ്യാര്‍ത്ഥികളുടെ അക്കാദമിക മികവിനൊപ്പം അവരുടെ സര്‍വതോന്മുഖമായ വ്യക്തിത്വ വികസനത്തിനും സെന്റ് ആന്‍സ് സ്‌കൂള്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നു. പഠനത്തോടൊപ്പം കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍, നേതൃത്വപാടവം, സാമൂഹികബോധം, ആത്മവിശ്വാസം എന്നിവ വളര്‍ത്തിയെടുക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളും വിദ്യാലയത്തില്‍ നടപ്പാക്കി വരുന്നു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പി.ടി.എ.യുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമാണിതെന്ന് പ്രിന്‍സിപ്പല്‍ ജോബി ജോസഫ് പറഞ്ഞു . ഒരു നൂറ്റാണ്ടിലധികമായി വിദ്യാഭ്യാസരംഗത്ത് സേവനം ചെയ്തുവരുന്ന സ്ഥാപനമെന്ന പാരമ്പര്യത്തിനൊപ്പം പുതുകാല വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളെയും ഉള്‍ക്കൊള്ളുന്നുവെന്നതാണ് സെന്റ് ആന്‍സ് സ്‌കൂളിന്റെ പ്രത്യേകത.




