കോട്ടയം അതിരൂപതാ വൈദിക തുടര്‍പരിശീലനം നടത്തപ്പെട്ടു

കോതനല്ലൂര്‍: കോട്ടയം അതിരൂപതയില്‍ സേവനം ചെയ്യുന്ന വൈദികര്‍ക്കായുള്ള തുടര്‍പരിശീലന പരിപാടി 2026 ജൂണ്‍ 15, 16 തീയതികളില്‍ കോതനല്ലൂര്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ നടത്തി. ജൂണ്‍ 15ന് വൈകുന്നേരം നാലുമണിക്ക് മാസധ്യാനവും തുടര്‍ന്ന് ആരാധനയും കുമ്പസാരവും നടത്തപ്പെട്ടു. തലശ്ശേരി അതിരൂപതാംഗവും തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഫാ. ജോസഫ് കുമ്പുക്കല്‍ ധ്യാനചിന്തകള്‍ പങ്കുവെച്ചു.

വൈകുന്നേരം ഏഴുമണിയോടെ തുടര്‍പരിശീലന ക്ലാസുകള്‍ ആരംഭിച്ചു. പരിപാടി കോട്ടയം അതിരൂപതാ മെത്രാപോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് ഫോണുകള്‍ക്കും AI പോലുള്ള ആധുനിക സാങ്കേതികവിദ്യകള്‍ക്കും മനുഷ്യര്‍ അടിമപ്പെടരുതെന്നും, എന്നാല്‍ അവയുടെ നല്ല വശങ്ങള്‍ വൈദികര്‍ തങ്ങളുടെ ശുശ്രൂഷാമേഖലകളില്‍ വൈദഗ്ധ്യത്തോടെയും വിവേകത്തോടെയും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഫാ. ജോസഫ് കുമ്പുക്കല്‍ നേതൃത്വം നല്‍കി. നിര്‍മിതബുദ്ധിയുടെ വളര്‍ച്ച, ഉപയോഗം, സാധ്യതകള്‍, വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും ചര്‍ച്ചകളുമായിരുന്നു രണ്ടു ദിവസം നീണ്ടുനിന്ന പരിശീലന പരിപാടിയുടെ മുഖ്യവിഷയം. AI മനുഷ്യജീവിതത്തില്‍ ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും, വൈദികര്‍ തങ്ങളുടെ അജപാലന ശുശ്രൂഷാമേഖലകളില്‍ ഈ സാങ്കേതികവിദ്യ ഉത്തരവാദിത്വത്തോടെയും വിവേകത്തോടെയും എങ്ങനെ പ്രയോജനപ്പെടുത്തണമെന്നതും പരിശീലനത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു.

സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ രണ്ടു ദിവസവും പരിശീലന പരിപാടിയില്‍ സന്നിഹിതരായിരുന്നു. അതിരൂപതാ വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടിലിന്റെ നേതൃത്വത്തില്‍ നടന്ന തുടര്‍പരിശീലന പരിപാടിയില്‍ അതിരൂപതയിലെ 130 വൈദികര്‍ പങ്കെടുത്തു.

 

Previous Post

ക്‌നാനായ കത്തോലിക്കാ ഡോക്ടേഴ്സ് ഫോറം 2026 സംഘടിപ്പിച്ചു

Next Post

ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപതാതല പ്രവര്‍ത്തന ഉദ്ഘാടനം നടന്നു

Total
0
Share
error: Content is protected !!