നിലവില്‍ EWTN ന്യൂസിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ മരിയ മോണ്ട്സെററ്റ് അല്‍വരാഡോയെ (Maria Montserrat Alvarado) ലിയോ പതിനാലാമന്‍ പാപ്പ, ആശയവിനിമയത്തിനായുള്ള ഡിക്കാസ്റ്ററിയുടെ (Dicastery for Communication) പ്രീഫെക്ട് ആയി നിയമിച്ചു. 2026 നവംബര്‍ 1 മുതല്‍ ഈ നിയമനത്തിന് പ്രാബല്യമുണ്ടാകും.മെക്സിക്കോ സിറ്റിയില്‍ ജനിച്ച അല്‍വരാഡോ ഫ്ലോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി, ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. 2009 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മതസ്വാതന്ത്ര്യത്തിനായുള്ള ബെക്കറ്റ് ഫണ്ടില്‍ (Becket Fund for Religious Liberty) നേതൃസ്ഥാനങ്ങള്‍ വഹിച്ച അവര്‍, മതസ്വാതന്ത്ര്യ സംരക്ഷണത്തിനും മനുഷ്യന്റെ അന്തസ്സ് ഉയര്ത്തിപ്പിടിക്കുന്നതിനുമായുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

2023 മുതല്‍, ഇറ്റേണല്‍ വേര്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്കിന്റെ (EWTN) വാര്‍ത്താ വിഭാഗമായ EWTN ന്യൂസിന്റെ പ്രസിഡന്റായും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും അവര്‍ സേവനമനുഷ്ഠിച്ചു വരുകയാണ്. ടെലിവിഷന്‍, റേഡിയോ, പ്രിന്റ്, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ എന്നിവയിലുടനീളം ഏഴ് ഭാഷകളില്‍ ഉള്ളടക്കം നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര മാധ്യമ പ്ലാറ്റ്ഫോമുകളുടെ മേല്‍നോട്ടം ഇക്കാലയളവില്‍ അവര്‍ വഹിച്ചിട്ടുണ്ട്.
അല്‍വരാഡോയുടെ ഈ നിയമനത്തിലൂടെ, ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കം കുറിച്ച റോമന്‍ ക്യൂരിയയുടെ (Roman Curia) പരിഷ്കരണത്തിന്റെയും നവീകരണത്തിന്റെയും പാത പോപ്പ് ലിയോ പതിനാലാമന്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്. ആഗോള കത്തോലിക്കാ സഭയുടെ ശുശ്രൂഷയില്‍ അല്മായര്ക്ക് നേതൃസ്ഥാനങ്ങളും ഉത്തരവാദിത്തങ്ങളും കൈമാറുന്നതാണ് ഈ നയം. പരിശുദ്ധ സിംഹാസനത്തിന്റെ (Holy See) ഒരു ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് ആയി നിയമിതയാകുന്ന ആദ്യത്തെ സന്യാസിനിയല്ലാത്ത (non-religious) വനിതയാണ് അല്‍വരാഡോ.
മെക്സിക്കന്‍ വംശജയായ ഡോ. മരിയയ്ക്ക് അമേരിക്കന്‍ പൗരത്വം ആണ് ഉള്ളത്. ഇതുവരെ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റായിരുന്ന ഡോ. പൗളോ റുഫീനി സ്ഥാനം ഒഴിയുന്ന അവസരത്തിലാണ്, തത്സ്ഥാനത്തേക്ക് ഡോ. മരിയയെ പാപ്പാ നിയമിക്കുന്നത്.




