fr.dr. Thomas Kottoor
ലോകപ്രസിദ്ധ ക്ലാസ്സിക്കല്‍ സംഗീതജ്ഞനായിരുന്നു പോളണ്ടിലെ ഫ്രഡറിക് ചോപ്പിന്‍ (1810-1849). 39 വയസില്‍ അദ്ദേഹം മരണാസന്നനായിരു ന്നപ്പോഴും സംഗീതസപര്യയില്‍ നിന്നും പിന്‍വാങ്ങിയില്ല. അദ്ദേഹത്തിന്റെ ഏറ്റവും മെച്ചപ്പെട്ട ഗാനങ്ങള്‍ പലതും അതിവേദന അനുഭവിച്ചിരുന്ന കാലഘട്ടത്തില്‍ ട്യൂണ്‍ ചെയ്യപ്പെട്ടവയാണ്.വേദനയ്ക്കും നിരാശക്കും കീഴടങ്ങാത്ത മനസിന്റെ ഒപ്പുകളാണ് ഹൃദ്യമായ ഈ ക്ലാസിക്കല്‍ ഈണങ്ങള്‍ . നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്നും പുറത്തുവന്ന ബൂണോ ബെറ്റല്‍ഹയിം എന്ന മനഃശാസ്ത്രജ്ഞന്‍ ”മടുത്തു, എനിക്കിനി പിടിച്ചുനില്‍ക്കാന്‍ ആവില്ല’ എന്നു പറയുന്ന അന്തേവാസികളുടെ പ്രതികരണ പെരുമാറ്റത്തെക്കുറിച്ച് പറയുന്നു . ‘ഇങ്ങനെയുള്ളവര്‍ക്ക് ക്യാമ്പിലെ പീഡനങ്ങളെ അതിജീവിക്കാനായില്ല ‘ എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
മനസ് മടുത്തപ്പോള്‍ ശരീരവും ഉടയുന്നു . മിക്കവാറും ആത്മ ഹത്യകളുടെ പിന്നില്‍ നിസഹായാവസ്ഥ വ്യക്തമാണ് .
ജീവിതത്തില്‍ നിരന്തരം ദുരിതങ്ങളും സഹനങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങുന്നവര്‍ക്കുണ്ടാകുന്ന മാനസികാവസ്ഥയാണ് നിസഹായത . . എന്നാല്‍, നിസഹായതാബോധത്തില്‍ അവര്‍ തുടര്‍ന്നാല്‍ പരാ ജയങ്ങള്‍ തുടര്‍ന്നും ഉണ്ടാകും . ജീവിതനൈരാശ്യത്തില്‍ ആത്മഹത്യവരെ അവരെത്തിച്ചേര്‍ന്നെക്കാം . ഇങ്ങനെയുള്ളവരെ സഹായിക്കാന്‍ ‘സെല്‍ഫ് എഫിക്കസി’ എന്ന ഒരു പരിശീലനപദ്ധതി മനഃ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിട്ടുണ്ട്.
ഒരാളുടെ മനകരുത്തു അയാളുടെ വിജയത്തിനും പരാ ജയത്തിനും കാരണമാകും .ഒരു പ്രത്യേക സാഹചര്യത്തെ നേരിടാന്‍ തനിക്ക് കഴിയുമെന്നും അതിനുള്ള കഴിവ് തനിക്കുണ്ടെന്നും വിശ്വ സിക്കുന്നവര്‍ക്ക് അത് സാധിക്കുമെന്നാണ് ‘സെല്‍ഫ് എഫിക്കസി’ തത്ത്വം പഠിപ്പിക്കുന്നത്. തങ്ങളുടെ സിദ്ധികളെപ്പറ്റി, കഴിവിനെയും പരിമിതികളെയും പറ്റി ഓരോരുത്തരും സ്വയം എന്തു വിചാരിക്കുന്നു, എന്തു വിശ്വസിക്കുന്നു എന്നത് അവരുടെ പെരുമാറ്റത്തെയും കാര്യനിര്‍വഹണശേഷിയെയും വലിയ തോതില്‍ സ്വാധീനിക്കു മെന്നു ആല്‍ബര്‍ട്ട് ബന്‍ഡുറായുടെ ഗവേഷണ പഠനങ്ങള്‍ തെളിയിച്ചു .പരീക്ഷയില്‍ ഉന്നതവിജയം നേടണമെന്നാഗ്ര ഹിക്കുന്ന വിദ്യാര്‍ത്ഥിയും തൊഴില്‍ മികവ് കൈവരിക്കാന്‍ കൊതിക്കുന്ന ഉദ്യോഗസ്ഥനും അമിതവണ്ണം കുറയ്ക്കണമെന്നാഗ്രഹി ക്കുന്ന യുവതിയും തങ്ങളുടെ ലക്ഷ്യത്തില്‍ എത്രമാത്രം വിജയിക്കുമെന്നു നിശ്ചയിക്കുന്നത് , സ്വന്തം തീരുമാനത്തില്‍ എത്ര മാത്രം ഉത്സാഹം കാട്ടും, എത്രമാത്രം സ്ഥിരചിത്തതയോടെ നില്‍ക്കും എന്നതിനെ ആശ്രയിച്ചാണ്. ഇത്തരം മനക്കരുത്തിനെ ‘സെല്‍ഫ് എഫിക്കസി’എന്നു വിളിക്കുന്നു . ‘
സെല്‍ഫ് എഫിക്കസി യുടെ വിപരീതമാണ് നിസഹായത ബോധം. ഇത് വ്യക്തിയില്‍ പരാജയം ഉറപ്പാക്കുന്നു. പെന്‍സില്‍ വാനിയ യൂണിവേഴ്സിറ്റിയിലെ മാര്‍ട്ടിന്‍ സെലീഗ്മാന്‍ പട്ടികളില്‍ നടത്തിയ പരീക്ഷണം ശ്രദ്ധേയമായി .നായ്ക്കളെ കൂട്ടിലടച്ച് ഇടയ്ക്കിടെ ഇലക്ട്രിക് ഷോക്ക് കൊടുക്കും. നായ് എന്തു ചെയ് താലും ഓടിയാലും വളഞ്ഞാലും തിരിഞ്ഞാലും ഷോക്ക് ഏല്‍ക്കും . എല്ലാ ചലനത്തിലും ഷോക്ക് ഏല്‍ക്കുമെന്ന പാഠമാണ് ഇതിലൂടെ നായ്ക്ക് കിട്ടിയത്. ഫലമോ , ഷോക്ക് കിട്ടുമ്പോള്‍ അവ പ്രതികരിക്കാതായി. അടുത്ത പടിയായി കണ്ടീഷന് വിധേയരായ ഈ നായക്കളെ വേറൊരുകൂട്ടിലാക്കി . പുതിയ കൂട്ടില്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ നിന്നാല്‍ ഷോക്ക് ഏല്‍ക്കില്ല എന്നൊരു പ്രത്യേകതയുണ്ടായിരുന്നു. പക്ഷേ, ഷോക്കില്‍നിന്നും മോചനമില്ലെന്ന് പട്ടികള്‍ ഇതിനകം തീര്‍ത്തും തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഷോക്ക് ഏല്‍ക്കാതിരിക്കാന്‍ ഒന്നും ചെയ്യാന്‍ അവര്‍ തയാറായതേയില്ല! അഭ്യസിച്ച അഥവാ ശീലിച്ച നിസ്സഹായത (learned helplenssess ) എന്നാണ് ഈ പെരുമാറ്റത്തെ വിശേഷിപ്പിക്കുന്നത് .
ഇത്തരം നിസഹായതാബോധം നമ്മെയൊക്കെ പിടികൂടാറുണ്ട്. തുടര്‍ച്ചയായുള്ള പരാജയം, അകാരണമായ ഭയം, വിധി, ഭാഗ്യം, തലേലെഴുത്ത് തുടങ്ങിയ അതീന്ദ്രിയ കാര്യങ്ങളിലുള്ള വിശ്വാസം, മാനസിക ബലഹീനത തുടങ്ങിയവയെല്ലാം ഇത്തരം മനോഭാവത്തെ വളര്‍ത്താന്‍ പര്യാപ്തമാണ്. ‘എന്റെ സമയം മോശമാണ്. എന്തു ചെയ്താലും പരാജയപ്പെടും ‘ ‘ഈ ജീവിതത്തില്‍നിന്നും എനിക്ക് മോചനമില്ല.’ ‘വിധിയെ തടുക്കാനാര്‍ക്കും സാധ്യമല്ല് ‘സംഭവിക്കാനുള്ളത് സംഭവിച്ചേ പറ്റൂ . ഇത്തരം പ്രസ്താവനകള്‍ നിസഹായതയുടെയും മടുപ്പിന്റേതുമാണ് .
നിസഹയതാബോധം നമ്മുടെ പ്രതിരോധശക്തിയെ ക്ഷയി പ്പിക്കുന്നുവെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാന്‍സര്‍ പിടി പെട്ട രോഗി പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ചിന്തിച്ചുതുടങ്ങിയാല്‍ ചികിത്സിച്ച് ഭേദമാക്കാവുന്നതോ നിയന്ത്രിക്കാവുന്നതോ ആയ കാന്‍സറും മാരകമായിത്തീര്‍ന്നെക്കാം .
സെല്‍ഫ് എഫിക്കസി സ്വയം പരിശീലിക്കുന്നതിന് പ്രായോ ഗികമായ ചില കാര്യങ്ങള്‍ സൂചിപ്പിക്കാം.
1. ഏതു സാഹചര്യത്തെയും നേരിടാനുള്ള കഴിവ് നമ്മില്‍ത്തന്നെയുണ്ടെന്ന് വിശ്വസിക്കുക.അത് കരുത്താക്കണം .
2.പരാജയത്തിന്റെയും വിജയത്തിന്റെയും കാരണം ഒരു പരിധി വരെ നമ്മില്‍തന്നെയാണ് എന്ന വസ്തുത സ്വയം അംഗീകരിക്കുക .
3.മുന്‍കാലങ്ങളിലെ പരാജയങ്ങളെ ഓര്‍ത്ത് അധികം ആകുല ചിത്തരാകേണ്ടതില്ല. അവ നമ്മെ പക്വമതികളാക്കാന്‍ സഹായിച്ച കാര്യങ്ങള്‍ മാത്രമായി അംഗീകരിക്കുക.
4 നമുക്ക് നിസഹായത അനുഭവപ്പെടുന്ന കാര്യങ്ങള്‍ മറ്റു ചിലര്‍ വിജയകരമായി ചെയ്യുന്നത് ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുക. അതിനെ വിശകലനം ചെയ്യുക. ഇങ്ങനെയുള്ള ജീവിതകഥകള്‍ വായിക്കുക, പഠനവിഷയമാക്കുക. അജയ്യമായ ആത്മചൈതന്യം (Indomitable Spirit)എന്ന ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ പുസ്തകം നല്ല ഉദാഹരണമാണ്. ഒപ്പം ആര്‍ച്ച്ബിഷപ് വാന്‍ ത്വാന്‍ എഴുതിയ ‘ പ്രത്യാശയുടെ സാക്ഷ്യം ‘ എന്ന പുസ്തകവും .
5. ബാഹ്യമായ സാഹചര്യങ്ങളെ മാറ്റിയെടുക്കുവാന്‍ നമുക്ക് സാധിച്ചെന്നു വരികയില്ല. പക്ഷേ, അവയോടുള്ള നമ്മുടെ മനോഭാവം മാറ്റാന്‍ കഴിയും അത് ഓരോരുത്തരുടെയും പരിധിയിലാണ്.
6. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാവിധ അവസ്ഥകളെയും അഭിമുഖീകരിക്കാനും നിയന്ത്രിക്കാനുമുള്ള ശേഷിയും കരുത്തും ദൈവം തരുമെന്ന് വിശ്വസിക്കുകയും അത് ഫലപ്രദമായി ഉപയോഗി ക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക.
എ .പി . പെരേരയുടെ Success in 30 days എന്ന പുസ്തകത്തില്‍ ഉള്‍ പ്പെടുത്തിയിരിക്കുന്ന ഒരു സംഭവകഥ ഇപ്രകാരമാണ്:
മാരകമായി മുറിവേറ്റ ഒരു ഭടനെ ചൂണ്ടിക്കാണിച്ചുകൊണ്ടു ഡോക്ടര്‍ ചാപ്ലയിനോടു പറഞ്ഞു, ‘അയാള്‍ മരിച്ചു പോവുകയേയുള്ളൂ ‘ ചാപ്ലയിന്‍ ആ ഭടന്റെ അടുത്തു ചെന്ന് സംസാരിച്ചു ‘മകനേ നിന്റെ മുറിവുകള്‍ മാരകമാണ് . നിനക്ക് എന്തെങ്കിലും പറയാ നുണ്ടോ? നിന്റെ കുടുംബത്തേക്ക് എന്തെങ്കിലും കൊടുത്തയയ്ക്കാനുണ്ടോ?’
‘എന്റെ കോട്ടിന്റെ അകത്തെ പോക്കറ്റ് – ഭടന്‍ മറുപടി പറഞ്ഞു. ചാപ്ലയിന്‍ പോക്കറ്റില്‍ നിന്നും ഒരു ചെറിയ ഡയറി കയ്യിലെ ടുത്തു പിടിച്ചുകൊണ്ട് ചോദിച്ചു. ‘ഇതാണോ നീ പറഞ്ഞത്?’ ‘അതെ, അതു തുറക്കുക.’ ‘ഇതിനകത്ത് ഒരു പത്തു രൂപാനോട്ടുണ്ട്. അത്?’ അയാള്‍ നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞു,’ഞാന്‍ മരിക്കുകയില്ല അച്ചാ! ആ പത്തു രൂപാ പന്തയം’ പന്തയത്തില്‍ അയാള്‍ വിജയിച്ചു.
ജീവിതത്തില്‍ ഏറ്റവും ശക്തമായ ആയുധം ഒരു ഉറച്ച തീരുമാനവും പ്രത്യാശയും ദൈവാനുഗ്രഹവും മാത്രമാകും. ”ഞാന്‍ തോല്‍ക്കില്ല ‘എന്ന ആ ഒറ്റ നിശ്ചയം ഒരുവന്റെ ജൈവശക്തിയെ ഉണര്‍ത്തും, ദൈവകൃപ വര്‍ഷിക്കപ്പെടും.




