പരിശുദ്ധ പിതാവ് ലയോ 14-മന്‍ മാര്‍പാപ്പായുടെ ‘Magnifica humanitas’ – ‘മഹത്തായ മാനവരാശി’ എന്ന പ്രഥമ ചാക്രിക ലേഖനം മെയ് മാസം 25-നു പ്രസിദ്ധീകരിക്കുന്നു. 1891 മെയ് 15-നു ലെയോ 13- മന്‍ മാര്‍പാപ്പാ പ്രസിദ്ധീകരിച്ച ‘തൊഴിലിന്റെ മാഗ്‌നാകാര്‍ട്ടാ’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ‘Rerum Novarum’-Concerning New Things – പുതിയ കാര്യങ്ങളെ കുറിച്ച്-മിന്റെ 135-ആം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ പുതിയ ചാക്രിയ ലേഖനം പ്രസിദ്ധീകരിക്കുന്നത്. സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടിസ്ഥാനമായി ഈ രേഖ ഇന്നും കരുതിവരുന്നു. തൊഴില്‍ മേഖലയില്‍ വിപ്ലവാത്മകമായ കോളിളക്കം സൃഷ്ടിച്ച ചാക്രിക ലേഖനമാണ് Rerum Novarum.
ശാസ്ത്ര സാങ്കേതിക വിദ്യ അചിന്തനീയമായി വളരുന്ന ഈ യുഗത്തിലെ നൂതന സാങ്കേതിക വിദ്യയാണ് കൃത്രിമ ബുദ്ധി അല്ലെങ്കില്‍ നിര്‍മ്മിത ബുദ്ധി എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ നൂതന കണ്ടുപിടിത്തം അനിയന്ത്രിതമായി ഇന്ന് വളര്‍ന്നു വരികയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ മനുഷ്യ വ്യക്തിത്വവും മാനവരാശിയും എങ്ങനെ സംരക്ഷിക്കപ്പെടണമെന്നു സഭയുടെ സാങ്കേതിക പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പഠനം നടത്തുന്ന പ്രഥമ ഔദ്യോഗിക രേഖയാണ് ‘മാഞ്ഞിഫിക്കാ ഹുമാനിത്താസ്’.
ഈ രേഖ പ്രസിദ്ധീകരിക്കാനിരിക്കുന്നതേയുള്ളൂ. എങ്കിലും ഇതിന്റെ ഉള്ളടക്കം പ്രധാനമായും മൂന്നു കാര്യങ്ങള്‍ ആയിരിക്കുമെന്ന് വത്തിക്കാന്‍ നേരത്തെ തന്നെ പറഞ്ഞിരിക്കുന്നു. പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഇതിലെ ഉള്ളടക്കം:
1. നിര്‍മ്മിത ബുദ്ധി മനുഷ്യ കണ്ടുപിടിത്തമാണെങ്കിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ ധാര്‍മിക സമീപനം ഉണ്ടായിരിക്കണമെന്ന് ഈ ചാക്രിക ലേഖനം ഓര്‍മിപ്പിക്കുന്നു. അതായത്, ഈ സാങ്കേതിക വിദ്യയുടെ മുന്നേറ്റം മനുഷ്യ വ്യക്തിത്വത്തെയും മാന്യതയേയും കാത്തുസൂക്ഷിക്കുന്നതിനും മാനവരാശിയുടെയും ലോകത്തിന്റെതന്നെയും സമാധാനം ഉറപ്പുവരുത്തുന്നതിനു സഹായകമാകണമെന്നു ഈ രേഖ ഓര്‍മ്മിപ്പിക്കുന്നു.
2. രണ്ടാമത്തേത് മനുഷ്യന്റെ സാമാന്യ ബുദ്ധിയെയും ചിന്താശേഷിയെയും അവന്റെ വികാരങ്ങളെയും അവനിലുള്ള ദൈവീക ഭാവത്തെയും പ്രതീക്ഷകളെയും ചൂഷണം ചെയ്യുന്ന ചാറ്റ് ബോട്ടുകള്‍ പോലുള്ള സാങ്കേതിക വിദ്യകളോടുള്ള അമിതമായ അടുപ്പം മനുഷ്യനെ അടിമപ്പെടുത്താന്‍ സാധ്യതയുള്ളതുകൊണ്ട് സൂക്ഷിക്കുകതന്നെ വേണമെന്നു ചാക്രിക ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.
3. മൂന്നാമത്തെതു മനുഷ്യ വ്യക്തിത്വം സംരക്ഷിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും വേണം എന്ന അടിസ്ഥാന ചിന്തയാണ്. മനുഷ്യ വ്യക്തിയുടെ സംസാരവും മുഖവും ഭാവവും തുടങ്ങിയ സവിശേഷവും സ്വതസിദ്ധവുമായ തനിമ എല്ലാ മാധ്യമങ്ങളിലും
സംരക്ഷിക്കപ്പെടണം എന്ന് ഈ രേഖ ഓര്‍മിപ്പിക്കുന്നു.
ഇത്തരത്തില്‍ ക്രിസ്തീയ മനുഷ്യശാസ്ത്രവും സന്മാര്‍ഗിക തത്വങ്ങളും ശാസ്ത്രസാങ്കേതിക തത്വങ്ങളും അടങ്ങിയിരിക്കുന്ന ഈ ചാക്രിയ ലേഖനം വിശാലവും ആഴമേറിയതുമായ പഠനത്തിനു വിഷയമാക്കുമെന്നു പ്രതീക്ഷിക്കാം.





