ജയിപ്പിച്ചവരുടെ നേരെ കൊഞ്ഞനം കുത്തിയോ കോണ്‍ഗ്രസ്‌?

10 വര്‍ഷം പ്രതിപക്ഷത്തിരുന്ന യു.ഡി.എഫിനെ കേരളത്തിലെ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച്‌ വലിയ ഭൂരിപക്ഷത്തില്‍ വീണ്ടും ഭരണത്തില്‍ എത്തിച്ചു. യു.ഡി.എഫ്‌-ലോ കോണ്‍ഗ്രസിലോ ഉള്ള ഭൂരിപക്ഷം നേതാക്കളും വിചാരിച്ചതിലധികം സീറ്റാണ്‌ യു.ഡി.എഫിനു ലഭിച്ചത്‌. ടീം യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഒരുമയോടെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയും യു.ഡി.എഫും പ്രവര്‍ത്തിച്ചതുകൊണ്ടാണ്‌ ഇത്രയും വലിയ വിജയം സ്വന്തമാക്കാനായത്‌. യു.ഡി.എഫിനു നൂറിലധികം സീറ്റു ലഭിക്കുമെന്നു തെരഞ്ഞെടുപ്പിനു മുന്‍പു പറയാനുള്ള ധൈര്യം പ്രതിപക്ഷ നേതാവിനൊഴിച്ചു യു.ഡി.എഫില്‍ മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം സഭയില്‍ ഗവണ്‍മെന്റിനെ പ്രതിരോധിക്കുന്നതോടൊപ്പം സഭക്കു പുറത്തു കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും യു.ഡി.എഫിനെ ഒരുമിപ്പിച്ചു നിര്‍ത്തുന്നതിനും കാരണമായി. കോണ്‍ഗ്രസിന്റെയോ യു.ഡി.എഫിന്റെയോ സംഘടനാ വൈഭവം കൊണ്ടോ, ശക്തി കൊണ്ടോ, അല്ല ഇത്ര മികച്ച വിജയം ലഭിച്ചത്‌. പ്രത്യുത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവണ്‍മെന്റിന്റെ പല നയങ്ങളോടും അഴിമതിയുടെയും ധൂര്‍ത്തിന്റെയും ശൈലിയോടുമുള്ള ജനത്തിന്റെ രോഷമാണ്‌ തെരഞ്ഞെടുപ്പിലൂടെ പ്രകടമായത്‌. കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ്‌ എ. കെ. ആന്റണി പറഞ്ഞതുപോലെ യു.ഡി.എഫ്‌ ജയിച്ചതല്ല. ജനം യു.ഡി.
എഫിനെ ജയിപ്പിച്ചതാണ്‌. ഇതു കോണ്‍ഗ്രസ്‌ മറക്കാതിരിക്കുന്നത്‌ യു.ഡി.എഫിനും മുന്നണിക്കു നേതൃത്വം കൊടുക്കുന്ന ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും നന്നായിരിക്കും. എന്നാല്‍, കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ കേരളത്തില്‍ ഒരു മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ഫലം പ്രഖ്യാപിച്ച്‌ 11 ദിവസം വരെ കാത്തിരിക്കേണ്ടി വന്നത്‌ വലിയ പ്രതിഷേധത്തിനു കാരണമായി. ഫലം പ്രഖ്യാപിച്ച്‌ 5 മിനിറ്റിനുള്ളില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന്‌ വീമ്പ്‌ പറഞ്ഞ കോണ്‍ഗ്രസിനാണ്‌ ഈ അപചയം സംഭവിച്ചത്‌. കേരളത്തോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പു നടന്ന തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും പുതുച്ചേരിയിലും ആസാമിലുമൊക്കെ മുഖ്യമന്ത്രിയെ നിശ്ചയിച്ചു. സത്യപ്രതിജ്ഞ ചെയ്‌തു അധികാരത്തില്‍ എത്തുകയും ചെയ്‌തു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസില്‍ സീനിയോറിറ്റിയിലുള്ള രമേശ്‌ ചെന്നിത്തലയും കോണ്‍ഗ്രസിനും മുന്നണിക്കും വേണ്ടി അഹോരാത്രം പണിയെടുത്ത വി. ഡി. സതീശനും കോണ്‍ഗ്രസിന്റെ അഖിലേന്ത്യ ജനറല്‍ സെക്രട്ടി കെ. സി. വേണുഗോപാലും മുഖ്യമന്ത്രി പദത്തിനുവേണ്ടി ഒരുപോലെ അവകാശവാദമുന്നയിച്ചു. വി. ഡി. സതീശന്റെയും രമേശ്‌ ചെന്നിത്തലയുടെയും അവകാശവാദങ്ങളില്‍ ന്യായമുണ്ടെന്നു കേരളത്തിലെ സാമാന്യജനങ്ങളില്‍ ഭൂരിപക്ഷവും സമ്മതിക്കുമെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത കെ.സി. വേണുഗോപാലിന്റെ അവകാശവാദം കേരളത്തിലെ സാമാന്യജനത്തിനു ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാക്കി. അതിലുപരി കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ കോണ്‍ഗ്രസിനു പാര്‍ലമെന്റില്‍ ഇപ്പോഴത്തെ എണ്ണം തികയ്‌ക്കുവാന്‍ ലോകസഭയില്‍ ഒരാളെക്കൂടെ ജയിപ്പിച്ചെടുക്കണം. അതുപോലെ നിയമസഭയില്‍ കെ.സി. വേണുഗോപാല്‍ ജയിച്ചു കയറുകയും വേണം. രാജ്യസഭാംഗമായിരുന്ന വേണുഗോപാല്‍ രണ്ടു വര്‍ഷംകൂടി കാലാവധി ഉണ്ടായിരുന്നപ്പോള്‍ ആലപ്പുഴയില്‍ നിന്നു ലോകസഭയില്‍ മത്സരിച്ചു ജയിച്ചപ്പോള്‍ ഒഴിവു വന്ന രാജ്യസഭയില്‍ ബി.ജെ.പി ആണ്‌ ജയിച്ചതെന്നും അങ്ങനെ വേണുഗോപാല്‍ രാജ്യസഭയില്‍ ബി.ജെ.പിക്കു ഒരു സീറ്റു ദാനം ചെയ്‌തുവെന്നും ഇടതു പക്ഷം ആക്ഷേപിച്ചിരുന്നു. അനവസരത്തില്‍ അടിച്ചേല്‍പ്പിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസ്‌ സ്വന്തം നിലയില്‍ ഏറ്റെടുക്കണമെന്നു യു.ഡി.എഫിലെ പ്രബല ഘടക കക്ഷികള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ കേരളത്തില്‍ മുഖ്യമന്ത്രിയായി തന്നെ പരിഗണിക്കേണ്ടതില്ലെന്നു മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ വേണുഗോപാലിന്റെ പിന്നീടുള്ള അവകാശവാദം കോണ്‍ഗ്രസിലെ സാധാരണക്കാരുടെ ഇടയില്‍ അവമതിപ്പിനു കാരണമായിട്ടുണ്ട്‌. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാരില്‍ ഭൂരിപക്ഷത്തിന്റെയും കോണ്‍ഗ്രസ്‌ നേതാക്കന്മാരില്‍ വലിയൊരു വിഭാഗത്തിന്റെയും പിന്തുണ അദ്ദേഹം അകാശപ്പെടുന്നതായി മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാത്ത ഒരാള്‍ മുന്നണി ജയിച്ചു കഴിഞ്ഞപ്പോള്‍ അവകാശവാദം ഉന്നയിക്കുന്നതില്‍ ആക്ഷേപം കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല പൊതുജനങ്ങള്‍ക്കിടയിലും മുന്നണിക്കിടയിലും ഉയര്‍ന്നു വന്നിരുന്നു. പതിവുപോലെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഹൈക്കമാണ്ട്‌ ലോകമാണ്ടിന്റെ സ്ഥാനത്തേക്കു തരം താഴുന്നുവോ എന്ന്‌ പലരും ചോദിച്ചു തുടങ്ങി. കോണ്‍ഗ്രസ്‌ ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും അവിടെ എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായം പറയാന്‍ അവകാശം ഉണ്ടെന്നും ആ അഭിപ്രായ പ്രകടനമാണ്‌ ഇവിടെ നടക്കുന്നതെന്നും അതില്‍ ആക്ഷേപം പറയേണ്ടതില്ലെന്നുമാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്‌. പക്ഷേ ഈ ഔദ്യോഗിക നിലപാട്‌ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെയും മുന്നണിയിലെയും ബഹുഭൂരിപക്ഷത്തിനും സാമാന്യജനത്തിനും കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആരാകണമെന്ന്‌ മുസ്ലീംലീഗ്‌ അഭിപ്രായം പറയേണ്ടതില്ല എന്ന മാത്യു കുഴല്‍നാടിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ തന്നെ എതിര്‍പ്പ്‌ ഉയര്‍ന്നു വന്നു. അവസാനം കോണ്‍ഗ്രസ്‌ ഹൈക്കമാണ്ട്‌ പ്രതിപക്ഷ നേതാവായിരുന്ന വി. ഡി. സതീശനെ മുഖ്യമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്‌തു. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആര്‌ എന്നു തീരുമാനിക്കാനുള്ള അവകാശവും ചുമതലയും പ്രാഥമികമായി കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കു മാത്രമാണെന്ന്‌ എല്ലാവരും അംഗീകരിക്കുന്നു. അപ്പോഴും ജനഹിതത്തെ മാനിക്കാതെയുള്ള ഈ മെല്ലെപ്പോക്ക്‌ ജയിപ്പിച്ചവരെ നോക്കി കോണ്‍ഗ്രസ്‌ പാര്‍ട്ടി കൊഞ്ഞനം കുത്തുന്നതിനു സമാനമായി. അതിനു കോണ്‍ഗ്രസ്‌ പാര്‍ട്ടി വരും കാലങ്ങളില്‍ കനത്ത വില നല്‍കേണ്ടി വരാം. 5 വര്‍ഷം കൊണ്ട്‌ തീരുന്നതല്ല ഇന്ത്യയിലെയും കേരളത്തിലെയും ജനാധിപത്യപരമായ തെരഞ്ഞെടുപ്പെന്ന വസ്‌തുത മനസിലാക്കാനുള്ള വിവേകം കോണ്‍ഗ്രസിനു നഷ്‌ടപ്പെട്ടോ എന്ന്‌ കരുതിയവര്‍ ഏറെയാണ്‌. ഒപ്പം ബഹുജന പ്രസ്ഥാനമായ കോണ്‍ഗ്രസിലെ ജനാധിപത്യ പ്രക്രിയയുടെ കരുത്താണ്‌ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ താമസം വരുത്തിയതെന്ന്‌ ചിന്തിക്കുന്നവരുമുണ്ട്‌.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്‌.എച്ച്‌.

Previous Post

വെളിയനാട്: നാരകത്തറ പയറ്റുപാക്ക കോയിക്കല്‍ മത്തായി ജോസഫ്

Next Post

കെ.സി.വൈ.എല്‍ പിറവം ഫൊറോന ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്: മടമ്പം ജേതാക്കള്‍

Total
0
Share
error: Content is protected !!