ചിക്കാഗോ : എച്ച്ഐവി/എയ്ഡ്‌സ് ബാധിതരായ കുട്ടികള്‍ക്കും താമസക്കാര്ക്കും സന്തോഷവും ആശ്വാസവും പകരുന്ന സ്‌നേഹനിമിഷങ്ങള്‍ സമ്മാനിച്ച്, കോയമ്പത്തൂര്‍ അസീസി സ്‌നേഹാലയത്തില്‍ പ്രത്യേക ആഘോഷം സംഘടിപ്പിച്ചു. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷന്‍ ലീഗ് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ഈ സന്നദ്ധ പ്രവര്‍ത്തനം. ‘Share with Joy, Prayer with Care’ എന്ന പേരില്‍ മാസങ്ങളായി സെന്‍മേരിസ് ഇടവകയില്‍ നടന്നു വരുന്ന ജന്മദിന ചാരിറ്റി പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. സ്‌നേഹാലയത്തിലെ കുട്ടികള്‍ക്കായി വാര്‍ഷിക ജന്മദിനാഘോഷം ഒരുക്കിയതോടെ, അവര്‍ക്കൊരു മറക്കാനാവാത്ത അനുഭവമായി ഈ ദിവസം മാറി. വിഭവസമൃദ്ധമായ ഉച്ചയൂണും സമ്മാനങ്ങളും പങ്കുവെച്ച്, പങ്കെടുത്തവര്‍ സ്‌നേഹത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം പകര്‍ന്നു.

2004-ല്‍ ആരംഭിച്ച അസീസി സ്‌നേഹാലയം, കോണ്‍വെന്‍ച്വല്‍ ഫ്രാന്‍സിസ്‌കന്‍ ഫ്രയേഴ്‌സ് നയിക്കുന്ന ഒരു കരുണാഭവനമാണ്. കുടുംബത്തിലും സമൂഹത്തിലും നിന്ന് ഒറ്റപ്പെട്ട എച്ച്ഐവി/എയ്ഡ്‌സ് ബാധിതര്‍ക്കായി താമസം, ചികിത്സ, കൗണ്‍സിലിംഗ് തുടങ്ങിയ സമഗ്ര സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. കുട്ടികളുള്‍പ്പെടെ 60 പേര്‍ക്ക് വരെ താമസസൗകര്യമുള്ള ഈ കേന്ദ്രം, കോയമ്പത്തൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഈ രോഗത്തോടൊപ്പം ജീവിക്കുമ്പോള്‍, അവരില്‍ പലരും നേരിടുന്നത് സാമൂഹിക അവഗണനയും ഒറ്റപ്പെടലുമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്കായുള്ള പരിചരണ സംവിധാനങ്ങള്‍ കുറവായ സാഹചര്യത്തില്‍, അസീസി സ്‌നേഹാലയം പോലുള്ള കേന്ദ്രങ്ങള്‍ സമൂഹത്തിന് വലിയ ആശ്വാസമാണ്. ഇതിനോടനുബന്ധിച്ച്, ഏപ്രില്‍ 26-ന് ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷയും സംഘടിപ്പിച്ചു. ഇടവകയിലെ മിഷന്‍ ലീഗ് യൂണിറ്റിന്റെ സ്പിരിച്ചല്‍ ഡയറക്ടറും അസിസ്റ്റന്റ് വികാരിയുമായ ഫാദര്‍ അനീഷ് മാവേലി പുത്തന്‍പുരയുടെ നേതൃത്വത്തില്‍ നടന്ന ശുശ്രൂഷയില്‍, ഏപ്രില്‍ മാസം ജന്മദിനം ആഘോഷിക്കുന്ന ഇടവകാംഗങ്ങളെയും സ്‌നേഹാലയത്തിലെ കുട്ടികളെയും പ്രത്യേകമായി അനുസ്മരിച്ചു. തുടര്‍ന്ന് ബര്‍ത്ത് ഡേ ആഘോഷിക്കുന്ന കുട്ടികള്‍ ഒന്നുചേര്‍ന്ന കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. സ്‌നേഹവും ,പ്രാര്‍ത്ഥനയും ,പങ്കിടലും മുഖ്യമായ ചെറുപുഷ്പ മിഷന്‍ ലീഗ് യൂണിറ്റിന്റെ ഈ പ്രവര്‍ത്തനം, ദൂരങ്ങളെയെല്ലാം മറികടന്ന് മനുഷ്യഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഉദാത്ത മാതൃകയാണെന്നും ഈസ്റ്റര്‍ നോടനുബന്ധിച്ച് ഇങ്ങനെയൊരു പ്രോജക്ട് വഴി ഞങ്ങളുടെ കുട്ടികളെ സ്‌നേഹിക്കുകയും കരുതലോടെ കാണുകയും പ്രത്യേക ആഘോഷം ഒരുക്കുകയും ചെയ്തതിനുള്ള നന്ദിയും പ്രത്യേക അഭിനന്ദനവുo സ്‌നേഹാലയത്തിന്റെ ഡയറക്ടര്‍ ഫാദര്‍ ഗില്‍സ് വിളിയാന ഇടവക വികാരി ഫാദര്‍ സിജു മുടക്കോടിനെയും മിഷന്‍ ലീഗ് ഭാരവാഹികളെയും അറിയിച്ചു.



