സിഡ്നി: നമ്മുടെ തനിമ നമ്മുടെ അവകാശമാണെന്നും അത് സംരക്ഷിക്കാനുള്ള പോരാട്ടം സമാധാനപരവും ദൃഢവുമായിരിക്കണമെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പറഞ്ഞു. ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാന കണ്വന്ഷന് (പൈതൃകം 2026) സിഡ്നിയിലെ ഹോട്ടല്‍ വില്ല്യം ഇംഗ്ലീസില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിതാവ്.

2026 മാര്‍ച്ച് 23 ന് കേരള ഹൈക്കോടതിയില്‍ നിന്ന് നമുക്കെതിരെ ഉണ്ടായ വിധിയില്‍ പിതാക്കന്മാര്ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായര്ക്കും ഏറെ വേദനയുണ്ട്. ഈ വേദനയില്‍ നമ്മള് ഒരുമിച്ചു നില്‍ക്കണം. ആരേയും മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. ക്നാനായ സമുദായത്തിനെതിരെയുള്ള കോടതി നടപടികള്‍ 1980 മുതല്‍ തുടങ്ങിയതാണ്. 1989 ല്‍ നമുക്കെതിരെ ജില്ലാകോടതിയില്‍ നിന്നും ഹൈക്കോടതിയില്‍നിന്നും വിധി ഉണ്ടായി. പിന്നീട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി ഈ കേസ് പിന്നീട് ഹൈക്കോടതിയിലേയ്ക്ക് വിട്ടു. സ്വവംശ വിവാഹ നിഷ്ഠ പാലിക്കുന്ന നമ്മുക്കുവേണ്ടി മൂന്ന് മെത്രാന്മാര് ഒരുമിച്ച് ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് 1911 ല്‍ തെക്കുംഭാഗര്‍ക്കായി പ്രത്യേക വികാരിയത്ത് തന്നത്. 1960 മുതല്‍ നമ്മുടെ സമുദായത്തില്‍ നിന്ന് മാറി കെട്ടുന്ന പ്രവണത തുടങ്ങിയിരുന്നു. ഇങ്ങനെയുള്ളവര്‍ക്ക് വിവാഹത്തിനായുള്ള മറ്റ് അജപാലന സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തു. ഇക്കഴിഞ്ഞ കോടതി വിധിയില്‍ സമുദായം എന്‍ഡഗോമി പാലിക്കുന്നതിന് കോടതി എതിരല്ലാ. എന്നാല്‍ എല്ലാവരും സഭയില്‍ ഉള്‍ക്കൊള്ളണമെന്നതായിരുന്നു കോടതി നിലപാട്. ഈ കേസില്‍ നമ്മള് വിജയിക്കുന്നതിനുവേണ്ടി മനുഷ്യസഹജമായ എല്ലാ കാര്യങ്ങളും ചെയ്തതാണ്. എന്നാല്‍ കോടതി വിധി നമുക്ക് എതിരാവുകയായിരുന്നു. രൂപതയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കുമായി അഭി. മൂലക്കാട്ട് പിതാവ് തന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്തു വരുന്നു. കഴിഞ്ഞ 20 വര്‍ഷമായി സഹായ മെത്രാന് എന്ന നിലയില്‍ എനിക്ക് നേരിട്ട് ബോധ്യമുള്ള കാര്യങ്ങളാണ് ഇത്. സൂര്യ ചന്ദ്രന്മാര് ഉള്ളിടത്തോളം കാലം നമ്മുടെ സമുദായം നിലനില്‍ക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.

വലിയ അഗ്നി പരീക്ഷണങ്ങളേയും പ്രതിസന്ധികളെയും അതിജീവിച്ചാണ് നമ്മുടെ സമൂഹം കടന്നു വന്നിട്ടുള്ളത്. പ്രതിസന്ധികളില്‍ പതറാതെ ഒരുമിച്ചു നടക്കുവാന്‍ നമുക്ക് കഴിയണം. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് നമ്മുടെ പൂര്‍വ്വീകര്‍ ഇവിടം വരെ എത്തിയത്. നിയമങ്ങളും സാഹചര്യങ്ങളും എതിരായാല്‍പോലും ഒരുമിച്ചു നിന്നാല്‍ നമുക്ക് അതൊക്കെ തിരിച്ചു വാങ്ങാം. പ്രതിസന്ധികളില്‍ തളരാതെ ഉറച്ചു നില്‍ക്കുന്നതാണ് ക്നാനായ പാരമ്പര്യം. പതറാത്ത വിശ്വാസമാണ് ക്നാനായക്കാരെ പ്രതിസന്ധികളില്‍ ഒരുമിച്ചു നിര്‍ത്തുന്ന പ്രധാന ഘടകം. നമ്മുടെ സമുദായത്തിന്റെ അടിത്തറ തന്നെ വലിയ അതിജീവനത്തിന്റെ കഥയാണ്. ക്നായി തോമായുടെയും ഉറഹമാര്‍ യൗസേപ്പിന്റെയും നേതൃത്വത്തില്‍ 72 കുടുംബങ്ങള്‍ കടന്നു വരുമ്പോള്‍ ആഴക്കടലിലെ തിരമാലകളെക്കാള്‍ വലിയ പ്രതിസന്ധികളാണ് അവരുടെ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ പ്രത്യാശ കൈവിടാതെ അതിനെ അതിജീവിച്ച് അവര്‍ മുന്നേറി. അതൊരു പോരാട്ടമായിരുന്നു. അതുമായി വച്ചു നോക്കുമ്പോള്‍ ഇപ്പോഴത്തെ പ്രതിസന്ധി ചെറുതാണ്. ഒരു വിധി പ്രസ്താവത്തിനു ഒരു ജനതയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ബാബിലോണിയില് നിന്ന് തിരിച്ചു വന്ന ഇസ്രായേല്‍ ജനം കാണിച്ചു കൊടുത്തു.
തകര്‍ച്ചയുടെ കാലം ദൈവത്തോട് അടുക്കുന്നതാകണം. നിയമങ്ങളും മറ്റും നമുക്ക് എതിരായാല്‍പോലും ഒരുമിച്ചു പോരാടിയാല്‍ നഷ്ടപ്പെട്ടതൊക്കെ നമുക്ക് തിരിച്ചു പിടിക്കാം. നമ്മള് പിടിച്ചുനില്‍ക്കുന്നത് തനിമയുടെയും വിശ്വാസത്തിന്റെയും കരുത്തുകൊണ്ടാണ്. കടല്‍ പിളര്‍ന്നത് മോശയ്ക്കുവേണ്ടിയാണെങ്കില് ചരിത്രത്തില്‍ ഓരോ കടലും കടക്കുവാന്‍ ദൈവം നമുക്ക് വഴിയൊരുക്കും.
കണ്വന്ഷന് മുന്നോടിയായി പ്രസിഡന്റ് ജോസ് എബ്രാഹം പതാക ഉയര്‍ത്തി. തുടര്‍ന്ന് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തിലും ആറോളം വൈദികരുടെ സഹകാര്‍മ്മികത്വത്തിലും വിശുദ്ധ ബലി അര്‍പ്പിച്ചു. സമ്മേളനത്തില്‍ കെ.സി.സി.ഒ പ്രസിഡന്റ് ജോസ് എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. കണ്വന്ഷന് ചെയര്മാന് ബേബി ജോസഫ് സ്വാഗതം പറഞ്ഞു. കെ.സി.സി. പ്രസിഡന്റ് ബാബു പറമ്പേടത്തുമലയില്‍ ആശംസ നേര്‍ന്നു. വൈസ് പ്രസിഡന്റ് ജിജോമോന് തോമസ് നന്ദി പറഞ്ഞു. കണ്‍വന്‍ഷന്റെ രണ്ടാം ദിവസം മെല്‍ബണ്‍ രൂപത ബിഷപ്പ് മാര്‍ ജോണ്‍ പനത്തോട്ടം സംബന്ധിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും മത്സരങ്ങളും ഒരുക്കിയിരുന്നു. മിസ്റ്റര്‍ ക്നാ, മിസ് ക്നാ മത്സരവും സംഘടിപ്പിച്ചു. കൂടാതെ ചെണ്ടമേളം കാണികളെ കൂടുതല്‍ ആവേശഭരിതമാക്കി. സെമിനാറുകള്‍, വര്‍ണ്ണശബളമായ റാലി, വടംവലി, ഡാന്‍സ് തുടങ്ങിയവ കണ്‍വഷനെ കൂടുതല്‍ സജ്ജീവവും വര്ണ്ണാഭവവുമാക്കി. കണ്‍വന്‍ഷനോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണിക മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പ്രകാശനം ചെയ്തു. 13 യൂണിറ്റുകളില്‍ നിന്നായി 1700-ഓളം പേര് കണ്‍വന്‍ഷനില്‍ സംബന്ധിച്ചു. പരിപാടികള്‍ക്ക് കെ.സി.സി.ഒ പ്രസിഡന്റ് ജോസ് എബ്രാഹം ചക്കാലപ്പറമ്പില്‍, കണ്വന്ഷന് ചെയര്മാന് ബേബി ജോസഫ് പാറ്റാക്കുടിലില്‍, മറ്റ് ഭാരവാഹികളായ ജോസഫ് ചാക്കോ വരിക്കമാതൊട്ടില്‍, ജിജോമോന് തോമസ് കാലാതാട്ടില്, ഡോണ്‍ ജോണ്‍സ് പതിപ്ലാക്കില്‍, റ്റോമി തോമസ് വടശ്ശേരിക്കുന്നേല്‍, റിതിന് സിറിള്‍ നെടിയപ്പള്ളില്‍, സെലിന് ജോസ് കുരികിലുംകുന്നേല്‍, ലിജോ ജോസഫ് കൊണ്ടാടുംപടവില്‍, ഷിബു ജോര്‍ജ് പുത്തേട്ട് എന്നിവര്‍ നേതൃത്വം നല്കി.






