മടമ്പം: സിംഗപ്പൂര്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്‍ഡ് ഡിസൈനില്‍ (SUTD) ജനുവരി 22, 23 തീയതികളില്‍ സംഘടിപ്പിച്ച ‘റോബോറോര്സ് സിംഗപ്പൂര്‍ 2026’ (RoboRoarZ Singapore 2026) രാജ്യാന്തര റോബോട്ടിക്സ് മത്സരത്തില്‍ മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനിലെ പതിമൂന്നുപേര്‍ പങ്കെടുത്തുകൊണ്ട് ചരിത്രം കുറിച്ചു. റോബോട്ടിക്സ് മേഖലയിലെ ഇത്തരമൊരു രാജ്യാന്തര മത്സരത്തില്‍ പങ്കെടുക്കുന്ന കേരളത്തിലെ ആദ്യത്തെ ബി.എഡ്. കോളേജ് എന്ന അഭിമാനകരമായ നേട്ടം ഇതോടെ പി.കെ.എം. കോളേജിന് സ്വന്തമായി.ഏഴുരാജ്യങ്ങളില്‍ നിന്നായി മുന്നൂറ്റി എണ്‍പതോളം മത്സരാര്‍ഥികള്‍ പങ്കെടുത്തതില്‍ ഏക അധ്യാപക പരിശീലന കേന്ദ്രവും പി.കെ.എം കോളേജ് ആയിരുന്നു. സൃഷ്ടി റോബോട്ടിക്സ് ഡയറക്ടര്‍ (Director of Srishti Robotics) പദവി വഹിക്കുന്ന സുനില്‍ പോള്‍ സാറിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ നിന്നുള്ള ടീമുകള്‍ ഈ വലിയ വേദിയിലേക്ക് എത്തിയത്. IEEE OES-ന്റെ കൂടി സഹകരണത്തോടെയാണ് അദ്ദേഹം ടീമുകളെ നയിച്ചത്. പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷനും സൃഷ്ടി റോബോട്ടിക്സും (Srishti Robotics) തമ്മിലുള്ള ക്രിയാത്മകമായ സഹകരണത്തിന്റെ ഫലമായാണ് ഈ നേട്ടം സാധ്യമായത്. STEM@PKM എന്ന പദ്ധതി കഴിഞ്ഞ വര്‍ഷമാണ് പി. കെ. എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ഇരിക്കൂര്‍ എം.എല്‍.എ. അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തിരുന്നത്. കോളേജിലെ STEM Mentors@PKM, STEM@Schools#PKM എന്നീ രണ്ട് ടീമുകളാണ് സിംഗപ്പൂരില്‍ കോളേജിനെ പ്രതിനിധീകരിച്ചത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശാസ്ത്ര-സാങ്കേതിക അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടികളുടെ തുടര്‍ച്ചയായാണ് ഈ രാജ്യാന്തര പ്രാതിനിധ്യം.
ഇതിനോടകം നൂറിലധികം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോബോട്ടിക്സില്‍ പരിശീലനം നല്കാന് പി.കെ.എം. സ്റ്റെം മെന്റേഴ്സിന് സാധിച്ചിട്ടുണ്ട്. ഡോ. ജെസ്സി എന്‍.സിയുടെ നേതൃത്വത്തില്‍ രണ്ട് ടീമുകള്‍ പി.കെ.എം കോളേജില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഡോ. പ്രശാന്ത് മാത്യു നയിച്ച STEM mentors@PKM ടീമില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ അക്ഷയ് സിബി, അനീന ചാക്കോ, റിയ സുനില്‍, ആഷ്ലി ജോസഫ്, ആശ മേരി ജോസ് എന്നിവര്‍ ആണ് ഉണ്ടായിരുന്നത്. ഡോ. സിനോജ് ജോസഫ് നയിച്ച STEM @Schools#PKM എന്ന ടീമില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ജ്വാല തോമസ്, എബീന തോമസ്, ശിഖ ദേവ്, ദീക്ഷിത ടി, ജേക്കബ് പ്രശാന്ത് എന്നിവരാണ് ഉണ്ടായിരുന്നത്. മത്സരത്തിനിടെ പ്രശസ്ത റോബോട്ടിക്സ് വിദ്യാഭ്യാസ വിദഗ്ധയും യു.സി.സാന്‍ ഡീഗോയിലെ പ്രൊഫസറുമായ എമി എഗുച്ചി (Amy Eguchi) യുമായി വിദ്യാര്‍ത്ഥികള്‍ സംവദിച്ചു. വിദ്യാഭ്യാസ രംഗത്ത് റോബോട്ടിക്സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാന്‍ ഇത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ അവസരമായി. ഭാവി ലോകത്ത് സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്സ് (STEM) എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ മത്സരം. പ്രശ്നപരിഹാര ശേഷിയും ക്രിയാത്മക ചിന്തയും വളര്‍ത്തുന്നതിലൂടെ ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് സ്റ്റെം വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്. അധ്യാപക പരിശീലന രംഗത്ത് സാങ്കേതികവിദ്യയുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്താമെന്ന് തെളിയിച്ച ഈ യാത്ര വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ആത്മവിശ്വാസവും പുതിയ അനുഭവങ്ങളുമാണ് സമ്മാനിച്ചത്.






