കൂടല്ലൂര്‍: കൂടല്ലൂര്‍ സെന്റ് ജോസഫ്സ് യു.പി സ്കൂള്‍ സംഘടിപ്പിച്ച രണ്ടാമത് ഏറ്റുമാനൂര്‍ ഉപജില്ലാതല 5’സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു. ഫാ. ലൂക്ക് പൂതൃക്കയില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സിബി സിബി സംസാരിച്ചു. എട്ട് ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളില്‍ മാന്നാനം സെന്റ് ജോസഫ് യു.പി സ്കൂള്‍ വിജയകിരീടം സ്വന്തമാക്കി. കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനവും, ഏറ്റുമാനൂര്‍ ടൗണ്‍ യു.പി സ്കൂളും ബി.വി.എം യു.പി സ്കൂള്‍ കിടങ്ങൂരും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പൂര്‍വ്വവിദ്യാര്‍ത്ഥികളായ വൈദികരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ മത്സരത്തിന് കൂടല്ലൂര്‍ വിങ്സ് ക്ലബ് അംഗങ്ങള്‍, സഹൃദയരായ രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവരുടെ മികച്ച പിന്തുണയും സഹകരണവും ലഭിച്ചു. ഓരോ മത്സരത്തിലും ഗോള്‍ നേടിയ കളിക്കാര്‍ക്കും, ഓരോ കളിയിലെയും മികച്ച കളിക്കാരനും, ടോപ് സ്കോറര്‍, ബെസ്റ്റ് പ്ലെയര്‍, ബെസ്റ്റ് സെക്കന്‍ഡ് പ്ലെയര്‍, ബെസ്റ്റ് അസിസ്റ്റ്, ബെസ്റ്റ് ഗോള്‍കീപ്പര്‍, ഫൈനലിലെ ആദ്യ ഗോള്‍ നേടിയ താരം എന്നിവര്‍ക്കായി പൂര്‍വ്വവിദ്യാര്‍ത്ഥികളായ ബിജു മാവേലില്‍, മാക്സിന് കാരക്കാട്ടില്‍, കൂടല്ലൂര്‍ വിങ്സ് ക്ലബ് എന്നിവരുടെ നേതൃത്വത്തില്‍ ക്യാഷ് പ്രൈസുകള്‍ വിതരണം ചെയ്തു.
തല്‍ക്ഷണം സ്പോണ്സര് ചെയ്ത ഈ സമ്മാനങ്ങള്‍ കുട്ടികളില്‍ വലിയ ആവേശം സൃഷ്ടിച്ചു. സെന്റ് ജോസഫ്സ് യു.പി സ്കൂളിന്റെ ദീര്‍ഘകാല സ്വപ്നസാക്ഷാത്കാരമായ സ്കൂള്‍ ബസ് സ്പോണ്സര് ചെയ്ത തയ്യില്‍ ജോയി-ജെസ്സി ദമ്പതികളെ ഈ വേദിയില്‍ ആദരിച്ചു. അതോടൊപ്പം ഉപജില്ലാ സ്പോര്‍ട്സ് മത്സരത്തില്‍ സമ്മാനാര്‍ഹരായ നിരഞ്ജന രാജു, അലന് ബിബിന്‍ എന്നിവരെയും അനുമോദിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിമ്മി ട്വിങ്കിള്‍ രാജ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സി. ജോണ്‍സിയ സ്വാഗതം ആശംസിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോസ് പൂതൃക്കയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബോബി മാങ്കുടി, സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ജോണ്സണ് പി, ഗ്രാന്‍ഡ് സ്പോണ്സര് ഫാ. ജോസ് തേക്കുനിക്കുന്നതില് എന്നിവര്‍ സംസാരിച്ചു. അധ്യാപക പ്രതിനിധി അനു കെ. തോമസ് നന്ദി രേഖപ്പെടുത്തി.





