മടമ്പം : അര്‍ധ വാര്‍ഷിക പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികള്‍ക്ക് ഏറെ സഹായകരമാവുന്ന രീതിയില്‍ മാതൃകാ ചോദ്യങ്ങള്‍ വികസിപ്പിച്ചെടുത്ത ഏഴാം ക്ലാസ്സ് വിദ്യാര്‍ഥികളുടെ പഠന പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായി. മടമ്പം മേരിലാന്‍ഡ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ്സിലെ മൂന്ന് ഡിവിഷനുകളിലെ വിദ്യാര്‍ഥികള്‍ നടത്തിയ സംഘ പ്രവര്‍ത്തന ഫലമായി ഉരുത്തിരിഞ്ഞത് പന്ത്രണ്ട് സെറ്റ് ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും ഉള്‍ക്കൊള്ളുന്ന ഒന്നാംതരം പഠന സാമഗ്രി. പാഠ പുസ്തകത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ടേമിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി വിവിധ മാതൃകാ ചോദ്യങ്ങള്‍ കുട്ടികള്‍ ഗ്രൂപ്പ് തിരിഞ്ഞു തയ്യാറാക്കി. അവ ഇംഗ്ലീഷ് അദ്ധ്യാപകന്‍ റൂബിന്‍ സ്റ്റീഫന്റെ നേതൃത്വത്തില്‍ എഡിറ്റ് ചെയ്ത് ചോദ്യപേപ്പറിന്റെ ഘടനയില്‍ ക്രമീകരിച്ചാണ് പഠന സാമഗ്രി തയ്യാറായത്.
‘The Lantern of Learning : Questions from Young Questers’ എന്നു പേരിട്ട ചോദ്യശേഖര പുസ്തകം ഇതേ സ്‌കൂളിലെ അദ്ധ്യാപകന്‍ അഖില്‍ ടോമി മനോഹരമായ കവര്‍ പേജ് രൂപകല്പന ചെയ്ത് ആകര്‍ഷകമാക്കി. സ്‌കൂള്‍ അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ ഷാജു ജോസഫ് പുസ്തകം പ്രകാശനം ചെയ്തു. യു പി വിഭാഗം എസ് ആര്‍ ജി കണ്‍വീനര്‍ സിസ്റ്റര്‍ ഷൈനി പുസ്തകം ഏറ്റുവാങ്ങി. സീനിയര്‍ അസിസ്റ്റന്റ് ബിജുമോന്‍ എന്‍. എം., ഇംഗ്ലീഷ് അദ്ധ്യാപകന്‍ റൂബിന്‍ സ്റ്റീഫന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. മയൂഖ പ്രദീപ്, സൂര്യദേവ് സി ആര്‍, അനന്തകിഷോര്‍ കെ എസ്, വേദിക കെ എം, പാര്‍വതി എം, ഫാത്തിമ കെ, നക്ഷത്ര പി, അഗ്‌നിസ്നിഗ്ധ് എം, ശ്രീയുക്ത പി, അന്വയ് ടി വി, ഷെസ സഹീദ് സി, ഫീനിക്‌സ് മാത്യു ഫിലിപ്പ് എന്നിവരാണ് ചോദ്യശേഖര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സ്‌കൂളിലെ മറ്റു കുട്ടികള്‍ക്കും ഇതര സ്‌കൂളുകളിലെ കുട്ടികള്‍ക്കും സൗജന്യമായി പ്രയോജനപ്പെടുത്താവുന്ന രീതിയില്‍ ഈ പഠന സാമഗ്രി ഓണ്‍ലൈന്‍ സങ്കേതത്തില്‍ ലഭ്യവുമാണ്.





