ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തം ഉറപ്പാക്കണം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്‌ ഇന്ത്യ. വോട്ടര്‍മാരുടെ ഉത്തരവാദിത്വപൂര്‍വ്വകമായ ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തമാണ്‌ ജനാധിപത്യ ശക്തിയും സൗന്ദര്യവും വെളിവാക്കുക. ഇന്ത്യന്‍ ഭരണഘടന നിര്‍ദേശിക്കുന്ന പ്രായ പരിധിയിലുള്ള പൗരന്മാരെല്ലാവരും വോട്ടേഴ്‌സ്‌ ലിസ്റ്റില്‍ ഉള്‍പ്പെടുകയും അവര്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഗൗരവപൂര്‍വ്വം നിര്‍വഹിക്കുകയും ചെയ്യുമ്പോഴാണ്‌ ജനാധിപത്യം അതു ലക്ഷ്യം വയ്‌ക്കുന്ന അര്‍ത്ഥതലങ്ങള്‍ സാക്ഷാത്‌ക്കരിക്കുക. അതായത്‌ വോട്ടേഴ്‌സ്‌ ലിസ്റ്റില്‍ നിയമാനുസൃതം സ്ഥാനം ലഭിക്കേണ്ടവര്‍ക്കെല്ലാം അതില്‍ ഇടം കിട്ടുക; അതില്‍ ഇടം കിട്ടുന്നവരെല്ലാം കൃത്യമായി തങ്ങളില്‍ നിക്ഷിപ്‌തമായ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഈ രണ്ടു കാര്യങ്ങളും കുറവു കൂടാതെ നടത്തുകയും ഇക്കാര്യങ്ങളിലെല്ലാം സംശയത്തിന്‌ ഇടനല്‌കാനാവാത്തവിധം സുതാര്യത ഉറപ്പു വരുത്തുകയും ചെയ്യുക എന്നതു തെരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലയില്‍പ്പെട്ട കാര്യങ്ങളാണ്‌. എന്നാല്‍, തെരഞ്ഞെടുപ്പു കമ്മീഷന്‍ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുമ്പോള്‍ തന്നെ തങ്ങള്‍ക്കു അതില്‍ ഇടം കിട്ടിയെന്ന്‌ ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വം രാജ്യത്തെ പൗരന്മാര്‍ക്കും ഒപ്പം ജനാധിപത്യ പ്രക്രിയയില്‍ വിശ്വസിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്‌. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ആവശ്യത്തിനു ഗൗരവം കൊടുക്കുവാന്‍ പൗരന്മാരും രാഷ്‌ട്രീയ പാര്‍ട്ടികളും തയ്യാറാകുന്നില്ല എന്നത്‌ നമ്മുടെ രാഷ്‌ട്രീയ ജീവിതത്തിലെ കുറവായി മാത്രമേ കാണാനാവൂ.
കേരളം അടക്കം ഒന്‍പതു സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പരിഷ്‌ക്കരണത്തിനുള്ള (എസ്‌.ഐ.ആര്‍) ഉദ്യോഗസ്ഥരുടെ പരിശീലനത്തിനു ഒക്‌ടോബര്‍
28-ാം തീയതി തുടക്കം കുറിച്ചിരിക്കുന്നു. വീടുകള്‍ കയറിയുള്ള എന്യൂമറേഷന്‍ ഫോം സ്വീകരിക്കല്‍ ഈ നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ നടക്കും. കേരളത്തില്‍ 2.785 കോടി വോട്ടര്‍മാര്‍ ഉണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. കേരള സംസ്ഥാനത്ത്‌ അവസാനമായി എസ്‌.ഐ.ആര്‍ നടന്നത്‌ 2002 ലാണ്‌. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്നതിനാല്‍ എസ്‌.ഐ.ആര്‍ ഉടനെ നടത്തുന്നതില്‍ എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌ മുന്നണികള്‍ക്കു എതിര്‍പ്പുണ്ട്‌. എന്നാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നിട്ടില്ലാത്തതിനാല്‍ എസ്‌.ഐ.ആര്‍ നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണെന്നാണ്‌ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ പത്രസമ്മേളത്തില്‍ അറിയിച്ചത്‌. എസ്‌.ഐ.ആര്‍ നടക്കാന്‍ പോകുന്ന ഇടങ്ങളില്‍ ആകെ 50.99 കോടി വോട്ടര്‍മാരുണ്ട്‌ എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. പരിഷ്‌ക്കരണം നടക്കുന്നയിടങ്ങളില്‍ നിലവിലെ വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പു കമ്മീഷന്‍ മരവിപ്പിച്ചിട്ടുണ്ട്‌. മുന്‍ എസ്‌.ഐ.ആര്‍ പ്രകാരമുള്ള വോട്ടര്‍ പട്ടികയില്‍ പേരു ഉള്‍പ്പെട്ടവരോ അതില്‍ പേരു ഉള്‍പ്പെട്ടിട്ടുള്ളവരുടെ മക്കളോ പുതുതായി രേഖകള്‍ ഹാജരാക്കേണ്ട. എന്നാല്‍ 1987 ജൂലൈ ഒന്നിനു ശേഷം ജനിച്ചവര്‍ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ വോട്ടേഴ്‌സ്‌ ലിസ്റ്റില്‍ ഇടം പിടിക്കുകയുള്ളൂ. നമ്മുടെ രാജ്യത്തു നിലവിലിരിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 21-ാം സെക്ഷന്‍ പ്രകാരമാണ്‌ വോട്ടര്‍ പട്ടിക തയ്യാറാക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്യുന്നത്‌. ലോക്‌സഭ, നിയമ സഭ തെരഞ്ഞെടുപ്പിനോ ഏതെങ്കിലും നിയോജകമണ്ഡലത്തിലേക്കുള്ള ഉപ തെരഞ്ഞെടുപ്പിനോ മുന്‍പായി വോട്ടര്‍ പട്ടികയില്‍ സമഗ്ര പരിഷ്‌ക്കരണം നടത്തുന്നതാണ്‌ എസ്‌.ഐ.ആര്‍. ഇതിനുള്ള അധികാരം, തെരഞ്ഞെടുപ്പു കമ്മീഷനുണ്ട്‌. വോട്ടേഴ്‌സ്‌ ലിസ്റ്റില്‍ അര്‍ഹരായവര്‍ക്ക്‌ ഇടം കിട്ടാനും അനര്‍ഹരായവരെ ഒഴിവാക്കാനും സുതാര്യമായി നടക്കുന്ന എസ്‌.ഐ.ആര്‍ വഴി സാധിക്കും. എന്നാല്‍ ഈ പ്രക്രിയയുടെ സുതാര്യത തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉറപ്പു വരുത്തണം. അര്‍ഹരായ ധാരാളം ആളുകളെ ബീഹാറില്‍ തെരഞ്ഞെടുപ്പിനു മുന്‍പു എസ്‌.ഐ.ആര്‍ പ്രകാരം ഒഴിവാക്കിയെന്നു രാഹുല്‍ ഗാന്ധി ആരോപിക്കുകയും സുപ്രീം കോടതി വിഷയത്തില്‍ ഇടപെടുകയും ചെയ്‌തിരുന്നു.
ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശമായ വോട്ടു ചെയ്യാനുള്ള അവകാശത്ത അവഗണിക്കുന്നുവര്‍ രാഷ്‌ട്ര നിര്‍മ്മാണത്തിലെ അവരുടെ തനതായ പങ്കിനെയാണ്‌ അവഗണിച്ചു കളയുക. വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌ക്കരണത്തിന്‌ ആധാര്‍ കാര്‍ഡടക്കം 12 രേഖകള്‍ പരിഗണിക്കും. പക്ഷേ, അതോടൊപ്പം കുറെയധികം ആളുകള്‍ക്കു, തങ്ങളുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടി വരും. അതുകൊണ്ടു പൗരജനങ്ങള്‍ ആലസ്യം വെടിഞ്ഞു ഈ പ്രക്രിയയില്‍ പങ്കെടുക്കുകയും തങ്ങളുടെ അവകാശം അന്യാധീനപ്പെട്ടിട്ടില്ല എന്നു ഉറപ്പാക്കുകയും വേണം. വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബീഹാറില്‍ സംഭവിച്ചു എന്ന്‌ ആരോപിക്കപ്പെടുന്ന പരാതികള്‍ കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ പൗരജനങ്ങളും ജാഗ്രത പാലിക്കുകയും തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുകയും വേണം. കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന ഡിസംബര്‍ 9 മുതല്‍ ജനുവരി 8 വരെ പരാതികളുള്ളവര്‍ക്കു അത്‌ സമര്‍പ്പിക്കാം. പരാതി കേള്‍ക്കലും പരിശോധനയും ഡിസംബര്‍ 31 വരെ നടക്കും. ഫെബ്രുവരി 7 നാണ്‌ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.
ജനാധിപത്യത്തിന്റെ അവകാശങ്ങള്‍ അനുഭവിക്കുകയും ചുമതലകള്‍ നിര്‍വഹിക്കാതിരിക്കുകയും ചെയ്യുന്നവരാണ്‌ ഒരു വിധത്തില്‍ പറഞ്ഞാല്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാത്തവരും വോട്ടു ചെയ്യാത്തവരും. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞതനുസരിച്ച്‌ 18 നും 19 നും ഇടയ്‌ക്കു പ്രായമുള്ളവരില്‍ 40 ശതമാനം പേര്‍ മാത്രമാണ്‌ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തത്‌. പേരു ചേര്‍ത്ത എല്ലാവരും വോട്ടു ചെയ്യാന്‍ മനസുകാണിച്ചുമില്ല. ഉത്തരവാദിത്വത്തില്‍ നിന്നുള്ള പൗരന്മാരുടെ ഈ ഒഴിഞ്ഞു മാറല്‍ ജനാധിപത്യത്തിന്റെ കടക്കല്‍ കത്തി വയ്‌ക്കുന്നതിനു തുല്യമാണ്‌.
റവ.ഡോ. മാത്യു കുരിയത്തറ ഒ.എസ്‌.എച്ച്‌

Previous Post

പുനല്ലൂരില്‍ ജൂബിലി വര്‍ഷ പരിപാടി നടത്തി

Next Post

ഒരു ജപമാലയില്‍ ഏവരെയും കോര്‍ത്തൊരുക്കി ഡാളസ് ഇടവക .

Total
0
Share
error: Content is protected !!