കണ്ണൂര്‍:മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സഹകരണത്തോടെ പെരിക്കല്ലൂര്‍ ഫൊറോനയിലെ 6,7 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുവേണ്ടി ‘വി കെയര്‍ പദ്ധതി’ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ‘ഞാന്‍ എന്ന ചിന്തയില്‍ നിന്നും നമ്മള് എന്ന ചിന്തയിലേക്ക്’ ഓരോ കുഞ്ഞുങ്ങളും വളര്‍ന്നു വരുമ്പോഴാണ് നാടിനും, ഇടവകക്കും, സഭയ്ക്കും, സമുദായത്തിനും ഉതകുന്ന നല്ല മക്കളായി മാറാനായിട്ട് ഓരോരുത്തര്‍ക്കും സാധിക്കുന്നത് എന്ന് അഭിവന്ദ്യ പിതാവ് പറയുകയുണ്ടായി. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സിബിന് കൂട്ടകല്ലുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, പെരിക്കല്ലൂര്‍ ഫൊറോന വികാരി. റവ. ഫാ. ജോര്‍ജ്ജ് കപ്പുകാലായില്‍ ആമുഖ സന്ദേശം നല്കി. പാവന പാസ്റ്റ്റല്‍ സെന്റര്‍ ഡയറക്ടര്‍ ബഹു.സിറിയക് ഓട്ടപ്പള്ളില്‍ അച്ചന് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ‘വി കെയര്‍ പദ്ധതി’ കണ്‍വീനര്‍ ഫാ. സ്റ്റീഫന്‍ ചീക്കപ്പാറ, വിസിറ്റേഷന്‍ സന്യാസിനി സമൂഹം മലബാര്‍ റീജണല്‍ സുപ്പീരിയര്‍ റവ. സി. സിന്‍സി. എസ്. വി. എം, മാതാ-പിതാക്കളുടെ പ്രതിനിധിയായി ഷാജി കണികുളത്ത് എന്നിവര്‍ പ്രസംഗിച്ചു. ‘വി കെയര്‍’ പ്രോഗ്രാം അസി.കോ-ഓര്‍ഡിനേറ്റര്‍ സി. അരുണ്‍. എസ്. വി. എം എല്ലാവര്ക്കും നന്ദി പറഞ്ഞു. പെരിക്കല്ലൂര്‍ ഫൊറോനയിലെ 6,7 ക്ലാസ്സുകളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളേയും ഉള്‍പ്പെടുത്തി എല്ലാ മാസവും 2-ദിവസം റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ നല്കി 10-ാം ക്ലാസ്സുവരെ അവരെ ഒരുക്കുന്നതാണ് ഈ പദ്ധതി. 75 കുട്ടികളും, 65-ഒളം മാതാ-പിതാക്കളും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.





