അതിരൂപതാദിനം

1911 ആഗസ്റ്റുമാസം 29-ാം തീയതി അന്നത്തെ ചങ്ങനാശ്ശേരി, എറണാകുളം, വികാരിയാത്തുകളില്‍ ഉള്‍പ്പെട്ടിരുന്ന തെക്കുംഭാഗ കത്തോലിക്കര്‍ക്കു മാത്രമായി വിശുദ്ധ പത്താംപിയൂസ് മാര്‍പ്പാപ്പ ‘ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്തുവഴി സ്ഥാപിച്ചു നല്‍കിയ കോട്ടയം വികാരിയാത്തു ദൈവകൃപയാലും പരിശുദ്ധ കത്തോലിക്കാ സഭയുടെ കാരുണ്യത്താലും പിന്നീട് രൂപതയും അതിരൂപതയുമായി ഉയര്‍ത്തപ്പെടുകയും സീറോമലബാര്‍ സഭയുടെ അതിര്‍ത്തിക്കുള്ളിലേക്കു കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെ അജപാലനപരിധി വികസിപ്പിക്കുകയുമുണ്ടായി. ഈ ചെറിയ അജഗണത്തിനു ദൈവം തന്റെ സഭയിലൂടെ നല്‍കിയ വലിയ അംഗീകാരത്തെ നന്ദിയോടെ അനുസ്മരിക്കുന്നതിനും ഈ ജനം എന്നും സഭയോടൊത്തു ദൈവവഴികളില്‍ നവീകരിച്ചുറപ്പിക്കുന്നതിനുമായി എല്ലാവര്‍ഷവും അതിരൂപതയുടെ നേതൃത്വത്തില്‍ നമ്മുടെ അതിരൂപതാദിനം ആഘോഷിക്കപ്പെടണമെന്ന അതിരൂപതാ അസംബ്ലിയുടെ നിര്‍ദ്ദേശാനുസരണം 2015 മുതല്‍ നാം നടത്തിവരുന്ന അതിരൂപതാദിനാചരണം ഈ വര്‍ഷം ആഗസ്റ്റുമാസം 29-ാം തീയതി ഞായറാഴ്ച സെന്റ് തെരേസാസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വച്ചു നടത്തപ്പെടുന്ന കാര്യം സന്തോഷത്തോടെ ഞാന്‍ നിങ്ങളെ അറിയിക്കുന്നു.

2018 ലെ പ്രളയ പ്രത്യേക സാഹചര്യത്തില്‍ പ്രളയക്കെടുതിയില്‍ വലഞ്ഞ സഹോദരങ്ങളെ സഹായിക്കുന്നതിനായി ആ വര്‍ഷത്തെ അതിരൂപതാ ദിനാഘോഷങ്ങള്‍ നാം വെട്ടിച്ചുരുക്കുകയുണ്ടായി. കോവിഡ് 19 ന്റെയും തത്സംബന്ധമായ പ്രോട്ടോകോളിന്റെയും പശ്ചാത്തലത്തില്‍ 2020 ലെ അതിരൂപതാ ദിനാഘോഷങ്ങള്‍ നാം റദ്ദു ചെയ്തു. ഈ വര്‍ഷവും കോവിഡ് പ്രോട്ടോകോള്‍ അനുവദിക്കും വിധം മാത്രമായിരിക്കും നാം അതിരൂപതാദിനാഘോഷങ്ങള്‍ നടത്തുക.

കഴിഞ്ഞ നൂറുവര്‍ഷമായി കോട്ടയം അതിരൂപതയുടെ അവിഭാജ്യഘടകമായി നിലകൊള്ളുന്ന ക്‌നാനായ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ പുനരൈക്യ ശതാബ്ദി ആഘോഷങ്ങളോടു ചേര്‍ത്താണ് ഈ വര്‍ഷത്തെ അതിരൂപതാദിനം നാം ആഘോഷിക്കുന്നത്. ഈ സമൂഹത്തിനും അതുവഴി കോട്ടയം അതിരൂപതയ്ക്കും ഈ ശതാബ്ദി വര്‍ഷത്തില്‍ ദൈവം കനിഞ്ഞു നല്‍കിയ വലിയ സമ്മാനമായ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അപ്രേം തിരുമേ#ിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ റാന്നി സെന്റ് തെരേസാസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന സീറോ മലങ്കര റീത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ശതാബ്ദി സമാപനത്തിനും അതിരൂപതാ ദിനാഘോഷങ്ങള്‍ക്കും തുടക്കം കുറിക്കുന്നതാണ്.

വിശുദ്ധ കുര്‍ബ്ബാനയെത്തുടര്‍ന്ന് ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ സുപ്രധാന അജപാലന പ്രവര്‍ത്തനങ്ങളുടെ പങ്കുവയ്ക്കലും പുനരൈക്യ ശതാബ്ദി ആഘോഷിക്കുന്ന ക്‌നാനായ മലങ്കര സമൂഹത്തെക്കുറിച്ചുള്ള അവതരണവും ഉണ്ടായിരിക്കും. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ സുപ്രധാന നേട്ടങ്ങള്‍ കൈവരിച്ച അതിരൂപതാംഗങ്ങള്‍ക്ക് ആദരവ് നല്‍കുന്നതും തുടര്‍ന്നു നടക്കുന്ന സമാപനസമ്മേളനം സീറോ മലങ്കര സഭയുടെ പിതാവും തലവനുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്നതുമാണ്.

archdiocese dayസാധിക്കുന്ന എല്ലാവര്‍ക്കും പങ്കെടുക്കുവാന്‍ സാധിക്കത്തക്കവിധം അതിരൂപതാദിനാഘോഷം നടത്തണമെന്നാണു നാം ആഗ്രഹിക്കുന്നത്. നമ്മുടെ അതിരൂപതയിലെ എല്ലാ ബഹു. വൈദികരെയും സമര്‍പ്പിത സമൂഹ പ്രതിനിധികളെയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളെയും സമുദായ സംഘടനകളുടെ കേന്ദ്ര ഭാരവാഹികളെയും ഈ ദിനാഘോഷങ്ങളിലേക്കു സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. എല്ലാവര്‍ക്കും നേരിട്ടു പങ്കെടുക്കുവാന്‍ സാഹചര്യം അനുകൂലമല്ലെങ്കില്‍ ഓണ്‍ലൈനിലൂടെ പങ്കുചേരുവാന്‍ എല്ലാ സമുദായാംഗങ്ങളെയും ക്ഷണിക്കുന്നു.

Previous Post

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സംവരണം

Next Post

തടവറ പ്രേഷിതദിനം

Total
0
Share
error: Content is protected !!