തടവറ പ്രേഷിതദിനം

തടവറ പ്രേഷിത ദിനത്തോടനുബന്ധിച്ച് കെസിബിസി ജസ്റ്റിസ്, പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍  പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍.

കര്‍ത്താവില്‍ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ,

”കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു” (ലൂക്കാ 4:18-19).  ഏശയ്യായുടെ പുസ്തകത്തില്‍ കാണുന്ന ഈ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് യേശു തന്റെ പരസ്യദൗത്യം ആരംഭിക്കുന്നത്. തടവറയില്‍ കഴിയുന്ന മക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന യേശുവിനെ സുവിശേഷത്തില്‍ നാം കാണുന്നു. തന്റെ അവസാന 18 മണിക്കൂറുകള്‍ യേശു ചെലവഴിച്ചത് തടവറയിലായിരുന്നു. ഒരു കുറ്റവാളിയെന്ന വിധിയും കുരിശുമരണവുമാണ് അവിടത്തെ കാത്തിരുന്നത്. മഹനീയനായ തടവുകാരന്‍’ആണ് ഈശോ; പരിശുദ്ധനായ തടവുകാരന്‍. അവിടന്ന് കാരാഗൃഹ ത്തിലടയ്ക്കപ്പെട്ടപ്പോള്‍ പാപാന്ധകാരത്തിന്റെ തടവറയില്‍ നിന്ന് മനുഷ്യവംശം മോചനം നേടി. കുറ്റവാളിയായി അവിടുന്ന് മരിച്ചതിനാല്‍ നമ്മള്‍ കുറ്റവിമുക്തരായി. നമ്മുടെ നീതികരണത്തിനായി പാപമില്ലാത്തവനെ ദൈവം പാപമാക്കി (2കോറി 5:21).
”തടവുകാരോട് നിങ്ങളും അവരോടൊപ്പം തടവറയിലെന്നപോലെ പെരുമാറുവിന്‍” (ഹെബ്രാ 13:3) എന്ന ദൈവവചനം എത്രയധികം അവരെ കരുതുകയും സ്‌നേഹിക്കുകയും ശിശ്രൂഷിക്കുകയും ചെയ്യണം എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. തടവുകാരുടെ ദയനീയ അവസ്ഥ നാം തിരിച്ചറിയേണ്ടതാണ്. അവര്‍ നേരിടുന്ന അപമാനം, പ്രതീക്ഷയില്ലായ്മ, നിസ്സഹായ മനോഭാവം, മനുഷ്യത്വത്തിന് യോജിക്കാത്ത അവസ്ഥകള്‍, അവരുടെ കുടുംബത്തിന്റെ അവസ്ഥ എന്നിവ നമ്മെ അസ്വസ്ഥരാക്കണം. കര്‍ത്താവ് ചോദിക്കുന്നു: ഞാന്‍ കാരാഗൃഹത്തിലായിരുന്നു നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചോ? (രള: മത്താ 25: 36). സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ടാണ് ഒട്ടുമിക്കവരും  കുറ്റകൃത്യങ്ങള്‍ക്ക് അടിമകളായിത്തീര്‍ന്നത്. അവര്‍ക്കു വേണ്ടിയും അവരുടെ കുടുംബങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കാനും അവരെ സഹായിക്കാനും നമുക്ക് കടമയുണ്ട്. സുപ്രധാനമായ ഈ ദൗത്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നതിനു വേണ്ടി ഭാരത കത്തോലിക്കാസഭ തടവറപ്രേഷിത പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥനായ വി. മാക്‌സ് മില്ല്യന്‍ മരിയ കോള്‍ബെയുടെ തിരുനാള്‍ ദിനമായ ആഗസ്റ്റ് 14 നു മുന്‍പ് വരുന്ന ഞായറാഴ്ച തടവറ പ്രേക്ഷിത ദിനമായി ആഘോഷിക്കുകയാണ്.

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ നാമെല്ലാവരും ഒരര്‍ത്ഥത്തില്‍ പരിമിതികളുടെയും ആശങ്കകളുടെയും രോഗങ്ങളുടെയും തടവറയിലാണ്. തടവറയില്‍ കഴിയുന്ന സഹോദരങ്ങളെ കാരുണ്യപൂര്‍വ്വം ഓര്‍മ്മിക്കാന്‍ ഈ നാളുകളിലെ അനുഭവങ്ങള്‍ നമ്മെ സഹായിക്കുന്നു. 2019 ലെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ജയിലുകളിലുള്ള തടവുകാരില്‍ എഴുപതു ശതമാനം ആളുകളും വിചാരണ നേരിട്ട് കൊണ്ടിരിക്കുന്നവരും കുറ്റാരോപിതരുമാണ്. മുപ്പത് ശതമാനം പേര്‍ മാത്രമാണ് നിയമത്തിന്റെ മുന്‍പില്‍ കുറ്റക്കാരെന്ന് വിധിക്കപ്പെട്ടിട്ടുള്ളത്. നിരപരാധികളായ അനേകം മനുഷ്യര്‍ ഇന്ന് ജയിലുകളില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നു. കുറ്റാരോപിതര്‍ എല്ലാവരും കുറ്റക്കാരാണ് എന്ന സമൂഹത്തിന്റെ മനോഭാവം അപലപനീയമാണ്. കുറ്റാരോപിതനായി മുംബൈയിലെ തലോജ ജയിലില്‍ അടയ്ക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകനും ഈശോസഭാംഗവുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ വിയോഗം നമ്മെ ഏറെ ദു8ഖത്തിലാഴ്ത്തി. തടവറയില്‍ അടയ്ക്കപ്പെട്ട മനുഷ്യരുടെ ദയനീയാവസ്ഥയെക്കുറിച്ച് ഈ സംഭവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ ‘എല്ലാവരും സോദരര്‍’ എന്ന തന്റെ ചാക്രികലേഖനത്തില്‍ വധശിക്ഷയെക്കുറിച്ച് ഇപ്രകാരം പറയുന്നു: ”എല്ലാ ക്രൈസ്തവ വിശ്വാസികളും നന്മ ആഗ്രഹിക്കുന്നവരും നിയമപരവും അല്ലാതെയുമുള്ള എല്ലാത്തരം വധശിക്ഷയും നിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ന് സജീവമായി ഏര്‍പ്പെടുകയും, മാത്രമല്ല ജയില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ശബ്ദമുയത്തുകയും ചെയ്യുന്നവരാകണം. കാരണം സ്വാതന്ത്ര്യം ഹനിക്കപ്പെട്ട് ജയില്‍വാസം അനുഭവിക്കുന്നവര്‍ക്ക് മനുഷ്യാന്തസ് നിലനിര്‍ത്തുവാനുള്ള അവകാശമുണ്ട്. ഒരു കൊലപാതകിപോലും അവന്റെ മനുഷ്യാന്തസ്സ് നഷ്ടപ്പെടുത്തുന്നില്ല. ഏറ്റവും കൊടിയ കുറ്റവാളിക്കുള്ള അന്തസ് ഞാന്‍ നിഷേധിക്കാതിരുന്നാല്‍ ഏതൊരു മനുഷ്യന്റെയും അന്തസിനെ മാനിക്കാന്‍ എനിക്കും സാധിക്കും. എല്ലാ വ്യത്യാസങ്ങള്‍ക്കും അപ്പുറം എല്ലാ മനുഷ്യര്‍ക്കും ഈ ഭൂമിയില്‍ സഹവസിക്കാനുള്ള സാധ്യത ഞാന്‍ അംഗീകരിക്കുകയും ചെയ്യും” (എൃമലേഹഹശ ൗേേേശ : 268 – 269). കുറ്റവാളികള്‍ക്ക് കൊടുക്കുന്ന ശിക്ഷകള്‍ മനുഷ്യ അന്തസ്സിനെ മാനിക്കുന്നതും അവരെ മന8പരിവര്‍ത്തനത്തിലേക്കും നന്മയിലേക്കും നയിക്കുന്നതുമാകണമെന്നാണ് പരിശുദ്ധ പിതാവ് ഇവിടെ അര്‍ത്ഥമാക്കുന്നത്.

നമ്മുടെ പാപാവസ്ഥയിലേക്ക് ദൈവം ഇറങ്ങി വന്നു! നമ്മള്‍ നഷ്ടപ്പെട്ടവരായപ്പോള്‍ ദൈവം താഴേക്കു വന്നു! ദൈവത്തിന്റെ കണ്ണുകളില്‍ നമുക്ക് ഒരിക്കലും മൂല്യം നഷ്ടപ്പെടുന്നില്ല, നാം എപ്പോഴും അവിടുത്തെ കാഴ്ചയില്‍ വിലപ്പെട്ടവരായി നിലകൊള്ളുന്നു. എന്തെന്നാല്‍, ദൈവം അനന്ത സ്‌നേഹമാണ്. അഗ്നിക്ക് ചൂടില്ലാതിരിക്കാന്‍ കഴിയാത്തതുപോലെ ദൈവത്തിന് സ്‌നേഹിക്കാതിരിക്കാനും കഴിയില്ല.  ഒരുവനും മാനസാന്തരത്തിന് അതീതനല്ല എന്ന ദര്‍ശനമാണ് തടവറ പ്രേഷിതത്വം ഉള്‍ക്കൊള്ളുന്നത്. നമ്മുടെ കര്‍ത്താവ് ‘നല്ലകള്ളന്’ പറുദീസ ഉറപ്പുവരുത്തിക്കൊണ്ട് ഒരുവനും രക്ഷയ്ക്ക് അപ്പുറത്തല്ല എന്ന് നമ്മെ പഠിപ്പിക്കുകയും ചെയ്തു. അങ്ങേയറ്റം സുരക്ഷിതത്വമുള്ള തടവറകളുടെ ഭിത്തികള്‍ക്കു പിന്നില്‍ കഠിനഹൃദയരായ കുറ്റവാളികള്‍ പ്രത്യാശയുടെ സന്ദേശവാഹകരായി രൂപാന്തരപ്പെടുന്ന അനുഭവങ്ങളാണ് തടവറപ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കുന്നത്. ”ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ടാവശ്യം. നീതിമാന്‍മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാന്‍ വന്നത്” (മര്‍ക്കോ 2:17) എന്ന ക്രിസ്തുവചനത്തിന്റെ അര്‍ത്ഥം നമുക്ക് ആഴമായി ഗ്രഹിക്കാന്‍ കഴിയണം.  യേശു ഈ ഭൂമിയിലേക്ക് വന്നതിന്റെ ലക്ഷ്യം പാപികളെ വിളിക്കുകയും നഷ്ടപ്പെട്ടവരെ രക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു. കുരിശില്‍ കിടന്ന് ”എനിക്ക് ദാഹിക്കുന്നു” എന്ന് വിലപിച്ച ഈശോ ഇന്ന് തടവറകളുടെ ഇരുണ്ടമുറികളില്‍ കഴിയുന്ന ആത്മാക്കളുടെ രക്ഷയ്ക്കായി ദാഹിക്കുന്നുണ്ട്.
തടവറകളുടെ പുനരധിവാസത്തിനും രക്ഷയ്ക്കും വേണ്ടി നാം എന്താണ് ചെയ്യേണ്ടത്? ദൈവത്തിന്റെ രക്ഷാകര ദൗത്യത്തിന്റെ ശ്രേഷ്ഠമായ ഈ ജോലിയില്‍ ഒരു ഭാഗമായിത്തീരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മൂന്നുവിധത്തില്‍ ശുശ്രൂഷാധര്‍മ്മം നിര്‍വഹിച്ച് നിങ്ങള്‍ക്കത് സാധ്യമാക്കാവുന്നതാണ്.

ഒന്നാമതായി, യേശു സാഹോദര്യ കൂട്ടായ്മ അഥവാ തടവറ പ്രേഷിത ശുശ്രൂഷയുടെ ഉത്ഭവം ദിവ്യകാരുണ്യത്തില്‍ നിന്നാണ്. ദിവ്യകാരുണ്യത്തിന്റെ മുന്നില്‍ ചെലവഴിച്ച മണിക്കൂറുകള്‍ ഈ ശുശ്രൂഷയുടെ വളര്‍ച്ചയ്ക്കുള്ള അനുഗൃഹീതമായ നിമിഷങ്ങളാണ്.  ഓരോ സന്ദര്‍ശനത്തിനും മുന്‍പ് അംഗങ്ങള്‍ പ്രാര്‍ത്ഥനയില്‍ അഭയം പ്രാപിക്കുകയും  മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുകയും ഉപവസിക്കുകയും ചെയ്യുന്നു. അടിസ്ഥാനപരമായി തടവറ പ്രേഷിത കൂട്ടായ്മ എന്നത് ഒരു പ്രാര്‍ത്ഥനാ സമൂഹമാണ്. ഈ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കുചേര്‍ന്ന് നിങ്ങള്‍ക്കും തടവറ പ്രേഷിതരാകാം.

രണ്ടാമതായി, നിങ്ങള്‍ക്ക് ജയിലുകളും തടവറ പ്രേഷിത കൂട്ടായ്മയുടെ പുനരധിവാസ കേന്ദ്രങ്ങളും തടവറമക്കളുടെ കുട്ടികള്‍ക്കു വേണ്ടിയുള്ള ഭവനങ്ങളും സന്ദര്‍ശിക്കാം.”എന്റെ കുടുംബം എന്നെ ഉപേക്ഷിച്ചു; സമൂഹം എന്നെ ഒരു കുറ്റവാളിയായി മാത്രം പരിഗണിക്കുന്നു; നിങ്ങള്‍ എന്നെ സഹായിച്ചില്ലെങ്കില്‍ വേറെ ആരെന്നെ സഹായിക്കും? ഞാന്‍ ജയില്‍ വിമുക്തനാകുമ്പോള്‍ എനിക്ക് ഒരു ജോലിതരാന്‍ ആരും ധൈര്യപ്പെടുകയില്ല; ദയവായി എനിക്ക് ഒരു ജോലി സംഘടിപ്പിച്ചു തരാമോ?” തടവറക്കാര്‍ നടത്തുന്ന ഹൃദയഭേദകമായ ഈ വിലാപം യേശു സാഹോദര്യ കൂട്ടായ്മ ശുശ്രൂഷകരുടെ  ഹൃദയങ്ങളെ ചലിപ്പിച്ചു. അതിന്റെ ഫലമാണ് 1991- ല്‍ സ്ഥാപിച്ച സ്‌നേഹാശ്രമം എന്ന പുനരധിവാസകേന്ദ്രം. ഇന്ന് കേരളത്തില്‍ തടവറ പ്രേഷിത കൂട്ടായ്മ ജയില്‍ വിമുക്തരായ വ്യക്തികള്‍ക്കും അവരുടെ മക്കള്‍ക്കുംവേണ്ടി 10 പുനരധിവാസ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്.

മൂന്നാമതായി, തടവറമക്കളെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി തടവറ പ്രേഷിത കൂട്ടായ്മയെ  സാമ്പത്തികമായി സഹായിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഈ പ്രേഷിത കൂട്ടായ്മയുടെ ഒരു അടിസ്ഥാന തത്ത്വം ”പങ്കുവയ്ക്കലാണ്”്. തടവറയില്‍ കഴിയുന്നവര്‍ക്ക് നല്ല ഭാവി സൃഷ്ടിക്കാനും അവരുടെ കുടുംബങ്ങളെ സമുദ്ധരിക്കാനും നമുക്കൊരുമിച്ച് കൈകോര്‍ക്കാം. ആളുകളെ വ്യക്തിപരമായി കണ്ടുമുട്ടി സുമനസ്സുകളുടെ സഹായത്തോടെ പദ്ധതികളും ദര്‍ശനങ്ങളും യാഥാര്‍ത്ഥ്യമാക്കുന്ന ശൈലിയാണ് യേശുസാഹോദര്യത്തിനുള്ളത്. കര്‍ത്താവിന്റെ ഈ ചെറിയവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി ഉള്ളതില്‍ നിന്ന് പങ്ക്‌വയ്ക്കുമ്പോള്‍ നാം കര്‍ത്താവിനുതന്നെയാണ് നല്‍കുന്നതെന്ന കാര്യം മറക്കാതിരിക്കാം.

കേരളത്തിലെ തടവറകളില്‍ ജീസസ്സ് ഫ്രട്ടേണിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമെന്നവിധം ജയില്‍വകുപ്പ് എല്ലാ ജയിലുകളും സന്ദര്‍ശിക്കാന്‍ ഈ കൂട്ടായ്മയ്ക്ക് മാത്രമായി ഒരു പൊതു അനുവാദം നല്‍കിയിട്ടുണ്ട്. കേരളത്തിലെ 32 രൂപതകളിലും ഡയറക്റ്റര്‍ അച്ചന്‍മാരുടെ നേതൃത്വത്തില്‍ 50  -ഓളം യൂണിറ്റുകളിലായി 1000 ത്തില്‍ പരം വോളണ്ടിയര്‍മാര്‍ പ്രത്യക്ഷമായും പരോക്ഷമായും ഈ ശുശ്രൂഷയില്‍ പങ്കുചേരുന്നു. നമ്മുടെ എല്ലാ രൂപതകളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് കടന്നു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിലെ ഒന്‍മ്പത് മേജര്‍ സെമിനാരികളിലും ജീസസ്സ് ഫ്രട്ടേണിറ്റിയുടെ യൂണിറ്റുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. വൈദിക വിദ്യാര്‍ത്ഥികള്‍ ഈ രംഗത്ത് ചെയ്യുന്ന ശുശ്രൂഷകള്‍ സ്തുത്യര്‍ഹമാണ്. അനേകം അല്‍മായരും സമര്‍പ്പിതരും വൈദികരും ഈ പ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നു. അവര്‍ക്കെല്ലാം ഹൃദയപൂര്‍വ്വകമായ അനുമോദനവും നന്ദിയും അര്‍പ്പിക്കട്ടെ. തടവറ പ്രേഷിത ദിനത്തില്‍ ഇടവകകളില്‍ നിന്ന് ശേഖരിക്കുന്ന പിരിവുകൊണ്ടാണ് ജീസസ്സ് ഫ്രട്ടേണിറ്റിയുടെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷവും പല പരിമിതികളുമുണ്ട് എന്നത് വസ്തുതയാണ്. എങ്കിലും സാധിക്കുന്ന വിധമുള്ള സംഭാവനകള്‍ ഓരോ രൂപതയും പി.ഒ.സി യില്‍ പ്രവര്‍ത്തിക്കുന്ന ജീസസ്സ് ഫ്രട്ടേണിറ്റിയുടെ സംസ്ഥാന ഓഫീസിലേക്ക് അയച്ചുകൊടുക്കണമെന്ന് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരുടെയും ഔദാര്യപൂര്‍ണ്ണമായ സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകുമല്ലോ.
ആഗതമാകുന്ന ഭാരത സ്വാതന്ത്ര്യദിനവും സ്വര്‍ഗ്ഗാരോപണത്തിരുന്നാളും നമ്മെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കും നന്മയിലേക്കും നയിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഏവര്‍ക്കും ദൈവാനുഗ്രഹങ്ങള്‍ സമൃദ്ധമായി ലഭിക്കട്ടെ.

ജീസസ്സ് ഫ്രട്ടേണിറ്റിക്കുവേണ്ടി,
ത ബിഷപ് മാര്‍ ജോസ് പുളിക്കല്‍
(ചെയര്‍മാന്‍, ഗഇആഇ ജസ്റ്റിസ,് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍)
ത ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍
(വൈസ് ചെയര്‍മാന്‍,  ഗഇആഇ ജസ്റ്റിസ,് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍)
ത ബിഷപ് തോമസ് മാര്‍ യൗസേബിയൂസ്
(വൈസ് ചെയര്‍മാന്‍,  ഗഇആഇ ജസ്റ്റിസ്, പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍)
പി.ഒ.സി., കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയം

:ഈ സര്‍ക്കുലര്‍ ആഗസ്റ്റ് 8-ാം തീയതി ഞായറാഴ്ച നമ്മുടെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലി അര്‍പ്പിക്കപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും വായിക്കേണ്ടതാണ്. വി. കുര്‍ബ്ബാനയില്‍ സംബന്ധിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഏതെങ്കിലും രീതിയില്‍ ഇതിന്റെ കോപ്പി സംലഭ്യമാക്കേണ്ടതുമാണ്.
സ്‌നേഹപൂര്‍വ്വം,
ത മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം അതിരൂപത മെത്രാപ്പോലീത്ത

Previous Post

അതിരൂപതാദിനം

Next Post

അതിരൂപതയിലെ ഹെൽത്ത് കമ്മീഷൻ അംഗങ്ങൾ

Total
0
Share
error: Content is protected !!