അമ്പതു നോമ്പാചരണം

ഈശോമിശിഹായില്‍ പ്രിയ സഹോദരീസഹോദരന്മാരേ,
കഴിഞ്ഞ രണ്ട് വര്‍ഷമായി വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും സഭാത്മക ജീവിതത്തെയുമൊക്കെ വിവിധ രീതികളില്‍ സ്വാധീനിക്കുന്ന കോവിഡ് മഹാമാരിയോടൊത്താണല്ലോ നാം ജീവിക്കുന്നത്. വ്യക്തികളും സമൂഹങ്ങളുമൊക്കെ വ്യത്യസ്തങ്ങളായ രീതികളിലാണ് ഇതിനോട് പ്രതികരിക്കുന്നത്. ഏറെ ഭയത്തോടും ആശങ്കയോടും കൂടി പ്രതികരിച്ചവര്‍ എല്ലാം മറന്നു തങ്ങളുടെ സുരക്ഷയിലേക്കു ഉള്‍വലിയാന്‍ പരിശ്രമിച്ചപ്പോള്‍ മറ്റു പലരും ഈ സാഹചര്യങ്ങളില്‍ ഒറ്റപ്പെടുകയും വേദനിക്കുകയും ചെയ്ത സഹജീവികളുടെ കാര്യത്തില്‍ താല്പര്യമെടുക്കുകയും അവരുടെ സഹായത്തിനെത്തുകയും ചെയ്തു. അതിരൂപതയിലും പുറത്തുമുള്ള ക്‌നാനായമക്കള്‍ ഈ അവസരത്തില്‍ പ്രകടമാക്കിയ ത്യാഗമനോഭാവവും സഹജീവികളോടുള്ള കരുതലും പൊതുസമൂഹത്തിന്റെ പ്രശംസയ്ക്കും അംഗീകാരത്തിനും പാത്രമായി എന്നത് വളരെ സന്തോഷത്തോടെ അനുസ്മരിക്കുകയും സ്വയം മറന്ന് സഹോദരങ്ങള്‍ക്കായി താത്പര്യപൂര്‍വം പ്രവര്‍ത്തിച്ച ഏവരെയും ഞാന്‍ ഹൃദയംഗമമായി അനുമോദിക്കുകയും ചെയ്യുന്നു.

”മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” (മത്താ 3,2) എന്ന് ആഹ്വാനം ചെയ്തുകൊണ്ടു സമാഗതമാകുന്ന നോമ്പുകാലം മനോഭാവങ്ങളിലും കാഴ്ചപ്പാടുകളിലും നിരന്തരം കാത്തുസൂക്ഷിക്കേണ്ട ക്രിസ്തീയ ദര്‍ശനങ്ങളെയും വീക്ഷണങ്ങളെയും നമ്മുടെ ശ്രദ്ധയ്ക്കു വിഷയമാക്കുന്നു. നോമ്പുകാലം നമ്മെയും നമ്മുടെ ജീവിതത്തെയും പൂര്‍ണ്ണമായും ചൂഴ്ന്നു നില്‍ക്കുന്ന ഒരു യാത്രയാണ്. ഈ യാത്ര കുറേയേറെ ചോദ്യങ്ങള്‍ നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു. എന്റെ ജീവിതത്തിന്റെ ഗതി എങ്ങോട്ടാണ്? ദൈവത്തിലേക്കോ, എന്നിലേക്കോ? ഞാന്‍ ജീവിക്കുന്നത് ദൈവത്തെ പ്രസാദിപ്പിക്കാനാണോ? അതോ ഞാന്‍ അംഗീകരിക്കപ്പെടാനും പുകഴ്ത്തപ്പെടാനും മുന്‍നിരയില്‍ എപ്പോഴും ആയിരിക്കുവാനുമാണോ ആഗ്രഹിക്കുന്നത്? ഞാന്‍ ദൈവത്തില്‍ അടിയുറച്ച വ്യക്തിയാണോ? അതോ ഭാഗികമായി ദൈവത്തെയും ഭാഗികമായി ലോകത്തെയും സ്‌നേഹിക്കുന്ന വ്യക്തിയാണോ? ദൈവത്തെയും മാമോനെയും ഒരേസമയം സേവിക്കാനാവില്ലല്ലൊ. എന്റെ ഹൃദയത്തെ ബന്ധിച്ചിടുന്ന കാപട്യത്തില്‍ നിന്നും വഞ്ചനയില്‍ നിന്നും മോചിതനാകാന്‍ പരിശ്രമിക്കുന്ന വ്യക്തിയാണോ ഞാന്‍? ഈശോയുടെ കുരിശുമരണത്തിലൂടെ പാപങ്ങളില്‍നിന്നു മോചിതരായി, ഉത്ഥിതനായ ഈശോയില്‍ ലഭിക്കുന്ന പുതുജീവിതത്തിലേ ക്കുള്ള നമ്മുടെ വ്യക്തിപരമായ യാത്രയാണ് നോമ്പ്. ഉത്പത്തി പുസ്തകത്തില്‍ ആരംഭിക്കുന്ന പാപത്തിന്റെയും മരണത്തിന്റെയും തേര്‍വാഴ്ച (ഉത്പ 3) കാല്‍വരിയില്‍ കര്‍ത്താവിന്റെ കുരിശിന്‍ചുവട്ടില്‍ തകര്‍ന്നടിഞ്ഞതിന്റെ ഫലമായി ലഭിച്ച പാപമോചനവും ഉത്ഥാനാനുഭവവും പകരുന്ന പ്രയാണത്തില്‍ പങ്കുചേരാന്‍ വിശ്വാസികള്‍ക്ക് ലഭിക്കുന്ന അവസരമാണു നോമ്പുകാലം.

ഏദന്‍ തോട്ടത്തില്‍ സാത്താന്റെ പ്രലോഭനത്തിനു വശംവദരായി പാപം ചെയ്ത ആദിമാതാപിതാക്കളുടെ സ്ഥാനത്തു രണ്ടാമാദമായ ഈശോ എപ്രകാരമാണ് സാത്താന്റെ പ്രലോഭനങ്ങളെ ചെറുത്തു തോല്‍പ്പിച്ച് പാപത്തെ പരാജയപ്പെടുത്തിയതെന്ന് നോമ്പിന്റെ ആരംഭത്തില്‍ സഭ നമ്മെ അനുസ്മരിപ്പിക്കുന്നു. പ്രലോഭനങ്ങള്‍ ഏവര്‍ക്കുമുണ്ടാകാം. പ്രലോഭനം ഒരു തന്ത്രമാണ്, വ്യാജമാണ്, വഞ്ചനയാണ്. അതു സത്യത്തെ മൂടിവച്ച് അസത്യത്തെ സത്യമായി അവതരിപ്പിക്കുന്നു. ഏദന്‍ തോട്ടത്തിലെ പ്രലോഭനം ഇതാണല്ലോ വ്യക്തമാക്കുന്നത്. മരുഭൂമിയില്‍ ഈശോയ്ക്കുണ്ടായ പ്രലോഭനങ്ങളില്‍ സാത്താന്‍ മറച്ചുവച്ച വഞ്ചന നമുക്ക് കാണാന്‍ സാധിക്കും. പ്രലോഭനം യഥാര്‍ത്ഥ സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള ശരിയായ പാത മറച്ചു വച്ച് എളുപ്പമുള്ളതും ക്ഷിപ്രസാദ്ധ്യവുമായ ഒരു പാതയും ലക്ഷ്യവും നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു. എളുപ്പമുള്ള പരിഹാരമായി പ്രലോഭനം നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന മാര്‍ഗ്ഗം ഏറ്റവും വലിയ ദുരന്തത്തിലേക്ക് നയിക്കുന്നു. വിവേകപൂര്‍വം ചിന്തിച്ചാല്‍, നാമൊരിക്കലും അനുധാവനം ചെയ്യാനിടയില്ലാത്ത പ്രലോഭനത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് വികാരങ്ങളോ, ലഹരിയോ, അതുപോലെ നമ്മുടെ ചിന്താശക്തിയെ ദുര്‍ബലപ്പെടുത്താവുന്ന മറ്റു ഘടകങ്ങളോ നമ്മില്‍ ചെലുത്തുന്ന ശക്തമായ സ്വാധീനം കൊണ്ടാണ്.
പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ നമുക്ക് രണ്ട് സാധ്യതകളുണ്ടെന്നു തിരുവചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഒന്നുകില്‍ ഏദന്‍ തോട്ടത്തിലെ ആദിമാതാപിതാക്കളെപ്പോലെ പ്രലോഭനത്തിനടിമകളാവുക; അല്ലെങ്കില്‍ മരുഭൂമിയില്‍ ഈശോ ചെയ്തതു പോലെ പ്രലോഭനത്തെ അതിജീവിക്കുക. ഈശോയ്ക്കുണ്ടായ പ്രലോഭനങ്ങളും അവയെ ഈശോ നേരിട്ട രീതികളും പ്രലോഭനങ്ങളെ അതിജീവിക്കുന്നതില്‍ നമുക്ക് ഏറെ സഹായകമാണ്. ദൈവിക പദ്ധതിയെ പരാജയപ്പെടുത്താനുള്ള സാത്താന്റെ പ്രലോഭനം ദൈവവചനത്തിന്റെ സഹായത്തോടെ ഈശോ പരാജയപ്പെടുത്തുന്നു. മരുഭൂമിയില്‍ മാത്രമല്ല, പിന്നീടു കുരിശിന്റെ വഴി ഉപേക്ഷിക്കാനുള്ള പത്രോസിന്റെ പ്രലോഭനവും പീഡാസഹനത്തില്‍ നിന്ന് വിട്ടു നില്ക്കാന്‍ ഗദ്‌സെമനില്‍ ഉണ്ടായ പരീക്ഷണവും അതിജീവിക്കാന്‍ ഈശോയ്ക്കു സാധിച്ചത് തന്റെ ദൗത്യത്തെപ്പറ്റിയുള്ള വ്യക്തമായ അവബോധവും അതിനുവേണ്ടി എന്തു ത്യാഗവും ഏറ്റെടുക്കാനുള്ള നിശ്ചയ ദാര്‍ഢ്യവും ഉണ്ടായിരുന്നതുകൊണ്ടാണ്. അതുവഴിയാണ് എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ച് ഉത്ഥാനമഹത്വത്തിലേക്കെത്താന്‍ ഈശോയ്ക്കു സാധിച്ചത്.

നോമ്പുകാലം ഏറ്റം ഫലപ്രദമാക്കാന്‍ നൂറ്റാണ്ടുകളായി തിരുസഭ നിര്‍ദ്ദേശിക്കുന്ന മൂന്നു കാര്യങ്ങളാണല്ലോ പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം. നോമ്പുകാലം കൂടുതല്‍ പ്രാര്‍ത്ഥനയ്ക്കുള്ള സമയമാണ്. പ്രാര്‍ത്ഥന ഇല്ലാത്ത ജീവിതം ദൈവസാന്നിധ്യത്തിന്റെ ആനന്ദമില്ലാത്ത ജീവിതമാണ്. ദൈവസ്മരണ പുലര്‍ത്താത്ത ദിവസം ഭാരതീയ സങ്കല്പത്തില്‍ അശുഭദിനമാണ്. മറ്റെന്തെല്ലാമുണ്ടായാലും ദൈവമില്ലാത്ത ജീവിതം വിരസവും നിരര്‍ത്ഥകവുമായിത്തീരുന്നു. വിശുദ്ധജ ആഗസ്തീനോസു പറയുന്നതുപോലെ ദൈവത്തിനായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ദൈവത്തെക്കൂടാതെ തൃപ്തനാവില്ല. എല്ലാ നന്മകളും ദൈവത്തില്‍ നിന്നു വരുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ദൈവത്തെ തൊട്ടറിയുകയും അവന്റെ നന്മകളില്‍ പങ്കു ചേരുകയും ചെയ്യുന്നു. ദൈവത്തോടുള്ള ഹൃദ്യവും ആരാധനാപൂര്‍വ്വകവും വിശുദ്ധവുമായ വര്‍ത്തമാനമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയില്‍ സംശുദ്ധമായ ദിവസം അമൃതം എന്നതുപോലെ മര്‍ത്യനെ അമര്‍ത്യനാക്കുന്നു എന്നാണ് ഭാരതീയാചാര്യന്മാര്‍ പറയുന്നത്.
ഉപവസിക്കുക എന്നാല്‍ അടുത്തു വസിക്കുക, അടുത്തായിരിക്കുക എന്നാണല്ലോ അര്‍ഥം. ദൈവത്തോടും സഹോദരങ്ങളോടും അടുത്തായിരിക്കുന്നതിനെയാണ് ഇതു സൂചിപ്പിക്കുന്നത്. ഇതിനു വിഘാതം വരുത്തുന്ന ആഹാരനീഹാരാദികളും ഇന്ദ്രിയ വാസനകളും പരിത്യജിച്ചു ദൈവസന്നിധിയില്‍ ആയിരിക്കുവാനും സഹോദരങ്ങളുടെ നന്മ കാംക്ഷിക്കുവാനും ഉപവാസം സഹായകമാകുന്നു. ദൈവത്തില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും നമ്മെ അകറ്റുന്നതെല്ലാം മനപൂര്‍വം പരിത്യജിച്ചു ദൈവത്തോടും സഹജീവികളോടും ചേര്‍ന്നു നില്‍ക്കാന്‍ നോമ്പുകാലം നമ്മോടാവശ്യപ്പെടുന്നു.
വേദന എന്നര്‍ത്ഥമുള്ള നോയ് , സ്‌നേഹം എന്ന അര്‍ത്ഥമുള്ള അന്‍പ് എന്നീ വാക്കുകള്‍ ചേര്‍ന്നാണ് നോയമ്പ് അഥവാ നോമ്പ് എന്ന പദം രൂപപ്പെടുന്നത്. അതു സൂചിപ്പിക്കുക നൊന്തു സ്‌നേഹിക്കുക എന്നാണ്. ത്യാഗമില്ലാതെ സ്‌നേഹമില്ല എന്ന സത്യമാണ് ഇവിടെ നാം അനുസ്മരിക്കേണ്ടത്. സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ ത്യജിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലല്ലോ (യോഹ 15:13). അതാണ് ഏറ്റവും വലിയ ദാനം. ക്രൈസ്തവസ്‌നേഹം മറ്റുള്ളവരുടെ വേദന, ആകുലത, രോഗം, ഭവനരാഹിത്യം, അവഗണന തുടങ്ങിയവയില്‍ വേദനിക്കുന്നു. അവര്‍ക്കു വേണ്ടി സ്വയം നല്കാന്‍ നോമ്പ് നമുക്ക് പ്രേരകമാവുന്നു
പ്രിയമുള്ളവരേ, നോമ്പുകാലം നമുക്കെല്ലാം ദൈവകൃപയുടെ അവസരമാണ്. നാം ചെയ്യുന്ന കാര്യങ്ങളും നമ്മള്‍ ഉപേക്ഷിക്കുന്ന കാര്യങ്ങളും ദൈവത്തിനായി കൂടുതല്‍ തുറന്നു കൊടുക്കാന്‍ നമ്മെ സഹായിക്കട്ടെ. തന്റെ പീഡാനുഭവത്താലും ഉത്ഥാനത്താലും മരണത്തെ കീഴടക്കി, പാപങ്ങളില്‍ നിന്നു നമ്മെ മോചിപ്പിക്കുകയും സ്‌നേഹത്തോടും കാരുണ്യത്തോടും കൂടി നമ്മെ കാത്തു നില്‍ക്കുകയും ചെയ്യുന്ന ഉത്ഥിതനായ ഈശോയോടും ആ സ്‌നേഹ ശൃംഖലയില്‍ ചേര്‍ന്ന് നില്‍ക്കുന്ന എല്ലാ പ്രിയപ്പെട്ടവരോടുമൊത്തു ഉത്ഥാനത്തിരുനാളിന്റെ ആനന്ദത്തില്‍ പങ്കുചേരാന്‍ ഈ നോമ്പുകാലം നമ്മെ ഏവരെയും സഹായിക്കട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ടും നിങ്ങള്‍ക്കേവര്‍ക്കും ഉയിര്‍പ്പു തിരുനാളിന്റെ മംഗളങ്ങള്‍ ആശംസിച്ചുകൊണ്ടും,
പിതാവിന്റെയും + പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ഇടയനടുത്ത ആശീര്‍വാദം നല്‍കുന്നു.

മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത

Previous Post

പാസ്റ്ററല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍

Next Post

കുടിയേറ്റദിനം

Total
0
Share
error: Content is protected !!