ഓര്‍മ്മക്കൂട്ട് – സ്‌നേഹസ്പര്‍ശം കാരുണ്യപദ്ധതിക്ക് നവംബര്‍ 15ന് തുടക്കം

ഉഴവൂര്‍ : ഒ.എല്‍.എല്‍.എച്ച്.എസ്. 1992 എസ്.എസ്.എല്‍.സി. ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികള്‍ രൂപീകരിച്ച ഓര്‍മ്മക്കൂട്ട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുതിയ കാരുണ്യപദ്ധതിയായ ‘ഓര്‍മ്മക്കൂട്ട് – സ്‌നേഹസ്പര്‍ശം’ നവംബര്‍ 15ന് ആരംഭിക്കും. അന്നേ ദിവസം രാവിലെ 11.30ന് അരീക്കര കുഞ്ഞച്ചന്‍ മിഷനറി ഭവനില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ബിഷപ്പ് മാര്‍ തോമസ് ആനിമൂട്ടില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സാമൂഹിക, സാംസ്‌കാരിക, ആത്മീയ രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.

സ്‌കൂള്‍ പഠനകാലത്തെ സൗഹൃദം കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് പ്രയോജനകരമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ പുതിയ ചുവടുവയ്പ്പാണ് സ്‌നേഹസ്പര്‍ശം പദ്ധതി. വയോജനങ്ങള്‍, രോഗികള്‍, ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവരുടെ ജീവിതത്തിലേക്ക് സ്‌നേഹവും കരുതലും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

192 വിദ്യാര്‍ഥികളുണ്ടായിരുന്ന 1992 എസ്.എസ്.എല്‍.സി. ബാച്ചിലെ അംഗങ്ങള്‍ പഠനത്തിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പിരിഞ്ഞുപോയെങ്കിലും സൗഹൃദത്തിന്റെ ഊഷ്മളത കാത്തുസൂക്ഷിച്ചു. പഠനം പൂര്‍ത്തിയാക്കി 25 വര്‍ഷം പിന്നിട്ടതിന്റെ സ്മരണ പുതുക്കുന്നതിനായി 2018ല്‍ സംഘടിപ്പിച്ച പൂര്‍വവിദ്യാര്‍ഥി സംഗമമാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ്മ രൂപം നല്‍കുന്നതില്‍ നിര്‍ണായകമായത്. സൗഹൃദത്തിന്റെ ഓര്‍മകളെ സാമൂഹികനന്മയ്ക്കുള്ള ശക്തിയാക്കി മാറ്റണമെന്ന ചിന്തയില്‍നിന്നാണ് ഓര്‍മ്മക്കൂട്ട് ചാരിറ്റബിള്‍ സൊസൈറ്റി രൂപംകൊണ്ടത്.

അന്തരിച്ച സഹപാഠികളായ പീറ്റര്‍ ചൊള്ളമ്പേലിന്റെയും റോയ് മാത്യുവിന്റെയും സ്മരണകള്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന സ്ഥാനമര്‍ഹിക്കുന്നു. റോയ് മാത്യുവിന്റെ മാതാവിന് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനായി പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു. പീറ്റര്‍ ചൊള്ളമ്പേലിന്റെ സ്മരണയ്ക്കായി സംഘടനയ്ക്ക് ഓഫീസ് കെട്ടിടവും നിര്‍മിച്ചു. ഇതിനായി അദ്ദേഹത്തിന്റെ കുടുംബം സ്ഥലം സംഭാവനയായി നല്‍കി. സ്വന്തം ബാച്ചിലെ ഭവനരഹിതനായ സഹപാഠിക്ക് വീട് നിര്‍മിച്ചുനല്‍കിയതും സംഘടനയുടെ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ്.

2018ലെ കേരള പ്രളയകാലത്ത് ദുരിതബാധിതര്‍ക്ക് സഹായമെത്തിച്ച ഓര്‍മ്മക്കൂട്ട്, കോവിഡ് മഹാമാരിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലിവിഷന്‍, സ്മാര്‍ട്ട് ഫോണ്‍, പഠനസാമഗ്രികള്‍ എന്നിവയും ലഭ്യമാക്കി. അന്തരിച്ച കലാകാരന്മാരായ റോയിയുടെയും പീറ്ററിന്റെയും സ്മരണയ്ക്കായി രാമപുരം ഉപജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ‘വര്‍ണ്ണോത്സവം’ എന്ന പേരില്‍ ചിത്രരചനാമത്സരവും സംഘടിപ്പിച്ചു. അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുത്ത പരിപാടി അവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി.

ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ‘ഓര്‍മ്മക്കൂട്ട് – സ്‌നേഹസ്പര്‍ശം’ എന്ന പുതിയ പദ്ധതി ആരംഭിക്കുന്നത്. സഹായങ്ങള്‍ നല്‍കുന്നതിനൊപ്പം അര്‍ഹരായവരോടൊപ്പം സമയം ചെലവഴിക്കാനും അവരുടെ അനുഭവങ്ങള്‍ കേള്‍ക്കാനും സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കുചേരാനും പദ്ധതി ലക്ഷ്യമിടുന്നു. ഭക്ഷണവും ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന സമ്മാനങ്ങളും നല്‍കുന്നതിനൊപ്പം സ്‌നേഹത്തിന്റെ സാന്നിധ്യം അനുഭവിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കും.

പദ്ധതിയുടെ ആദ്യഘട്ടത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് അരീക്കരയിലെ കുഞ്ഞച്ചന്‍ മിഷനറി ഭവനമാണ്. ശാരീരികവും ബൗദ്ധികവുമായ വെല്ലുവിളികള്‍ നേരിടുന്ന ഇരുപതോളം പേര്‍ കഴിയുന്ന സ്ഥാപനത്തില്‍ സ്‌നേഹവും കരുതലും പങ്കുവെച്ചുകൊണ്ടായിരിക്കും കാരുണ്യയാത്രയ്ക്ക് തുടക്കമിടുക.

നവംബര്‍ 15ന് ആരംഭിക്കുന്ന പദ്ധതി തുടര്‍ന്നുള്ള രണ്ടുവര്‍ഷക്കാലം പ്രതിമാസ അടിസ്ഥാനത്തില്‍ നടപ്പാക്കും. ഓരോ മാസവും വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവിടെയുള്ളവര്‍ക്ക് ഒരുനേരത്തെ ഭക്ഷണവും ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന സമ്മാനങ്ങളും നല്‍കും. അവരുമായി ഹൃദയബന്ധം സ്ഥാപിക്കുകയും ഒറ്റയ്ക്കല്ലെന്ന ആത്മവിശ്വാസം പകരുകയും ചെയ്യും. രണ്ടുവര്‍ഷത്തെ സേവനയാത്രയ്ക്കുശേഷം മറ്റൊരു പുനഃസംഗമത്തോടെ പദ്ധതിയുടെ ഈ ഘട്ടം സമാപിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അംഗങ്ങളെ ഏകോപിപ്പിക്കുന്നതിനായി വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ഇംഗ്ലണ്ട്, ഓഷ്യാനിയ, ഇറ്റലി, ഇന്ത്യ എന്നിവിടങ്ങളില്‍ ഓര്‍മ്മക്കൂട്ടിന് പ്രാദേശിക വിഭാഗങ്ങളുണ്ട്. വിവിധ മേഖലകളില്‍നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട ഉപദേശകസമിതിയും പ്രവര്‍ത്തിക്കുന്നു.

ഫാ. സോജന്‍ കാരക്കുന്നത്ത് സംഘടനയുടെ ആത്മീയ ഡയറക്ടറായും സജീവ് കുരുവിള പ്രസിഡന്റായും നേതൃത്വം നല്‍കുന്നു. ശുഭ എം. നായര്‍ (വൈസ് പ്രസിഡന്റ്), അജി തോമസ് (സെക്രട്ടറി), ഷദീപ് ദാമോദരന്‍ (ജോയിന്റ് സെക്രട്ടറി), അമല്‍കുമാര്‍ എം.എം. (ട്രഷറര്‍), അനില്‍ ചന്ദ്രസദനം, ബിജോ എന്‍. കുരുവിള (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

ഓര്‍മ്മക്കൂട്ട് സംഗമത്തിന്റെ ജനറല്‍ കോ-ഓര്‍ഡിനേറ്ററും ചാരിറ്റബിള്‍ സൊസൈറ്റിയുടെ രൂപീകരണം മുതല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നേതൃത്വം നല്‍കുകയും ചെയ്യുന്ന ജോജോ ആനാലിലാണ് ‘ഓര്‍മ്മക്കൂട്ട് – സ്‌നേഹസ്പര്‍ശം’ കാരുണ്യപദ്ധതിയുടെ ഏകോപനം നിര്‍വഹിക്കുന്നത്. സൗഹൃദത്തിന്റെ ഓര്‍മകളെ സേവനമാക്കി മാറ്റുന്ന ഈ സംരംഭം, സമൂഹത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരിലേക്ക് സ്‌നേഹവും കരുതലും എത്തിക്കാനുള്ള കൂട്ടായ്മയുടെ പുതിയ അധ്യായമാണ്.

റിപ്പോര്‍ട്ട് : ജോജോ ആനാലില്‍

 

 

Previous Post

മടമ്പം പി.കെ.എം. കോളജില്‍ ‘ചാറ്റ് ടീ’ സംവാദ പരിപാടി സംഘടിപ്പിച്ചു

Next Post

താമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ മിഷന്‍ ഞായര്‍ വിപുലമായി ആചരിച്ചു

Total
0
Share
error: Content is protected !!