ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കര്‍ണാടകത്തിലെയും മഹാരാഷ്ട്രയിലെയും ചില മണ്ഡലങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ അപകാതകളെക്കുറിച്ചു രാജ്യത്തെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി ചില ആരോപണങ്ങള്‍ ഉന്നയിച്ചു. അതിനു തെരഞ്ഞെടുപ്പു കമ്മീഷന് നല്കിയ മറുപടി ശക്തവും വ്യക്തവും കൃത്യവുമായിരുന്നില്ല എന്നാണ് സാധാരണ ജനത്തിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ ബീഹാര്‍ തെരഞ്ഞെടുപ്പിനു തൊട്ടു തലേന്നു ഹരിയാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറെകൂടെ ഗൗരവമായ ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. കേവലം 2 കോടി വോട്ടര്‍മാരുള്ള ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ 25 ലക്ഷം വ്യാജ വോട്ടര്‍മാര്‍ ചേര്‍ക്കപ്പെട്ടെന്നും ഒരു ബ്രസീലിയന്‍ മോഡലിന്റെ ചിത്രം 22 തവണ ഉപയോഗിച്ചതുള്‍പ്പെടെ 1,24,177 വോട്ടര്‍മാര്‍ക്ക് വ്യാജ ഫോട്ടോകള്‍ ഉണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. ആകെ 90 അംഗ നിയമസഭയില്‍ 22779 വോട്ടുകളുടെ വ്യത്യാസത്തില്‍ എട്ടു സീറ്റുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതെന്നു കണക്കുകളോടെ വ്യക്തമാക്കുമ്പോള്‍ അദ്ദേഹം ഉന്നയിച്ച ആരോപണത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിക്കുന്നു. മുന്മ്പെന്നതുപോലെ സാങ്കേതികത്വവും തൊടു ന്യായവും പറഞ്ഞു കൊണ്ട്, എന്തുകൊണ്ട് കോണ്‍ഗ്രസിന്റെ പോളിംഗ് ഏജന്റുമാര്‍ ഉചിതമായ സമയത്തു ഇടപെട്ടില്ല, എന്തുകൊണ്ട് കോണ്‍ഗ്രസ് കോടതിയിലൂടെ തീര്‍പ്പു തേടുന്നില്ല? ഇരട്ടിപ്പു വന്നവരൊക്കെ ബി.ജെ.പി-ക്കാണ് വോട്ടു ചെയ്തതെന്നു തെളിവുണ്ടോ എന്നൊക്കെയുള്ള പ്രത്യാരോപണമാണ് തെരഞ്ഞെടുപ്പു കമ്മീഷന് പ്രതികരണത്തിലൂടെ പറഞ്ഞത്. എവിടെ വോട്ടര്‍മാരുടെ അവകാശം അട്ടിമറിക്കപ്പെടുന്നുവോ, എവിടെ ജനാധിപത്യ മര്യാദകള്‍ ധ്വംസിക്കപ്പെടുന്നുവോ എവിടെയൊക്കെ ജനഹിതം പൂഴ്ത്തി വയ്ക്കപ്പെടുകയും അട്ടിമറിക്കപ്പെടുകയും ചെയ്യുന്നുവോ അവിടെയൊക്കെ പരാജയപ്പെടുന്നത് രാജ്യത്തെ ജനാധിപത്യം തന്നെയാണെന്നു പ്രത്യേകം പറയേണ്ടതില്ല. തെരഞ്ഞെടുപ്പു കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരിക്കുന്നത് ഏതെങ്കിലും ഭാവന ലോകത്തെ സാങ്കല്പിക കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടല്ല പ്രത്യുത തെരഞ്ഞെടുപ്പു കമ്മീഷന്റെ തന്നെ കണക്കുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എന്നതുകൊണ്ട്, തൊടുന്യായം പറഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പു കമ്മീഷനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുവാന്‍ കമ്മീഷനാവില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉത്തരവാദിത്വപൂര്‍വ്വം പങ്കെടുക്കുവാനും കുറവുകള്‍ കണ്ടെത്തിയാല്‍ ഉചിതമായ നിയമാനുസൃത മാര്‍ഗ്ഗങ്ങളിലൂടെ അവ പരിഹരിക്കുവാനും രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വത്തേക്കാള്‍ ഒരുപടി കൂടി ഉത്തരവാദിത്വവും ബാധ്യതയും ഉള്ളതു തെരഞ്ഞെടുപ്പു കമ്മീഷനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുറത്തു വന്ന ക്രമക്കേടുകളെക്കുറിച്ചു കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുവാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് ആര്‍ജ്ജവം കാണിച്ചാല്‍ അതു തന്നെ കമ്മീഷന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കും. അതുപോലെ തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫുട്ടേജുകള്‍ സൂക്ഷിക്കുക, ആവശ്യപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ഉചിതമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെയും നിബന്ധനയോടെയും അതു നല്‍കുക, വോട്ടര്‍ പട്ടികയുടെ ഡിജിറ്റല്‍ വേര്‍ഷന്‍ ആവശ്യപ്പെടുന്ന ദേശീയ പാര്‍ട്ടികള്‍ക്കെങ്കിലും ലഭ്യമാക്കുക തുടങ്ങിയ നടപടികളിലൂടെ തെരഞ്ഞെടുപ്പു കമ്മീഷനും തങ്ങളുടെ വിശ്വാസ്യതയും നിഷ്പക്ഷതയും ഉറപ്പു വരുത്താനാകും. തെരഞ്ഞെടുപ്പു പ്രക്രിയയുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങള്‍ ഉത്തരവാദിത്വ ബോധത്തോടെ ഉത്തരവാദിത്വപ്പെട്ടവര്‍ക്കും നല്‍കും, അവര്‍ക്കു അതു പരിശോധനക്കു വിധേയമാക്കാം എന്ന സാഹചര്യം ഉണ്ടായാല്‍, അതു തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യതക്കും നിഷ്പക്ഷതക്കും ആക്കം കൂട്ടുമെന്നു മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികളും പൗരജനങ്ങളും തെരഞ്ഞെടുപ്പുകളില്‍ കൃത്രിമത്വം കാണിക്കാതിരിക്കാനുള്ള സാഹചര്യം കൂടി സംജാതമാകും. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റീസ് എന്നിവര്‍ ചേര്‍ന്നു തെരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുന്ന രീതി കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലൂടെ ഭേദഗതി ചെയ്യുകയും ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി പ്രധാന മന്ത്രിയും പ്രധാന മന്ത്രി നിര്‍ദ്ദേശിക്കുന്ന മറ്റൊരാളും പ്രതിപക്ഷ നേതാവും ചേര്‍ന്നു തെരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുന്ന രീതി ഉണ്ടാവുകയും ചെയ്തതോടെ ഫലത്തില്‍ സര്‍ക്കാരിന്റെ ആഗ്രഹങ്ങളും താല്പര്യങ്ങളും ഇഷ്ടങ്ങളും മാത്രമാണ് സംരക്ഷിക്കപ്പെടുക എന്ന ഒരു ചിന്ത രാജ്യത്തെ സാധാരണക്കാര്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമുണ്ട്. പ്രത്യേകിച്ചു വോട്ടു കൊള്ള സംബന്ധിക്കുന്ന ആരോപണം ശക്തമായി ഉന്നയിക്കപ്പെട്ട സാഹചര്യത്തില്‍ എസ്.ഐ.ആര് (സെപ്ഷ്യല്‍ ഇന്റസീവ് റിവിഷന്‍) തത്വത്തില്‍ നല്ലതു തന്നെയാണ്. അനര്‍ഹര്‍ വോട്ടേഴ്സ് ലിസ്റ്റില്‍ കടന്നുകൂടാതിരിക്കാന്‍. എന്നാലിന്ന് എസ്.ഐ.ആറിലൂടെ അനര്‍ഹരെ ഉള്‍പ്പെടുത്തുകയും അര്‍ഹരെ പുറത്താക്കുകയും ചെയ്യുന്നതായാണ് പ്രതിപക്ഷ കക്ഷികളില്‍ പലരും പ്രത്യേകിച്ചു കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഈ ആരോപണങ്ങള്‍ പരിഹരിക്കുവാനും ആവശ്യമെങ്കില്‍ ഉചിതമായ തിരുത്തലുകള്‍ നടത്തുവാനും കമ്മീഷന് ജാഗ്രത കാണിക്കണം. രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയ സുതാര്യവും നിഷ്പക്ഷവും ആയാല്‍ മാത്രമേ തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെ ജനഹിതം അറിയാനും ജനഹിത പ്രകാരമുള്ള ഗവണ്മെന്റുകള് രൂപീകരിക്കുവാനും സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ ജനഹിതത്തെ അട്ടിമറിച്ചുകൊണ്ടുള്ള ഭരണകൂടങ്ങളും ഭരണ രീതികളും നമ്മുടെ രാജ്യത്ത് ഉണ്ടാകും. അതു നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന്റെ ശോഭ കെടുത്തുമെന്നു മാത്രമല്ല, ജനാധിപത്യമെന്ന പ്രയോഗംപോലും അപ്രസക്തമാകും.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്.എച്ച്
ഒളിച്ചു കളിക്കുവാനും ഒഴിഞ്ഞു മാറുവാനും അവകാശമില്ലാത്ത തെരഞ്ഞെടുപ്പു കമ്മീഷന്





