വൈദ്യുതി വാങ്ങലിലും വിവാദമോ?

കേരള സംസ്ഥാനത്ത്‌ അടുത്തകാലത്തുണ്ടായ കൊടുംചൂടില്‍ വൈദ്യുതിയുടെ കുറവുമൂലം ജനം അനുഭവിച്ച ദുരിതം ഏറെയാണ്‌. മഴ കുറഞ്ഞതും ആഗോളതാപനവും ദീര്‍ഘകാലത്തേക്കുള്ള വൈദ്യുതി കരാറുകളുടെ കുറവുമെല്ലാം കേരളത്തില്‍ പവര്‍ കട്ടിന്‌ കാരണമായി. കഴിഞ്ഞ പത്തു വര്‍ഷം ഇപ്പോഴത്തെ പ്രതിപക്ഷം ഭരിച്ചപ്പോള്‍ കേരളത്തില്‍ പവര്‍ കട്ട്‌ ഇല്ലായിരുന്നുവെന്നും യു.ഡി.എഫ്‌. ഗവണ്‍മെന്റ്‌ അധികാരത്തിലെത്തി മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും കേരളം ഇരുട്ടിലായെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. സര്‍ക്കാരാകട്ടെ, കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കുറഞ്ഞ നിരക്കിലുള്ള ദീര്‍ഘകാല വൈദ്യുതി കരാര്‍ പിന്നീടു വന്ന എല്‍.ഡി. എഫ്‌. സര്‍ക്കാര്‍ വേണ്ടെന്നുവെച്ചതുകൊണ്ടുണ്ടായ പ്രതിസന്ധിയാണ്‌ അടുത്തകാലത്തുണ്ടായ പവര്‍ കട്ടിന്‌ കാരണമെന്ന്‌ പറഞ്ഞ്‌ പ്രതി രോധിച്ചു. തങ്ങളല്ല, വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ്‌ കരാര്‍ റദ്ദാക്കിയതെന്നും കരാര്‍ റദ്ദാക്കപ്പെട്ടപ്പോഴും കേരളത്തില്‍ വൈദ്യുതി മുടക്കമില്ലാതെ വിതരണം ചെയ്യാന്‍ സാധിച്ചുവെന്നുമായിരുന്നു ഇപ്പോ ഴത്തെ പ്രതിപക്ഷത്തിന്റെ ന്യായീകരണം. ആരോപണ പ്രത്യാരോ പണങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും തങ്ങളുടെ ഭാഗത്തെ ന്യായീകരിക്കാന്‍ ഇട നല്‍കുമെങ്കിലും കേരളത്തിന്‌ പവര്‍ കട്ടില്ലാത്ത ദിനങ്ങളുണ്ടാകണം, സാധാരണക്കാര്‍ക്ക്‌ താങ്ങാനാവുന്ന വിധത്തില്‍ വൈദ്യുതിയുടെ വില നിര്‍ണയിക്കപ്പെടണം എന്നതാണ്‌ കേരളത്തിലെ സാമാന്യജനങ്ങളുടെ ആവശ്യം. ഇലക്ട്രിസിറ്റി വകുപ്പില്‍ കാലാകാലങ്ങളില്‍ പല തരത്തിലുള്ള അഴിമതികള്‍ നടക്കുന്നുണ്ടെന്നും അതിന്റെ പരിണിതഫലമായി ജന ത്തിന്‌ അമിതഭാരമാണുണ്ടാകുന്നതെന്നുമുള്ള ഒരു പൊതുബോധം നാളുകളായി നിലനില്‍ക്കുന്നുണ്ട്‌. ഇലക്ട്രിസിറ്റി ബോര്‍ഡ്‌ തന്നെ ഒരു വെള്ളാന കണക്കെയായിട്ടുണ്ടെന്ന്‌ കരുതുന്നവരും കുറവല്ല. ബോര്‍ ഡിലെ ജീവനക്കാരുടെ ശമ്പളം മറ്റു ഗവണ്‍മെന്റ്‌ ജീവനക്കാരുടേതി നേക്കാള്‍ കൂടുതലാണ്‌. സര്‍ക്കാരിന്റെ അനുമതിയില്ലാതെപോലും ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ശമ്പളവര്‍ധനവ്‌ ഉണ്ടായിട്ടുണ്ട്‌. ഇതിന്റെ യെല്ലാം ഭാരം വൈദ്യുതി ഉപഭോക്താക്കളില്‍നിന്ന്‌ ഈടാക്കുന്ന പ്രവര്‍ത്തനശൈലിയാണ്‌ കേരളത്തിന്‌ പരിചിതമായത്‌. കേരളത്തിലെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ കേരളം വൈദ്യുതി ഉല്‍പ്പാദനരംഗത്ത്‌ മുന്നോട്ടു പോവുകയും അന്ന്‌ കേരളം വൈദ്യുതി മിച്ചമുള്ള സംസ്ഥാനമാകുകയും ചെയ്‌തുവെന്ന്‌ അവകാശപ്പെടുന്നവരുണ്ട്‌. ഏറ്റവും ഒടുവില്‍ അടുത്ത കാലത്തുണ്ടായ വിവാദം കേരളത്തിലെ വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട്‌ ജി.എന്‍. എ. എനര്‍ജി എന്ന സ്വകാര്യ പ്ലാറ്റ്‌ഫോം വഴി വൈദ്യുതി വാങ്ങാനുള്ള നീക്കത്തെച്ചൊല്ലിയാണ്‌. ഹരിയാന ആസ്ഥാനമായുള്ള ജി.എന്‍.എ. എനര്‍ജിയില്‍ നിന്നുള്ള നിര്‍ദേശവും ഹിമാചല്‍ പ്രദേശ്‌ സര്‍ക്കാരില്‍ നിന്നുള്ള വൈദ്യുതി വാങ്ങല്‍ കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമാണ്‌ ഈ വിവാദത്തിന്റെ കേന്ദ്രബിന്ദു. ജി.എന്‍.എ. പ്ലാറ്റ്‌ഫോം യൂണിറ്റിന്‌ ഏകദേശം 8.48 മുതല്‍ 8.90 രൂപ വരെ നിരക്കില്‍ 24 മണിക്കൂറും 500 മെഗാവാട്ട്‌ വൈദ്യുതി നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തു. എന്നാല്‍, ഹിമാചല്‍ പ്രദേശ്‌ ആദ്യം യൂണിറ്റിന്‌ 14.50 രൂപ ആവശ്യപ്പെട്ടത്‌ പിന്നീട്‌ ചര്‍ച്ചകളെത്തുടര്‍ന്ന്‌ 12 രൂപ 50 പൈസയ്‌ക്ക്‌ നല്‍കാന്‍ തയ്യാറാണെ ന്നാണ്‌ അറിയിച്ചത്‌. സംസ്ഥാന വൈദ്യുതി ബോര്‍ഡാകട്ടെ, പകല്‍ സമയത്തും വൈദ്യുതി വാങ്ങേണ്ടിവരുന്നതിനാല്‍ ജി.എന്‍.എ. കരാര്‍ വഴി കേരളത്തിന്‌ അധിക ബാധ്യതയുണ്ടാകുമെന്നാണ്‌ നിലപാടെടു ത്തത്‌. രാത്രികാലത്ത്‌ കേരളത്തിന്‌ കൂടുതല്‍ ആവശ്യമുള്ള പീക്ക്‌ അവേഴ്‌സില്‍ മാത്രം വൈദ്യുതി നല്‍കുന്ന ഹിമാചല്‍ പ്രദേശിന്റെ നിര്‍ദേശമാണ്‌ കേരളത്തിന്‌ കൂടുതല്‍ ലാഭകരവും പ്രായോഗികവുമെന്ന്‌ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയാകട്ടെ, ഹിമാചലിനേക്കാള്‍ കുറഞ്ഞ തുകയ്‌ക്ക്‌ ജി.എന്‍.എ. വൈദ്യുതി നല്‍കുമെന്നതിനാല്‍ അവര്‍ വഴി വൈദ്യുതി വാങ്ങാനാണ്‌ തീരുമാനിച്ചതെന്ന്‌ പറയുകയുണ്ടായി. എന്നാല്‍, പ്രതി പക്ഷവും കെ.എസ്‌.ഇ.ബി. ഉദ്യോഗസ്ഥരും ശക്തമായ പ്രതിഷേധം ഉന്നയിച്ചപ്പോള്‍ ഈ നീക്കത്തില്‍നിന്ന്‌ പിന്മാറി. ന്യായീകരണമായി പറഞ്ഞത്‌ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ വൈദ്യുതി വാങ്ങല്‍ വേണ്ടെന്നുവെച്ചതെന്നാണ്‌. പുറത്തുവരുന്ന വിവരണങ്ങളനുസരിച്ച്‌ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഇക്കാര്യ ത്തില്‍ വ്യത്യസ്‌ത നിലപാടാണുള്ളതെന്ന്‌ തോന്നിപ്പിക്കുന്ന തരത്തിലു ള്ളതാണ്‌ കാര്യങ്ങള്‍. നവംബര്‍ ഒന്നിനകം വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ നീണ്ട പവര്‍ കട്ട്‌ ഉണ്ടാകുമെ ന്നാണ്‌ ബോര്‍ഡ്‌ അയച്ച ഫയലില്‍ കണ്ടതെന്നാണ്‌ മുഖ്യമന്ത്രി വിശദീക രിച്ചത്‌. ജി.എന്‍.എ. കരാറിനെ എതിര്‍ത്തതിനെത്തുടര്‍ന്ന്‌ കെ.എസ്‌.ഇ. ബി. ചെയര്‍മാന്‍ എം.ജി. രാജമാണിക്യത്തെ തല്‍സ്ഥാനത്തുനിന്ന്‌ നീക്കുകയുണ്ടായി. അഴിമതിക്ക്‌ കൂട്ടുനില്‍ക്കാത്തതിനാലാണ്‌ അദ്ദേഹ ത്തിന്‌ സ്ഥാനചലനമുണ്ടായതെന്ന്‌ പ്രതിപക്ഷവും, എന്നാല്‍ ഭരണ പരമായ നടപടിക്രമം മാത്രമാണിതെന്ന്‌ സര്‍ക്കാരും നിലപാടെടുത്തു. കേരളത്തിലെ സാമാന്യജനത്തിന്‌ ഈ നിര്‍ദേശങ്ങളിലെ സാങ്കേതിക ത്വവും മൊത്തത്തിലുള്ള ലാഭനഷ്ടവും ഒരുപക്ഷേ കൃത്യമായി അറിയി ല്ലെങ്കിലും വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട്‌ സുതാര്യമല്ലാത്ത എന്തൊക്കെയോ ഉണ്ടാകാമെന്ന ചിന്ത ഇക്കാര്യത്തില്‍ മന്ത്രിസഭ യില്‍പ്പോലും ഉണ്ടെന്ന ധാരണയാണ്‌ രൂപപ്പെടുന്നത്‌. അതോടൊപ്പം തന്നെ കേരളത്തിന്‌ വൈദ്യുതിയില്ലാതെ വന്നാല്‍ വാങ്ങാതെ തരമില്ല. കേരളത്തെ ഇരുട്ടിലാക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും ജാഗ്ര തയും ഗവണ്‍മെന്റ്‌ എടുക്കണം. അതോടൊപ്പം വൈദ്യുതി എങ്ങനെ ലാഭകരമായി വാങ്ങാം എന്നതിനേക്കാളുപരി കേരളത്തില്‍ തന്നെ എത്രത്തോളം വൈദ്യുതി വിവിധ മാര്‍ഗങ്ങളിലൂടെ ഉല്‍പ്പാദിപ്പിക്കാം എന്നും സോളാര്‍ എനര്‍ജി പോലുള്ള പദ്ധതികള്‍ എങ്ങനെ കാര്യക്ഷമ മായി നടത്താം എന്നും കേരളത്തിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ അതിന്റെ പ്രയോജനം എപ്രകാരം ലഭ്യമാക്കാം എന്നും ജനത്തിന്‌ അമിത ഭാരം ഏതെല്ലാം വിധത്തില്‍ ഒഴിവാക്കാം എന്നുമാണ്‌ സവിശേഷമായി ചിന്തിക്കേണ്ടത്‌.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്‌.എച്ച്‌.

Previous Post

ഗോവ അയണ്‍മാന്‍ 70.3 ചലഞ്ചില്‍ മിന്നും നേട്ടവുമായി  ഡോ. അജയ് ജോസഫ്; മലയാളി താരങ്ങളില്‍ പ്രായവിഭാഗത്തില്‍ ഒന്നാമന്‍

Total
0
Share
error: Content is protected !!