ഈശോ നാമത്തില്‍ പുതുവത്സരം ആരംഭിക്കാം

പിറവിതിരുനാളിന്റെ എട്ടാംനാള്‍ ആചാരവിധിപ്രകാരം മറിയത്തില്‍നിന്നു പിറന്ന ദൈവപുത്രനെ ദൈവാലയത്തില്‍ സമര്‍പ്പിച്ചു. യഹൂദനിയമപ്രകാരം ഛേദനാചാരം ചെയ്യപ്പെട്ടു. പിതാവായ ദൈവം ഗബ്രിയേല്‍ മാലാഖവഴി നിര്‍ദ്ദേശിച്ച ഈശോ എന്ന നാമം പൈതലിനു നല്‍കി. ശ്രേഷ്ഠവും വിശിഷ്ടവും ദൈവീകവും രക്ഷാകരവുമായ ഈശോ എന്ന നാമം ഈശോയ്ക്ക് നല്‍കിയ നാമകരണ തിരുനാളാണ് ജനുവരി മാസം ഒന്നാം തീയതി നാം ആഘോഷിക്കുന്നത്. ക്രിസ്തുമതവിശ്വാസവും ക്രിസ്തീയ ആദ്ധ്യാത്മികതയും നമ്മുടെ സാധാരണ ജീവിതവുമായി ഈ നാമം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍, ഈ പേരിന്റെ രൂപഭേദങ്ങള്‍ ചിലപ്പോഴെങ്കിലും ചിലരില്‍ സംശയം ഉളവാക്കുന്നുണ്ട്. ഏതാണ് ശരി, ഏതാണ് തെറ്റ്? അല്ലെങ്കില്‍ എല്ലാം ശരിയാണോ ഇതേക്കുറിച്ച് ഉച്ചത്തില്‍ ചിന്തിക്കുകയാണ് ഈ ലേഖനത്തില്‍.
പേരും പ്രസക്തിയും
പേരിലാണ് ഒരുവന്‍ അല്ലെങ്കില്‍ ഒരുവള്‍ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുന്നത്. പേരു വെറുമൊരു വാക്കായി കരുതേണ്ടതല്ല; വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ട്. എന്നാല്‍, പേര് അര്‍ത്ഥവും ശക്തിയും ഉള്‍ക്കൊള്ളുന്നതാണ്. അര്‍ത്ഥമില്ലാത്ത അക്ഷരങ്ങളുടെ കൂട്ടം പേരായി ഇന്ന് ഉപയോഗിക്കുന്നുണ്ട് എന്നതു മറക്കുന്നില്ല. ഒരാളുടെ പേര് അര്‍ത്ഥപൂര്‍ണ്ണമായ ലക്ഷ്യത്തോടെയാണു ചാര്‍ത്തുന്നതെങ്കില്‍ അത് അയാളുടെ വ്യക്തിപരവും സാംസ്‌കാരികവും കുടുംബപരവും ചരിത്രപരമായ ബന്ധം ഉള്‍ക്കൊള്ളുന്നതും വെളിപ്പെടുത്തുന്നതുമായിരിയ്ക്കും. പേരിലാണ് ഒരാളുടെ വ്യക്തിത്വം വെളിവാക്കപ്പെടുന്നത്; പേരിലാണ് ഒരാള്‍ അംഗീകരിക്കപ്പെടുന്നത്; ഒരാള്‍ ആരാണെന്നും എന്തു ദൗത്യത്തിനായിട്ടാണ് അയാള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്നും അയാളുടെ സ്വഭാവം എന്താണെന്ന് വെളിവാക്കുന്നുമാണ്. വിശുദ്ധ ഗ്രന്ഥത്തില്‍ പേരുകളുടെ പൊരുള്‍ പുതിയതും ശ്രേഷ്ഠവുമായ ദൗത്യം ഒരാള്‍ ഏറ്റെടുക്കുമ്പോള്‍ അല്ലെങ്കില്‍ അയാള്‍ക്ക് നല്‍കുമ്പോള്‍ അയാളുടെ പേര് മാറ്റുന്നതും പുതിയ പേര് സ്വീകരിക്കുന്നതും ഇതിന്റെ പശ്ചാത്തലത്തിലാണ്. അബ്രാം അബ്രാഹാം ആയതും ശമയോന്‍ പത്രോസ് ആയതും അന്ത്യോക്യന്‍ പാരമ്പര്യത്തില്‍ സഭാശ്‌റേഷ്ഠന്മാര്‍ ആയിത്തീരുന്നതോടെ പുതിയ പേര് സ്വീകരിക്കുന്നതിന്റെയും പിന്നിലെ രഹസ്യം ഇതുതന്നെയാണ്.
ഈശോ – പദവും മൂലാര്‍ത്ഥവും
യഹൂദരുടെ ഇടയില്‍ സാധാരണയായി ഉപയോഗിച്ചിരുന്ന ഒരു പേരാണ് ജോഷ്വാ എന്ന നാമം. യഹോഷുവ, യെഷുവ എന്നീ രണ്ടു പദങ്ങളില്‍നിന്നാണ് ജോഷ്വാ എന്ന പദത്തിന്റെ ഉല്പത്തി. ജോഷ്വാ എന്നതിന്റെ അരമായ രൂപമാണ് ഈശോ. ഇതിന്റഎ താത്ഭവാര്‍ത്ഥം യാഹ്വേ സഹായിക്കുന്നു, യാഹ്വേ രക്ഷകനാണ് എന്നതാണ്. പിന്നീട് ഈ പദത്തിന്റെ അര്‍ത്ഥമായി ഇതു രൂപാന്തരപ്പെട്ടു. ഈശോ ജനിക്കുന്നതിനു മുമ്പുതന്നെ ‘ഈശോ’ എന്ന നാമം യഹൂദരുടെ ഇടയില്‍ നിന്നിരുന്നു. ഈ പുരാതന പേരിനെക്കുറിച്ചും ഈ പേരുള്ള മറ്റു 19 പേരെക്കുറിച്ചും ചരിത്രകാരനായ ജോസഫ് ഫ്‌ളാവിയൂസ് പരാമര്‍ശിക്കുന്നുണ്ട് (പ്രഭാ 50,27). ഇതില്‍ ചിലരെ മിശിഹാ എന്നു വിളിച്ചിരുന്നു പോലും (Antiquities 20, 19). പുതിയ നിയമ കാലഘട്ടത്തിലും ഈശോ എന്ന പേര് ഉപയോഗിച്ചിരുന്നു. ഈശോയ്ക്കു പകരം മോചിതനായ ബറാബാസിന്റെ ആദ്യ പേര് ഈശോ എന്നായിരുന്നു എന്നും പറയപ്പെടുന്നു. എന്നാല്‍, ദൈവപുത്രന് ദൈവം തന്നെ തിരഞ്ഞെടുത്തു വെളിപ്പെടുത്തിക്കൊടുത്ത ഈശോ എന്ന പേരിനു ശേഷം (മത്താ 1,21; ലൂക്കാ 1, 31) ഈ പേര് മറ്റാര്‍ക്കും നല്‍കപ്പെട്ടിട്ടില്ല. ഇതിനോടുചേര്‍ത്തു മനസ്സിലാക്കേണ്ടതാണ് ‘മിശിഹാ’. Chriyo എന്ന ഗ്രീക്കു സാധുവില്‍ നിന്നു Christos  എന്നതിന്റെ തര്‍ജ്ജമയായിട്ടുണു മാഷികയുടെ ഉത്ഭവം. ഈ പദത്തില്‍ നിന്നാണ് മെസിയ എന്ന ഹീബ്രു പദവും അതിന്റെ സുറിയാനി പദമായ മിശിഹാ എന്നതും ഉണ്ടായത്. ഇതിനര്‍ത്ഥം അഭിഷക്തന്‍ എന്നത്രേ. ഈശോയാണു യഥാര്‍ത്ഥത്തില്‍ ഇസ്രായേല്‍ജനം പ്രതീക്ഷിച്ചിരുന്ന മിശിഹായെന്നു ശ്ലീഹന്മാര്‍ ബോധ്യപ്പെട്ടിരുന്നു. പുതിയ നിയമത്തില്‍ ഉദ്ധരണികള്‍ ഇതിനെ സാധൂകരിക്കുന്നു (മര്‍ക്കോ 8, 29; നടപടി 5, 42; 24, 24; ഗാലാ1, 6; റോമാ 5, 6). മനുഷ്യനായി പിറന്ന ദൈവപുത്രനായ ഈശോ മറ്റു പഴയ നിയമ രാജാക്കന്മാരില്‍ നിന്നു വ്യത്യസ്തനായി പരിശുദ്ധ റൂഹായുടെ അഭിഷക്തനായ മിശിഹായാണെന്നു ശ്ലീഹന്മാര്‍ക്കു ബോധ്യപ്പെട്ടു. വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനാണു മറിയത്തില്‍നിന്നു പിറന്നവനെന്നു ദൈവം തന്നെ വെളിപ്പെടുത്തി (ലൂക്കാ 2, 11).അവന്‍ രാജാവും (യോഹ 18, 37) പുരോഹിതനു (7, 17; 20, 26) മാണ്. അവന്റെ ജീവിതകാലത്തെ രക്ഷാകര പ്രവര്‍ത്തനങ്ങളുടെയും മരണോത്ഥാനങ്ങളിലൂടെയും വെളിവാക്കപ്പെടുകയും ശ്ലീഹന്മാര്‍ ഉള്‍പ്പെടെ അവനുമായി ബന്ധപ്പെട്ടവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു. അതുകൊണ്ടു കാലക്രമത്തില്‍ ദൈവപുത്രനായി അവതരിച്ച ഈശോ, മിശിഹായാണെന്ന വിശ്വാസത്തില്‍നിന്നും അനുഭവത്തിലൂടെ മനസ്സിലാക്കിയവര്‍ ഈ രണ്ടു പദങ്ങളും കൂട്ടിച്ചേര്‍ത്ത് ഈശോമിശിഹാ എന്ന് വിളിച്ചു തുടങ്ങി. ആദിമസഭ പ്രാര്‍ത്ഥനകളിലൂടെ അത് ഏറ്റു പറഞ്ഞു; സുന്നഹദോസുകളിലൂടെ സഭ അതു പഠിപ്പിച്ചു. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം ഈശോമിശിഹായാണ്. ദൈവപുത്രന്റെ വ്യക്തിത്വവും ദൗത്യവും ഒരുപോലെ ഉള്‍ക്കൊള്ളുന്ന പേരാണ് ഈശോ മിശിഹാ എന്നത്.
ഈശോനാമത്തിന്റെ ശക്തി
ഈശോ എന്ന നാമം അതു ദൈവപുത്രനായ മിശിഹായുടെ വ്യക്തിത്വവും ദൗത്യവും പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന നാമമാണ്. ഈ നാമം മറ്റെല്ലാ നാമത്തെക്കാളും ശ്രേഷ്ഠമാണ് (ഫിലി 2, 9-11; നട 16, 30-31).
മനുഷ്യരക്ഷയ്ക്കായി നല്‍കപ്പെട്ടിട്ടുള്ള നാമമാണിത്; മറ്റൊരു നാമത്തിലും രക്ഷയില്ല എന്ന് നാം മനസ്സിലാക്കണം (നട 4, 12).
ഈശോയുടെ നാമത്തിന്റെ ശക്തിയാല്‍, അത് ഉച്ചരിച്ചു കൊണ്ടാണ് ശ്ലീഹന്മാര്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത് (നട 3, 6; 9, 34).
സഭയുടെ എക്കാലത്തെയും വിശ്വാസജപം ഈശോമിശിഹാ എന്നതായിരുന്നു. ഈ നാമത്തില്‍ വിശ്വസിക്കുന്നവനാണ് രക്ഷ സ്വന്തമാക്കാന്‍ കഴിയുന്നത് (റോമ 10, 9).
പൗരസ്ത്യ സുറിയാനി ആരാധനക്രമത്തില്‍ പ്രത്യേകിച്ച് മാര്‍ തെയദോറിന്റെ കൂദാശക്രമത്തില്‍ ഇതു വളരെ വ്യക്തമായി കാണാം. റൂഹാക്ഷണ പ്രാര്‍ത്ഥനയില്‍ ഇങ്ങനെയാണു പ്രാര്‍ത്ഥിക്കുന്നത്: ‘കര്‍ത്താവേ അങ്ങയുടെ നാമത്തിന്റെ ശക്തിയാല്‍ ഈ അപ്പവും ഈ വീഞ്ഞും മിശിഹായുടെ ശരീരവും രക്തവുമായി ഭവിക്കട്ടെ’.

ഈശോയും യേശുവും
ഈശോ എന്ന നാമമാണ് മലയാളക്കരയില്‍ എന്നും നിലനിന്നിരുന്നത്. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തില്‍ നിലനിന്നിരുന്നത് ഈശോ എന്ന നാമമാണ്. സത്യത്തില്‍ ‘യോഷുആ’ എന്ന ഈശോ വാക്കിന്റെ ധാതു, വിവിധ അക്ഷരങ്ങളുടെ വ്യത്യാസത്തില്‍ യേസൂസ്, യേശു എന്നിങ്ങനെ പല പാരമ്പര്യങ്ങളിലും പ്രചരിച്ചു. അങ്ങനെ ഗ്രീക്ക്, ലത്തീന്‍ പാരമ്പര്യങ്ങളിലും അവരുടെ സ്വാധീനത്തില്‍പ്പെട്ട സഭകളിലും യേശുക്രിസ്തു എന്ന് ഉപയോഗിക്കാന്‍ തുടങ്ങി. പോര്‍ച്ചുഗീസുകാരുടെ ‘ആരാധനക്രമ പരിഷ്‌കരണ’ത്തോടെയാണു യേസൂസ്, ക്രിസ്തുസ് എന്നീ പദങ്ങള്‍ മലയാളത്തില്‍ ആവിര്‍ഭവിച്ചത്. എങ്കിലും, ഈശോമിശിഹാ, മാറന്‍ ഈശോമിശിഹാ, ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ എന്നിവയൊന്നും സുറിയാനി കാരുടെ ഇടയില്‍നിന്ന് അസ്തമിച്ചിരുന്നില്ല. കാലക്രമത്തില്‍ പാശ്ചാത്യ സുറിയാനി സ്വാധീനത്തില്‍ 1836 – ലെ മാവേലിക്കര സൂനഹദോസോടെ ഈശോ, യേശുവായും ഈശോമിശിഹാ, യേശുമിശിഹായായും രൂപാന്തരപ്പെട്ടു.

‘ഈശോ’ അഭികാമ്യ നാമം
ഈശോ എന്ന നാമം പ്രഥമ ബൈബിള്‍ വിവര്‍ത്തനത്തില്‍ കാണാം. 1829-ല്‍ പ്രസിദ്ധീകൃതമായ ബെഞ്ചമിന്‍ ബൈയ്‌ലി വിവര്‍ത്തനത്തിലാണ് ആദ്യമായി യേശുക്രിസ്തു എന്ന നാമം പ്രഥമത കാണുന്നത്. 1910-ല്‍ പ്രസിദ്ധപ്പെടുത്തിയ ആര്‍ച്ച് ഡീക്കന്‍ കോശിയുടെ സത്യവേദപുസ്തകം മുതലാണ് പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളിലും ഗാനങ്ങളിലും പ്രാര്‍ത്ഥനയിലും യേശുക്രിസ്തുവിനു പ്രചുര പ്രചാരം ലഭിച്ചു തുടങ്ങിയത്. എന്നാല്‍, ക. നീ. മൂ. സാ. മാണിക്കത്തനാരുടെ പ്ശീത്താ ബൈബിള്‍ വിവര്‍ത്തനത്തില്‍ ഈശോമിശിഹാ എന്ന നാമമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, 1981-ല്‍ പി. ഒ. സി ബൈബിള്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചതു മുതല്‍ ഈശോ എന്ന അതിവിശിഷ്ടമായ നാമം കൈമോശം വന്നു. എന്നാല്‍, സന്തോഷകരമെന്നു പറയട്ടെ 20001-ല്‍ റോമില്‍നിന്നു പ്രസിദ്ധീകരിച്ച ഘശൗേൃഴശമാ അൗവേലിശേരമാ എന്ന മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ സീറോ മലബാര്‍ സഭ ഇന്നും ഈശോ എന്ന നാമം നിലനിര്‍ത്തുന്നു.

ഈശോ നാമജപം
നിരന്തരം പ്രാര്‍ത്ഥിക്കണമെന്ന കര്‍ത്താവീശോമിശിഹായുടെ ആഹ്വാനം (ലൂക്കാ 18, 1; എഫേ 6, 18; 1 തെസ 5, 17) ആദിമ ക്രൈസ്തവര്‍ സ്വീകരിച്ച് അത് അവരുടെ ജീവിതശൈലിയാക്കി മാറ്റി. ഇതില്‍നിന്ന് സന്യാസ ജീവിതത്തില്‍ ഉത്ഭവിച്ചതാണ് ഈശോ നാമം നിരന്തരം ജപിച്ചുകൊണ്ടിരിക്കുക എന്ന ജീവിതക്രമം. ‘ദൈവപുത്രനായ ഈശോയെ പാപിയായ എന്നില്‍ കനിയണമേ’ (Jesus Christ son of God have mercy on me a sinner) എന്നതാണ് ഈ പ്രാര്‍ത്ഥന. മരുഭൂമിയിലെ പിതാക്കന്മാര്‍ ഇതു തുടര്‍ന്നുപോന്നു.മര്‍ക്കോ 10, 47-48; ലൂക്കാ 23, 42; റോമാ 10, 9-10 എന്നീ വചനങ്ങളാണ് ഈ പ്രാര്‍ത്ഥനയ്ക്ക് അടിസ്ഥാനമെന്നു ആത്മീയശാസ്ത്രം പഠിപ്പിക്കുന്നു. നിരന്തരം ദൈവസാന്നിധ്യം അനുഭവിച്ച ജീവിക്കുവാനും ചിന്തകളും ബോധവും ദൈവസന്നിധിയിലേക്കുയര്‍ത്തുവാനും അവിടുത്തെ തിരുമുമ്പില്‍ അന്ധനായ യാചകനെപോലെ തങ്ങളെ തന്നെ സമ്പൂര്‍ണ്ണ സമര്‍പ്പണം നടത്തുവാനും ഈ പ്രാര്‍ത്ഥന ഉപകരിക്കുന്നു. പൗരസ്ത്യ സഭകളിലെ ഹെസിക്കാസ്റ്റിക് പ്രാര്‍ത്ഥനാരീതിയുടെ തുടര്‍ച്ചയാണ് ഈശോ നാമജപം.

ഉപസംഹാരം
ഈശോ എന്ന നാമവും അതോടുചേര്‍ന്നുവന്ന ഈശോമിശിഹാ എന്ന നാമവും അതിവിശിഷ്ടവും ഉല്‍കൃഷ്ടവുമാണ്. ഏതുതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഈ വാക്ക് ഉപയോഗിക്കാതിരിക്കുന്നതിനെക്കുറിച്ചു പറഞ്ഞാലും
– ഈശോ എന്ന നാമം സ്വര്‍ഗ്ഗം നേരിട്ടു നല്‍കിയ നാമമാണ്.
– യൗസേപ്പുപിതാവും പരിശുദ്ധ കന്യകാമറിയവും ഈശോയെ വിളിച്ച പേരാണ് ഈശോ.
– നമ്മുടെ പിതാക്കന്മാര്‍ നമുക്കു കൈമാറിത്തന്ന പേരാണ് ഈശോ.
– ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണംവരെ ബന്ധപ്പെട്ടിരിക്കുന്ന പേരാണ് ഈശോ.
– ഒരു കുട്ടി ജനിക്കുമ്പോള്‍ ചെവിയില്‍ മന്ത്രിച്ചിരുന്ന പേര് ഈശോ എന്നതാണ്
– ഒരു കുട്ടി അക്ഷരം എഴുതി തുടങ്ങുമ്പോള്‍ ആദ്യം എഴുതിക്കുന്ന പേര് ഈശോ, ഈശോ മിശിഹായ്ക്കു സ്തുതി, ഈശോമിശിഹാ തുണയായിരിക്കട്ടെ എന്നിങ്ങനെയുള്ള പേരുകളാണ്.
– ഒരു വ്യക്തിയുടെ മരണസമയത്ത് ചെവിയില്‍ ഓതിക്കൊടുക്കുന്നതും ഈശോ എന്ന നാമമാണ്.

എക്യുമെനിസം എന്ന പേരു പറഞ്ഞു സഭാകൂട്ടായ്മകള്‍ തമ്മിലുള്ള ഐക്യം ലക്ഷ്യമാക്കി പരിശുദ്ധമായ ഈശോ എന്ന നാമം മാറ്റി ഉപയോഗിക്കുന്നത് ദൈവ സ്വരത്തോടുള്ള വിയോജിപ്പായിട്ടാണ് ഈയുള്ളവന്‍ കാണുന്നത്. പേര് ഒരാളിന്റെ വ്യക്തിത്വത്തെയും സ്വഭാവത്തെയും അനന്യതയെയും ദൗത്യത്തെയും സൂചിപ്പിക്കുന്നതാണല്ലോ? അങ്ങനെയെങ്കില്‍ അതിവിശിഷ്ടമായ സ്വര്‍ഗ്ഗം നല്‍കിയ ഈശോ എന്ന നാമവും ഈശോമിശിഹായും അവിടുത്തെ ദൈവത്വത്തെയും അവിടുന്നുവഴി നേടിയെടുത്ത മാനവരക്ഷയും ഓര്‍മ്മിപ്പിക്കുന്നതാണ്. ഈ നാമത്തിലാണ് ശക്തിയും രക്ഷയും. ഈശോ എന്ന നാമം ഉരുവിട്ടു കൊണ്ടു നമ്മുടെ രക്ഷയെ ഓര്‍ക്കാം; നാം രക്ഷിക്കപ്പെട്ടവരാണ് എന്ന ഓര്‍മ്മ ഈശോ എന്ന നാമം നമ്മില്‍ ഉറപ്പിക്കുന്നു. ഈശോയിലുള്ള രക്ഷയില്‍ വിശ്വാസം ആഴപ്പെടുത്താം. ഈശോയാണു രക്ഷ; ഈശോയിലാണു രക്ഷ. ഈശോ നാമം ഉരുവിട്ടുകൊണ്ടു നിത്യ രക്ഷയിലുള്ള പ്രതീക്ഷയില്‍ ജീവിക്കാം. ഈശോമിശിഹായ്ക്കു സ്തുതി ഉണ്ടായിരിക്കട്ടെ.

കറുകപ്പറമ്പില്‍ ജോര്‍ജച്ചന്‍

Previous Post

പുളിഞ്ഞാല്‍: പാണ്ടിക്കാട്ട് ബേബി

Next Post

ചിക്കാഗോ : മാഞ്ഞൂര്‍ കല്ലിടുക്കില്‍ എബ്രഹാം (കുഞ്ഞുമോന്‍)

Total
0
Share
error: Content is protected !!