കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, കേരളസംസ്ഥാന പിന്നോക്കവിഭാഗ വികസനകോര്‍പ്പറേഷനുമായി സഹകരിച്ചുകൊണ്ട് കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, പാലക്കാട് ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന വനിതാസ്വാശ്രയസംഘങ്ങള്‍ക്ക് വിവിധതരത്തിലുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി മിതമായ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കി . പ്രസ്തുത പദ്ധതിയുടെ റീജിയണ്‍തല ഉദ്ഘാടനം അലക്‌സ്‌നഗര്‍ പാരിഷ്ഹാളില്‍ നടത്തപ്പെട്ടു. അലക്‌സ്‌നഗര്‍ സെന്റ് ജോസഫ് പള്ളിവികാരി. ഫാ. തോമസ് വട്ടക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. ജിബില്‍ കുഴിവേലില്‍ ഉദ്ഘാടനം ചെയ്തു. കേരളസംസ്ഥാന പിന്നോക്കവിഭാഗ വികസനകോര്‍പ്പറേഷന്‍ വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ കണ്ണൂര്‍ ജില്ല മാനേജര്‍ നര്‍മ്മദ. എന്‍. കെ വിശദീകരിച്ചു. വിവിധതരം വരുമാനമാര്‍ക്ഷ പദ്ധതികള്‍ വഴി കുടുംബവരുമാനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയില്‍ പങ്കുചേരുന്നവരുടെ പ്രതിനിധികളായ വിവിധ സംഘങ്ങളുടെ പ്രസിഡന്റുമാര്‍ക്ക് ചെക്ക് നല്കി. പദ്ധതിപ്രകാരം രാജപുരം, മടമ്പം, ചങ്ങിലേരി, പെരിക്കല്ലൂര്‍ മേഖലയിലെ 25-സ്വാശ്രയസംഘങ്ങളിലെ 200-വനിതകള്‍ക്കാണ് സ്വയംതൊഴില്‍പദ്ധതിപ്രകാരം മിതമായ പലിശനിരക്കില്‍ ഒരു കോടി രൂപ വായ്പ അനുവദിച്ചത്. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മടമ്പം മേഖല കോ-ഓര്‍ഡിനേറ്റര്‍ റെനി സിബി സ്വാഗതവും, സ്വാശ്രയസംഘാംഗമായ ജെസ്സി ജീസ് നന്ദിയും പറഞ്ഞു.




