‘മാഗ്നിഫിക്ക ഹുമാനിത്താസ്’ ലിയോ പതിനാലാമന്‍ പാപ്പായുടെ പ്രഥമ ചാക്രിക ലേഖനം

ഫാ. തോമസ് കോട്ടൂര്‍
സാങ്കേതികവിദ്യയുടെ അതിപ്രസരത്തില്‍ ജീവിക്കുന്ന മനുഷ്യകുലത്തിന് പ്രത്യേകിച്ച് നിര്‍മ്മിത ബുദ്ധിയുടെ വലയത്തില്‍ കഴിയുന്ന മനുഷ്യന് എ.ഐ യുടെ അതിര്‍വരമ്പുകളെ കുറിച്ചും ധാര്‍മികതയെക്കുറിച്ചുമുള്ള ശക്തമായ പ്രബോധനമാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ മാഗ്നിഫിക്ക ഹുമാനിത്താസ് – മഹത്തായ മനുഷ്യരാശി എന്ന ചാക്രിയ ലേഖനം .ഡിജിറ്റല്‍ ലോകത്തിന്‍്റെ അടിമകളായി ജീവിക്കുന്ന മനുഷ്യരാശിയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍്റെ ഉത്ക്കണ്ഠകളും പ്രതിവിധികളും പ്രതിപാദിക്കുന്നതാണ് ഈ തിരുവെഴുത്ത്.

അനന്തമായ സാധ്യതകള്‍ തുറക്കുന്ന ടെക്നോളജി പ്രത്യേകിച്ചും എഐ ദൈവസൃഷ്ടിയായ മനുഷ്യന്‍്റെ സമഗ്രമായ വളര്‍ച്ചയ്ക്കും പൊതു നന്മയ്ക്കും സാമൂഹ്യനീതിക്കും വിഘാതമാകരുത് എന്ന മുന്നറിയിപ്പാണ് മാര്‍പാപ്പ ലോകത്തിന് നല്‍കുന്നത്. ലോകചരിത്രത്തിന്‍്റെയും സഭയുടെ പ്രബോധനങ്ങളുടെയും വെളിച്ചത്തില്‍ വ്യക്തമായ കാഴ്ചപ്പാടോടെയാണ് മാര്‍പ്പാപ്പ ഈ ചാക്രിക ലേഖനം തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യസ്വാതന്ത്ര്യത്തെയും മഹത്വത്തെയും തടസ്സപ്പെടുത്തുന്ന ടെക്നോളജിയുടെ അതിപ്രസരത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന പാപ്പ ഡിജിറ്റല്‍ സംസ്കാരത്തിന്‍്റെ പ്രായോഗികത അംഗീകരിക്കുന്നു. എന്നാല്‍, ഈ സംസ്കാരത്തിന്‍്റെ വികലതകള്‍ തീര്‍ക്കുന്ന കുത്തകകളുടെ ആധിപത്യവും മാരകായുധങ്ങളുടെ സ്വയം നിര്‍ണയങ്ങളും സമാധാനത്തിനു പകരം വിദ്വേഷം വിതയ്ക്കുന്നു എന്ന് മാര്‍പ്പാപ്പ വ്യക്തമാക്കുന്നു.

ചാക്രിക ലേഖനത്തിന്‍്റെ ആരംഭത്തിലെ രണ്ട് ബൈബിള്‍ ബിംബങ്ങള്‍ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു .ഒന്ന് ദൈവത്തെ മാറ്റിനിര്‍ത്തി നിര്‍മ്മിച്ച ബാബേല്‍ ഗോപുരത്തിന്‍്റെ പതനം (ഉല്പത്തി 11:1-9) . രണ്ട് ദൈവത്തോടൊപ്പം പണിത ജെറുസലേമിലെ മതിലുകളുടെ പൂര്‍ത്തീകരണം (നെഹമി 2: 6). ദൈവത്തെ കൂടാതെയുള്ള അഹങ്കാരത്തിന്‍്റെ ഗോപുരം തകര്‍ക്കപ്പെട്ടു. ഭൂമിയില്‍ ദൈവത്തെ കൂടാതെ, എല്ലാം മനുഷ്യനിര്‍മ്മിതമായ ബുദ്ധിയില്‍ ചെന്നത്തെുന്ന ലോകത്തിന്‍്റെ പ്രയാണം അപകടകരമാണ്. ‘ബാബേല്‍ സിന്‍ഡ്രം’ വിനാശകരമാണ്; ‘നെഹമിയയുടെ വഴി’ അതാണ് സുരക്ഷിതം.

മനുഷ്യബുദ്ധിയെ പൂര്‍ണ്ണമായും പകര്‍ത്താന്‍ നിര്‍മ്മിത ബുദ്ധിക്ക് സാധ്യമല്ല. ദൈവത്തിന്‍്റെ ദാനവും സൃഷ്ടിയും ആണ് മനുഷ്യബുദ്ധി. മനുഷ്യ മഹത്വം ദൈവത്തോട് ചേര്‍ന്നിരിക്കുന്നു എന്ന് തന്‍്റെ മുന്‍ഗാമികളെയും സഭാ പഠനങ്ങളെയും ഉദ്ധരിച്ച് പാപ്പ വ്യക്തമാക്കുന്നു. മനുഷ്യന്‍ ദൈവത്തിന്‍്റെ സൃഷ്ടിയും ഛായയുമാണ്. നിര്‍മ്മിത ബുദ്ധി മനുഷ്യന്‍്റെ സൃഷ്ടിയാണ്.

ഡിജിറ്റല്‍ ടെക്നോളജിയുടെ പ്രത്യേകിച്ച് എ.ഐയുടെ അടിമകള്‍ ആകാതിരിക്കാന്‍ ജാഗ്രത ആവശ്യമാണ്. ഫലപ്രദമെങ്കിലും കുടുംബത്തെയും സ്കൂളിനെയും സാമൂഹിക ഇടപെടലുകളെയും പകരം വയ്ക്കാന്‍ ടെക്നോളജിക്കല്‍ സാധിക്കുകയില്ല. ലോകക്രമത്തെ തന്നെ മാറ്റിമറിക്കാന്‍ കഴിയും എന്ന് അവകാശപ്പെടുന്ന നിരായുധീകരണം ആവശ്യമാണെന്ന് മാര്‍പാപ്പ നിര്‍ദേശിക്കുന്നു. പൊതുനന്മ ഏതെന്നും നന്മതിന്മയും മനസാക്ഷിയുടെ ശബ്ദവും വേര്‍തിരിച്ചറിയാനും എ.ഐയ്ക്ക് സാധിക്കില്ല. സാങ്കേതിവിദ്യകളുടെ ഈ ലോകത്തിലും ആധുനിക അടിമത്തങ്ങളെ നാം കാണാതെ പോകരുത്. മനുഷ്യരാശിയുടെ നാശത്തിനല്ല നന്മയ്ക്കും സമാധാനത്തിനും അന്തസായ ജീവിതത്തിനുമാണ് ടെക്നോളജി ഉപയോഗപ്പെടുത്തേണ്ടത്.

എല്ലാ മനുഷ്യര്‍ക്കും നല്ല ഭാവി ഉണ്ടാകണമെന്നും സാങ്കേതിക വിപ്ളവത്തിന്‍്റെ കുത്തൊഴുക്കില്‍ മനുഷ്യരാശിയുടെ സമാധാനവും സംതൃപ്തിയും അന്തസ്സും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്നുമുള്ള ധാര്‍മിക പ്രബോധനം സുമനസ്സുകള്‍ക്ക് വേണ്ടിയുള്ള ദിശാസൂചിക തന്നെയാണ്. ദൈവം വസിക്കുന്ന മഹത്തായ മനുഷ്യരാശിയുടെ മനോഹാരിത എന്നും നിലനില്‍ക്കണമെന്ന് മാര്‍പാപ്പ ഓര്‍മ്മപ്പെടുത്തുന്നു.

 

 

Previous Post

മൂന്നു ക്നാനായക്കാര്‍ക്ക് ദീപിക എക്സലന്‍സ് അവാര്‍ഡ്

Next Post

സണ്‍ഡേ സ്കൂള്‍ അധ്യാപക പരിശീലനം

Total
0
Share
error: Content is protected !!