കേരളം, തമിഴ്നാട്, ആസാം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് പുറപ്പെടുവിച്ചുകഴിഞ്ഞു. കേരളം, ആസാം, പുതുച്ചേരി എന്നിവിടങ്ങളില്‍ ഏപ്രില്‍ ഒന്‍പതാം തീയതി തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 23-ന് നടക്കും. ഏപ്രില്‍ 29-നു പശ്ചിമബംഗാളിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനെതുടര്‍ന്ന് മെയ് നാലിന്, അഞ്ചു സംസ്ഥാനങ്ങളിലെയും ഫലം പുറത്തുവരും. നാലു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പു ദേശിയ രാഷ്ട്രീയത്തിലും ചലനങ്ങള്‍ സൃഷ്ടിക്കാം. സുതാര്യമായി ജനാധിപത്യരീതിയില്‍ നടത്തപ്പെടുന്ന തെരഞ്ഞെടുപ്പുകളെല്ലാം ജനാധിപത്യത്തിന്റെ ആഘോഷാവസരങ്ങളാണ്. ജനാധിപത്യം ജനങ്ങളുടെ അവകാശങ്ങള്‍ക്കു ഊന്നല്കൊടുക്കുമ്പോഴും തങ്ങളാണ് നാടിന്റെ അധികാരി എന്നു ജനത്തിനു തോന്നുന്ന ഏക അവസരം തെരഞ്ഞെടുപ്പുവേളയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കപ്പെട്ടതിനുശേഷം കേവലം 24 ദിവസമാണ് കേരളത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വോട്ടു ചോദിക്കാനും തെരഞ്ഞെടുപ്പിനു ഒരുങ്ങാനും ലഭിക്കുക.
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും മീനച്ചൂടിനൊപ്പം തെരഞ്ഞെടുപ്പിന്റെ ചൂടും വര്‍ദ്ധിക്കും. കാര്‍ഷിക വിഷയങ്ങള്‍, വന്യജീവി ആക്രമണം, തെരുവുനായ പ്രശ്നങ്ങള്‍ തുടങ്ങി ജനങ്ങളുടെ അനുദിന ജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, വര്‍ഗീയത, അഴിമതി, മയക്കുമരുന്ന്, ഗുണ്ടാരാജ് തുടങ്ങി എല്ലാ വിഷയങ്ങളും മറ്റു വികസന വിഷയങ്ങളോടൊപ്പം ചര്‍ച്ച ചെയ്യപ്പെടും. കേരളത്തില്‍ പ്രധാനമായും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് ഉം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫും ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയും മത്സരരംഗത്തുണ്ട്. കേരളത്തിലെ ചില മണ്ഡലങ്ങളിലെങ്കിലും ത്രികോണ മത്സരം ഉണ്ടാവും എന്നാണ് കരുതപ്പെടുന്നത്. ഇടതുമുന്നണി മൂന്നാംവട്ടവും ഭരണതുടര്‍ച്ച ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുമ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഐക്യജനാധിപത്യമുന്നണി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിജയം എന്‍.ഡി.എയ്ക്കും ആവേശം നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു പെട്ടെന്നു തന്നെ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ടു ഇടതുമുന്നണി തുടക്കത്തില്‍ ഒരു പിടി മുന്നില്‍ നില്ക്കുന്നുവെങ്കിലും കോണ്‍ഗ്രസും മുസ്ലിംലീഗും, കേരള കോണ്‍ഗ്രസുമൊക്കെ ഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചുകൊണ്ടു തൊട്ടുപിറകെയുണ്ട്. മൂന്നു മുന്നണികള്‍ക്കും ജീവന്മരണ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് ഇനി ഒരു പരാജയം താങ്ങാനാവില്ല. സി.പി.എമ്മിനാകട്ടെ ഭരണം നഷ്ടപ്പെട്ടാല്‍ രാജ്യത്ത് ഒരിടത്തും സാന്നിദ്ധ്യമില്ലെന്ന അവസ്ഥയും വരും. ബി.ജെ.പിക്കു സീറ്റും വോട്ടും വര്‍ദ്ധിപ്പിച്ചാലെ കേരളത്തില്‍ മുന്നേറ്റം ഉണ്ടാക്കാനാവൂ. രാഷ്ട്രീയ കേരളത്തിലെ പ്രബുദ്ധരായ ജനം തെരഞ്ഞെടുപ്പിലൂടെ തങ്ങളുടെ അധികാരം പ്രയോഗിക്കുമ്പോള്‍ അതാര്‍ക്കു അനുകൂലമാകും, ആര്‍ക്ക് പ്രതികൂലമാകും എന്നറിയാന്‍ മെയ് നാലുവരെ കാത്തിരിക്കണം.
സാങ്കേതികവിദ്യ വളരെയധികം പുരോഗതി പ്രാപിച്ച ഈ കാലഘട്ടത്തില്‍ സാങ്കേതികവിദ്യയുടെ സഹായത്താല്‍ പുത്തന്‍ പ്രചരണ തന്ത്രങ്ങളാണ് മുന്നണികള്‍ പ്രയോജനപ്പെടുത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലും പരമാവധി വോട്ടുറപ്പിക്കുവാന്‍ മുന്നണികള്‍ സോഷ്യല്‍ മീഡിയായിലുടെ പരമാവധി പരിശ്രമിക്കുമ്പോള്‍, ധാര്‍മ്മികതയുടെയും സത്യസന്ധതയുടെയും സത്യത്തിന്റെയും ശോഭ കെടുത്താതെ അതൊക്കെ നിര്‍വഹിക്കുവാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കാകണം. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുതല്‍ രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമാകുന്നത്. ഇന്‍സ്റ്റഗ്രാമും വാട്ട്സാപ്പുമെല്ലാം കൃത്യമായി ഉപയോഗിക്കുന്നു. ചെറു വീഡിയോകള്‍ മുതല്‍ പോസ്റ്റര്‍, ലേഖനങ്ങള്‍ തുടങ്ങി സകല പ്രചരണ തന്ത്രങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ വാട്സാപ്പിലൂടെ ഉപയോഗിക്കുന്നു. ട്രെന്‍ഡുകളൊന്നും കൃത്യമായി പ്രവചിക്കപ്പെട്ടിട്ടില്ല. 2021-ല്‍ 45.28% വോട്ടോടെ അധികാരം നിലനിര്‍ത്തിയ എല്‍.ഡി.എഫിനു ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ 6 ശതമാനം വോട്ടു ചേര്‍ന്നു. യു.ഡി.എഫ് 2021-നേക്കാള്‍ 4 ശതമാനം വോട്ട് ഉയര്‍ത്തി. 2021-നെ അപേക്ഷിച്ചു പത്തുലക്ഷം വോട്ട് എല്‍.ഡി.എഫിനു കുറഞ്ഞപ്പോള്‍ 9 ലക്ഷം വോട്ട് യു.ഡി.എഫിന് കൂടി. പത്തുവര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തോടുള്ള എതിര്‍പ്പും മാറ്റത്തിനുവേണ്ടിയുള്ള അഗ്രഹവും പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍വരെ രൂപപ്പെട്ട പ്രശ്നങ്ങളുമെല്ലാം വരുന്ന തെരഞ്ഞെടുപ്പിനെ എങ്ങനെയാണു സ്വാധിനിക്കുന്നതെന്നു പ്രവചിക്കാനാവില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനവും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വവും ജയം കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് എല്‍.ഡി.എഫ്. ശബരിമല കൊള്ള പോലുള്ള വിവാദങ്ങളില്‍പോലും വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ കുട തങ്ങള്ക്കനുകൂലമാകുമെന്നവര് പ്രതീക്ഷിക്കുമ്പോള്‍, ഇടതുഭരണം ജനം മടുത്തുവെന്നും മാറ്റം ജനം ആഗ്രഹിക്കുന്നുവെന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. പ്രബലരായ ഇരുമുന്നണികള്‍ക്കിടയില്‍ തങ്ങളുടെ സ്പേസ് കണ്ടെത്താനാണ് എന്‍.ഡി.എ ശ്രമിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളില്‍ നാലിലും യു.ഡി.എഫ് ജയിച്ചുവെന്നതു അവരുടെ പ്രതീക്ഷ കൂട്ടുന്നു. ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യം മൂന്നു മുന്നണികള്‍ക്കും ഒരുപേലെ പ്രതീക്ഷയും വെല്ലുവിളിയും നിറഞ്ഞതാണ്. അടുത്തകാലത്ത് നടന്ന സര്‍വ്വേകളില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള ഇഞ്ചോടിഞ്ഞു പോരാട്ടമാണ് തെളിയുന്നത്. സംസ്ഥാന പുരോഗതിയും ജനങ്ങളുടെ ക്ഷേമവും സമാധാനവും ഉറപ്പുവരുത്തുന്ന ജനങ്ങളോടു പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരുണ്ടാകാന്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുവാന്‍ വോട്ടര്‍മാര്‍ക്കു ബാധ്യതയുണ്ട്.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്.എച്ച്
നാടൊരുങ്ങുന്നു തെരഞ്ഞെടുപ്പിനായി





