ന്യൂയോര്‍ക്ക്:ലോങ് ഐലന്‍ഡ് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ മെയ് 15, 16, 17 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു.
മെയ് 15 വെള്ളിയാഴ്ച വൈകുന്നേരം 7.30ന് ഇടവക വികാരി ഫാ. പത്രോസ് ചമ്പക്കരയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന കൊടിയേറ്റോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ലദീഞ്ഞ്, നൊവേന, മരിച്ചവരെ അനുസ്മരിച്ചുള്ള വിശുദ്ധ കുര്‍ബാന എന്നിവ നടക്കും.
മെയ് 16 ശനിയാഴ്ച വൈകുന്നേരം 5ന് ന്യൂജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. ബിപി തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ലദീഞ്ഞും വിശുദ്ധ കുര്‍ബാനയും നടത്തുന്നതാണ്. ഡീക്കന്‍ മോസസ് പുതുപ്പള്ളിമ്യാലില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് സ്നേഹവിരുന്നും വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ കലാസന്ധ്യയും അരങ്ങേറും. ഇടവകയിലെ വിവിധ പ്രായത്തിലുള്ള പ്രതിഭകളുടെ കലാവാസനകള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന കലാസന്ധ്യ വിജയകരമാക്കുന്നതിനായി കൂടാരയോഗം പ്രതിനിധികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രധാന തിരുനാള്‍ ദിനമായ മെയ് 17 ഞായറാഴ്ച രാവിലെ 10 ന് മിയാമി സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. സജി പിണര്‍കയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ അര്‍പ്പിക്കും. ന്യൂജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. ബിപി തറയില്‍ തിരുന്നാള്‍ സന്ദേശം നല്‍കുന്നതാണ്. റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. ജോബി പൂച്ചകണ്ടത്തില്‍, ഡീക്കന്‍ മോസസ് പുതുപ്പള്ളിമ്യാലില്‍ എന്നിവര്‍ സഹകാര്‍മികനായിരിക്കും.
തിരുനാള്‍ റാസയ്ക്ക് ശേഷം ലോങ് ഐലന്‍ഡ് താളലയം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പ്രൗഢഗംഭീരമായ തിരുനാള്‍ പ്രദക്ഷിണം നടത്തപ്പെടും. തുടര്‍ന്ന് സ്നേഹവിരുന്നും പള്ളിയങ്കണത്തില്‍ വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തിലുള്ള കാര്‍ണിവലും സംഘടിപ്പിച്ചിട്ടുണ്ട്.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ കല്ലുംതൂവാല എഴുന്നള്ളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലീജിയന്‍ ഓഫ് മേരി അംഗങ്ങളാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേത്തിമാര്‍.
തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഇടവക വികാരി ഫാ. പത്രോസ് ചമ്പക്കര, ട്രസ്റ്റിമാരായ എബ്രഹാം തേര്‍വാലക്കട്ടേല്‍, ജെയിംസ് നികര്‍ത്തില്‍, ജെയിംസ് പുള്ളോര്‍കുന്നേല്‍, നോയല്‍ കുഴിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുനാളിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
അനൂപ് മുകളേല്‍ (PRO.)



