ഹൂസ്റ്റണ്‍: പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കുമായി ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ പ്രത്യേക ആശീര്‍വാദ ശുശ്രൂഷ സംഘടിപ്പിച്ചു. ഓഗസ്റ്റ് 16 ഞായറാഴ്ച ഓരോ വിശുദ്ധ കുര്‍ബാനയ്ക്കും ശേഷം വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുശ്രൂഷകള്‍ നടന്നത്. നിരവധി കുട്ടികളും യുവജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു പ്രാര്‍ത്ഥിച്ചു.
പഠനത്തിലും ജീവിതത്തിലും അറിവിലും ജ്ഞാനത്തിലും വളരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വികാരി ഫാ. അബ്രഹാം മുത്തോലത്ത് കുട്ടികളെ ഓര്‍മ്മിപ്പിച്ചു. മാതാപിതാക്കളെയും അധ്യാപകരെയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് ദൈവാനുഗ്രഹം ലഭിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
പാഠപുസ്തകങ്ങളിലെ അറിവിനൊപ്പം നല്ല മൂല്യങ്ങളും ദൈവഭയവും വളര്‍ത്തിയെടുക്കണമെന്നും, പ്രതിസന്ധികളില്‍ തളരാതെ പ്രാര്‍ത്ഥനയോടെ പരിശ്രമിക്കണമെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. സമയനിഷ്ഠ പാലിക്കുന്നതിലും, സഹജീവികളോട് അനുകമ്പയും സ്നേഹവും കാണിക്കുന്നതിലും ശ്രദ്ധ പുലര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ശുശ്രൂഷയുടെ ഭാഗമായി പുതിയ അധ്യയന വര്‍ഷത്തില്‍ ദൈവിക സംരക്ഷണവും ജ്ഞാനവും ലഭിക്കുന്നതിനായി മാതാപിതാക്കളും പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ പങ്കുചേര്‍ന്നു.
ബിബി തെക്കനാട്ട്






