കാരണവന്മാരുടെ കണ്ണുനീര്‍ വീഴാതിരിക്കട്ടെ

ഒരായുസ്സു മുഴുവന്‍ മക്കള്‍ക്കുവേണ്ടി അദ്ധ്വാനിക്കുകയും ജീവിതം അവര്‍ക്കുവേണ്ടി സമര്‍പ്പിക്കുകയും അതിന്റെ പേരില്‍ തങ്ങള്‍ക്കുവേണ്ടി ജീവിക്കുവാന്‍ മറന്നു പോവുകയും ചെയ്‌ത മാതാപിതാക്കളും കാരണവന്മാരും നമുക്കു ചുറ്റും ഏറെയുണ്ട്‌. തങ്ങളുടെ ശേഷിയും ശേമുഷിയും മക്കള്‍ക്കുവേണ്ടി സമര്‍പ്പിക്കുമ്പോള്‍ മാതാപിതാക്കള്‍ ചിന്തിക്കുന്നത്‌ തങ്ങളുടേതിനേക്കാള്‍ നല്ല ഒരു ഭാവി തങ്ങളുടെ മക്കള്‍ക്ക്‌ ഉണ്ടാകണമെന്നും അതുകണ്ടു തങ്ങള്‍ക്കു സന്തോഷിക്കാന്‍ കഴിയണമെന്നുമാണ്‌. മക്കളെ അവഗണിക്കുകയും അവരോടുള്ള ചുമതല യഥാവിധി അനുഷ്‌ഠിക്കാതിരിക്കുകയും ചെയ്യുന്ന മാതാപിതാക്കളെയും അങ്ങിങ്ങായി കാണാമെങ്കിലും അങ്ങനെയുള്ളവരുടെ എണ്ണം കുറവാണെന്നതു ആശ്വാസകരമാണ്‌. മറുവശത്ത്‌ പ്രായമായി കഴിയുമ്പോള്‍ മാതാപിതാക്കളെ അവഗണിക്കുന്ന അവരെ വേണ്ടാതാകുന്ന മക്കളുടെ എണ്ണം കേരളത്തില്‍ ഇന്നു കൂടിവരുന്നുയെന്നത്‌ കേരളത്തിലെ സാമൂഹികവ്യവസ്ഥിതിക്കു സംഭവിക്കുന്ന അപചയമാണ്‌. ഉറ്റവരും ഉടയവരും ഉണ്ടായിട്ടും അനാഥമാക്കപ്പെടുന്നവരുടെ എണ്ണം പെരുകുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കു എത്തിച്ചതിനുശേഷം തിരികെ കൊണ്ടുപോകാതെ ഉപേക്ഷിക്കപ്പെട്ട 42 രോഗികളെക്കുറിച്ചുള്ള വാര്‍ത്ത മലയാളത്തിലെ ഒരു പ്രമുഖ പത്രം കഴിഞ്ഞ ആഴ്‌ച റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. തുടര്‍ന്നു കേരളത്തിലെ പല ആശുപത്രികളിലും ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്നവരെക്കുറിച്ചു പല ദൃശ്യശ്രാവ്യ മാധ്യമങ്ങളിലും വാര്‍ത്ത വന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാകാം സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സക്കു എത്തിച്ചിനുശേഷം തിരികെ കൊണ്ടുപോകാത്ത 250 പേരുടെ കണക്കു കേരളത്തിന്റെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്‌ പുറത്തുവിട്ടത്‌. നാലും അഞ്ചും മാസമായി ആശുപത്രികളില്‍ അനാഥരായി കഴിയുന്നവരില്‍ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുന്‍ അഭിഭാഷകരും കൂലിത്തൊഴിലാളികളുമുണ്ടെന്നുള്ളത്‌ ഞെട്ടിക്കുന്ന വസ്‌തുതയാണ്‌. എല്ലാവര്‍ക്കും നല്ല നിലയിലുള്ള പരിചരണം ആശുപത്രികളില്‍ ലഭ്യമാക്കുന്നുവെന്നതു ആശ്വാസകരമാണ്‌. സ്ഥലപരിമിതിയും രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും മൂലം ഏറെ ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്‌ ഉപേക്ഷിക്കപ്പെടുന്ന രോഗികള്‍. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട രോഗികളുടെ പുനരധിവാസം ഏകോപിപ്പിക്കുവാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌റ്ററേറ്റിലെയും ആരോഗ്യവകുപ്പിലെയും ഉദ്യോഗസ്ഥരടങ്ങിയ ഒരു സമിതിയെ നിയോഗിച്ചിരിക്കുകയാണിപ്പോള്‍. ഇങ്ങനെയുള്ളവരെ ഏറ്റെടുക്കാന്‍ പല സന്നദ്ധസംഘടനകളും തയ്യാറായി എന്നത്‌ നന്മ നിറഞ്ഞ മനസ്സുകളുടെ ഉറവ ഇനിയും വറ്റിയിട്ടില്ല എന്നതിന്റെ തെളിവാണ്‌. എന്നാല്‍ നിങ്ങളെ ഇനി സന്നദ്ധസംഘടനകളാണ്‌ ഏറ്റെടുക്കുന്നത്‌ എന്ന വിവരം അറിയിച്ചപ്പോള്‍ ഉപേക്ഷിക്കപ്പെട്ട ചിലരൊക്കെ വിങ്ങിപ്പൊട്ടി ചോദിച്ചു “ഇനി ഞങ്ങളുടെ മക്കള്‍ വരില്ലേ.?” ഈ ചോദ്യം കേരളത്തിന്റെ സമൂഹ മനസ്സില്‍ വിങ്ങുന്ന, നീറ്റലുണ്ടാക്കുന്ന ചോദ്യമായി അവശേഷിക്കുന്നു. സഹജാവബോധത്തിന്റെയും നന്മയുടെയും സ്‌നേഹത്തിന്റെയും കരുണയുടെയും മുദ്ര പേറുന്ന നന്മ മരങ്ങളാണ്‌ ഉപേക്ഷിക്കപ്പെട്ട ഇത്തരക്കാരെ ഏറ്റെടുക്കുന്ന സന്നദ്ധസംഘടനകളും അവയ്‌ക്കു നേതൃത്വം കൊടുക്കുന്ന നല്ല മനുഷ്യരും. എന്നാല്‍ ചിലപ്പോഴെങ്കിലും അത്തരക്കാരെ അപഹസിക്കുന്ന നിലപാടുകള്‍ ഉദ്യോഗസ്ഥരില്‍ നിന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്‌ എന്നതും ഈ അവസരത്തില്‍ മറച്ചു വയ്‌ക്കുന്നില്ല.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വയോജന കേന്ദ്രങ്ങള്‍ ഉള്ള സംസ്ഥനം കേരളമാണ്‌. കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ടു കേരളത്തിലെ വയോജന പരിചരണ കേന്ദ്രങ്ങളിലെ അന്തേവാസികളുടെ എണ്ണം ഇരട്ടിയോളമായി. ഇവരില്‍ മിക്കവരുടെയും മക്കള്‍ ജീവിച്ചിരിക്കുന്നുമുണ്ട്‌. വയോജനങ്ങളുടെ സംരക്ഷണത്തിനും സുരക്ഷക്കുമായി ശക്തമായ നിയമങ്ങളും സാമൂഹിക നീതിവകുപ്പിന്റെ കീഴില്‍ ഒട്ടേറെ പദ്ധതികളും ഉണ്ടായിട്ടും, വാര്‍ദ്ധക്യത്തില്‍ അനാഥത്വത്തിലും ഏകാന്തതയിലും തള്ളിവിടപ്പെടുന്നവരുടെ കണ്ണുനീര്‍ കേരളത്തിന്റെ സങ്കടക്കാഴ്‌ചയാണ്‌. മാതാപിതാക്കളെ മക്കള്‍ സംരക്ഷിക്കാത്തതിന്റെ പേരില്‍ കേരളത്തിലിന്ന്‌ പതിനായ്യായിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നു എന്ന വസ്‌തുത ഇതിന്റെ ഗൗരവം വെളിവാക്കുന്നുണ്ട്‌. മാതാപിതാക്കളെ ബഹുമാനിക്കണം എന്നതു ദൈവത്തിന്റെ കല്‌പനയാണ്‌. വാര്‍ദ്ധക്യത്തില്‍ അവര്‍ക്കു വേണ്ട ശുശ്രൂഷ നല്‌കാത്തവര്‍ ദൈവ കല്‌പനയാണ്‌ ധിക്കരിക്കുന്നതെന്നു മറക്കാതിരിക്കട്ടെ. നമ്മുടെ വിദ്യാഭ്യാസത്തിലും ധാര്‍മ്മിക പരിശീലനത്തിലും സാമൂഹിക ചിന്തയിലുമൊക്കെ പ്രായമായവരോടും, മാതാപിതാക്കളോടുമൊക്കെയുള്ള കരുതല്‍ പരിശീലിപ്പിക്കണം. നമ്മുടെ മുതിര്‍ന്നവരോടും മാതാപിതാക്കളോടും നാം അനുവര്‍ത്തിക്കുന്ന രീതിയിലായിരിക്കും നമ്മുടെ വാര്‍ദ്ധക്യത്തില്‍ നമ്മുടെ പിന്‍തലമുറക്കാര്‍ നമ്മോടും പ്രവര്‍ത്തിക്കുക എന്ന സത്യം മനസില്‍ നിന്നു മായാതിരിക്കണം. മാതാപിതാക്കളെയും മുതിര്‍ന്നവരെയും സംരക്ഷിക്കുക, അവരുടെ ക്ഷേമം ഉറപ്പുവരുത്തുകയെന്നത്‌ കുടുംബത്തിന്റെ കൂട്ടുത്തരവാദിത്വമായി കുടുംബാംഗങ്ങള്‍ എല്ലാവരും മനസിലാക്കണം. ഒപ്പം കേരളത്തില്‍ നിന്നു വലിയ തോതിലുള്ള കുടിയേറ്റം കാനഡ, യു.കെ, മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആയതുകൊണ്ടു അനദിവിദൂരഭാവിയില്‍ നമ്മുടെ ഭവനങ്ങളിലേറെയും വൃദ്ധസദനങ്ങളാകുമെന്ന കാര്യത്തില്‍ സംശയമില്ല. ആയതിനാല്‍ അവരുടെ സുരക്ഷിതത്വവും പരിചരണവും ഒക്കെ മുന്നില്‍ കണ്ടുകൊണ്ടു സംവിധാനങ്ങള്‍ ഒരുക്കുവാനും കാര്യങ്ങള്‍ ആസൂത്രണം ചെയ്യുവാനും കുടുംബത്തിനും പൊതുസമൂഹത്തിനും സര്‍ക്കാരിനും ബാധ്യതയുണ്ടെന്ന കാര്യം മറക്കാതിരിക്കാം.

Previous Post

വാഹനാപകടത്തില്‍ മരിച്ചു

Next Post

ഉഴവൂര്‍: തെരുവക്കാട്ടില്‍ അന്നമ്മ

Total
0
Share
error: Content is protected !!