വിഴിഞ്ഞം തുറമുഖം: പ്രതിസന്ധി പരിഹരിക്കണം

കേരളത്തിന്റെ സാമ്പത്തികരംഗത്തിനു വലിയ മുന്നേറ്റം നല്‌കുമെന്നു കരുതുന്ന പദ്ധതിയാണ്‌ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ട്രാന്‍സ്‌ഷിപ്പ്‌മെന്റ്‌ പദ്ധതി. ഈ പദ്ധതിയെ രാഷ്‌ട്രീയഭേദമെന്യേ സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്രം ഭരിക്കുന്ന കക്ഷിയും അനുകൂലിച്ചിട്ടുണ്ട്‌. സര്‍ സി.പി. രാമസ്വാമി അയ്യര്‍ ദിവാനായിരിക്കേയാണ്‌ വിഴിഞ്ഞത്ത്‌ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള തുറമുഖത്തെക്കുറിച്ചു ഭരണതലത്തില്‍ ആദ്യമായി ചിന്തിച്ചത്‌. 1991 ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ എം. വി. രാഘവന്‍ തുറമുഖമന്ത്രിയായിരിക്കേ നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടിയുള്ള സ്വപ്‌ന പദ്ധതിയായി പ്രഖ്യാപിച്ച്‌ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയെങ്കിലും ടെന്‍ഡറില്‍ ഒന്നാമതെത്തിയ കമ്പനിക്ക്‌ പ്രതിരോധവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ മുന്നോട്ടു പോകുവാനായില്ല. പിന്നീട്‌
വി. എസ്‌ അച്യുതാനന്ദന്‍ സര്‍ക്കാര്‍, ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന്‌ 2500 കോടി വായ്‌പയെടുത്ത്‌ പൊതുമേഖലയില്‍ തന്നെ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചുവെങ്കിലും അതു നടപ്പില്‍ വരുത്താനായില്ല. അദാനി കമ്പനിയുമായി കരാറുണ്ടാക്കി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുവാന്‍ കേന്ദ്രത്തിന്റെ അനുമതി നേടിയെടുത്തത്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്‌. വിഴിഞ്ഞം തുറമുഖത്തിനു പ്രകൃതിദത്തമായ പല അനുകൂല ഘടകങ്ങളുമുണ്ടെന്നതാണ്‌ അതിന്റെ മുഖ്യ ആകര്‍ഷണം. ഒരു നോട്ടീക്കല്‍ മൈലിനപ്പുറം വരെ 24 മീറ്റര്‍ സ്വഭാവിക ആഴം, 10 കിലോമീറ്റര്‍ അകലെ അന്താരാഷ്‌ട്ര കപ്പല്‍ച്ചാല്‍, എന്നിവയാണ്‌ കക്ഷി രാഷ്‌ട്രിയത്തിനതീതമായി വിഴിഞ്ഞം പദ്ധതിയെ എല്ലാവരും അനുകൂലിക്കുവാന്‍ പ്രേരിപ്പിച്ചത്‌. തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ശ്രീലങ്കയുടെ വെല്ലുവിളിയെ മറികടന്ന്‌ അന്തര്‍ദേശീയ സമുദ്ര വാണിജ്യ ഭൂപടത്തില്‍ വിഴിഞ്ഞത്തിനു തനതായ സ്ഥാനം ലഭിക്കുകയും രാജ്യത്തിനും പ്രത്യേകിച്ചു കേരളത്തിനു അതു വലിയനേട്ടം പ്രദാനം ചെയ്യുകയും ചെയ്യും. അതു പൂര്‍ത്തീകരിക്കുവാന്‍ ഗവണ്‍മെന്റിന്റെയും നാട്ടുകാരുടെയും ഒക്കെ കൂട്ടായ സഹകരണം ഉണ്ടായേ തീരൂ.
എന്നാല്‍ അടുത്ത കാലത്തായി, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു സമരം നടന്നു വരികയാണ്‌. മത്സ്യത്തൊഴിലാളികളുടെ സമരമാണത്‌. തുറമുഖനിര്‍മ്മാണം മൂലം തങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം അടിയന്തരമായി കണ്ടതിനുശേഷം തുറമുഖ നിര്‍മ്മാണവുമായി മുന്നോട്ടു പോകണമെന്ന ആവശ്യമാണ്‌ മുഖ്യമായി അവര്‍ ഉന്നയിച്ചിരിക്കുന്നത്‌. മത്സ്യബന്ധനത്തെ ആശ്രയിച്ചു ജീവിക്കുന്ന അവരുടെ ജീവനോപാധികളെ തുറമുഖ നിര്‍മ്മാണം അപ്പാടെ നശിപ്പിച്ചു കളയുന്നു എന്ന അനുഭവവും ആശങ്കയുമാണ്‌ അവര്‍ മുന്നോട്ടു വയ്‌ക്കുക. തുറമുഖ നിര്‍മ്മാണം മൂലം സംഭവിക്കുന്നതെന്ന്‌ അവര്‍ കരുതുന്ന തീരശോഷണത്തിന്റെ ഫലമായി അവരുടെ സ്ഥലവും വീടും നഷ്‌ടപ്പെട്ടിരിക്കുന്നു. പലരും വീടും സ്ഥലവും നഷ്‌ടപ്പെട്ട്‌ സിമന്റ്‌ ഗോഡൗണുകളിലും മറ്റും ഏറെ ബുദ്ധിമുട്ട്‌ സഹിച്ചാണ്‌ ജീവിക്കുന്നത്‌. തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്ന്‌ മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്കും മത്സ്യം ലഭിക്കുന്നില്ലെന്നും മരണസംഖ്യ കൂടി വരുന്നുവെന്നുംമൊക്കെയുള്ള ആക്ഷേപം അവര്‍ പറയുന്നു. പുനരധിവാസം വേഗത്തില്‍ പൂര്‍ത്തീകരിക്കുകയും ക്യാമ്പുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കു പ്രതിമാസം 5500/- രൂപ വീതം പ്രതിമാസ വാടക അനുവദിക്കുമെന്ന പ്രഖ്യാപനവുമൊക്കെ നടപ്പാക്കണം. ഏതാണ്ടു 80 ശതമാനത്തോളം പണി പൂര്‍ത്തീകരിച്ചതിനാല്‍ പണി നിര്‍ത്തി വച്ചുള്ള ഒരു പരിഹാരം സാധ്യമല്ലെന്നാണ്‌ ഗവണ്‍മെന്റ്‌ നിലപാട്‌. സമരത്തിന്റെ പേരില്‍ 26-ാം തീയതി കസ്റ്റഡിയില്‍ എടുത്ത ആളിനെ മോചിപ്പിക്കണമെന്ന ആവശ്യമായി പോലീസ്‌ സ്റ്റേഷനില്‍ ചെന്ന മറ്റ്‌ അഞ്ചു പേര്‍ക്കെതിരെ കേസ്‌ എടുത്ത സാഹചര്യം ഉണ്ടെന്നു പറയപ്പെടുന്നു. അതോടൊപ്പം തന്നെ സമരസമിതിക്കു നേതൃത്വം നല്‌കുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത, സഹായമെത്രാന്‍ എന്നിവരുടെ പേരില്‍ നവംബര്‍ 26-ാം തീയതി നടന്ന അക്രമങ്ങളുടെ പേരില്‍ ഗൗരവമായ വകുപ്പുകള്‍ ചേര്‍ത്ത്‌ കേസ്‌ എടുത്തത്‌ സമരസമിതിക്കു ഒട്ടും സ്വീകാര്യമല്ല. അതിന്റെയൊക്കെ പേരില്‍ 27-ാം തീയതി പോലീസ്‌ സ്റ്റേഷന്‍ വളയുകയും അക്രമസംഭവങ്ങള്‍ ഉണ്ടാവുകയും പോലീസുകാരുള്‍പ്പെടെ പലര്‍ക്കും പരിക്കേല്‍ക്കുകയും ഒക്കെ ചെയ്‌തിട്ടുണ്ട്‌. എന്തായാലും വിഴിഞ്ഞം സമരം കൈവിട്ടു പോകുന്ന നില ഉണ്ടായിക്കൂടാ. ഗവണ്‍മെന്റും സമരസമിതിയും ഇക്കാര്യത്തില്‍ തികഞ്ഞ ഉത്തരവാദിത്വം കാണിച്ചേ മതിയാവൂ. സംഘര്‍ഷ സ്ഥലത്തു ഇല്ലാതിരുന്ന രൂപതാദ്ധ്യക്ഷന്‍മാര്‍ക്കെതിരെ കേസ്‌ എടുത്തതില്‍ കെ.സി.ബി.സി. ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്‌. ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തുകയും പുനരധിവാസ പാക്കേജുകളുമൊക്കെ നടപ്പാക്കുകയും ചെയ്‌താല്‍ നമ്മുടെ സ്വപ്‌ന പദ്ധതി തടസ്സം കൂടാതെ മുന്നോട്ടു പോകും. വിഴിഞ്ഞം സമരം തുറമുഖ നിര്‍മ്മാണം അട്ടിമറിക്കാനാണെന്നു സര്‍ക്കാര്‍ നിലപാട്‌ എടുക്കുമ്പോള്‍ അതിനല്ല മറിച്ച്‌ അതിജീവനത്തിനുള്ള പോരാട്ടമാണെന്നാണ്‌ സമര സമിതി പറയുക. എല്ലാ സമരങ്ങളിലും രാഷ്‌ട്രീയ മുതലെടുപ്പുകള്‍ക്കുള്ള സാധ്യത മറക്കരുത്‌. സമൂഹത്തില്‍ വിഭാഗീയതയും ചേരിതിരിവും സൃഷ്‌ടിക്കുന്ന എല്ലാ പ്രവണതകളും അപകടകരമെത്രെ. നിയമ വഴിയിലൂടെ മാത്രമല്ല വിഴിഞ്ഞം പ്രശ്‌നത്തിനു ഒരുപക്ഷേ പരിഹാരം കണ്ടെത്താനാവുക. ജനങ്ങളുടെ ആശങ്കകള്‍ അകറ്റിയും അവരുടെ പ്രശ്‌നങ്ങള്‍ക്കു സത്വര പരിഹാരം കണ്ടെത്തിയും അവരുടെ ജീവിതമാര്‍ഗ്ഗം ഉറപ്പുവരുത്തിയുമൊക്കെ ഈ പ്രതിസന്ധിയെ മറികടക്കാനാവും.

Previous Post

കെ. സി. എസ്. എല്‍ ദിനാചരണം നടത്തപ്പെട്ടു

Next Post

കെ.സി.സി ഇലക്ഷന്‍: മാര്‍ഗനിര്‍ദേശങ്ങള്‍

Total
0
Share
error: Content is protected !!