ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ മദേര്‍സ് ഡേ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. അമ്മമാര്‍ക്കായുള്ള പ്രത്യേക ആശിര്‍വാദം, എല്ലാ അമ്മാരെയും ആദരിക്കല്‍, മെന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തിയ അമ്മമാര്‍ക്കായുള്ള വിവിധ മത്സരങ്ങള്‍, മിഷന്‍ ലീഗ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘എന്റെ ‘അമ്മ, എന്റെ അനുഗ്രഹം’ എന്ന പേരില്‍ നടത്തിയ പോസ്റ്റര്‍ മത്സരം തുടങ്ങിയ പരിപാടികള്‍ ഈ ആഘോഷത്തിന് മാറ്റു കൂട്ടി.
മെയ് 10, ഞായറാഴ്ച ഇടവകയില്‍ നടത്തിയ നാല് കുര്‍ബാനകള്‍ക്കും ശേഷം ‘അമ്മമാര്‍ക്കായി പ്രതേകം ആശീര്‍വാദ പ്രാര്‍ത്ഥനകള്‍ നടത്തി. തുടര്‍ന്ന് എല്ലാ അമ്മമാര്‍ക്കും വൈദികര്‍ റോസാപുഷ്പങ്ങള്‍ നല്‍കി ആദരിച്ചു. വിവിധ കുര്‍ബാനകളില്‍ വികാരി ഫാ. സിജോ മുടക്കോടില്‍, അസ്സോസിയേറ്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ എന്നിവര്‍ കാര്‍മ്മികരായിരുന്നു. മിഷന്‍ ലീഗ് പ്രതിനിധി ഫിലിപ്പ് നെടുംതുരുത്തിപുത്തന്‍പുരയില്‍ ഇടവകയെ പ്രതിനിധീകരിച്ചു മാതൃദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. കൂടാതെ മിഷന്‍ ലീഗ് അംഗങ്ങള്‍ ഇടവകയിലെ എല്ലാ മാതാക്കള്‍ക്കും സ്നേഹപൂര്‍ണമായ സന്ദേശങ്ങളോടു കൂടിയ ബുക്ക് മാര്‍ക്കുകള്‍ സമ്മാനിച്ചു. തുടര്‍ന്ന് മെന്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ അമ്മമാര്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളില്‍ നിരവധി അമ്മമാര്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടി. പങ്കെടുത്ത ഏവര്‍ക്കും പായസവും വിതരണം ചെയ്തു.
മാതൃദിനത്തിന്റെ പ്രധാന്യം ഊട്ടിവളര്‍ത്തിയ ഈ പരിപാടികള്‍ക്ക് കൈക്കാരന്മാരായ സേവ്യര്‍ നടുപ്പറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍, എന്നിവരും മെന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റേഴ്സായ അലക്‌സ് മുല്ലപ്പളളി, ഫിലിപ്പ് പുത്തന്‍പുരയില്‍, ബിജു ജെയിംസ് പൂത്തുറ എന്നിവരും നേതൃത്വം നല്‍കി.
റോയി ചേലമലയില്‍



