മനസ്സിനും ഒരു ഭാഷയുണ്ട്‌… അത്‌ കേള്‍ക്കാതെ പോകരുത്‌

ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനം

സി. ഡോ. തേജസ് എസ്.വി.എം
MBBS, MD (Psychiatry)
LLM Hospital, Kidangoor

രാവിലെ വീട്ടില്‍നിന്നിറങ്ങു മ്പോള്‍ അമ്മ പറഞ്ഞു:
“ഇന്നലെ രാത്രി ഒട്ടും ഉറങ്ങിയില്ല… എന്തോ ഒരു വല്ലായ്‌മ.”
മകന്‍ സ്‌കൂളിലേക്ക്‌ പോകാന്‍ മടിക്കുന്നു. “വയറു വേദനയാണ്‌” എന്നാണ്‌ പറയു ന്നത്‌.
കോളേജില്‍ പഠിക്കുന്ന മകള്‍ പഴയതുപോലെ ആരോടും സംസാരിക്കുന്നില്ല. മുറിയുടെ വാതില്‍ അടച്ച്‌ മണിക്കൂറുകളോളം ഒറ്റയ്‌ക്കിരി ക്കുന്നു.
അച്ഛനാകട്ടെ ചെറിയ കാര്യങ്ങള്‍ക്കുപോലും ദേഷ്യ പ്പെടുന്നു. ഓഫീസിലെ പ്രശ്‌നങ്ങളാണെന്ന്‌ എല്ലാവരും കരുതുന്നു.
അമ്മൂമ്മ ഒരേ കാര്യം വീണ്ടും വീണ്ടും ചോദിക്കുന്നു.
ഇവയില്‍ ഏതാണ്‌ മാനസികാരോഗ്യ പ്രശ്‌നം?… ഒന്നുമാകണമെന്നില്ല.
ഒരുപക്ഷേ ചിലത്‌ സഹായം ആവശ്യപ്പെടുന്ന മനസ്സിന്റെ സൂചനകളാകാം.
കാരണം മനസ്സ്‌ എല്ലായ്‌പ്പോഴും “എനിക്ക്‌ സുഖമില്ല” എന്ന്‌ വാക്കുകളിലൂടെ പറയണമെന്നില്ല.
ചിലപ്പോള്‍ അത്‌ ഉറക്കമില്ലായ്‌മയായി സംസാരിക്കും. ചിലപ്പോള്‍ ദേഷ്യമായി. ചിലപ്പോള്‍ പേടിയായി. ചിലപ്പോള്‍ ശരീരവേദനയായി. ചിലപ്പോള്‍ അമിതമായ വൃത്തിയും പരിശോധനയും സംശയങ്ങളുമായി. ചിലപ്പോള്‍ ലഹരി യിലേക്കുള്ള ആശ്രയമായി. മറ്റുചിലപ്പോള്‍ ഒന്നും പറയാതെ മുറിയുടെ വാതില്‍ അടച്ച്‌ മൗനമായിരിക്കും.
ആ ഭാഷ തിരിച്ചറിയാന്‍ നമ്മള്‍ പഠിക്കേണ്ടതുണ്ട്‌.
കാണാന്‍ കഴിയാത്തതുകൊണ്ട്‌ ഇല്ലാതാകുന്നില്ല
നമ്മുടെ ശരീരത്തില്‍ ഹൃദയം എവിടെയാണെന്ന്‌ പറയാം. ശ്വാസകോശം എവിടെയാണെന്ന്‌ കാണിച്ചുകൊടുക്കാം.
പക്ഷേ “മനസ്സ്‌ എവിടെയാണ്‌?” എന്ന്‌ ചോദിച്ചാല്‍ ഒരു വിരല്‍ ചൂണ്ടി കാണിക്കാന്‍ കഴിയില്ല.
എന്നിട്ടും ജീവിതത്തിലെ ഏറ്റവും വലിയ അനുഭവ ങ്ങളെല്ലാം നമ്മള്‍ മനസ്സിലൂടെയാണ്‌ അറിയുന്നത്‌.
സ്‌നേഹിക്കുന്നത്‌ മനസ്സാണ്‌. നഷ്ടത്തില്‍ വേദനിക്കുന്നത്‌ മനസ്സാണ്‌. ഓര്‍മ്മിക്കുന്നത്‌, പേടിക്കുന്നത്‌, പ്രതീക്ഷിക്കുന്നത്‌, തീരുമാനമെടുക്കുന്നത്‌, ബന്ധങ്ങള്‍ സ്ഥാപിക്കുന്നത്‌ ഇതെല്ലാം നമ്മുടെ മസ്‌തിഷ്‌കത്തിന്റെ പ്രവര്‍ത്തനവും വികാരങ്ങളും അനുഭവങ്ങളും ജീവിതസാഹചര്യങ്ങളും ചേര്‍ന്ന സങ്കീര്‍ണ്ണമായ ഒരു ലോകത്തിന്റെ ഭാഗമാണ്‌.
അതുകൊണ്ടാണ്‌ മാനസികാരോഗ്യം എന്നത്‌ “മാനസികരോഗമില്ല” എന്നൊരു സര്‍ട്ടിഫിക്കറ്റ്‌ മാത്രമല്ലാത്തത്‌.
ജീവിതം എല്ലായ്‌പ്പോഴും നമ്മുടെ ഇഷ്ടപ്രകാരം നടക്കില്ല. പരാജയങ്ങളുണ്ടാകും. നഷ്ടങ്ങളുണ്ടാകും. ബന്ധങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗങ്ങളും വരാം.
അവയ്‌ക്കിടയിലും വികാരങ്ങളെ തിരിച്ചറിയാനും, സമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യാനും, ബന്ധങ്ങള്‍ നിലനിര്‍ത്താനും, ആവശ്യമായപ്പോള്‍ സഹായം തേടാനും, ജീവിതത്തില്‍ അര്‍ത്ഥവും പ്രതീക്ഷയും കണ്ടെത്താനും കഴിയുന്ന അവസ്ഥയാണ്‌ ആരോഗ്യകരമായ മനസ്സിന്റെ പ്രധാന അടയാളങ്ങളിലൊന്ന്‌.
നല്ല മാനസികാരോഗ്യം എന്നത്‌ ഒരിക്കലും കരയാതിരി ക്കുന്നതല്ല. കരയേണ്ടപ്പോള്‍ കരയാനും, പിന്നെ വീണ്ടും നടക്കാനും കഴിയുന്നതാണ്‌.
“അവന്‌ എന്തിന്റെ കുറവാണ്‌?”
Depression ബാധിച്ച ഒരാളെക്കുറിച്ച്‌ നമ്മള്‍ ചിലപ്പോള്‍ ചോദിക്കും:
“നല്ല ജോലിയുണ്ട്‌… നല്ല കുടുംബമുണ്ട്‌… പിന്നെ എന്തിനാണ്‌ വിഷമം?”
ഉത്‌കണ്‌ഠ ഉള്ള ഒരാളോട്‌: “വെറുതെ പേടിച്ചു കൂട്ടുന്നതാണ്‌.”
Obsessive- Compulsive Disorder (OCD) (അനിയന്ത്രിത ചിന്താ-പ്രവര്‍ത്തി വൈകല്യം) ഉള്ള ഒരാളോട്‌: “അതൊന്ന്‌ ചിന്തിക്കാതിരുന്നാല്‍ പോരേ?”
ലഹരിക്ക്‌ അടിമപ്പെട്ട ഒരാളോട്‌: “മനസ്സുവച്ചാല്‍ നിര്‍ത്തിക്കൂടേ?”
മാനസികരോഗമുള്ള ഒരാളെക്കുറിച്ച്‌: “അവന്‌ കുറച്ച്‌ മനശക്തി കുറവാണ്‌.”
ഇത്തരം വാക്കുകള്‍ പറയാന്‍ എളുപ്പമാണ്‌.
പക്ഷേ മാനസികരോഗങ്ങള്‍ ഒരാളുടെ സ്വഭാവദോഷ ത്തിന്റെയോ മനോബലക്കുറവിന്റെയോ തെളിവല്ല.
ഒരു വ്യക്തിയുടെ ജൈവഘടകങ്ങള്‍, പാരമ്പര്യം, മസ്‌തിഷ്‌കത്തിന്റെ പ്രവര്‍ത്തനം, ജീവിതാനുഭവങ്ങള്‍, വ്യക്തിത്വം, കുടുംബ-സാമൂഹിക സാഹചര്യങ്ങള്‍, ശാരീരികരോഗങ്ങള്‍, ലഹരി ഉപയോഗം, ഉറക്കം, സമ്മര്‍ദ്ദം തുടങ്ങി നിരവധി ഘടകങ്ങള്‍ പരസ്‌പരം ബന്ധപ്പെട്ടാണ്‌ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്‌.
അതുകൊണ്ട്‌ “നിനക്ക്‌ എന്തിന്റെ കുറവാണ്‌?” എന്നതിനു പകരം ചോദിക്കേണ്ട ചോദ്യം മറ്റൊന്നാണ്‌:
“നിനക്ക്‌ എന്താണ്‌ സംഭവിക്കുന്നത്‌? ഞാന്‍ കേള്‍ക്കട്ടേ?”
ആ ഒരു ചോദ്യം ചിലപ്പോള്‍ ചികിത്സയിലേക്കുള്ള ആദ്യ വാതിലാകാം.
മനസ്സിന്റെ അസുഖങ്ങള്‍ക്ക്‌ ഒരേ മുഖമല്ല
“മാനസികരോഗം” എന്നു കേള്‍ക്കുമ്പോള്‍ ഇന്നും ചിലരുടെ മനസ്സിലേക്ക്‌ വരുന്നത്‌ റോഡിലൂടെ അലഞ്ഞുനടക്കുന്ന, സ്വയം സംസാരിക്കുന്ന ഒരാളുടെ ചിത്രമാണ്‌.
പക്ഷേ അത്‌ മാനസികരോഗങ്ങളുടെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്‌.
രാവിലെ എഴുന്നേല്‍ക്കാന്‍ പോലും ശക്തിയില്ലാത്ത ഒരാളുടെ വിഷാദവും മാനസികരോഗമാകാം.
“എന്തെങ്കിലും സംഭവിക്കുമോ?” എന്ന ഭയത്തില്‍ ഹൃദയമിടിപ്പും ശ്വാസംമുട്ടലുമായി കഴിയുന്ന ഒരാളുടെ ഉത്‌കണ്‌ഠയും Panic attacks -ഉം ചികിത്സ ആവശ്യമുള്ള അവസ്ഥകളാകാം.
വാതില്‍ പൂട്ടിയോ എന്ന്‌ ഇരുപത്‌ തവണ പരിശോധിക്കാതെ മുന്നോട്ട്‌ പോകാന്‍ കഴിയാത്ത ഒരാളുടെ OCD യഥാര്‍ത്ഥ ബുദ്ധിമുട്ടാണ്‌.
ദിവസങ്ങളോളം ഉറങ്ങാതെ, അസാധാരണമായ ഊര്‍ജ്ജത്തോടെയും അമിത ആത്മവിശ്വാസത്തോടെയും നിയന്ത്രണമില്ലാത്ത തീരുമാനങ്ങളോടെയും പെരുമാറുന്നത്‌ maniaയുടെ ഭാഗമായിരിക്കാം.
മറ്റുള്ളവര്‍ കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക, യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്ത ഉറച്ച വിശ്വാസങ്ങള്‍ ഉണ്ടാകുക, പെരുമാറ്റത്തില്‍ വലിയ മാറ്റങ്ങള്‍ വരിക തുടങ്ങിയവ psychosisന്റെ സൂചനകളാകാം.
കുട്ടികളില്‍ മാനസിക ബുദ്ധിമുട്ടുകള്‍ ചിലപ്പോള്‍ “എനിക്ക്‌ വിഷമമാണ്‌” എന്ന്‌ പറഞ്ഞല്ല വരുന്നത്‌. പഠനത്തിലെ ഇടിവ്‌, അമിത ദേഷ്യം, സ്‌കൂളില്‍ പോകാനുള്ള മടി, ഉറക്കത്തിലെ മാറ്റം, പെരുമാറ്റപ്രശ്‌നങ്ങള്‍ എന്നിവയിലൂടെയാകാം.
വയോധികരില്‍ മറവി, ആശയക്കുഴപ്പം, വ്യക്തിത്വ- പെരുമാറ്റ മാറ്റങ്ങള്‍ എന്നിവയും ശ്രദ്ധിക്കണം.
മനസ്സിന്റെ അസുഖങ്ങള്‍ക്ക്‌ ഒരേ മുഖമില്ല. അതുകൊണ്ടു തന്നെ താരതമ്യം ചെയ്യാതെ ഓരോ വ്യക്തിയെയും കേള്‍ക്കണം.
എപ്പോഴാണ്‌ “ഇത്‌ ശ്രദ്ധിക്കണം” എന്ന്‌ പറയേണ്ടത്‌?
എല്ലാ സങ്കടവും Depression അല്ല. എല്ലാ പേടിയും Anxiety disorder അല്ല. എല്ലാ വൃത്തിയും OCD അല്ല. എല്ലാ മറവിയും Dementia അല്ല.
ജീവിതത്തില്‍ വികാരങ്ങളുടെ ഉയര്‍ച്ചതാഴ്‌ചകള്‍ സ്വാഭാവികമാണ്‌.
പക്ഷേ ഒരു ചെറിയ ചോദ്യം നമ്മെ സഹായിക്കും:
“ഇത്‌ ആ വ്യക്തിയുടെ ജീവിതത്തെ മാറ്റിത്തുടങ്ങിയോ?”
ഉറക്കം തകരുന്നുണ്ടോ? ഭക്ഷണം വളരെ കൂടുകയോ കുറയുകയോ ചെയ്‌തോ? പഠനത്തിലോ ജോലിയിലോ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലേ? മുമ്പ്‌ ഇഷ്ടപ്പെട്ട കാര്യങ്ങളില്‍ താല്‍പര്യം നഷ്ടപ്പെട്ടോ? ബന്ധങ്ങളില്‍നിന്ന്‌ മാറിനില്‍ ക്കുന്നുണ്ടോ? സ്വയം പരിചരിക്കുന്നത്‌ കുറഞ്ഞോ? പേടിയോ സംശയങ്ങളോ ആവര്‍ത്തിച്ചുള്ള ചിന്തകളോ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്നുണ്ടോ? പെരുമാറ്റത്തില്‍ കുടുംബത്തിന്‌ തിരിച്ചറിയാവുന്ന വലിയ മാറ്റമുണ്ടോ?
ലക്ഷണങ്ങള്‍ തുടരുകയും ജീവിതത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നുവെങ്കില്‍ “കുറച്ചുകൂടി നോക്കാം” എന്ന്‌ മാസങ്ങളോളം കാത്തിരിക്കാതെ സഹായം തേടുന്നത്‌ നല്ലതാണ്‌.

“എന്നെക്കൊണ്ട്‌ ഇനി പറ്റില്ല…”
“ഞാന്‍ ഇല്ലെങ്കില്‍ എല്ലാവര്‍ക്കും നല്ലതായിരിക്കും…”
“ജീവിച്ചിട്ട്‌ എന്ത്‌ കാര്യം?”
“എല്ലാം അവസാനിപ്പിച്ചാല്‍ മതി…”
ഇത്തരം വാക്കുകള്‍ കേള്‍ക്കുമ്പോള്‍ വിഷയം മാറ്റരുത്‌.
“അങ്ങനെയൊന്നും പറയരുത്‌” എന്നു മാത്രം പറഞ്ഞ്‌ അവസാനിപ്പിക്കരുത്‌.”
ആത്മഹത്യയെക്കുറിച്ച്‌ നേരിട്ട്‌ ചോദിച്ചാല്‍ ആ വ്യക്തിയുടെ മനസ്സില്‍ ആത്മഹത്യാ ചിന്ത ഉണ്ടാക്കുമെന്ന്‌ ഭയപ്പെടേണ്ടതില്ല.
കേള്‍ക്കുക. കൂടെയിരിക്കുക. സുരക്ഷ ഉറപ്പാക്കുക. വിദഗ്‌ധ സഹായത്തിലേക്ക്‌ എത്തിക്കുക.
സ്വയം പരിക്കേല്‍പ്പിക്കാനുള്ള സാധ്യതയോ ആത്മഹത്യാ ചിന്തയോ പദ്ധതിയോ ഉണ്ടെങ്കില്‍, അല്ലെങ്കില്‍ വ്യക്തി യാഥാര്‍ഥ്യബോധം നഷ്ടപ്പെട്ടതുപോലെ പെരുമാറുകയോ അതീവ അസ്വസ്ഥനാകുകയോ ചെയ്യുന്നുവെങ്കില്‍ അത്‌ routine appointment കാത്തിരിക്കേണ്ട സാഹചര്യമല്ല. അടിയന്തരമായി ആശുപത്രിയിലെത്തിക്കണം.
സൈക്യാട്രി എന്നത്‌ മരുന്നിന്റെ മറ്റൊരു പേരല്ല
മാനസികാരോഗ്യ ചികിത്സയെക്കുറിച്ചുള്ള മറ്റൊരു തെറ്റിദ്ധാരണയാണ്‌:
“Psychiatristന്റെ അടുത്തുപോയാല്‍ മരുന്ന്‌ തന്നെയല്ലേ?”
അങ്ങനെയല്ല.
നല്ല ചികിത്സ ആരംഭിക്കുന്നത്‌ കേള്‍ക്കുന്നതിലും വിലയിരുത്തുന്നതിലുമാണ്‌.
എപ്പോള്‍ തുടങ്ങി? എന്തൊക്കെ ലക്ഷണങ്ങളുണ്ട്‌? ഉറക്കം എങ്ങനെയാണ്‌? ശാരീരികരോഗങ്ങളുണ്ടോ? ഉപയോഗിക്കുന്ന മരുന്നുകളുണ്ടോ? ലഹരി ഉപയോഗമുണ്ടോ? കുടുംബ-ജോലി സാഹചര്യങ്ങള്‍ എങ്ങനെയാണ്‌? വ്യക്തിയുടെ ജീവിതത്തില്‍ അടുത്തിടെ എന്തെങ്കിലും മാറ്റമുണ്ടായോ?
ഇവയെല്ലാം മനസ്സിലാക്കിയശേഷമാണ്‌ ചികിത്സ തീരുമാനിക്കുന്നത്‌.
ചിലര്‍ക്കു psychotherapy / counselling പ്രധാന ചികിത്സയായിരിക്കും. ചിലര്‍ക്കു മരുന്ന്‌ ആവശ്യമായിരിക്കും. ചിലര്‍ക്കു രണ്ടും വേണം.
ഉറക്കം, വ്യായാമം, ജീവിതക്രമം, ലഹരി ഒഴിവാക്കല്‍, കുടുംബപിന്തുണ, stress management എന്നിവയും ചികിത്സയുടെ പ്രധാന ഭാഗങ്ങളാകാം.
ഗുരുതരമായ ചില അവസ്ഥകളില്‍ ആശുപത്രി ചികിത്സയും മറ്റു പ്രത്യേക ചികിത്സകളും ആവശ്യമായി വരാം.
അതായത്‌ ചികിത്സയുടെ ലക്ഷ്യം ഒരു ഗുളിക കൊടുത്ത്‌ ലക്ഷണം അടക്കുക മാത്രമല്ല.
ഒരു വ്യക്തിയെ വീണ്ടും സ്വന്തം ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരികയാണ്‌.
സൈക്യാട്രിസ്റ്റ്‌ ആണോ സൈക്കോളജിസ്റ്റാണ്‌ ആണോ?
ഈ സംശയം പലര്‍ക്കുമുണ്ട്‌.
സൈക്യാട്രിസ്റ്റ്‌ മെഡിക്കല്‍ പഠനത്തിനുശേഷം Psychiatryയില്‍ പ്രത്യേക പരിശീലനം നേടിയ ഡോക്ടറാണ്‌. മാനസിക രോഗങ്ങള്‍ തിരിച്ചറിയാനും, ആവശ്യമായ medical evaluation നടത്താനും, മരുന്നുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കാനും കഴിയും.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌ psychological assessment, psychotherapy, behavioral interventions തുടങ്ങിയവയില്‍ പ്രത്യേക പരിശീലനം നേടിയ വിദഗ്‌ധനാണ്‌.
പല സാഹചര്യങ്ങളിലും ഇവര്‍ പരസ്‌പരം ചേര്‍ന്നാണ്‌ പ്രവര്‍ത്തിക്കുന്നത്‌.
എവിടെ തുടങ്ങണമെന്ന്‌ അറിയില്ലെങ്കില്‍ കുടുംബ ഡോക്ടറെയോ സമീപത്തെ മാനസികാരോഗ്യ സേവന ത്തെയോ സമീപിച്ചാലും മതി. ആവശ്യമായ വിദഗ്‌ധന്റെ അടുത്തേക്ക്‌ അവിടെനിന്ന്‌ എത്തിക്കാം.
പ്രധാനപ്പെട്ടത്‌ ശരിയായ വാതില്‍ കണ്ടെത്തുന്ന തിനെക്കാള്‍, സഹായത്തിലേക്കുള്ള ആദ്യ വാതില്‍ തുറക്കുകയാണ്‌.
മനസ്സിന്‌ ദിവസവും കൊടുക്കേണ്ട ചെറിയ കാര്യങ്ങള്‍
മാനസികാരോഗ്യം ഒക്ടോബര്‍ 10-ന്‌ മാത്രം ഓര്‍ക്കേണ്ട ഒന്നല്ല.
നമ്മുടെ വീട്ടില്‍ ഒരു ചെറിയ മാറ്റം കൊണ്ടുവരാം. ഭക്ഷണമേശയില്‍ കുറച്ചുസമയം ഫോണുകള്‍ മാറ്റിവയ്‌ക്കാം.
കുട്ടി സ്‌കൂളില്‍നിന്നെത്തുമ്പോള്‍ “എത്ര മാര്‍ക്ക്‌ കിട്ടി?” എന്നതിനു മുമ്പ്‌ ഇടയ്‌ക്കെങ്കിലും “ഇന്ന്‌ എങ്ങനെയിരുന്നു?” എന്ന്‌ ചോദിക്കാം.
വയോധികരോട്‌ മരുന്ന്‌ കഴിച്ചോ എന്നു മാത്രമല്ല, “ഇന്ന്‌ മനസ്സ്‌ എങ്ങനെയുണ്ട്‌?” എന്നും ചോദിക്കാം.
ദിവസത്തില്‍ കുറച്ചുസമയം ശരീരത്തെ ചലിപ്പിക്കാം. ഉറക്കത്തിന്‌ വില കൊടുക്കാം. എല്ലാ പ്രശ്‌നങ്ങളും സോഷ്യല്‍ മീഡിയയില്‍നിന്ന്‌ പരിഹരിക്കാന്‍ ശ്രമിക്കാതെ വിശ്വസിക്കാ വുന്ന മനുഷ്യബന്ധങ്ങള്‍ നിലനിര്‍ത്താം.
എല്ലാറ്റിനുമുപരി വീട്ടില്‍ ഒരാള്‍ക്ക്‌ “എനിക്ക്‌ സുഖമില്ല” എന്ന്‌ ഭയമില്ലാതെ പറയാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കാം.
ഒരു ദിവസം ആരെങ്കിലും നിങ്ങളോട്‌ പറഞ്ഞാല്‍…
`എന്റെ മനസ്സ്‌ ശരിയല്ലെന്ന്‌ തോന്നുന്നു…’
ഉടനെ ഉപദേശം പറയണമെന്നില്ല. അവരെ തിരുത്തേ ണ്ടതുമില്ല. മറ്റൊരാളുമായി താരതമ്യം ചെയ്യേണ്ടതുമില്ല.
അവരുടെ വേദനയുടെ കാരണം നമുക്ക്‌ ചെറുതായി തോന്നിയാലും, അവര്‍ അനുഭവിക്കുന്ന വേദന ചെറുതാ കണമെന്നില്ല.
അപ്പോള്‍ ഒന്നു കേള്‍ക്കാം. “ഞാന്‍ കൂടെയുണ്ട്‌” എന്ന്‌ പറയാം. ആവശ്യമെങ്കില്‍ സഹായം തേടാന്‍ കൂടെ പോകാം.
ഒക്ടോബര്‍ 10-ലെ ലോക മാനസികാരോഗ്യ ദിനത്തില്‍ നമ്മള്‍ ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി:
മനസ്സിന്റെ വേദനയ്‌ക്ക്‌ എല്ലായ്‌പ്പോഴും മുറിവിന്റെ പാടുണ്ടാവില്ല. അതുകൊണ്ട്‌ കാണുന്നില്ല എന്ന കാരണ ത്താല്‍ അവഗണിക്കരുത്‌. മനസ്സിനും ഒരു ഭാഷയുണ്ട്‌. ആ ഭാഷ കേള്‍ക്കാം. വിധിക്കുന്നതിന്‌ മുമ്പ്‌ മനസ്സിലാക്കാം. മറച്ചു വയ്‌ക്കുന്നതിന്‌ പകരം സംസാരിക്കാം. ആവശ്യമുള്ള പ്പോള്‍ ചികിത്സ തേടാം. കാരണം മനസ്സ്‌ സുഖമായിരിക്കു മ്പോഴാണ്‌ ജീവിതം വെറുതെ മുന്നോട്ടുപോകുന്നതല്ല, ജീവിക്കാന്‍ കഴിയുന്നതാകുന്നത്‌.

സി. ഡോ. തേജസ്‌ SVM
(സൈക്യാട്രിസ്റ്റ്‌ ലിറ്റില്‍ ലൂര്‍ദ്ദ്‌ ഹോസ്‌പിറ്റല്‍ കിടങ്ങൂര്‍)

Previous Post

മാര്‍ തോമസ് ആനിമൂട്ടിലിന് ആദരം

Total
0
Share
error: Content is protected !!