കോട്ടയം: കോട്ടയം അതിരൂപതയുടെ സഹായ മെത്രാന് മോണ്‍സിഞ്ഞോര്‍ തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ ഇന്ന് ഒക്ടോബര്‍ 2 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ മെത്രോപ്പോലീത്തന്‍ ദൈവാലയത്തില്‍ നടത്തപ്പെടും. ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തുന്ന ഭാരതത്തിലെ വിവിധ കത്തോലിക്കാ രൂപതകളിലെയും ഇതര ക്രൈസ്തവ വിഭാഗങ്ങളിലെയും അന്‍പതിലധികം മേലദ്ധ്യക്ഷന്മാര്ക്കും ഇതര പ്രമുഖ വ്യക്തികള്‍ക്കും ഉച്ചകഴിഞ്ഞ് 1.45 ന് കത്തീഡ്രല്‍ കവാടത്തില്‍ സ്വീകരണം നല്‍കും. മെത്രാഭിഷേക ചടങ്ങുകള്‍ക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍, തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംബ്ലാനി എന്നിവര്‍ സഹകാര്‍മികരായിരിക്കും. കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയും കെ.സി.ബി.സി പ്രസിഡന്റുമായ അഭിവന്ദ്യ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പിതാവ് സന്ദേശം നല്‍കും. തുടര്‍ന്ന് മാര്‍ തോമസ് ആനിമൂട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് അനുമോദന സന്ദേശം നല്‍കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്കാരികരംഗത്തെ പ്രമുഖര്‍, വൈദികര്‍, സന്യസ്തര്‍, അതിരൂപതയിലെ ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍, യുവജനങ്ങള്‍, അതിരൂപതയിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പടെ നാലായിരത്തോളം പേര് ശുശ്രൂഷകളില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി അംഗങ്ങള്‍ അറിയിച്ചു. മെത്രാഭിഷേക ശുശ്രൂഷകള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് ക്രിസ്തുരാജ കത്തീഡ്രലില്‍ ഒരുക്കിയിരിക്കുന്നത്.
പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍
മെത്രാഭിഷേക ശുശ്രൂഷയില്‍ പങ്കെടുക്കാനെത്തുന്ന മെത്രാന്മാരുടെയും ഇതര വിശിഷ്ടവ്യക്തികളുടെയും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുവാന്‍ ബി.സി.എം കോളേജിന്റെയും സെന്റ് ആന്‍സ് സ്കൂളിന്റെയും മുന്‍വശത്തെ ഗ്രൗണ്ടുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
വൈദികരുടെ വാഹനങ്ങള്‍ മാമ്മന്‍ മാപ്പിള ഹാളിനു സമീപത്തുള്ള ജെറുസലേം മാര്‍ത്തോമാ ചര്‍ച്ച് ഗ്രൗണ്ടില്‍ പാര്‍ക്കു ചെയ്യാവുന്നതാണ്.
വിവിധ സ്ഥാപനങ്ങളില്‍ നിന്നും ഇടവകകളില്‍ നിന്നും സംഘമായി വാഹനങ്ങളിലെത്തുന്നവര്‍ക്ക് കളക്ടറേറ്റില്‍ നിന്നും തിരുനക്കരയിലേക്കുള്ള വഴിയില്‍ എം.ഡി. സ്കൂളിന്റെയും മാര്‍ ഏലിയ കത്തീഡ്രലിന്റെയും മാമന് മാപ്പിള ഹാളിന്റെയും ഗ്രൗണ്ടുകള്‍ പാര്‍ക്കിംഗിനായി വിനിയോഗിക്കാ വുന്നതാണ്. ബസ്, ട്രാവലര്‍ പോലുള്ള വലിയ വാഹനങ്ങളിലെത്തിച്ചേരുമ്പോള് ക്രിസ്തുരാജ കത്തീഡ്രലിനു സമീപം ആളുകളെ ഇറക്കിയതിനുശേഷം ശാസ്ത്രി റോഡിലെയും കോടിമത ഭാഗത്തെയും സൗകര്യപ്രദമായ പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യേണ്ടതാണെന്ന് സംഘാടകസമിതി അംഗങ്ങള്‍ അറിയിച്ചു.



