ടാമ്പാ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ സേക്രഡ് ഫൊറോനാ ദേവാലയത്തില്‍ സംഘടിപ്പിച്ച ഇടവക കലാമേള കലാപ്രകടനങ്ങളാലും ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി. കൂടാരയോഗങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന മത്സരങ്ങളില്‍ ഇടവകാംഗങ്ങള്‍ ആവേശപൂര്‍വം പങ്കെടുത്തു.
നടവിളി, പുരാതനപ്പാട്ട്, മാര്‍തൊമ്മന്‍ പാട്ട്, ക്നാനായ അച്ചായന്-അച്ചായത്തി എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍. ക്നാനായ സമുദായത്തിന്റെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന വേദിയായി കലാമേള മാറി.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിജോയ് പറപ്പള്ളിയുടെയും കൂടാരയോഗ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഓര്‍ലാന്‍ഡോയില്‍ നിന്നുള്ള ഫാദര്‍ ലിജോ കൊച്ചുപറമ്പില്‍, സിന്റോ വെട്ടുകല്ലേല്‍, ജോസ് ചാമക്കാല എന്നിവര്‍ വിധികര്‍ത്താക്കളായി.
മത്സരവിജയികളെ അഭിനന്ദിച്ച ഇടവക വികാരി ഫാദര്‍ ജോസ് ആദോപ്പള്ളില്‍, കലാമേളയില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി. ഇടവകയുടെ ഐക്യവും കൂട്ടായ്മയും സഹകരണവും വിളംബരം ചെയ്ത കലാമേള ഏവര്‍ക്കും അവിസ്മരണീയമായ അനുഭവമായി.
റോബിന് ചമ്പനിയില്‍




