പി.കെ.എം. കോളേജ് ഓഫ് എജ്യുക്കേഷന്‍, മടമ്പം ഇന്ത്യയുടെ 80 ആം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.സോഷ്യല്‍ സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഐ. ക്യു. എ.സി. കോ ഓര്‍ഡിനേറ്ററും ആയ ഡോ. വീണ അപ്പുക്കുട്ടന്‍ രാവിലെ 9 മണിക്ക് കോളേജ് അങ്കണത്തില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യദിന സമ്മേളനം നടന്നു.ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം അസി.പ്രൊഫസറും എന്‍.എസ്.എസ്. പ്രോഗ്രാം കോ- ഓര്‍ഡിനേറ്ററുമായ ഡോ.സിനോജ് ജോസഫ് ചടങ്ങിന് സ്വാഗതം പറഞ്ഞു. ഡോ. വീണ അപ്പുകുട്ടന്‍ അധ്യക്ഷത വഹിച്ച ഈ ചടങ്ങില്‍ നിര്‍മ്മലഗിരി കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ റവ.ഡോ.എം. ജെ. മാണി വിശിഷ്ടാതിഥിയായി . ജനാധിപത്യം സുവര്‍ണ്ണ ശോഭയോടെ നിലനില്‍ക്കുമെന്ന പ്രത്യാശ പങ്കു വെച്ചു കൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. സ്വാതന്ത്ര്യ ദിനം സ്വത്വസംരക്ഷണ ദിനം കൂടിയാണെന്നും അധ്യാപകര്‍ തങ്ങളുടെ ഇടപെടലിലൂടെ പുതിയ തലമുറയെ അത് തിരിച്ചറിയാനും സംരക്ഷിക്കാനും കഴിയുന്ന രീതിയില്‍ വളര്‍ത്തണമെന്നും അദേഹം ഓര്‍മ്മിപ്പിച്ചു. ഈ തലമുറയെ പ്രകാശമാനമായ, സമാധാനപൂര്‍ണ്ണമായ ഭാവിയിലേക്ക് നയിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത എല്ലാ അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കും ശോഭനമായ തൊഴില്‍ ജീവിതം നേര്‍ന്നുകൊണ്ട് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു. തുടര്‍ന്ന് കോളേജിന്റെ പുതുക്കിയ ന്യൂസ് ലെറ്റര്‍ ‘ഹാലോ ‘ യുടെ പ്രകാശന കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു. ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസര്‍ ഡോ. സിസ്റ്റര്‍ ഗ്രേസ് ലിന്‍ ജോസഫും വിദ്യാര്‍ത്ഥി പ്രതിനിധി ദേവിക കെ യും ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ശേഷം നടന്ന കോളേജ് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ പരിപാടിയെ കൂടുതല്‍ വര്‍ണ്ണാഭമാക്കി. വിദ്യാര്‍ഥി കോ.ഓര്‍ഡിനേറ്റര്‍ റോണ്‍സ് സാവി ചടങ്ങിന് നന്ദി അറിയിച്ചു.






