പരിശുദ്ധ കത്തോലിക്കാ സഭ അവസാനമായി പ്രഖ്യാപിച്ച വിശ്വാസസത്യമാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം. ദൈവമാതാവും നിത്യകന്യകയും അമലോത്ഭവയുമായ പരിശുദ്ധ കന്യകാമറിയം അവളുടെ ജീവിതാന്ത്യത്തില്‍ ആത്മശരീരങ്ങളുടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നതാണ് ഈ പ്രഖ്യാപനത്തിന്റെ ഉള്ളടക്കം. ‘ഉത്ഭവപാപത്തിന്റെ എല്ലാ മാലിന്യങ്ങളില്‍നിന്നും സ്വതന്ത്രയാക്കി സൂക്ഷിക്കപ്പെട്ടിരുന്ന നിര്‍മ്മല കന്യക അവളുടെ ഇഹലോകവാസത്തിന്റെ പരിസമാപ്തിയില്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു. കര്‍ത്താവ് അവളെ എല്ലാറ്റിന്റെയും രാജ്ഞിയായി ഉയര്‍ത്തി. ഇതു കര്‍ത്താക്കളുടെ കര്‍ത്താവും പാപത്തെയും മരണത്തെയും കീഴടക്കിയവനുമായ തന്റെ പുത്രനോട് അവള് കൂടുതല്‍ അനുരൂപപ്പെടാന്‍ വേണ്ടിയായിരുന്നു (Munificentissimus Deus, DS. 3903 മതബോധന ഗ്രന്ഥം 966. cfr.. വെളി 19, 16) എന്നു നിര്‍വചിച്ചുകൊണ്ട് 12- പീയൂസ് മാര്‍പാപ്പാ 1950 നവംബര്‍ മാസം ഒന്നാം തീയതി മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ആഴത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാതിരുന്നതുകൊണ്ട് പല സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും സഭൈക്യസംരംഭങ്ങളില് പല പ്രതിബന്ധങ്ങള്‍ക്കും കാരണമായി എന്നത് ഇവിടെ മറക്കുന്നില്ല. എന്നാല്‍, രക്ഷകനായ ഈശോമിശിഹായിലുള്ള വിശ്വാസത്തിനും സഭയുടെ പഠനങ്ങള്‍ക്കും ചേര്‍ന്നു പോകുന്നതും വിശ്വാസജീവിതത്തിന് ഉറച്ച പ്രതീക്ഷ നല്കുന്നതുമാണ് മറിയം ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന വിശ്വാസസത്യ പ്രഖ്യാപനവും അതിലുള്ള വിശ്വാസവും.
വിശുദ്ധഗ്രന്ഥാടിസ്ഥാനം
പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്ഗ്ഗാരോപണത്തെക്കുറിച്ചു വിശുദ്ധ ഗ്രന്ഥത്തില്‍ നേരിട്ടുള്ള പരാമര്‍ശങ്ങള്‍ ഒന്നുംതന്നെ ഇല്ല. എങ്കിലും, വിശുദ്ധ ഗ്രന്ഥത്തിലെ ചില വാക്യങ്ങളും രൂപങ്ങളും പ്രയോഗങ്ങളും ഈ വിശ്വാസസത്യത്തിന് ഉപോല്‍ബലകവും അടിസ്ഥാനവുമായി മനസ്സിലാക്കാം. അക്ഷയ തടികൊണ്ടു നിര്‍മ്മിച്ച വാഗ്ദാന പേടകവും (സങ്കീര്‍ത്തനം 132, 8) ഉത്തമ ഗീതത്തില്‍ വായിക്കുന്ന മണവാളനോടുചാരി നില്ക്കുന്ന വധുവും (8, 5) മറിയത്തിന്റെ അക്ഷയത്വത്തെയും സ്വര്‍ഗ്ഗ പ്രവേശനത്തെയും സൂചിപ്പിക്കുന്നതാണെന്നു സഭാ പിതാക്കന്മാര് സാക്ഷിക്കുന്നു.
മരിച്ചവരുടെ ഉയര്പ്പിനെക്കുറിച്ചു വിശുദ്ധ പൗലോസ് ശ്ലീഹ പഠിപ്പിക്കുമ്പോള്‍ ഓരോരുത്തരും താങ്കളുടെ ക്രമമനുസരിച്ച് ആദ്യം മിശിഹാ, പിന്നെ മിശിഹായുടെ ആഗമനത്തില്‍ അവനുള്ളവരും എന്ന് എഴുതിയിരിക്കുന്നത് (1കൊറി15, 23) ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും ഉയിര്‍ക്കുക എന്നാണര്‍ത്ഥം. ആദ്യം മിശിഹായും തുടര്‍ന്ന് മിശിഹായ്ക്കുള്ളവരില് ഏറ്റവും പ്രിയപ്പെട്ടവള്‍ എന്ന നിലയില്‍ മറിയത്തിന്റെ ഉയര്പ്പും സര്ഗ്ഗാരോപണവും യുഗാന്ത്യത്തിനുമുമ്പേതന്നെ സംഭവിച്ചു എന്നു ന്യായമായും അനുമാനിക്കാം. അതുപോലെതന്നെ മിശിഹായുടെ കുരിശു മരണസമയത്ത് അന്നുവരെ മരിച്ച വിശുദ്ധര്‍ ഉയിര്ക്കുന്നതിനെക്കുറിച്ചു വിവരിക്കുന്നതിനാല്‍ (മത്താ 27, 52-53)യുഗാന്ത്യത്തിനു മുമ്പേയുള്ള ഉയര്‍പ്പ് എന്നതു വിശുദ്ധ ഗ്രന്ഥത്തില്‍ അന്യമല്ല എന്ന് അനുമാനിക്കാവുന്നതാണ്.
മംഗളവാര്‍ത്ത സമയത്തു പിതാവായ ദൈവം മറിയത്തെ ദൂതന് വഴി അഭിസംബോധന ചെയ്തത് ‘കൃപ നിറഞ്ഞവളെ’ (ലൂക്കാ 1, 28) എന്നാണ്. ഈ കൃപയുടെ പരിപൂര്‍ത്തിയാണ് അവളുടെ മരണത്തില്‍ സംഭവിച്ചത്. ഒരു വ്യക്തി ഏറ്റവും നിസ്സഹായ അവസ്ഥയില്‍ എത്തുന്നത് അയാളുടെ മരണസമയത്താണ്. മരണം പാപത്തിന്റെ ഫലവും ആണല്ലോ. എന്നാല്‍, മറിയം അമലോത്ഭവയാകയാല് അവളുടെ മരണത്തില്‍ ദൈവകൃപ പൂര്‍ത്തീകരിക്കപ്പെട്ടു മരണമെന്ന ഉറക്കത്തെ മറികടന്ന് അവളെ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചു എന്ന വിശ്വാസം യുക്തിഭദ്രമായ ഒന്നാണ്. മറിയം കൃപയാല്‍ പരിപൂര്ണ്ണയാക്കപ്പെട്ടത് മരണത്തിലൂടെ അവള് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടപ്പോഴാണ്.
വെളിപാട് പുസ്തകം പന്ത്രണ്ടാം അധ്യായത്തില്‍ പരാമര്‍ശിക്കുന്ന മഹത്വീക്കപ്പെട്ട സ്ത്രീ ഒരേസമയം സഭയുടെയും മറിയത്തിന്റെയും പ്രതീകമാണ്. സ്വര്‍ഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ട ആ സ്ത്രീ സ്വര്‍ഗ്ഗാരോപിതയായ മറിയത്തെക്കുറിച്ചുള്ള സൂചനയായിട്ടാണ് മരിയ ശാസ്ത്രജ്ഞന്മാരും മരിയ ശാസ്ത്ര വെളിച്ചത്തില്‍ ഈ വിശുദ്ധ ഗ്രന്ഥം വ്യാഖ്യാനിക്കുന്ന വിശുദ്ധ ഗ്രന്ഥപഠയിതാക്കളും നിഗമനത്തില്‍ എത്തുന്നത്.
ചരിത്രവഴിയില്‍
പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ പ്രഖ്യാപനത്തിന്റെ ചരിത്ര വഴിയില്‍ രണ്ടു കൈവഴികളാണുള്ളത്.
ഒന്നാമത്തേത്, മൂന്നാം നൂറ്റാണ്ടുമതലുള്ള സഭാപിതാക്കന്മാരുടെയും പുരാതന രേഖകളിലൂടെയുമുള്ള അറിവാണ്. വിസ്താരഭയത്താല്‍ ഈ ലേഖനത്തില്‍ ഈ ഭാഗം കൂട്ടിച്ചേര്‍ത്തിട്ടില്ല.
രണ്ടാമത്തേത്, പാരമ്പര്യത്തിന്റെ വഴിയാണ്. അത് ആദ്യത്തെ കൈവഴിയുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍, പാരമ്പര്യത്തിലെ വിശ്വാസത്തിന്റെ വളര്‍ച്ച അതിവിശിഷ്ടവും മനോഹരമായ അടിയുറച്ച വിശ്വാസം തന്നെയാണ്. പരിശുദ്ധ കന്യകാമറിയം ആത്മശരീരങ്ങളുടെ സ്വര്‍ഗ്ഗാരോപിതയായി എന്നത് ആദ്യ നൂറ്റാണ്ട് മുതല്‍ ജനത്തിന്റെ വിശ്വാസമായിരുന്നു. ചരിത്രരേഖകളെക്കാളും ഉറപ്പുള്ള അടിസ്ഥാനമാണ് വിശ്വാസഗണത്തിന്റെ ഈ വിശ്വാസബോധ്യം (sensus fidei)). മറിയം മുഴുസത്തയോടെ അതായത്, ആത്മാവോടും ശരീരത്തോടുംകൂടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നതായിരുന്നു ആദ്യ നൂറ്റാണ്ടുമുതലുള്ള വിശ്വാസം. ഈ വിശ്വാസം നിലനില്ക്കത്തന്നെയാണ് എ. ഡി 431-ലെ ദൈവമാതൃത്വ പ്രഖ്യാപനം. അതേത്തുടര്‍ന്ന് ആറാം നൂറ്റാണ്ടു മുതല്‍ ആരംഭിച്ച ദൈവമാതൃത്വ തിരുനാളിനു രൂപഭേദംവന്ന്, മറിയത്തിന്റെ നിദ്ര, മറിയത്തിന്റെ കടന്നുപോകല്‍, മറിയത്തിന്റെ കരേയറ്റം, സ്വര്‍ഗ്ഗാരോപണം, സുറിയാനി സഭകളില്‍ മറിയത്തിന്റെ ശൂനായ-ശൂനോയോ തിരുനാള്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ ഈ വിശ്വാസം ദൃഢീകരിച്ച് ആഘോഷിച്ചു പോന്നു.
1950 നവംബര്‍ 1-ന് മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചപ്പോള്‍ പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പ 19 നൂറ്റാണ്ടായി നിലനിന്നിരുന്ന വിശ്വാസികളുടെ വിശ്വാസബോധ്യ (sensus fidei) മാണ് ഈ നിര്‍വചനത്തിന് അടിസ്ഥാനമായി എടുത്തിരിക്കുന്നതില്‍ പ്രധാനപ്പെട്ടത് എന്നു പ്രഖ്യാപിക്കുകയും ചെയ്തു. വിശ്വാസികളുടെ വിശ്വാസബോധ്യം തെറ്റാകില്ല എന്നു സഭ ഇന്നും വിശ്വസിക്കുകയും ചെയ്യുന്നു.
വിശുദ്ധ തോമസ് അക്വീനാസ് സ്വര്‍ഗ്ഗാരോപണത്തിന് ഒരു ദൈവശാസ്ത്രം അര്‍ത്ഥം നല്കി. കര്‍ത്താവായ ഈശോ മരണശേഷം കബറിടത്തിലായിരുന്നപ്പോള് അവന്റെ ശരീരവും ആത്മാവും മൂന്നാം ദിവസംവരെ വേര്പ്പെട്ടിരിക്കാന് അവന്‍തന്നെ അനുവദിച്ചു. എന്നാല്‍, മറിയത്തിന്റെ മരണത്തില്‍ അത്രയുംപോലും വേര്‍തിരിവ് അനുവദിക്കാതെ അവളുടെ മരണത്തോടെ ആത്മാവും ശരീരവും പുത്രന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്നു വിശുദ്ധന് പഠിപ്പിക്കുന്നു.
മിശിഹായുടെ ഉയിര്‍പ്പും മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണവും
പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം പൂര്‍ണമായി ഗ്രഹിക്കണമെങ്കില്‍ മനുഷ്യരക്ഷയുടെ മഹാരഹസ്യമായ മിശിഹായുടെ ഉയിര്‍പ്പിന്റെ അര്‍ത്ഥം മനസ്സിലാക്കണം. മാനവരക്ഷയ്ക്കായി പിറന്ന ദൈവപുത്രനായ മിശിഹാ പീഡനവും ഉത്ഥാനവുംവഴി മഹീകൃതനായി പിതാവിന്റെ മഹത്വത്തില്‍ പ്രവേശിച്ചതിന്റെ ആഘോഷമാണ് ഉത്ഥാനം. ഉത്ഥാനത്തിലൂടെ മിശിഹാ നിദ്ര പ്രാപിച്ചവരില്നിന്നുള്ള ആദ്യ ഫലമായി. മനുഷ്യപുത്രന്റെ ഈ രഹസ്യത്തില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചവളാണ് മറിയം. അവള് ദൈവപുത്രനെ ഗര്‍ഭം ധരിച്ചു ജന്മം നല്കി അവനെ രക്ഷാകര രഹസ്യ പൂര്‍ത്തീകരണത്തിനായി ഒരുക്കി. അങ്ങനെ സംഭവിക്കട്ടെ (fiat) എന്ന് പറഞ്ഞു തുടങ്ങിയ മനുഷ്യരക്ഷയ്ക്ക് വേണ്ടിയുള്ള മറിയത്തിന്റെ സഹകരണം പുത്രന്റെ എല്ലാ പ്രവര്‍ത്തികളിലും അമ്മ എന്ന നിലയില്‍ തുടര്‍ന്നു (മതബോധന ഗ്രന്ഥം 973). അന്നയുടെ ഉദരത്തില്‍ ഒരുവായ നിമിഷംമുതല്‍ പുത്രനായ മിശിഹായുടെ രക്ഷാകരപദ്ധതിയുടെ ഫലത്താല്‍ രക്ഷിക്കപ്പെട്ട മറിയം പുത്രന്റെ ജീവിതാനുഭവങ്ങളിലും പീഡാസഹനങ്ങളിലും മഹത്വത്തിലും സവിശേഷമായി പങ്കുകാരിയായി. തന്റെ ഉയിര്‍പ്പിലൂടെ മഹത്വീകരിക്കപ്പെട്ട മിശിഹാ മറിയത്തിനു നല്കിയ സ്വര്‍ഗ്ഗാരോപണത്തിലൂടെ തന്റെ പെസഹാരഹസ്യത്തിന്റെ ഫലം പൂര്‍ണ്ണമായും അവളില്‍ നിറവേറ്റി. മനുഷ്യരക്ഷയുടെ ഫലം പൂര്‍ണ്ണമായും മുഴുവനായും ആദ്യമായും അനുഭവിച്ച പുതിയ നിയമത്തിലെ ആദ്യ മനുഷ്യസൃഷ്ടിയാണു മറിയം. ഇത്തരത്തില്‍ കര്‍ത്താവിന്റെ ഉയര്പ്പിലൂടെയുള്ള മഹത്വീകരണം മറിയത്തിന്റെ മരണത്തിലൂടെയുള്ള മഹത്വീകരണത്തിന് അടിസ്ഥാനവും കാരണവുമായി. രക്ഷകനായ മിശിഹായുടെ ഉത്ഥാനമാണ് മറിയത്തിന്റെ സ്വര്ഗ്ഗാരോപണരഹസ്യം മനസ്സിലാക്കാനായിട്ടുള്ള താക്കോല്‍.
ദൈവശാസ്ത്രവിചിന്തനം
മിശിഹാ തന്റെ മരണോത്ഥാനങ്ങളിലൂടെ പാപത്തെയും മരണത്തെയും അതിജീവിച്ച് സ്വര്‍ഗ്ഗപ്രാപ്തനായി പിതാവിന്റെ മഹത്വത്തിലേക്കു തിരിച്ച് കയറി വലതുഭാഗത്ത് ഉപവിഷ്ടനായി. പുത്രന്റെ ജീവിത-മരണോത്ഥാനങ്ങളില്‍ സവിശേഷമായി പങ്കുചേര്‍ന്ന മറിയം പുത്രനോടു പൂര്‍ണ്ണമായും മുഴുവനായും അനുരൂപപ്പെടുകയായിരുന്നു (Munificentissimus Deus 40). ഈ അനുരൂപണപ്പെടലിലൂടെ പുത്രന് മരണത്തിന്റെയും പാപത്തിന്റെയുംമേല്‍ പുത്രന്നേടിയ വിജയത്തില്‍ പൂര്‍ണ്ണമായി മറിയം പങ്കാളിയായി. പുത്രന്റെ രക്ഷാകര ദൗത്യത്തിന്റെ ഫലമായി പാപത്തെയും മരണത്തെയും അതിജീവിച്ച് ശരീരത്തോടും ആത്മാവോടുംകൂടെ സ്വര്‍ഗീയ മഹത്വത്തിലേക്ക് അവള് ചേര്‍ക്കപ്പെട്ടു. അതാണ് മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിന്റെ രഹസ്യം.
സ്വര്‍ഗ്ഗാരോപണം പങ്കിടുന്ന വിശ്വാസം
പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം വിശ്വസിക്കാനും ആഘോഷിക്കാനും മാത്രമുള്ള ഒരു ദൈവശാസ്ത്ര തത്വമല്ല. ക്രിസ്തീയ ജീവിതത്തില്‍ ആഘോഷിക്കാനും പ്രതീക്ഷിക്കാനുമുള്ള യാഥാര്‍ത്ഥ്യമാണ്.
ഒന്നാമത്തേത്, സ്വര്‍ഗത്തെക്കുറിച്ചുള്ള ചിന്തയില്‍ ജീവിതം ക്രമപ്പെടുത്തണമെന്ന പാഠമാണ്. സ്വര്‍ഗ്ഗം ചരിത്രത്തിലോ ചരിത്രത്തിനതീതമായോ ഉള്ള ഒരു സ്ഥലമല്ല; സ്വര്‍ഗം ക്രിസ്തു ശാസ്ത്രപരമായി മനസ്സിലാക്കണം. സ്വര്‍ഗ്ഗം എന്നാല്‍ മഹത്വീകൃതനായ മിശിഹായാണ് എന്നാണര്‍ത്ഥം. ഈ മഹത്വത്തില്‍ പങ്കുകാരാകാനുള്ള വിളിയാണല്ലോ നമുക്കു ലഭിച്ചിരിക്കുന്നത് (2 പത്രോസ് 1, 4). നാം ഈ ലോകത്തില്‍ ആയിരിക്കുമ്പോള്‍ പരിശുദ്ധ ത്രിത്വം നമ്മില്‍ വന്നു വസിക്കുന്നു (യോഹ 14, 23). മരണത്തോടെ നാം മിശിഹായുടെ, പരിശുദ്ധ ത്രിത്വത്തിന്റെ മഹത്വത്തില്‍ ഇടം (space) കണ്ടെത്തുന്നു. അതായത്, സ്വര്‍ഗ്ഗം വ്യക്തിപരവും ക്രിസ്തു ശാസ്ത്രപരവുമായ ഒരു യാഥാര്‍ത്ഥ്യമാണ്. നാം ക്രിസ്തുവിന്റെ മഹത്വത്തില്‍ ആയിരിക്കുന്ന അനുഭവം. അതാണു സ്വര്‍ഗ്ഗം. പരിശുദ്ധ കന്യകാമറിയത്തിന് ലഭിച്ചതും അതുതന്നെ. അവള് പരിശുദ്ധ ത്രിത്വത്തിന്റെ മഹത്വത്തില്‍ പുത്രനോടൊപ്പം മഹത്തീകരിക്കപ്പെട്ട ശരീരത്തോടെ വാഴുന്നു. അതാണു സ്വര്‍ഗ്ഗാരോപണം.
രണ്ടാമത്തേത്, മനുഷ്യജീവിതം മരണത്തിലേക്കുള്ള യാത്രയാണെന്നും നാം മരണം പേറി ജീവിക്കുന്നു എന്നുമുള്ള പ്രത്യയശാസ്ത്രം അര്ദ്ധരഹിതമാണെന്ന് സ്വര്‍ഗ്ഗാരോപണം ഓര്‍മിപ്പിക്കുന്നു. നാം മരണത്തെയല്ല ഉത്ഥാനത്തെയാണു നമ്മില്‍ വഹിക്കുന്നത്. മാമോദിസയിലൂടെ മിശിഹായുടെ പെസഹാരഹസ്യത്തില്‍ പങ്കുചേരുന്നതുവഴി അവന് പാപത്തിന്റെയും മരണത്തിന്റെയുംമേല്‍ നേടിയ വിജയത്തിലും മാമോദിസ സ്വീകരിക്കുന്നയാള്‍ പങ്കാളിയാവുകയും ഉത്ഥാന ചൈതന്യം വഹിക്കുന്ന പുതിയ മനുഷ്യരായി തീരുകയും ചെയ്യുന്നു (1 കൊറി 15, 21-24).
മൂന്നാമത്തേത്, സ്വര്‍ഗ്ഗാരോപണം സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ബോധ്യം നമ്മില്‍ ഉറപ്പാക്കുന്നതുപോലെ മാനവരാശിയുടെ സ്വര്ഗ്ഗപ്രാപ്തിയെക്കുറിച്ചുള്ള പ്രതീക്ഷയും ഉറപ്പാക്കുന്നു. മാനവരക്ഷയെ കുറിച്ചുള്ള കര്‍ത്താവിന്റെ വാഗ്ദാനം (യോഹ 14, 3) പൂര്‍ത്തിയാക്കുവാന്‍ മഹത്വത്തില്‍ കര്‍ത്താവ് പ്രത്യക്ഷപ്പെടും (യോഹ 5, 24-29; മത്താ 25, 31-40). അന്നു മാനവരാശിക്കു സംഭവിക്കാനിരിക്കുന്ന, ആത്മാവിന്റെയും ശരീരത്തിന്റെയും മഹത്വീകരണം മറിയത്തില്‍ അവളുടെ മരണത്തോടെ പൂര്‍ത്തിയായി. ‘ശരീരത്തിന്റെ ഉയര്‍പ്പിലും നിത്യമായ ജീവിതത്തിലുമുള്ള’ വിശ്വാസം വിശ്വാസപ്രമാണത്തില്‍ നാം പ്രദീക്ഷിച്ചു പ്രഘോഷിക്കുന്നതു മറിയത്തില്‍ അവളുടെ മരണത്തോടെ പൂര്‍ത്തിയായി. അതാണ് മറിയത്തിന്റെ ആത്മശരീരങ്ങളുടെയുള്ള സ്വര്‍ഗ്ഗാരോപണം.
സ്വര്‍ഗ്ഗാരോപണം ഓര്‍മ്മിപ്പിക്കുന്ന നാലാമത്തെ വലിയ രഹസ്യം മനുഷ്യ മഹത്വമാണ്. എല്ലാ മനുഷ്യരും ദൈവത്തിന്റെ സൃഷ്ടിയാണ്; ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണു മനുഷ്യന്. മഹനീയമാണു മനുഷ്യജീവിതം എന്ന് ഈ തിരുനാള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. ദൈവത്തിന്റെ സൃഷ്ടിയില്‍ സര്‍വ്വോന്നത സൃഷ്ടിയാണ് മനുഷ്യന്. ദൈവ മഹത്വത്തെ കാണുന്നതും കാണേണ്ടതും പരസ്പരം വായിക്കുന്നതും വായിക്കേണ്ടതും മനുഷ്യനിലാണ്. കാരണം, ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അവന്റെ മഹത്വത്തില്‍ പങ്കുകാരാക്കാന്‍ വേണ്ടിയാണ്. സൃഷ്ടിയുടെ ലക്ഷ്യം മഹത്വീകരണമാണ്. ഈ വലിയ സത്യമാണ് സ്വര്‍ഗ്ഗാരോപണം നമ്മെ ഓര്‍മിപ്പിക്കുന്നത്. നാം ദൈവത്തിന്റെ കരങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടവരാണ്. ഒരുപക്ഷേ മരണവുമായി ബന്ധപ്പെടുത്തി ഇതെക്കുറിച്ചു ചിന്തിച്ചാല്‍ കാര്യങ്ങള്‍ ഭദ്രമായി മനസ്സിലാകും. കുശവന് താന്‍ സൃഷ്ടിച്ച ഒരു പാത്രത്തെ നോക്കിയിട്ട് ഇങ്ങനെ ചിന്തിക്കുന്നു; അതില്‍ എന്തോ കുറവു സംഭവിച്ചിരിക്കുന്നു; ആകാരത്തില്‍ എന്തോ പിഴവു സംഭവിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയപ്പോള്‍ അത് ഉടച്ചു വാര്‍ത്ത് രൂപ ഭംഗിയുള്ളതാക്കുന്നു. അതാണു മരണത്തിലൂടെ ദൈവം നടത്തുന്ന പുന:സൃഷ്ടിയും. താന്‍ സൃഷ്ടിച്ച മനുഷ്യനില്‍ എന്തോ കുറവുണ്ട് എന്നു ദൈവത്തിനു തോന്നുകയാണ്. മരണത്തിലൂടെ അതിന്റെ പൂര്‍ണ്ണ മഹത്വത്തിലേക്ക് ദൈവംതന്നെ മനുഷ്യനെ അവന്റെ മഹത്വത്തിന്റെ പൂര്‍ണതയിലേക്ക് എത്തിക്കുന്നു. ഏതു ലക്ഷ്യത്തോടെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് അതിന്റെ പൂര്‍ണ്ണതയിലേക്കു മരണത്തിലൂടെ ദൈവം മനുഷ്യനെ എത്തിക്കുന്നു. ആ പൂര്‍ണ്ണതയാണ് മനുഷ്യന്റെ ഉത്ഥാനം അല്ലെങ്കില്‍ മഹത്വീകരണം. മറിയത്തില്‍ ഈ മഹത്വീകരണം മരണത്തോടെ സംഭവിച്ചു. അതാണ് അവളുടെ സ്വര്‍ഗ്ഗാരോപണം. ഇതിലേക്കാണു നാമും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം പങ്കിടുന്ന അഞ്ചാമത്തെ ചിന്ത മനുഷ്യ ശരീരത്തെ കുറിച്ചുള്ളതാണ്. മനുഷ്യശരീരം ദൈവത്തിന്റെ കരങ്ങളാല്‍ പ്രത്യേകം മനഞ്ഞെടുക്കപ്പെട്ടതാണ്. അതില്‍ ജീവശ്വാസം നല്കി ദൈവീകതയിലേക്കുള്ള വിത്തു പാകിയിരിക്കുന്നു. മനുഷ്യസൃഷ്ടിയിലെ ശരീരം, അതു പല രൂപത്തിലും ഭാവത്തിലും ഈ ലോകത്തില്‍ കാണാം; ആകാരഭംഗിയില്‍ വ്യത്യാസമുണ്ടാകാം; എന്നാല്‍, മനുഷ്യശരീരം ദൈവത്തിന്റെ മഹത്വത്തിലേക്കു രൂപാന്തരപ്പെടാന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. സ്വര്‍ഗ്ഗീയാനുഭവം ആത്മാവിനുമാത്രം ഉള്ളതല്ല; ശരീരത്തിനും ഉള്ളതാണെന്നു പരിശുദ്ധ കന്യകാമറിയത്തിന്റെ ആത്മശരീരങ്ങളുടെയുള്ള സ്വര്‍ഗ്ഗാരോപണം നമ്മെ പഠിപ്പിക്കുന്നു. ഈ ചിന്തകളില്‍ നിന്നു പരസ്പരം ബഹുമാനിക്കാനും ദൈവം നമുക്കു നല്‍കിയിരിക്കുന്ന ശരീരത്തെ ഭദ്രമായി കാത്തുസൂക്ഷിക്കാനും മാനിക്കാനും അതിന്റെ വിശുദ്ധിയും മൂല്യവും എത്രമാത്രമെന്നു മനസ്സിലാക്കി പരസ്പരം ആദരിക്കാനും നാം കടപ്പെട്ടവരാണെന്ന് ഈ വിശ്വാസ സത്യപ്രഖ്യാപനവും തിരുനാളും നമ്മെ ഓര്‍മിപ്പിക്കുന്നു.
ഉപസംഹാരം
പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം ക്രിസ്തീയ ജീവിതം അര്‍ത്ഥപൂര്‍ണ്ണമായ ജീവിതശൈലിയാക്കി മാറ്റുവാന്‍ സഹായിക്കുന്ന സത്യമാണ്.
1 സ്വര്‍ഗ്ഗം ഉണ്ട് എന്ന സത്യം സ്വര്‍ഗ്ഗാരോപണം നമ്മെ ഓര്‍മിപ്പിക്കുന്നു. അതൊരു സ്ഥലമോ അവസ്ഥയോ അല്ല; അതു ഈശോമിശിഹായോടൊപ്പം പരിശുദ്ധ ത്രിത്വത്തിന്റെ മഹത്വത്തിലുള്ള ജീവിതമാണ്.
ച്ച ഈ മഹത്വത്തിലാണു സ്വര്‍ഗ്ഗാരോപണത്തിലൂടെ മറിയം എത്തിയിരിക്കുന്നത്. എനിക്കും നമുക്കൊരുത്തര്ക്കുല് കര്‍ത്താവിന്റെ മഹത്വത്തില്‍ ലഭിക്കാനുള്ള അനുഗ്രഹം മറിയത്തിന് അവരുടെ മരണത്തോടെ ലഭ്യമായി.
2 ഈ സ്വര്‍ഗീയ മഹത്വത്തില്‍ ഞാനും പങ്കുകാരനാ/രിയാകും എന്ന വലിയ പ്രതീക്ഷ കൈവിടാതെ ജീവിക്കാന്‍ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം നമ്മെ സഹായിക്കുന്നു. കാരണം, നാം പ്രതീക്ഷിക്കുന്നതിലാണ് പരിശുദ്ധ കന്യകാമറിയം ഇന്ന് ജീവിക്കുന്നത്.
3 സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള ചിന്തയും വിശ്വാസവും വളര്‍ത്തുന്നതിനു സ്വര്ഗ്ഗാരോപതിയായ പരിശുദ്ധ കന്യകാമറിയം മാനവരാശിക്ക് എന്നം മാതൃകയും ഉറപ്പും മാര്‍ഗദീപവുമായി നിലനില്ക്കുന്നു.
4 സഭ മുഴുവനും നാമോരോരുത്തരും തന്നോടൊപ്പവും സ്വര്‍ഗ്ഗത്തില്‍ പുത്രനോടൊപ്പവും ആയിരിക്കുവാന്‍ മറിയം യാചനയും പ്രാര്‍ത്ഥനയും തുടര്‍ന്നുകൊണ്ടിരിക്കുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഇങ്ങനെ പഠിപ്പിക്കുന്നു: പരിശുദ്ധ കന്യകാമറിയം ‘സ്വര്ഗാരോപിതയായതിനുശേഷം അവള് തന്റെ രക്ഷാകര്മ്മം മാറ്റിവെച്ചിട്ടില്ല; പ്രത്യുതാ, വൈവിധ്യമാര്‍ന്ന തന്റെ മധ്യസ്ഥതയില്‍ നമുക്കു നിത്യരക്ഷയുടെ മാര്‍ഗ്ഗം നേടിത്തരാന്‍വേണ്ടി തുടര്‍ന്നും പരിശ്രമിക്കുന്നു. എന്നാല്‍, പ്രവാസികളും അപകടങ്ങളിലും പ്രയാസങ്ങളിലും വ്യാപരിക്കുന്നവരുമായ സഹോദരരെ മാതൃസഹജമായ സ്നേഹത്താല്‍ പിതാവിന്റെ ഭവനത്തിലെ സന്തോഷത്തില്‍ കൊണ്ടെത്തിക്കുന്നതുവരെ അവള് പരിപാലിക്കുന്നു’ (ജനതകളുടെ പ്രകാശം 62).
ഇതില്‍ വിശ്വസിച്ചു ജീവിക്കാന്‍ വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ നമ്മെ ഓര്‍മിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘പുതിയ ഹവ്വയും സഭയുടെ അമ്മയുമായ പരിശുദ്ധ ദൈവമാതാവ് ക്രിസ്തുവിന്റെ അവയവങ്ങള്‍ക്കുവേണ്ടി സ്വര്‍ഗ്ഗത്തില്‍ മാതാവിന്റെ ധര്‍മ്മം തുടര്‍ന്നും നിര്വഹിച്ചുകൊണ്ടിരിക്കുന്നുവെന്നു നാം വിശ്വസിക്കുന്നു’. (മതബോധന ഗ്രന്ഥം 975; Paul VI, Solemn Profession of Faith:CREDO of the people, no. 15).
സ്വര്ഗ്ഗമഹത്വത്തില് ആത്മശരീരങ്ങളോടെ എത്തിച്ചേര്‍ന്നിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തോടൊപ്പമായിരിക്കുനുള്ള നമ്മുടെ തീര്‍ത്ഥാടനത്തിലായിരിക്കുന്ന നമ്മുടെ പാദങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതും പ്രകാശം പകരുന്നതും ദിവ്യനക്ഷത്രമായ പരിശുദ്ധ കന്യകാമറിയമാണ്. അവള് നമ്മള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു; നമുക്ക് അവളോടും പ്രാര്‍ത്ഥിക്കാം.
ഫാ. ജോര്‍ജ് കറുകപ്പറമ്പില്‍




