ജന്മദിനാഘോഷം കാരുണ്യത്തിന്റെ പാതയില്‍; തമിഴ്നാട്ടിലെ കുട്ടികള്‍ക്ക് ചിക്കാഗോ സെന്റ് മേരീസ് CML യൂണിറ്റിന്റെ സ്നേഹസമ്മാനം

ചിക്കാഗോ: ജന്മദിനാഘോഷത്തെ കാരുണ്യത്തിന്റെ ഉത്സവമാക്കി മാറ്റി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ CML യൂണിറ്റ്. യൂണിറ്റിന്റെ ജന്മദിന കാരുണ്യ പദ്ധതിയായ **’Share with Joy, Prayer with Care’**ന്റെ ഭാഗമായി ജൂണ്‍ 28-ന് തമിഴ്നാട്ടിലെ മനപ്പാറൈയ്ക്കു സമീപമുള്ള മുല്ലപ്പള്ളി ഗ്രാമത്തിലെ **DKSHA (Deva Kirubai Social Help Association)**യില്‍ സ്നേഹവും കരുതലും നിറഞ്ഞ ജന്മദിനാഘോഷം സംഘടിപ്പിച്ചു.

അതേ ദിവസം ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ ജൂണ്‍ മാസത്തില്‍ ജന്മദിനം ആഘോഷിക്കുന്നവര്‍ക്കായി ഇടവക വികാരി ഫാ. സിജു മുടക്കോടിലിന്‍െറ  നേതൃത്വത്തില്‍ പ്രത്യേക ജന്മദിനാശീര്‍വാദ ശുശ്രൂഷയും നടന്നു. ജന്മദിനത്തിന്റെ സന്തോഷം സമൂഹത്തിലെ അര്‍ഹരായവരുമായി പങ്കിടുകയും അവരുടെ ജീവിതത്തില്‍ പ്രത്യാശയുടെ വെളിച്ചം പകരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് CML യൂണിറ്റ് ഈ കാരുണ്യ സംരംഭം ആവിഷ്‌കരിച്ചിരിക്കുന്നത്.

തിരുച്ചിറപ്പള്ളി ജില്ലയിലെ മുല്ലപ്പള്ളി ഗ്രാമത്തില്‍ 126-ഓളം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സേവന സംഘടനയാണ് DKSHA. ചിക്കാഗോയിലെ ജൂണ്‍ മാസത്തില്‍ ജന്മദിനം ആഘോഷിക്കുന്ന ഇടവകാംഗങ്ങളുടെ സ്നേഹപങ്കാളിത്തത്തോടെയാണ് കുട്ടികള്‍ക്കായി പ്രത്യേക ആഘോഷം സംഘടിപ്പിച്ചത്.

കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിന് നിറവും ചൈതന്യവും പകര്‍ന്നു. തുടര്‍ന്ന് എല്ലാ കുട്ടികളുടെയും ജന്മദിനം ഒരുമിച്ച് ആഘോഷിച്ച് കേക്ക് മുറിക്കുകയും കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും വിതരണം ചെയ്യുകയും ചെയ്തു. ഓരോ കുട്ടിക്കും ജന്മദിന സമ്മാനങ്ങളും കൈമാറി.

പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി സ്‌കൂള്‍ കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തതും ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായി. വിദ്യാഭ്യാസത്തിനുള്ള പിന്തുണയും ജന്മദിനത്തിന്റെ സന്തോഷവും ഒരേസമയം അനുഭവിക്കാനായതോടെ കുട്ടികള്‍ക്ക് ഈ ദിനം ഇരട്ടിമധുരമായി.

1993-ല്‍ ഐസക് അരുളപ്പന്‍ സ്ഥാപിച്ച DKSHA, അനാഥരും അര്‍ധാനാഥരുമായ കുട്ടികള്‍, വിധവകള്‍, ദരിദ്ര കര്‍ഷകര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ എന്നിവരുടെ സമഗ്ര ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ലാഭേച്ഛയില്ലാത്ത സാമൂഹിക സേവന സംഘടനയാണ്. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, കുടുംബാധിഷ്ഠിത സംരക്ഷണം, സാമ്പത്തിക സഹായം, മാനസികാരോഗ്യ സേവനങ്ങള്‍, സമൂഹവികസന പദ്ധതികള്‍ തുടങ്ങി വിവിധ മേഖലകളില്‍ സംഘടന ശ്രദ്ധേയമായ സേവനമാണ് കാഴ്ചവെക്കുന്നത്. Miracle Foundation-ന്റെ സഹകരണത്തോടെ കുടുംബാധിഷ്ഠിത ശിശുപരിപാലന മാതൃക വിജയകരമായി നടപ്പാക്കി നിരവധി കുട്ടികളെ സ്വന്തം കുടുംബങ്ങളിലേക്ക് തിരിച്ചെത്തിക്കാനും സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സ്‌നേഹവും പങ്കുവെക്കലും കാരുണ്യവും നിറഞ്ഞ ഈ ജന്മദിനാഘോഷം കുട്ടികള്‍ക്കും സംഘാടകര്‍ക്കും അതിഥികള്‍ക്കും ഒരുപോലെ അവിസ്മരണീയ അനുഭവമായി. എല്ലാവരും ചേര്‍ന്ന് പങ്കിട്ട ഉച്ചഭക്ഷണത്തോടെ പരിപാടികള്‍ സമാപിച്ചു.

DKSHA സ്ഥാപക ഡയറക്ടര്‍ ഐസക് അരുളപ്പന്റെ നേതൃത്വത്തിലായിരുന്നു തമിഴ്നാട്ടിലെ പരിപാടികള്‍. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ഇടവക വികാരി ഫാ. സിജു മുടക്കോടിലിന്‍െറ  മാര്‍ഗനിര്‍ദേശത്തിലും ഉപദേശത്തിലും CML യൂണിറ്റ് ഡയറക്ടര്‍ ജോജോ ആനാലിലിന്റെ ഏകോപനത്തിലാണ് കാരുണ്യ പദ്ധതി വിജയകരമായി നടപ്പാക്കിയത്.

 

Previous Post

ആഘാതാനന്തര മാനസികസമ്മര്‍ദ്ദ വൈകല്യം (Post-Traumatic Stress Disorder – PTSD)

Next Post

പ്രവര്‍ത്തനോദ്ഘാടനം

Total
0
Share
error: Content is protected !!