ഫാ. ജിനു തെക്കേത്തലക്കല്‍, വത്തിക്കാന്‍ സിറ്റി
തിരഞ്ഞെടുക്കപ്പെടുന്ന അല്മായര്‍ക്ക് അസാധാരണ സാഹചര്യങ്ങളില്‍ വചനപ്രഘോഷണം നടത്താന്‍ അനുവാദം നല്‍കണമെന്ന ജര്‍മ്മന്‍ മെത്രാന്മാരുടെ ആവശ്യത്തിന്, 2026 ജൂണ്‍ 17-ന് അയച്ച കത്തിലൂടെ വത്തിക്കാന്‍ കാര്യാലയം മറുപടി നല്‍കി. ജര്‍മ്മന്‍ മെത്രാന്‍ സമിതി അധ്യക്ഷന്‍ ഹൈനര്‍ വില്‍മറിന് അയച്ച കത്തില്‍, മെത്രാന്മാരുടെ അജപാലനപരമായ ആശങ്കകളെ കാര്യാലയം പ്രത്യേകം പരിഗണനയില്‍ ഉള്‍ക്കൊണ്ടു. എങ്കിലും, ഇത്തരമൊരു അനുവാദം നല്‍കാന്‍ കഴിയില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ‘നിലവിലുള്ള നിയമങ്ങളില്‍ ഇളവ് (കിറൗഹ)േ വരുത്താന്‍ കഴിയില്ല. കാരണം, വചനപ്രഘോഷണം പുരോഹിതര്‍ക്കും ഡീക്കന്മാര്‍ക്കുമായി നിജപ്പെടുത്തിയിരിക്കുന്നത് വെറുമൊരു അച്ചടക്ക നിയമമല്ല, മറിച്ച് ആരാധനാക്രമത്തിന്റെ സ്വഭാവത്തില്‍ നിന്ന് തന്നെ ഉത്ഭവിക്കുന്നതാണ്,’ എന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വചനപ്രഘോഷണം എന്നത് വിശുദ്ധ കുര്‍ബാനയിലെ വചനശുശ്രൂഷയുടെ അവിഭാജ്യ ഘടകമാണ്. ഇത് സുവിശേഷ പ്രഖ്യാപനവുമായി ആന്തരികമായി ബന്ധപ്പെട്ടിരിക്കുന്നു. തിരുപ്പട്ടം വഴി നിയുക്തരായ ശുശ്രൂഷകര്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള ‘പ്രബോധന അധികാര’മാണ് ഇവിടെ വിനിയോഗിക്കപ്പെടുന്നതെന്നും കാര്യാലയം വ്യക്തമാക്കി. വിശുദ്ധ കുര്‍ബാനയിലെ വചനഭാഗവും, കൂദാശാഭാഗവും തമ്മിലുള്ള ഐക്യത്തില്‍ നിന്നും, തിരുപ്പട്ടം വഴി ലഭിച്ച ദൗത്യത്തില്‍ നിന്നും വചനപ്രഘോഷണത്തെ വേര്‍പെടുത്താനാവില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ അതേസമയം, തിരുപ്പട്ടം ലഭിച്ച ശുശ്രൂഷകരുടെ വചനപ്രഘോഷണം കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി അവര്‍ക്ക് തുടര്‍ച്ചയായ പരിശീലനം നല്‍കേണ്ടതിന്റെ പ്രാധാന്യവും കത്തില്‍ ഊന്നിപ്പറയുന്നു. അതോടൊപ്പം, വിശുദ്ധ കുര്‍ബാനയ്ക്കിടയിലെ വചനപ്രഘോഷണത്തിന് പുറമെ, സഭാ നിയമങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കും വിധേയമായി അല്മായര്‍ക്ക് പൊതുഇടങ്ങളില്‍ സുവിശേഷപ്രഘോഷണം നടത്താന്‍ നിലവില്‍ തന്നെ ധാരാളം അവസരങ്ങളുണ്ടെന്നും കാര്യാലയം ഓര്‍മ്മിപ്പിച്ചു.





