ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷന് ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാസങ്ങളായി നടപ്പിലാക്കി വരുന്ന ‘Share with Joy, Prayer with Care’ ബര്‍ത്ത്ഡേ ചാരിറ്റി പ്രോജക്റ്റിന്റെ ഭാഗമായി, മെയ് 16-ന് ഫോര്‍ട്ട് കൊച്ചിയിലെ ആശ്വാസഭവനില്‍ വാര്‍ഷിക ജന്മദിനാഘോഷങ്ങള് സംഘടിപ്പിച്ചു. ഈ പ്രോജക്റ്റിന്റെ ഭാഗമായി ആശ്വാസഭവനിലെ കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാ സമര്‍പ്പണവും, ഇടവകയില്‍ മെയ് മാസത്തില്‍ ജന്മദിനം ആഘോഷിക്കുന്നവര്‍ക്കായുള്ള പ്രത്യേക Birthday Blessing Service-ഉം മെയ് 17-ന് സെന്റ് മേരീസ് ദേവാലയത്തില്‍ രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടത്തി. ഇടവക വികാരി ഫാ. സിജു മുടക്കോടിയുടെ മുഖ്യകാര്‍മികത്വത്തിലും മിഷന് ലീഗ് സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. അനീഷ് മാവേലിപ്പുത്തന്പുരയുടെ സാന്നിധ്യത്തിലും നടന്ന ശുശ്രൂഷയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
വിപുലമായ രീതിയില്‍ സംഘടിപ്പിച്ച ആശ്വാസഭവനിലെ ആഘോഷങ്ങള്‍ക്ക് അവിടുത്തെ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ കൂടുതല്‍ മാറ്റുകൂട്ടി. വാര്‍ഷിക ജന്മദിനാഘോഷത്തിന്റെ ഭാഗമായി എല്ലാവരെയും പ്രതിനിധീകരിച്ച് സിസ്റ്റര്‍ ഫാബിയോള കേക്ക് മുറിക്കുകയും എല്ലാ കുട്ടികള്‍ക്കും വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നടന്ന സമൃദ്ധമായ ഭക്ഷണവിരുന്നിനും സമ്മാന വിതരണത്തിനും ശേഷം സ്ഥാപനത്തിന്റെ സ്ഥാപക ഡയറക്ടറായ സിസ്റ്റര്‍ ഫാബിയോള, സെന്റ് മേരീസ് ദേവാലയ ഇടവകാംഗങ്ങള്‍ക്കും മിഷന് ലീഗ് യൂണിറ്റിനും പ്രത്യേക നന്ദി അറിയിച്ചു. അനാഥരുമായും നിരാലംബരുമായ കുട്ടികള്‍ക്ക് സ്നേഹവും കരുതലും പിന്തുണയും നല്കുന്ന ഈ പദ്ധതിയിലൂടെ കുട്ടികളുടെ ജീവിതത്തില്‍ സന്തോഷ നിമിഷങ്ങള്‍ സൃഷ്ടിക്കാനായതില്‍ അവര്‍ അതിയായ സന്തോഷം പ്രകടിപ്പിച്ചു. ആഗതമാകുന്ന മണ്‍സൂണ്‍ കാലത്തെ മുന്‍നിര്‍ത്തി കുട്ടികള്‍ക്ക് ജന്മദിനസമ്മാനമായി വിതരണം ചെയ്ത ‘Poppy Umbrella’-കള്‍ കുട്ടികളില്‍ ഏറെ ആവേശവും സന്തോഷവും നിറച്ചതായും സിസ്റ്റര്‍ ഫാബിയോള പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയിലെ ഗ്രേറ്റ് പേപ്പര്‍ ബാഗ് കമ്പനി ഉടമയും ആശ്വാസഭവന്റെ അഭ്യുദയകാംക്ഷിയുമായ അമീഷ് ജോണ്‍ കുരിശിങ്കല്‍ ആണ് സെന്റ് മേരീസ് മിഷന് ലീഗ് യൂണിറ്റിനുവേണ്ടി ആശ്വാസഭവനിലെ ആഘോഷങ്ങള്‍ ഏകോപിപ്പിച്ചത്. ഫ്ലോറന്‍സ്, ഇറ്റലിയില്‍ നിന്നുള്ള സിസ്റ്റര്‍ ഫാബിയോള ഫാബ്രി, ”ഫോര്‍ട്ട് കൊച്ചിയുടെ മദര്‍ തെരേസ” എന്നറിയപ്പെടുന്ന സമര്‍പ്പിത മിഷണറിയാണ്. 1996 മുതല്‍ കേരളത്തില്‍ സേവനം ചെയ്യുന്ന അവര്‍ Apostolic Sisters of Consolata സഭയിലെ അംഗമാണ്. പ്രാദേശിക സംസ്കാരവും ഭാഷയും ഹൃദയപൂര്‍വ്വം ഉള്‍ക്കൊണ്ട്, ദരിദ്രരും നിരാലംബരുമായവരുടെ ജീവിതത്തില്‍ കരുണയും ആശ്വാസവും പകരുന്ന സാന്നിധ്യമായി അവര്‍ മാറിയിരിക്കുന്നു. ”ഒരു കുട്ടിയും ഉപേക്ഷിക്കപ്പെടരുത്” എന്ന ദൗത്യത്തോടെ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ഫാബിയോള, പ്രത്യേകിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടികളെ കണ്ടെത്തി സംരക്ഷണത്തിലേക്ക് കൊണ്ടുവന്ന്, സുരക്ഷിതവും സ്നേഹപൂര്ണ്ണവുമായി ജീവിതം നല്‍കുകയാണ്.
പ്രത്യാശ നഷ്ടപ്പെട്ട ജീവിതങ്ങളില്‍ പുതിയ വെളിച്ചം തെളിയിക്കുന്ന മഹത്തായ സേവനമാണ് അവര്‍ നടത്തുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ അവര്‍ സ്ഥാപിച്ച ആശ്വാസഭവന് ആവശ്യക്കാരായ കുട്ടികള്‍ക്കായുള്ള സുരക്ഷിത അഭയകേന്ദ്രമാണ്. നിലവില്‍ 82 കുട്ടികളെ അവിടെ സ്നേഹത്തോടും കരുതലോടും കൂടി പരിപാലിച്ചു വരുന്നു. സാമ്പത്തിക പ്രതിസന്ധികളും സ്ഥലപരിമിതികളും ഉണ്ടായിട്ടും, ഓരോ കുട്ടിക്കും സുരക്ഷിതമായ താമസവും സമഗ്രപരിചരണവും ഉറപ്പാക്കാന്‍ അവര്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. നിസ്വാര്‍ത്ഥ സേവനത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഉജ്ജ്വല മാതൃകയാണ് സിസ്റ്റര്‍ ഫാബിയോളയുടെ ജീവിതം. ഈ വര്‍ഷം ‘Share with Joy, Prayer with Care’ ചാരിറ്റി പ്രോജക്റ്റിലൂടെ സേവനം ലഭ്യമാക്കുന്ന എട്ടാമത്തെ സ്ഥാപനമാണ് ആശ്വാസഭവന്. എല്ലാ മാസവും ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഇടവകാംഗങ്ങളില്‍ നിന്നും ലഭിക്കുന്ന വലിയ പിന്തുണയ്ക്ക് ചെറുപുഷ്പ മിഷന് ലീഗ് യൂണിറ്റ് ഡയറക്ടര്‍ ജോജോ അനാലില്‍ എല്ലാ ഇടവകാംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.




