ആയുധങ്ങള്‍ സമാധാനം സൃഷ്‌ടിക്കുന്നില്ല

ലോകത്തിനാകെ ആശങ്ക വിതച്ചുകൊണ്ട്‌ ഇറാനും അമേരിക്കയും ഇസ്രായേലും യുദ്ധത്തിലാണ്‌. ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ക്കും തടയിടാനും ഇറാനിലെ ഇസ്ലാമികഭരണം അവസാനിപ്പിക്കാനുമായിട്ടാണ്‌ യുദ്ധം തുടങ്ങിയതെന്ന്‌ അവകാശപ്പെടുമ്പോഴും ഇസ്രായേലും അമേരിക്കയും തുടക്കത്തില്‍ സൂചിപ്പിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുമോ എന്ന സംശയം ബാക്കി നില്‌ക്കുന്നു. അതുകൊണ്ടുതന്നെ ഗോള്‍പോസ്റ്റുകള്‍ മാറ്റി വെക്കുന്ന കണക്കെ യുദ്ധത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചു വീണ്ടും മാറ്റി പറച്ചിലുണ്ടാകുന്നു. ഏതായാലും നാലു പതിറ്റാണ്ടോളം ഇറാനെ ഉരുക്കുമുഷ്‌ടി ഉപയോഗിച്ചു ഭരിച്ച, ഇറാനെ സംബന്ധിച്ചു രാഷ്‌ട്രത്തിന്റെയും മതത്തിന്റെയും പരമോന്നത നേതാവ്‌ ആയുള്ള അലി ഖമനയ്‌, ഭാര്യ, മകള്‍, മരുമകന്‍, കൊച്ചുമകള്‍ പ്രതിരോധ മന്ത്രി എന്നിവരൊക്കെ കൊല്ലപ്പെട്ടു. മാര്‍ച്ച്‌ 4-ാം തീയതി, വരെ ഇറാനില്‍ 1045 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇസ്രായേലിലും മരണമുണ്ടായി. അമേരിക്കയുടെ 6 സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്കയും സ്ഥിരികരിച്ചിട്ടുണ്ട്‌. ഇസ്ലാമിക വിപ്ലവത്തെ തുടര്‍ന്നു മത ഭരണത്തിനു കീഴിലായ ഇറാനില്‍ മനുഷ്യാവകാശങ്ങള്‍ പരിധിവിട്ടു ധ്വംസിക്കപ്പെട്ടുവെന്നതില്‍ സംശയമില്ല. വ്യക്തി സ്വാതന്ത്ര്യത്തിനു വസ്‌ത്ര ധാരണത്തിലെ സ്‌ത്രീ സ്വാതന്ത്ര്യത്തിനുമൊക്കെവേണ്ടി തെരുവിലിറങ്ങിയവരെ കൊന്നു തള്ളിക്കൊണ്ടാണ്‌ ഭരണകൂടം അവരെ നേരിട്ടത്‌. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബന്ധുകള്‍ക്ക്‌ വിട്ടുനല്‍കുവാന്‍, അവരില്‍ നിന്നു പണം ഈടാക്കി എന്നു പറയപ്പെടുന്നു. രാജ്യത്ത്‌ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളുടെ മറവില്‍ സൈനിക നടപടികളിലൂടെ ഒരു ഭരണ മാറ്റം അമേരിക്ക ഉള്‍പ്പെടെ സ്വപ്‌നം കണ്ടിരിക്കാം. എന്നാല്‍ അതത്ര എളുപ്പത്തില്‍ സാധിക്കുന്ന നിലയില്ല കാര്യങ്ങള്‍ എന്നാണ്‌ ഇറാന്റെ പ്രതിരോധവും ആക്രമണവും സൂചിപ്പിക്കുക. ഗള്‍ഫ്‌ മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കുമെന്ന ഭിഷണി മുഴക്കിയ ഇറാന്‍ ഇപ്പോള്‍ യു.എ.ഇ, കുവൈറ്റ്‌, ഖത്തര്‍, ബഹറിന്‍, സൗദി അറേബ്യ, ഒമാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ മാത്രമല്ല, ആ രാജ്യങ്ങളിലെ എംബസികള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയവയും ആക്രമിക്കുന്നു. തങ്ങളുടെ മണ്ണ്‌ അമേരിക്കയ്‌ക്കു യുദ്ധം ചെയ്യുവാന്‍ വിട്ടുകൊടുക്കില്ലെന്നു പറഞ്ഞ ജി.സി.സി. രാജ്യങ്ങളെ ഇറാന്‍ ആക്രമിക്കുന്നതിന്റെ പിന്നില്‍ ഇറാന്റെ ലക്ഷ്യമെന്താണെന്നു ലോകത്തിനു മനസിലാകുന്നില്ല. ഇറാന്റെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും വലിയ അപക്വതയും ബുദ്ധിശൂന്യതയുമാണത്‌. ജി.സി.സി രാജ്യങ്ങള്‍ യുദ്ധത്തിന്റെ പിന്‍നിരയില്‍പോലും സ്ഥാനം പിടിച്ചാല്‍ അതു ആഗോള സാമ്പത്തിക, രാഷ്‌ട്രീയ ക്രമങ്ങളിലും ആഗോള സമാധാനത്തിനും സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. വ്യാപാരത്തിന്റെ, ആഗോള എണ്ണ ഉല്‌പാദനത്തിന്റെ 20 ശതമാനവും ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നുള്ള എണ്ണ കയറ്റുമതിയുടെ 85 ശതമാനവും കടന്നു പോകുന്ന ഹോര്‍മൂസ്‌ കടലിടുക്കും ഇറാന്‍ അടക്കുന്നത്‌ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഹോര്‍മൂസ്‌ കടലിടുക്കില്‍ 39 ഇന്ത്യന്‍ കപ്പലുകള്‍ കുടുങ്ങി കിടക്കുന്നു. ഏതാണ്ടു ഒരു കോടി ഇന്ത്യക്കാര്‍ വസിക്കുന്ന ജി.സി.സി രാജ്യങ്ങളുടെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ചും അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ സംബന്ധിച്ചും ഏറെ നിര്‍ണ്ണായകമാണ്‌. ഇപ്പോഴത്തെ പശ്ചിമേഷ്യന്‍ യുദ്ധം നാലു ദിവസം പിന്നിടുമ്പോള്‍ ആഗോള വിപണിയില്‍ വന്‍ തകര്‍ച്ചയാണുണ്ടായത്‌. തുടക്കത്തില്‍ നാലാഴ്‌ച വരെ യുദ്ധം നീളുമെന്നു പറഞ്ഞു അമേരിക്കന്‍ പ്രസിഡന്റ്‌ അത്തരത്തിലൊരു സമയക്രമം പറയുന്നില്ല. ഇറാനും അമേരിക്കയുമൊന്നും യുദ്ധ വിരാമത്തിനുവേണ്ടി ചര്‍ച്ചക്കു തയ്യാറാകാത്തതു ലോകത്തിന്റെ ആധി കൂട്ടുന്നു. ഹിസ്‌ബുള്ളക്കെതിരെ ലബനോനിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നുണ്ട്‌.
സൗദിയിലെയും കുവൈറ്റിലെയും അമേരിക്കന്‍ എംബസികള്‍ അടച്ചു. നൂറു കണക്കിനു വിമാന സര്‍വീസുകള്‍ മുടങ്ങുകയും പല വിമാന കമ്പനികളും വ്യോമഗതാഗതം നിര്‍ത്തുകയും ചെയ്‌തത്‌ സാമ്പത്തിക രംഗത്തു മാത്രമല്ല യാത്രക്കാര്‍ക്കും ഏറെ വൈഷമ്യങ്ങള്‍ സൃഷ്‌ടിക്കുന്നു. ഇറാനില്‍ നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങളെ ആ രാജ്യത്തെ ജനങ്ങള്‍ എതിര്‍ക്കുകയും സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടുകയും ചെയ്യുമ്പോള്‍ പോലും പുറത്തുനിന്നു അമേരിക്കയും ഇസ്രായേലും ആ രാജ്യത്തെ ആക്രമിക്കുന്നത്‌ അവിടുത്തെ ജനങ്ങളില്‍ ഒരു വിഭാഗം അംഗീകരിക്കുന്നില്ല. അലി ഖമനിയുടെ മരണം ഇറാന്‍ വൈകാരികമായാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. ലോകത്തെവിടെയായാലും മതം രാജ്യത്തിന്റെ ഭരണം കൈയ്യാളിയാല്‍ അവിടെയുള്ള മറ്റു മതസ്ഥരും പീഡിപ്പിക്കപ്പെടുമെന്നതിനു ഇറാന്‍ തന്നെ സാക്ഷിയാണ്‌. അവിടെ ക്രൈസ്‌തവര്‍ ഏറെ പിഡിപ്പിക്കപ്പെടുന്നു. മതം മാറുന്നതിനു വധശിക്ഷയാണ്‌ മതകോടതി വിധിക്കുന്നത്‌. അതുകൊണ്ടുതന്നെ മതഭരണ വാദികളുടെ ഇസ്ലാമിക ഭരണക്രമം പിന്തുടരുന്നവരുടെ പ്രത്യയശാസ്‌ത്രങ്ങള്‍ ജനാധിപത്യത്തിന്റെ നിലനില്‌പിനു അപകടകരമാണ്‌. പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ അഗാധമായ ഉത്‌കണ്‌ഠയാണ്‌ മാര്‍പാപ്പ പ്രകടിപ്പിച്ചത്‌. സംഘര്‍ഷം നിയന്ത്രിക്കാനാവാതെ വന്നാല്‍ വലിയ വിപത്തുകള്‍ ഉണ്ടാകുമെന്ന്‌ മാര്‍പാപ്പ മുന്നറിയിപ്പ്‌ നല്‍കി. പരസ്‌പരം പോര്‍വിളികള്‍ നടത്തി സമാധാനവും സ്ഥിരതയും എവിടെയും സൃഷ്‌ടിക്കാനാവില്ല. മരണവും വേദനയും നാശവും വിതക്കുന്ന ആയുധങ്ങളം സമാധാനം സൃഷ്‌ടിക്കില്ല. ഉത്തരവാദിത്വത്തോടെയുള്ള ചര്‍ച്ചകളിലൂടെ മാത്രമെ സമാധാനം സാധ്യമാകൂ. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ധാര്‍മ്മിക ഉത്തരവാദിത്വങ്ങള്‍ മറക്കാതെ സമാധാനത്തിനു ശ്രമിക്കണമെന്ന്‌ ലയോ പതിന്നാലാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്‌തു. മാര്‍പാപ്പയുടെ ആഹ്വാനത്തിനു ചെവി കൊടുത്തു സമാധാനം സംജാതമാക്കുവാന്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും കടമയുണ്ട്‌. ലോക രാജ്യങ്ങള്‍ അതിനു നേതൃത്വം കൊടുക്കണം. സമാധാനത്തിനായി നയതന്ത്രമാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. യുദ്ധം ഭ്രാന്താണ്‌. അതു എത്രയും പെട്ടെന്നു അവസാനിപ്പിക്കട്ടെ.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്‌.എച്ച്‌.

Previous Post

A call to live our identity as authentic Christians and responsible citizens of India-CBCI

Total
0
Share
error: Content is protected !!