Fr. തോമസ് കോട്ടൂര്‍
പ്രകൃത്യാതീത സംഭവങ്ങള്‍ പരിചിത യാഥാര്‍ത്ഥ്യങ്ങളാണ്. ദിവ്യ അത്ഭുതങ്ങള്‍, സ്വകാര്യ സ്വര്‍ഗീയ വെളിപാടുകള്‍, വിശുദ്ധരുടെ മാധ്യസ്ഥ പ്രാര്‍ത്ഥന വഴി ലഭിക്കുന്ന പ്രത്യേക അനുഗ്രഹങ്ങള്‍, ഇങ്ങനെ വ്യത്യസ്ത രൂപങ്ങളില്‍ അസാധാരണ സംഭവങ്ങളായി അവ പ്രത്യക്ഷപ്പെടുന്നു. പ്രകൃത്യാതീത പ്രതിഭാസങ്ങള്‍ ലോകമെമ്പാടുമുള്ള വിശ്വാസികളെ ആകര്‍ഷിക്കുന്നു.ആവേശഭരിതരാക്കുന്നു. ഇപ്രകാരമുള്ള അത്ഭുതങ്ങള്‍ വര്‍ദ്ധിക്കുന്ന, വ്യാപകമായി പ്രചരിപ്പിക്കുന്ന, കാലയളവാണിത്.
തലശ്ശേരി അതിരൂപതയിലെ ദിവ്യകാരുണ്യ അത്ഭുതം മികച്ച ഉദാഹരണമാണ്.
2013 നവംബര്‍ 13-ന് തലശ്ശേരി അതിരൂപതയിലെ വിളക്കന്നൂര്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാനമധ്യേ നടന്ന അസാധാരണ സംഭവം ദിവ്യകാരുണ്യ അടയാളമായി റോമിലെ വിശ്വാസകാര്യാലയം അംഗീകരിച്ചു. ഈശോയുടെ തിരുമുഖം തിരുവോസ്തിയില്‍ തെളിഞ്ഞ ദിവ്യാത്ഭുതമാണിത്. ഈ അടയാളത്തിന്റെ അജപാലന മൂല്യവും ദൈവജനത്തിന്റെ ആത്മീയ വളര്‍ച്ചയും ലക്ഷ്യമാക്കി പ്രസ്തുത ദൈവാലയത്തെ തീര്‍ത്ഥാടന കേന്ദ്രമായി പരിഗണിക്കാമെന്ന് വിശ്വാസ കാര്യാലയം നിര്‍ദേശിച്ചു. പന്ത്രണ്ട് വര്‍ഷത്തെ പഠനത്തിനും പരിശോധനയ്ക്കും ശേഷമാണ് ഈ പ്രകൃത്യാതീത പ്രതിഭാസത്തെ ദൈവിക അടയാളമായി വിശ്വാസ കാര്യാലയം അംഗീകരിച്ചത് എന്ന വസ്തുത മറക്കരുത്.
വിശ്വാസജീവിതത്തില്‍ പ്രകൃത്യാതീത സംഭവങ്ങളുടെ സ്വാധീനം നിര്‍ണായകമാണ്. അവയെക്കുറിച്ചുള്ള വാഴ്ത്തുകള്‍ പ്രഖ്യാതങ്ങളാണ്. ആ സ്വാധീനം ചിലപ്പോള്‍ അനുഗ്രഹത്തിനും ആശ്വാസത്തിനും കാരണമായേക്കാം. ചിലപ്പോള്‍ അവ അബദ്ധ ധാരണകളും അനര്‍ത്ഥങ്ങളും തീര്‍ക്കുന്ന പ്രതിസന്ധികളിലേക്ക് വിശ്വാ സികളെ നയിച്ചേക്കാം. കച്ചവട സംസ്കാരത്തില്‍ ഭക്തിയുടെ വ്യവഹാരങ്ങള്‍ക്കും പ്രാധാന്യമുണ്ട് എന്ന വസ്തുത വിസ്മരിക്കരുത് . ഭക്തിയുടെ വൈകാരിക മുതലെടുപ്പിനും ഇവിടെ സാധ്യതയുണ്ട്. അതുകൊണ്ട് പ്രകൃത്യാതീത സംഭവങ്ങളെക്കുറിച്ചുള്ള സഭയുടെ ഔദ്യോഗിക പ്രബോധനങ്ങള്‍ കത്തോലിക്ക വിശ്വാസികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. കാരണം അജ്ഞതയുടെ മുതലെടുപ്പ് ചൂഷണത്തിന്റെ പുതിയ വിനിമയങ്ങള്‍ തന്നെയാണ്.

നിഗൂഢ പ്രകൃത്യാതീത സംഭവങ്ങളെക്കുറിച്ചുള്ള ലിയോ
പതിനാലാമന്‍ മാര്‍പാപ്പയുടെ മൂന്ന് പ്രബോധനങ്ങള്‍ ശ്രദ്ധേയമാണ്.
i. 2025 മെയ് മാസത്തില്‍ വിശ്വാസകാര്യാലയം പുറപ്പെടുവിച്ച Norms for Processing in the Discernment of Alleged Supernatural Phenomena -എന്ന പ്രബോധനം.
ii . ഇറ്റലിയിലെ സാക്രോഫാനോയില്‍ സെപ്റ്റംബര്‍ 15 മുതല്‍ 20 വരെ നടന്ന ഭൂതോച്ഛാടകരായ വൈദികരുടെ സമ്മേളനത്തിന് അയച്ച സന്ദേശം.
iii. നവംബര്‍ 10 മുതല്‍ 13 വരെ ഉര്‍ബാനിയന്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ‘അതീന്ദ്രിയതയും നിഗൂഢ പ്രതിഭാസങ്ങളും വിശുദ്ധിയും’ എന്ന വിഷയത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ നല്കിയ സന്ദേശം.
ഏറെ സമാനതകളുള്ള പ്രസ്തുത പ്രബോധനങ്ങള്‍ നല്കുന്ന പാഠങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
.
1. പ്രകൃത്യാതീത സംഭവങ്ങള്‍ അസാധാരണമെങ്കിലും സംഭവ്യമാണ്. അത് ആത്മീയ അനുഭവുമാണ്.2. പ്രകൃത്യാതീത സംഭവങ്ങളെ ഗൗരവത്തോടെ സൂക്ഷ്മ വിശകലനം ചെയ്യണം. തെറ്റായ പ്രതിഭാസങ്ങളെ തിരിച്ചറിയണം.
3. അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതും തെറ്റായ വിശ്വാസത്തെ വളര്‍ത്തുന്നതുമായ എല്ലാ സമീപനങ്ങളെയും ആചാരങ്ങളെയും നിരാകരിക്കണം. രൂപതാമെത്രാന്മാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം
.4. നിഗൂഢ അത്ഭുത പ്രതിഭാസങ്ങള്ക്കല്ല ദൈവവുമായുള്ള ഐക്യത്തിന് പ്രാധാന്യം നല്‍കണം.
5. ആധ്യാത്മിക തലത്തില്‍ അതീന്ദ്രയ കാര്യങ്ങളും വിശുദ്ധിയും തമ്മില്‍ ബന്ധം ഉണ്ടാകണം. അത്ഭുതങ്ങള്‍ വിശ്വാസാനുഭവം തന്നെയാണ്. എന്നാല്‍ ദൈവിക വിശുദ്ധി അവയ്ക്ക് അതീതമാണ്.
6. കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ പ്രകൃത്യാതീത സംഭവങ്ങള്‍ അനുഭവ യാഥാര്‍ത്ഥ്യങ്ങളാണ്. വ്യക്തിപരമായ അതീന്ദ്രിയ അനുഭവങ്ങള്‍ ദൈവിക ദാനമാണെന്നും ക്രിസ്തുവിന്റെ ശരീരമായ സഭയുടെ വളര്‍ച്ചയുടെ അടയാളങ്ങളാണെന്നും ലിയോ പതിനാലാമന്‍ പാപ്പ ഉദ്ബോധിപ്പിക്കുന്നു. തീര്‍ത്ഥടന- ധ്യാന ഇടങ്ങളിലും അത്ഭുതങ്ങള്‍ സംഭവ്യമാണ്.
സാര്‍വത്രികമായി വിശ്വാസികളെ ആകര്‍ഷിക്കുന്ന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയോ മറ്റേതെങ്കിലും സമാന ഇടങ്ങളുടേയോ പേരെടുത്തു പറയാതെയാണ് ഈ പ്രബോധനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് . പ്രകൃത്യാതീത പ്രതിഭാസങ്ങളെ ഗൗരവത്തോടെ കാണണമെന്നും പ്രത്യേകം നിയമിച്ച വിദഗ്ധ സമിതി അവ പരിശോധിക്കണമെന്നും മാര്‍പാപ്പ നിര്‍ദേശിക്കുന്നു. കാനന്‍ വിദഗ്ദ്ധരെ കൂടാതെ ഈ വിഷയത്തില്‍ ശാസ്ത്രീയ ജ്ഞാനമുള്ളവരും പ്രസ്തുത സമിതിയില്‍ ഉണ്ടായിരിക്കണം. അന്ധവും വിശ്വാസ വിരുദ്ധവുമായ സമീപനങ്ങളെ പൂര്‍ണമായി നിരാകരിക്കണമെന്നും മാര്‍പാപ്പ നിഷ്കര്‍ഷിക്കുന്നു. പ്രകൃത്യാതീത സംഭവങ്ങളെക്കുറിച്ച് ആറു തലങ്ങളിലുള്ള വിലയിരുത്തലിനും സൂക്ഷ്മ പഠനത്തിനും ശേഷമാണ് വിശ്വാസ കാര്യാലയം അവയുടെ ആധികാരികത നിശ്ചയിക്കുന്നത് എന്ന കാര്യം ഓര്‍ക്കണം.
പ്രകൃത്യാതീത പ്രതിഭാസങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന പഠന ശാഖയാണ് പാരാസൈക്കോളജി. അമേരിക്കയിലെ നോര്‍ത്ത് കരോലിനായിലുള്ള ഡ്യൂക്ക് യൂണിവേഴ്സിറ്റിയാണ് പാരസൈക്കോളജി പഠനത്തിന്റെ മുഖ്യ കേന്ദ്രം. ഡോ. ജെ ബി റൈന്‍ ആണ് ഇതിന്റെ സ്ഥാപകന്‍. മനുഷ്യന് പഞ്ചേന്ദ്രിയങ്ങളിലൂടെയാണു ലോകത്തെ അറിയുന്നത്. എന്നാല്‍ ചില വ്യക്തികളില്‍ ആറാം ഇന്ദ്രിയം (sixth sense) സജീവമാണ്. അവരുടെ അനുഭവങ്ങളെ അതീന്ദ്രിയാനുഭവം (Extra Sensory Perception) എന്ന് വിളിക്കുന്നു . അതീന്ദ്രിയ പ്രതിഭാസങ്ങളെ ശാസ്ത്രീയമായി വ്യാഖ്യാനിക്കാന്‍ പാരാസൈക്കോളജി ശ്രമിക്കുന്നുണ്ട്. എങ്കിലും വ്യക്തമായ തെളിവുകള്‍ നിരത്തി അവയുടെ കാരണങ്ങള്‍ കൃത്യമായി പറയാന്‍ പാരാസൈക്കോളജിക്ക് കഴിയുന്നില്ല.
ടെലിപ്പതി (മനസുകള്‍ പരസ്പരം നടത്തുന്ന ആശയ സംവേദനം )
പ്രീ കൊഗ്നിഷന്‍ (മുന്‍കൂട്ടിയുള്ള അറിവ്) ക്ലയര്വോയന്സ് (മറഞ്ഞിരിക്കുന്ന വസ്തുക്കളെ കാണാനുള്ള കഴിവ്) സൈക്കോ കിനെസിസ് (മനസിന്റെ ശക്തികൊണ്ട് വസ്തുക്കള്‍ ചലിപ്പിക്കുക) എന്നിങ്ങനെ യാദൃശ്ചികതയ്ക്കുമപ്പുറം നാലു പ്രതിഭാസങ്ങളുണ്ട് എന്ന് പാരാസൈക്കോളജി അംഗീകരിക്കുന്നു. എന്നാല്‍ ഇവയ്ക്ക് സംശയാതീതമായ വിശദീകരണം സാധിച്ചിട്ടില്ലെന്നും ഗവേഷകര്‍ സമ്മതിക്കുന്നു. റോമിലെ അല്ഫോന്സിയന് അക്കാദമി മുന്‍ പ്രൊഫസര്‍ ആന്ദ്രേയാസ് രേഷ് , ന്യൂ യോര്‍ക്ക് സെയ്ന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി പ്രൊഫസറും അമേരിക്കന്‍ പാരാസൈക്കോളജി മുന്‍ പ്രസിഡണ്ടുമായ ഡോ . റെക്സ് സ്റ്റാന്‍ഫോര്‍ഡ് എന്നിവര്‍ പാരാസൈക്കോളജി ഗവേഷണത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചവരും പ്രകൃത്യാതീത പ്രതിഭാസങ്ങളെ വിശദീകരിക്കുന്നവരുമാണ്. അതീന്ദ്രിയാനുഭവങ്ങള്‍ ആവര്‍ത്തിച്ച് ലാബറട്ടറിയില്‍ പരിശോധിക്കാന്‍ കഴിയില്ല . വ്യക്തിയുടെ സവിശേഷ അനുഭവങ്ങള്‍ സമൂഹ വിശ്വാസവും സാംസ്കാരികതയുമായി ബന്ധമുള്ളതാണ്. പ്രകൃത്യാതീത സംഭവങ്ങളുടെ പിന്നിലെ ഭൗതിക- മാനസിക കാരണങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ചതിനു ശേഷം മാത്രമേ ഇവയുടെ ‘പ്രകൃത്യാതീതത്വം’ അംഗീകരിക്കാന്‍ കഴിയൂ.
വ്യക്തികള്‍ക്കു ലഭിക്കുന്ന സ്വകാര്യ വെളിപാടുകളെ തുറന്ന മനസോടെ സമീപിക്കാന്‍ കത്തോലിക്ക വിശ്വാസികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും വക്താക്കളായി യഥാര്‍ത്ഥ വിശ്വാസം അവര്‍ നഷ്ടമാക്കരുത്. അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും മറ്റ് ദുരുദ്ദേശങ്ങള്ക്കും സാമ്പത്തിക ലാഭത്തിനും വേണ്ടി പ്രകൃത്യാതീത പ്രതിഭാസങ്ങളെ ഒരിക്കലും പിന്തുണയ്ക്കാന്‍ പാടില്ല. പ്രകൃത്യാതീത സംഭവങ്ങളുടെ ആത്മീയ ഫലങ്ങള്‍ സഭയുടെ പ്രബോധനങ്ങള്‍ക്കും വിശ്വാസ ജീവിതത്തിനും അനുയോജ്യമാണെന്ന് മെത്രാന്മാര് ഉറപ്പുവരുത്തണം. ദൈവത്തിന് നല്‍കേണ്ട ആരാധന അത് അര്‍ഹിക്കാത്ത സൃഷ്ടിക്ക് നല്കുന്നതു തെറ്റാണെന്ന് വിശുദ്ധ തോമസ് അക്വീനാസ് പഠിപ്പിക്കുന്നു. കലുഷിത ജീവിത പ്രശ്നങ്ങളില്‍നിന്ന് കുടിലവഴികളുടെ മോചനം അന്വേഷിക്കാതെ ദൈവത്തിലും പുത്രനായ മിശിഹായിലും പരിശുദ്ധാത്മാവിലും പ്രത്യാശ അര്‍പ്പിച്ച് സാമാന്യ ബുദ്ധിയും വിവേകവും പകരുന്ന ഉള്‍കാഴ്ചയോടെ മനുഷ്യത്വത്തെയും ദൈവികതയെയും ആദരിച്ചു ജീവിക്കാന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രബോധനങ്ങള്‍ വിശ്വാസികളെ പ്രാപ്തരാക്കും. പ്രസ്തുത പ്രബോധനങ്ങള്‍ വിശ്വാസ ജീവിതത്തെ സര്‍ഗാത്മകമാക്കാന്‍ സഹായിക്കുന്നവയാണ്.
പ്രകൃത്യാതീത പ്രതിഭാസങ്ങള്‍ മനുഷ്യ ജീവിതത്തില്‍ സംഭവ്യമാണ്. ദൈവചൈതന്യം മനുഷ്യന്റെ ആത്മാവില്‍ അറിയാതെ നിറയുന്നുണ്ട്. പ്രസ്തുത അനുഭവങ്ങളെ വിലയിരുത്തുമ്പോള്‍ വികാരത്തിനല്ല വിവേചനത്തിന്റെ വിവേകത്തിനാണ് പ്രാധാന്യം. അന്ധവിശ്വാസത്തിന് സ്വപ്നത്തിന്റെ നിറക്കൂട്ടുകള്‍ സാധാരണമാണ്. പക്ഷേ അതിന്റെ പാതയില്‍ അജ്ഞതയുടെ കനക്കുന്ന ഇരുട്ടാണ്. വിശ്വാസം സ്ഫടിക പാത്രത്തിലെ തെളിഞ്ഞ ജലം പോലെയാണ്. അതില്‍ ദുരാഗ്രഹങ്ങളുടെ മാലിന്യവും അനര്‍ത്ഥങ്ങളുടെ ഭയവും കലര്‍ത്തരുത്. രൂപതാമെത്രാന്മാരുടെ ജാഗ്രതയാണ് വിശ്വാസഭദ്രത കാത്തുസൂക്ഷിക്കുന്ന നിര്‍ണായക ഘടകം .
ടൂറിനിലെ വിശുദ്ധ കച്ചയും പഞ്ചക്ഷതങ്ങളും പോലെ അത്ഭുതങ്ങള്‍ മഹനീയവും അതിശയിപ്പിക്കുന്നവയുമാ കാം, പക്ഷേ ദൈവവുമായുള്ള മനുഷ്യന്റെ ഉള്‍ച്ചേരല്‍- മിസ്റ്റിക് അനുഭവം അതിലും മഹത്തരമാണ്. വിശ്വാസ ജീവിതം അത്ഭുതത്തിന്റെ പെരുമഴക്കാലമല്ല മറിച്ച് ദൈവിക നിശ്ശബ്ദതയില്‍ തെളിഞ്ഞു കത്തുന്ന മെഴുകുതിരിയുടെ നിസ്തുല നിര്‍വൃതി പോലെയാണ്.
സഭ നിത്യം പഠിപ്പിച്ചിട്ടുള്ള സത്യവും ഇതു തന്നെയാണ്: അതീന്ദ്രിയ പ്രതിഭാസങ്ങള്‍ അനുഗ്രഹീത യാഥാര്‍ത്ഥ്യങ്ങളാണ്. അവ മനുഷ്യഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. അപാരതയെന്ന പോലെ അതിശയിപ്പിച്ചിട്ടുണ്ട്. അവ വ്യക്തിപരമായ ദാനവും സഭയുടെ ദൗത്യത്തെ നിര്‍ണയിക്കുന്ന നിത്യമായ അടയാളവുമാണ്.
രക്ഷയ്ക്ക് ആവശ്യമായ വിശ്വാസ സത്യങ്ങള്‍ ഈശോമിശിഹായിലൂടെ ദൈവം നല്‍കിയിട്ടുണ്ട്. അത്ഭുതങ്ങള്‍ക്കെല്ലാം അതീതമായ അനിവാര്യതയായി അവയെ വിലമതിക്കാന്‍ കത്തോലിക്ക വിശ്വാസികള്‍ക്കു കഴിയണം.
അതിനാല്‍ അതീന്ദ്രിയ പ്രതിഭാസങ്ങളോടുള്ള വിശ്വാസിയുടെ സമീപനങ്ങള്‍ സഭയുടെ പ്രബോധനങ്ങള്‍ക്ക് അനുയോജ്യമായിരിക്കണം.
അത്ഭുതങ്ങളുടെ ആധികാരികത തിരിച്ചറിയണം.ഫലത്തില്നി ന്ന് വൃക്ഷത്തെ അറിയുന്നതുപോലെ പ്രകൃത്യാതീത അടയാളങ്ങള്‍ ദൈവികതയില്‍ വളരുന്നതിനും വിശ്വാസത്തില്‍ ആഴപ്പെടുന്നതിനുമുള്ള കൃപയായി കാണണമെന്നാ ണ് സഭാപഠനങ്ങളുടെ സാ രാംശം.





