രണ്ട് ജോസഫുമാരെക്കുറിച്ച് ബൈബിള്‍ പ്രതിപാദിക്കുന്നുണ്ട്. ഈജിപ്തടക്കമുള്ള നാടുകളെ ബാധിക്കാമായിരുന്ന ക്ഷാമത്തില്‍നിന്നും ജനതകളെ രക്ഷിച്ചെടുത്ത പൂര്‍വപിതാവായ ജോസഫാണ് ഒരാള്‍. അന്തരാര്‍ത്ഥം പഠിച്ചു മനസ്സിലാക്കി സ്വപ്നങ്ങള്‍ വിശദീകരിച്ചും ഭാവിപദ്ധതികള്‍ അതിന്‍പ്രകാരം ആസൂത്രണം ചെയ്തും കൃത്യമായി നടപ്പിലാക്കിയുമാണ് അദ്ദേഹമത് സാധിച്ചെടുത്തത്. സമൂഹത്തിന്റെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വഴിപ്പെടാതെ, അനുയോജ്യമായ തീരുമാനം യുക്തമായ സമയത്ത് സ്വതന്ത്രമായി എടുത്ത് നടപ്പിലാക്കി വിജയിച്ച വ്യക്തിയായ, നീതിമാനും മൗനിയുമായി സുവിശേഷം വിശേഷിപ്പിക്കുന്ന, മറിയത്തിന്റെ ഭര്‍ത്താവായ പുതിയ നിയമത്തിലെ ജോസഫാണ് ഇതരന്. ഈ രണ്ടു ജോസഫുമാരുടെയും ഗുണങ്ങള്‍ ചേര്‍ത്തുവച്ചാല്‍ കിട്ടുന്ന ഒരപൂര്വവ്യക്തിയാണ് കഴിഞ്ഞ ദിവസം നിര്യാതനായ ഡോ. ടി.എം. ജോസഫ് തെക്കുംപെരുമാലില്‍ എന്ന ജോസഫ് സാര്‍. കോട്ടയം അതിരൂപതാ വിദ്യാഭ്യാസ കമ്മീഷന് ചെയര്‍മാനായി നിയമിതനായി അധികം വൈകാതെയാണ് ആകസ്മികമായ അന്ത്യം.
എന്തേ ഇത്ര പടേ എന്ന്? ശരിയുത്തരം ലഭിക്കുമെന്ന ഉറപ്പോടെ ധൈര്യമായി എന്തും ചോദിക്കാമായിരുന്ന ജോസഫ് സാര്‍ ഈ ലോകം വിട്ട് പോയിരിക്കുന്നു. ഇനി ആരോട് ചോദിക്കും? അറിവിന്റെ കനം പേറുന്നവര്‍ അകാലത്തില്‍ പൊലിയുന്നതിന്റെ നൊമ്പരം ഉള്ളിലൊതുക്കി മരണത്തിന്റെ തണുപ്പ് ശരീരത്തിലനുഭവിച്ച് വിറങ്ങലിച്ചു നില്‍ക്കുകയാണ് മധ്യകേരളത്തിലെ അക്കാദമികരംഗം. നീണ്ടുമെലിഞ്ഞ സൗമ്യതയുടെ ആ ആള്‍രൂപം നല്‍കിയിരുന്ന തണലും അഭയവും നഷ്ടപ്പെടുന്നതിന്റെ ഭയപ്പാട് ചെറുതല്ല. കര്ഷകന്, കുടുംബനാഥന്, അധ്യാപകന്, ഗവേഷകന്, എഴുത്തുകാരന്, പ്രഭാഷകന്‍, വിദ്യാഭ്യാസവിചക്ഷണന്‍, ഭരണനിപുണന്‍, ഉപദേശകന്… എത്രയെത്ര മേഖലകളില്‍ ഡോ. ടി.എം. ജോസഫ് തണലും അഭയവുമായിരുന്നു.
താമരക്കാട് തെക്കുംപെരുമാലില്‍ മത്തായിയുടെയും അരീക്കര പെരുമ്പേല് ഏലിക്കുട്ടിയുടെയും പുത്രനായി കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന, സാധാരണക്കാരില്‍ സാധാരണക്കാരനാണ് ടി.എം. ജോസഫ്. കര്‍ഷകന്റെ മകനായതില്‍ അഭിമാനിച്ചിരുന്ന, കാര്‍ഷികവൃത്തി ഇഷ്ടപ്പെട്ടിരുന്ന, പ്രിന്സിപ്പാളായിരുന്നപ്പോഴും സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയിരുന്ന കപ്പയും വാഴയുമൊക്കെ വിളവെടുത്ത് കടകളില്‍ കൊടുത്തതിനുശേഷം കോളേജില്‍ പോയിരുന്ന ചരിത്രം സ്വന്തമായുള്ളയാള്‍.
അമനകര സെന്റ് ജോസഫ്സ്, വെളിയന്നൂര്‍ വന്ദേമാതരം എന്നീ സ്കൂളുകളില്‍ അടിസ്ഥാന വിദ്യാഭ്യാസം. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ്, പാലാ സെന്റ് തോമസ് എന്നീ കോളേജുകളില്‍ ഉപരിവിദ്യാഭ്യാസം. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ രണ്ടാം റാങ്കോടെ എം.എ. ബിരുദം. കേരള സര്‍വകലാശാലയില്‍നിന്ന് എം.ഫില്‍ ബിരുദം. ബാംഗ്ലൂര്‍ സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് എക്കണോമിക് ചേയ്ഞ്ചില്നിന്ന് പി.എച്ച്.ഡി. ജപ്പാനിലെ ക്യൂഷു സര്‍വകലാശാലയില്‍നിന്ന് ‘തദ്ദേശഭരണത്തില്‍ വനിതാ പങ്കാളിത്തം’ എന്ന വിഷയത്തില്‍ പോസ്റ്റ് ഡോക്ടറല്‍ ബിരുദം.
കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാറിന്റെ സാക്ഷ്യപത്രം ജോസഫ് സാര്‍ ഉത്തമനായ വിദ്യാര്‍ത്ഥി ആയിരുന്നുവെന്നതിന് തെളിവാണ്. ഗോപകുമാര്‍ സാര്‍ കേരള സര്‍വകലാശാലയുടെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയായിരുന്ന അവസരത്തിലാണ് ജോസഫ്സാര്‍ എം.ഫില്‍. പഠനം നടത്തിയിരുന്നത്. തന്റെ ഏറ്റവും മികച്ച വിദ്യാര്ത്ഥികളിലൊരാളായാണ് അദ്ദേഹം ജോസഫ്സാറിനെ വിശേഷിപ്പിക്കുന്നത്.
ഗവേഷണരംഗമാണ് ടി.എം. ജോസഫിന്റെ മൗലികമേഖല. ‘പൊതുസംരംഭങ്ങളുടെ നിയമനങ്ങളിലെ രാഷ്ട്രീയം’ എന്ന വിഷയത്തിലുള്ള ഗവേഷണപ്രബന്ധം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, പത്തു ഗ്രന്ഥങ്ങള്‍ എഡിറ്റു ചെയ്തിട്ടുണ്ട്. വിവിധ റിസര്‍ച്ച് ജേണലുകളിലും ഹിന്ദു, ഡെക്കാന്‍ ഹെറാള്‍ഡ്, ദീപിക, അപ്നാദേശ് എന്നീ പത്രമാസികകളിലുമായി 160 ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജോസഫ്സാറിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പി.എച്ച്.ഡി. പൂര്‍ത്തിയാക്കിയവര്‍ നിരവധിയാണ്. ‘ഇന്ത്യയിലെ മതസ്വാതന്ത്ര്യം’ എന്ന വിഷയത്തില്‍ ബ്രസ്സല്‍സിലെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു സംസാരിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത് അദ്ദേഹത്തിലെ ഗവേഷകന് ലഭിച്ച അംഗീകാരം കൂടിയാണ്.
കോതമംഗലം രൂപതാ മാനേജുമെന്റിനു കീഴിലുള്ള തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ലക്ചറര്‍ ആയാണ് ജോസഫ് സാര്‍ അധ്യാപകജീവിതം ആരംഭിച്ചത്. ഇന്ത്യയിലെ മുന്നൂറിലധികം വരുന്ന ക്രിസ്തീയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രസംഘടനയായ അയാഷെയുടെ ഇന്നവേറ്റീവ് കോളേജ് അധ്യാപകനുള്ള ഫാ. റ്റി.എ. മത്തിയാസ് ദേശീയ പുരസ്കാരം 2001-ല്‍ കരസ്ഥമാക്കിയത് ജോസഫ്സാറിന്റെ അധ്യാപനമികവിന് തെളിവാണ്. 45-ാം വയസില്‍, താരതമ്യേന വളരെ ചെറിയ പ്രായത്തില്‍തന്നെ ജോസഫ്സാര്‍ ന്യൂമാന്‍ കോളേജിന്റെ പ്രിന്‍സിപ്പാളായി 2008-ല്‍ നിയമിതനായതും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ ഭരണനൈപുണ്യം വ്യക്തമാക്കുന്നതാണ്. 2016-19 കാലഘട്ടത്തില്‍ മൂവാറ്റുപുഴ നിര്‍മല കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിതനായതും അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരമാണ്. ഔദ്യോഗികജീവിതത്തില്‍നിന്ന് വിരമിച്ചശേഷവും കറുകടം മൗണ്ട് കാര്‍മല്‍ സ്വാശ്രയ കോളേജിന്റെ പ്രിന്‍സിപ്പാളായി നാലുവര്‍ഷം അദ്ദേഹം സേവനം ചെയ്തു.
ന്യൂമാന്‍ കോളേജില്‍ ഐ.ക്യു.എ.സി. കോ ഓര്‍ഡിനേറ്റര്‍ ആയിരുന്ന കാലംമുതല്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ജോസഫ് സാര്‍ കൃത്യമായി മനസ്സിലാക്കിരുന്നു. പ്രവര്‍ത്തിച്ച എല്ലാ സ്ഥാപനങ്ങളുടെയും ഗുണനിലവാരം ഉയര്‍ത്താന്‍ കാര്യക്ഷമമായ പദ്ധതികള്‍ അദ്ദേഹം ആവിഷ്കരിക്കുകയും ചെയ്തു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന നാഷനല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സിലിന്റെ (നാക്) പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായി. നാക് പിയര്‍ ടീം അംഗമെന്ന നിലയില്‍ രാജ്യമെമ്പാടുമായി 19 കോളേജുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തല്‍ നടത്തി.
നാക് ഓറിയന്റേഷന്‍ ക്ലാസുകളും മോക് വിസിറ്റും നടത്തി സര്‍വകലാശാലകളെയും കോളേജുകളെയും നാക് വിസിറ്റിനായി ഒരുക്കുന്നത് അദ്ദേഹം പാഷനായി സ്വീകരിച്ചിരുന്നു. കേവലമൊരു വിലയിരുത്തല്‍ പ്രക്രിയയല്ല, മറിച്ച് വിദ്യാര്‍ത്ഥികളുടെയും സ്ഥാപനത്തിന്റെയും അക്കാദമികവും ഇതരവുമായ സര്വതോന്മുഖ വളര്‍ച്ചയ്ക്കുള്ള അവസരമാണ് നാക് സന്ദര്‍ശനമെന്ന് അദ്ദേഹം വിശ്വസിക്കുകയും മറ്റുള്ളവരിലേക്ക് ഈ സന്ദേശം എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. നാക് അസസ്മെന്റില്‍ 3.61 പോയിന്റോടെ A++ ഗ്രേഡ് നേടാന്‍ മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് സാധിച്ചതിലും ജോസഫ് സാറിന്റെ ഉപദേശങ്ങളും മോക്ക് വിസിറ്റും സഹായിച്ചിട്ടുണ്ട്. പലയാവര്‍ത്തി സന്ദര്‍ശിച്ചും പ്രചോദിപ്പിച്ചും സാധ്യതകളും തിരുത്തലുകളും നിര്‍ദേശിച്ചും 24 കോളേജുകളെ പല രീതികളില്‍ അദ്ദേഹം നാക് വിസിറ്റിനൊരുക്കിയതിന്റെ ഗുണം കേരളത്തിലെ ധാരാളം വിദ്യാര്‍ത്ഥികളും കോളേജുകളും ഇന്ന് അനുഭവിക്കുന്നുണ്ട്.
നാക് വിസിറ്റിന്റെ ഒന്നാം ഘട്ടം മുതല്‍ (2000) ജോസഫ്സാര്‍ സഹായിയായി ഉണ്ടായിരുന്നത് ബിസിഎം, സെന്റ് സ്റ്റീഫന്‍സ് കോളേജുകള്‍ക്ക് നാക്ന്റെ ഉയര്‍ന്ന ഗ്രേഡുകള്‍ കൈവരിക്കാന്‍ സഹായിച്ചിട്ടുണ്ട്. അടുത്ത കാലത്തും മൂന്ന് റിസര്‍ച്ച് സെന്ററുകള്‍, രണ്ട് അക്കാദമിക ചെയറുകള്‍, എല്ലാ അധ്യാപകരുടെയും റിസര്‍ച്ച് ആര്‍ട്ടിക്കിള്‍ ഉള്‍പ്പെടുത്തിയുള്ള പുസ്തകം തുടങ്ങിയ പല കാര്യങ്ങളും ബി.സി.എം. കോളേജില്‍ ആരംഭിച്ചതില്‍ ജോസഫ്സാറിന് നിര്‍ണായക പങ്കുണ്ട്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന് (ന്യൂഡെല്‍ഹി) ആജീവനാന്ത അംഗം, ഇന്ത്യന്‍ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേഷന് (ന്യൂഡെല്‍ഹി) അംഗം, അമേരിക്കന്‍ സ്റ്റഡീസ് റിസര്‍ച്ച് സെന്റര്‍ (ഹൈദരാബാദ്) അംഗം, മഹാത്മാഗാന്ധി സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് പഠനസമിതി അംഗം, കോട്ടയം സെന്റര്‍ ഫോര്‍ റൂറല്‍ മാനേജുമെന്റ് ഓണററി സെക്രട്ടറി, മൂവാറ്റുപുഴ നിര്‍മല, തൊടുപുഴ ന്യൂമാന്‍, കോട്ടയം ബി.സി.എം., ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ്, കറുകടം മൗണ്ട് കാര്‍മല്‍, വഴിത്തല ശാന്തിഗിരി എന്നീ കോളേജുകളുടെ ഗവേണിംഗ് ബോഡി അംഗം, കോട്ടയം ബി.സി.എം., ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ്, മടമ്പം പി.കെ.എം., രാജപുരം പയസ് ടെന്ത്, മൂവാറ്റുപുഴ നിര്‍മല, തൊടുപുഴ ന്യൂമാന്‍ തുടങ്ങിയ കോളേജുകളിലെ അധ്യാപകനിയമനത്തിന്റെ സ്ക്രീനിംഗ് കമ്മിറ്റി അംഗം, കോട്ടയം ബി.സി.എം. കോളേജിലെ പ്രൊഫ. വി.ജെ. ജോസഫ് കണ്ടോത്ത് ചെയര്‍ ഫോര്‍ മൈഗ്രേഷന്‍ സ്റ്റഡീസിലും കോട്ടയം സെന്റര്‍ ഫോര്‍ റൂറല്‍ മാനേജുമെന്റിന്റെ പ്രൊഫ. ബി.എസ്. ഭാര്‍ഗവ ചെയര്‍ ഓണ്‍ ഡീസെന്‍ട്രലൈസ്ഡ് ഗവര്ണന്സ് ആന്‍ഡ് മാനേജ്മെന്റിലും ഉഴവൂര്‍ കോളേജിലെ കെ.ആര്. നാരായണന് ചെയറിലും ചെയര്‍ പ്രൊഫസര്‍ തുടങ്ങി അദ്ദേഹത്തിന്റെ മഹിതസേവനം ലഭിച്ചിട്ടുള്ള രംഗങ്ങള്‍ നിരവധിയാണ്.
കോട്ടയം ബി.സി.എം. കോളേജ്, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്നിവയുടെ അക്കാദമിക് ഡയറക്ടറും പ്രൊ-മാനേജരുമായി സേവനം ചെയ്തുവരുകയായിരുന്നു. കോട്ടയം അതിരൂപതയില്‍ കോളേജുകളുടെ പ്രൊ-മാനേജര്‍ സ്ഥാനം വഹിച്ച ഏക അല്മായനാണ് അദ്ദേഹം.
കേരളത്തിലെ എയ്ഡഡ് കോളേജ് പ്രിന്‍സിപ്പല്‍സ് കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൗണ്‍സില്‍ സുവര്‍ണജൂബിലി ആഘോഷിച്ചതും മികച്ച അധ്യാപകര്‍ക്ക് പുരസ്കാരം ഏര്‍പ്പെടുത്തിയതും കോളേജുകളുടെ അക്കാദമികവും ഭരണപരവുമായ വളര്‍ച്ചയ്ക്കായി ഓഡിറ്റ് സമിതി രൂപീകരിച്ചതും അദ്ദേഹം പ്രസിഡന്റായിരിക്കെയാണ്. പ്രിന്‍സിപ്പല്‍സ് കൗണ്‍സിലിന്റെ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെ കണ്‍വീനറായി തുടര്‍ന്നുവരുകയുമായിരുന്നു.
തികഞ്ഞ ദൈവവിശ്വാസിയായിരുന്ന അദ്ദേഹം സഭാ അധികാരികളോട് എന്നും ആദരവ് പുലര്‍ത്തിയിരുന്നു. ഇടവകപ്പള്ളിയായ താമരക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയോട് അഭേദ്യമായൊരു ബന്ധം അദ്ദേഹം എന്നും സൂക്ഷിച്ചിരുന്നു. പാരിഷ് കൗണ്‍സില്‍ അംഗം, കെ.സി.സി. അംഗം, കെ.സി.വൈ.എല്‍. ഉപദേഷ്ടാവ് എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം ഇടവകയില്‍ അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം അതിരൂപതാ ശതാബ്ദി ഹിസ്റ്റോറിക്കല്‍ ഡോക്കുമെന്റേഷന്‍ കമ്മിറ്റി കണ്‍വീനര്‍, കോട്ടയം ആര്ച്ചെപ്പാര്ക്കിയല് അസംബ്ലി അംഗം, കോട്ടയം അതിരൂപതയുടെയും കോതമംഗലം രൂപതയുടെയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഒരേ സമയം രണ്ടു രൂപതകളില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ വിരളമായിരിക്കും.
ആരെയും എത്ര സമയമെടുത്തും കേള്‍ക്കാനുള്ള മനസ്, ലളിതജീവിതം, കൃത്യനിഷ്ഠ, വിനയം, കഠിനാധ്വാനം, ഉപദേശങ്ങളിലും – താക്കീതുകളില്പോലുമുള്ള സ്നേഹസ്പര്‍ശം, സത്യസന്ധത, അതിഥിസത്ക്കാരപ്രിയം, പ്രതിസന്ധികള്‍ അക്ഷോഭ്യനായി തരണം ചെയ്യല്‍, വാക്കുകളിലും പ്രവൃത്തിയിലുമുള്ള കൃത്യത, വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തല്‍, സംഘാടനം, സമയബന്ധിതമായ തീരുമാനമെടുക്കല്‍ തുടങ്ങിയവയൊക്കെ ജോസഫ്സാറിന്റെ വ്യക്തിത്വത്തിന് മികവേറ്റുന്നവയാണ്. പോരായ്മകള്‍ രഹസ്യമായി ചൂണ്ടിക്കാണിക്കുകയും നന്മകളെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്യുന്നതാണ് സമൂഹത്തിന്റെ ആരോഗ്യകരമായ പുരോഗതിക്ക് ഉത്തമമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ രസതന്ത്രവകുപ്പ് മേധാവിയും സീനിയര്‍ പ്രൊഫസറും ഡീനും സിന്‍ഡിക്കറ്റ് അംഗവും ആയിരുന്ന കൈപ്പുഴ ഇലയ്ക്കാട്ട് ഡോ. ബീന മാത്യുവിന് ഒരു ഉത്തമ ഭര്‍ത്താവിനെ നഷ്ടപ്പെട്ടിരിക്കുന്നു, മക്കള്‍ അജയ്ക്കും വിജയ്ക്കും ഒരു മാതൃകാ പിതാവിനെയും. എങ്കിലും സുഹൃദ്-വിദ്യാര്ത്ഥിവലയത്താലും പവിത്രജീവിതത്താലും അലംകൃതനായ ഒരു പിതാവിന്റെ അഭിമാനദ്യോതകവും സുസ്മൃതിദായകവുമായ ചിരസ്മരണകള്‍ ആശ്വാസം നല്കുന്നവയാണ്. അടുത്ത നാളുകളില്‍ വേര്‍പിരിഞ്ഞ മാതാപിതാക്കളോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളാനിരിക്കുന്ന താമരക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിലെ തെക്കുംപെരുമാലില്‍ കുടുംബക്കല്ലറയ്ക്ക് ഈ ജ്ഞാനതേജസിന്റെ ആഴങ്ങളും പ്രഭയും ഉള്‍ക്കൊള്ളാനാകട്ടെ. നീതിസൂര്യന്റെ സന്നിധിയില്‍ സൗമ്യതേജസായി ഈ ജീവിതം സ്വീകരിക്കപ്പെടുമെന്നത് ഉറപ്പാണ്.
ഫാ. ബൈജു മുകളേല്‍
സൗമ്യസൂര്യന്‍ മായുമ്പോള്‍





