ട്രംപിന്റെ തീരുവ യുദ്ധം: വെല്ലുവിളിയും സാധ്യതകളും

നാളിതുവരെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയിലൊന്നായിരുന്നു അമേരക്ക. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ്‌ 27-ാം തീയതി മുതല്‍ ഇന്ത്യയുടെ കയറ്റുമതിക്ക്‌ 25 ശതമാനം ചുങ്കവും ഇന്ത്യ റഷ്യയില്‍ നിന്ന്‌ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ പിഴചുങ്കമായി 25 ശതമാനവും ചേര്‍ത്ത്‌ ഇന്ത്യന്‍ ഉല്‌പന്നങ്ങള്‍ക്കു 50 ശതമാനം തീരുവ അമേരിക്ക പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഇന്ത്യയുടെ കാര്‍ഷിക – ക്ഷീര മേഖലകളെ പൂര്‍ണ്ണമായി അമേരിക്കയ്‌ക്ക്‌ തുറന്നു കൊടുക്കാത്തതുകൊണ്ടാണ്‌ ഇപ്രകാരമുള്ള ഒരു വര്‍ദ്ധനവിനു കാരണമെന്നു പറയപ്പെടുന്നു. അതോടൊപ്പം തന്നെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ സൈനിക നീക്കം താന്‍ ഇടപെട്ടാണ്‌ നിര്‍ത്തിയത്‌ എന്ന്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ പലതവണ പറഞ്ഞെങ്കിലും ഇന്ത്യ അക്കാര്യം നിഷേധിക്കുകയും പാക്കിസ്ഥാനിനെതിരെയുള്ള സൈനിക നീക്കം അവസാനിപ്പിക്കാന്‍ മൂന്നാമതൊരു ശക്തിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നു അസന്നിഗ്‌ധമായി പ്രഖ്യാപിക്കുകയും ചെയ്‌തു. നൊബേല്‍ സമ്മാനം ലഭിക്കണം എന്ന സ്വപ്‌നവുമായി നടക്കുന്ന ട്രംപിനു ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ വിയോജിപ്പ്‌ അതിനുള്ള സാധ്യത നഷ്‌ടപ്പെടുത്തിയെന്ന ചിന്തയും യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ മേല്‍ 25 ശതമാനം അധിക പിഴചുങ്കം ചേര്‍ക്കാന്‍ കാരണമാണെന്നാണ്‌ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ബ്രസീലിനു മാത്രമേ ഇപ്രകാരം 50 ശതമാനം തീരുവ അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളൂ. യഥാര്‍ത്ഥത്തില്‍ ട്രംപില്‍ നിന്നു ഇങ്ങനെയൊരു മാറ്റം ആരും പ്രതീക്ഷിച്ചില്ല. ട്രംപുമായി ഇന്ത്യന്‍ പ്രധാനമന്ത്രിയ്‌ക്ക്‌ വളരെ അടുത്ത സൗഹൃദമാണ്‌ ഉണ്ടായിരുന്നത്‌. കണ്ടാലുടനെ ആലിംഗനം ചെയ്യുകയും മിത്രമെന്നു വിളിക്കുകയും ചെയ്യുമായിരുന്നു. എന്തിനേറെ 2020 ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിപ്പിക്കണമെന്ന്‌ പരസ്യമായി ആഹ്വാനവും പ്രധാനമന്ത്രി നടത്തി. അത്രത്തോളം വളര്‍ന്ന വിശ്വാസത്തിനും സൗഹൃദത്തിനുമാണ്‌ പുതിയ തീരുവ പ്രഖ്യാപനത്തിലൂടെ കോട്ടം സംഭവിച്ചിരിക്കുന്നത്‌. ഇന്ത്യയ്‌ക്കു ഉയര്‍ന്ന തീരുവ ചുമത്തുന്നതിനു കാരണമായി ട്രംപ്‌ പല കാരണങ്ങളും പുറത്തു പറയുന്നു. ഇന്ത്യ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കു വലിയ തീരുവ ചുമത്തുന്നു. പല മേഖലകളിലും ഇറക്കുമതി അനുവദിക്കുന്നില്ല. ഇറക്കുമതിക്കു കര്‍ക്കശ നിബന്ധന വയ്‌ക്കുന്നു. പ്രധാനമായും കാര്‍ഷിക രാജ്യമായ ഇന്ത്യയുടെ കാര്‍ഷിക – ക്ഷീര വിപണി സ്വതന്ത്രമായി വിട്ടുകൊടുത്താലുണ്ടാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതത്തെ അവഗണിക്കാനാവില്ല. ഇന്ത്യന്‍ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക്‌ ഇപ്പോള്‍ തന്നെ പലപ്പോഴും ന്യായവില ലഭിക്കുന്ന സാഹചര്യമാണുള്ളത്‌. ഇതിനോടകം അമേരിക്കയുമായി നടന്ന താരീഫിനെ സംബന്ധിച്ച ചര്‍ച്ചകളില്‍ ഇന്ത്യ പല വിട്ടുവീഴ്‌ചകള്‍ക്കും സമ്മതിച്ചിരുന്നു. കാര്‍ഷിക – ക്ഷീര ഉല്‍പന്നങ്ങളുടെ സ്വതന്ത്രവിപണി അനുവദിച്ചില്ലെങ്കിലും കൂടുതല്‍ ക്രൂഡ്‌ഓയില്‍, പ്രകൃതിവാതകം, യുദ്ധവിമാനങ്ങള്‍ അടക്കം പ്രതിരോധ സാമഗ്രികള്‍ വാങ്ങാനും ഇന്ത്യ സമ്മതം അറിയിച്ചതാണ്‌. എന്നാല്‍ ജനിതകമാനം വരുത്തിയ ഉല്‍പന്നങ്ങള്‍ അസ്വീകാര്യമായി ഇന്ത്യ പ്രഖ്യാപിച്ചപ്പോഴും അമേരിക്കന്‍ വ്യാവസായിക ഉല്‍പന്നങ്ങള്‍ക്കു ചുങ്കം ഒഴിവാക്കി കൊടുക്കാനും അമേരിക്കന്‍ നിര്‍മ്മിത കാറുകള്‍ക്കും മദ്യത്തിനും ക്രമേണ ചുങ്കം കുറച്ചു കൊണ്ടുവരാനും ഇന്ത്യ സമ്മതം അറിയിച്ചു.
ട്രംപിനെ സംബന്ധിച്ചു പറയുമ്പോള്‍ അദ്ദേഹത്തിന്റെ താല്‌പര്യം ബിസിനസും അതിലൂടെ ലഭിക്കുന്ന ലാഭവുമാണ്‌. ലാഭം ഇല്ലാത്ത കച്ചവടത്തിനു ട്രംപിനു മനസില്ല. അതു മറ്റുള്ളവരുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുമോ, ആഗോള വിപണിക്കു തിരച്ചടി നല്‌കുമോ, മറ്റുള്ളവരെ പട്ടിണിക്കാരാക്കുമോ ഇതൊന്നും ട്രംപിനു ബാധകമല്ല. എന്നാല്‍ രാഷ്‌ട്ര തന്ത്രജ്ഞതയുള്ള എല്ലാവരുടെയും വികസനം ആഗ്രഹിക്കുന്ന ഒരു നേതാവില്‍ നിന്നു ഉണ്ടായിക്കൂടാത്ത പ്രതികരണമാണ്‌ ട്രംപില്‍ നിന്നു ഉണ്ടാകുന്നത്‌. ഇത്തരത്തിലുള്ള അധിക തീരുവ പ്രഖ്യാപനം അമേരിക്കയ്‌ക്ക്‌ തന്നെ ദോഷം വരുത്തിവെക്കുമെന്നാണ്‌ നലംതികഞ്ഞ സാമ്പത്തിക വിദഗ്‌ധരുടെ അഭിപ്രായം. ഒപ്പം ട്രംപിന്റെ അധിക തീരുവ പ്രഖ്യാപനം തുടര്‍ന്നാല്‍ ഇന്ത്യയുടെ കയറ്റുമതിയേയും ജിഡിപിയുടെ വളര്‍ച്ചയേയും ബാധിക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല. ഇന്ത്യ ഒരു വര്‍ഷം 8 ലക്ഷം കോടി രൂപയുടെ (900 കോടി ഡോളര്‍) ഉല്‍പന്നങ്ങളാണ്‌ അമേരിക്കയിലേയ്‌ക്കു കയറ്റി അയയ്‌ക്കുന്നത്‌. ഇതു ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ അഞ്ചിലൊന്നു വരും. ഇത്രയും വലിയ ഒരു കയറ്റുമതി യൂറോപ്യന്‍ യൂണിയനില്‍ നിന്നോ, ഗള്‍ഫ്‌ മേഖലയില്‍നിന്നോ കണ്ടെത്തുവാന്‍ അത്ര എളുപ്പമല്ല. അമേരിക്കയെ സംബന്ധിച്ചു മൊത്തം ഇറക്കുമതിയുടെ 2.7 ശതമാനം മാത്രമാണ്‌ ഇന്ത്യയില്‍ നിന്നുള്ളത്‌. അതുപോലും മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വാങ്ങാനാവും. അതുകൊണ്ടു തന്നെ അമേരിക്കയുടെ ഈ വ്യാപാര യുദ്ധം തീര്‍ത്തും നിരുപദ്രകരമെന്നു കരുതി തള്ളിക്കളയാനാവില്ല. ഇന്ത്യ റഷ്യയും ജപ്പാനും ചൈനയും ബ്രിട്ടനുമൊക്കെയായി കൂടുതല്‍ അടുത്തു വരികയും പുതിയ സാധ്യതകള്‍ കണ്ടെത്തുകയും ചെയ്യുന്നു. റഷ്യയും ചൈനയും ഇന്ത്യയും ചേരുന്ന ഒരു വ്യാപാര അച്ചുതണ്ട്‌ രൂപപ്പെട്ടാല്‍ കാര്യങ്ങള്‍ ഇന്ത്യക്കു കുറച്ചുകൂടെ എളുപ്പമാകും. എന്നാല്‍ കാര്യത്തോടു അടുക്കുമ്പോള്‍ ചൈന എത്രത്തോളം ഇന്ത്യയ്‌ക്ക്‌ ഒപ്പം നില്‌ക്കുമെന്ന കാര്യം കാത്തിരുന്നു കാണേണ്ടിവരും. 143 കോടി ജനങ്ങളുള്ള ഇന്ത്യയുടെ ആഭ്യന്തര വിപണി ശക്തമാണ്‌. അതിനെ ഒറ്റയടിയ്‌ക്ക്‌ ട്രംപിനു അവഗണിക്കാനാവില്ല എന്നു കരുതുന്നവരുമുണ്ട്‌. ട്രംപിന്റെ ഏകപക്ഷീയമായ അധിക ചുങ്കം ചുമത്തല്‍ നിയമപരമല്ലെന്ന നിലപാടു അമേരിക്കന്‍ കോടതിക്കുമുണ്ട്‌. ട്രംപിന്റെ ഈ തീരുവയുദ്ധത്തെ നേരിടാന്‍ ഇന്ത്യ ബദല്‍ വഴികള്‍ തേടേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തരവിപണിയെ ശക്തിപ്പെടുത്തുകയാണാവശ്യം. ഈ നാട്ടില്‍ ഉല്‌പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ വിദേശ ഉല്‌പന്നങ്ങളേക്കാള്‍ കൂടുതലായി ഇന്ത്യക്കാര്‍ വാങ്ങുകയും ഉപയോഗിക്കുകയും വേണം. അതുപോലെ ടെക്‌സ്റ്റൈല്‍ ഉല്‍പന്നങ്ങളും മരുന്നും ഇന്ത്യയില്‍ നിന്നുള്ള ചെമ്മീനുമെല്ലാം അമേരിക്കയിലേയ്‌ക്ക്‌ കയറ്റുമതി ചെയ്‌തിരുന്ന ഉല്‌പന്നങ്ങളാണ്‌. ഇതിന്റെ കയറ്റുമതി കുറയുന്നതു ആ രംഗത്തു പ്രതിസന്ധി സൃഷ്‌ടിക്കും. പ്രത്യേകിച്ചു ചെറുകിട കയറ്റുമതിക്കാരെ കൂടുതല്‍ ബാധിക്കാനിടയുണ്ട്‌. അമേരിക്കയുടെ താരിഫ്‌ യുദ്ധം മറികടക്കാന്‍ അവയൊക്കെ പുതവിപണി കണ്ടെത്തേണ്ടി വരും. അതു കണ്ടെത്താനുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയണം. ഇന്ത്യയിലെ കോര്‍പ്പറേറ്റുകളുടെ 17 ലക്ഷം കോടി രൂപയുടെ കടം എഴുതിതള്ളുകയും അവയുടെ പുനരുജ്ജീവനത്തിനുവേണ്ടി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റു ഭീമന്‍മാരേക്കാള്‍ ഇന്ത്യയിലെ ചെറുകിട വ്യാപാരികളെയും കയറ്റുമതിക്കാരെയും സംരക്ഷിക്കുവാന്‍ യുക്തമായ തീരുമാനങ്ങളും നടപടികളും എടുക്കണം. ജി.എസ്‌.റ്റി കുറക്കുമ്പോള്‍ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുകയും ചെയ്യണം. ട്രംപിന്റെ താരിഫുയുദ്ധം ഇന്ത്യക്കു ഒരേ സമയം വെല്ലുവിളി ഉയര്‍ത്തുകയും പുതിയ സാധ്യതകള്‍ തുറന്നു തരികയും ചെയ്യുന്നുണ്ട്‌.
റവ. ഡോ. മാത്യു കുരിയത്തറ

Previous Post

വാഴ്ത്തപ്പെട്ടവരായ ഫ്രസ്സാത്തിയെയും അക്കൂത്തിസിനെയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി

Next Post

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുപുഷ്പ മിഷന്‍ലീഗ് മാതൃക – അഡ്വ. സജീവ് ജോസഫ് MLA

Total
0
Share
error: Content is protected !!