കോട്ടയം: ചങ്ങനാശ്ശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗര്‍ക്കായി നല്കപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്തോലിക്കയും വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന് മാത്യു മാക്കീല്‍ പിതാവിനെ 2025 മെയ് 22-ാം തീയതി ലെയോ 14-ാമന്‍ മാര്‍പ്പാപ്പ ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ഭാഗമായി കോട്ടയം അതിരൂപതയില്‍ നടത്തപ്പെടുന്ന ഔദ്യോഗിക ധന്യന്‍ പദവി പ്രഖ്യാപനവും അതിരൂപതാ മെത്രാനായിരുന്ന അഭിവന്ദ്യ തോമസ് തറയില്‍ പിതാവിന്റെ 50-ാം ചരമവാര്‍ഷിക ആചരണത്തിന്റെ സമാപനവും സംയുക്തമായി കോട്ടയം ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ ജൂലൈ മാസം 26-ാം തീയതി ശനിയാഴ്ച രാവിലെ 9.30 ന് നടത്തപ്പെടുന്നു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് തിരിതെളിച്ചുകൊണ്ട് പരിപാടികള്‍ക്കു തുടക്കം കുറിക്കുകയും സന്ദേശം നല്‍കുകയും ചെയ്യും. കോട്ടയം അതിരൂപതാ മെതാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഏവര്‍ക്കും സ്വാഗതം ആശംസിക്കും തുടര്‍ന്ന് ദൈവദാസന് മാത്യു മാക്കീല്‍ പിതാവിനെ ധന്യനായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഡിക്രി അതിരൂപതാ ചാന്‍സിലര്‍ ഫാ. തോമസ് ആദോപ്പിള്ളില്‍ വായിക്കും.
അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. അതിരൂപതാ സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, അതിരൂപതയിലെ വൈദികര്‍ മുതലായവര്‍ സഹകാര്‍മ്മികരായി പങ്കെടുക്കും. തുടര്‍ന്ന് ബി.സി.എം കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന അനുസ്മരണ പ്രാര്‍ത്ഥനകള്‍ക്കു ശേഷം ധന്യന്‍ മാക്കീല്‍ പിതാവിനെയും അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിനെയും കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. പ്രൊക്കുറേറ്റര്‍ ഫാ. അബ്രാഹം പറമ്പേട്ട്, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍ സി. ഇമ്മാക്കുലേറ്റ് എസ്. വി.എം, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ജനറല്‍ സി. ലിസി മുടക്കോടില്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. അതിരൂപതാ പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടില്‍ ഏവര്‍ക്കും കൃതജ്ഞതയര്‍പ്പിക്കും. കോട്ടയം അതിരൂപതയുടേയും ക്നാനായ സമുദായത്തിന്റെയും സമഗ്ര വളര്‍ച്ചയ്ക്കായി സമര്‍പ്പണം ചെയ്ത മാര്‍ മാത്യു മാക്കീല്‍ 2009 ജനുവരി 26 നാണ് ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടത്. ശുശ്രൂഷകളില്‍ അതിരൂപതയിലെ വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ പങ്കെടുക്കും.





