കോട്ടയം നാലു വര്‍ഷ ഓണേഴ്സ് പ്രോഗ്രാമിന്റെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശനോല്‍സവം – “വിജ്ഞാനോത്സവം – 2025” ജൂലൈ 1 നു 9.30 ന് ബി.സി.എം കോളേജില്‍ നടന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ഔദ്യോഗികമായ ഉദ്ഘാടനത്തിനു ശേഷം കോളേജുതല പരിപാടികള്‍ ആരംഭിച്ചു. കോളേജു പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. തോമസ് കെ. വി തന്റെ ആമൂഖസന്ദേശത്തില് കോളേജിന്റെ വിവിധങ്ങളായ കര്‍മ്മപരിപാടികള്‍ അവതരിപ്പിച്ചു. സപ്തതി വര്‍ഷത്തില്‍ ബി.സി.എം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന 70 നൈപുണികളെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു. പ്രാതിനിധ്യ സ്വഭാവമുള്ള നൈപുണികള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് സ്റ്റേജില്‍ അവതരിപ്പിച്ചത് കുട്ടികളിലും രക്ഷാകര്‍ത്താക്കളിലും കൗതുകമുണര്‍ത്തി. കളരിപ്പയറ്റ്, കരാട്ടേ, ശാസ്ത്രീയ നൃത്തം തുടങ്ങിയവ വിജ്ഞാനോത്സവത്തെ ഏറെ ആകര്‍ഷകമാക്കി. എഫ്. വൈ. യു. ജി. പി നോഡല്‍ ഓഫീസര്‍ ഡോ. ലിജു അലക്സ്, കോളേജു വൈസ് പ്രിന്‍സിപ്പാള്‍ ഡോ. അന്നു തോമസ് തുടങ്ങിയവര്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ വിവിധങ്ങളായ സാധ്യതകള്‍ പരിചയപ്പെടുത്തി.
വിജ്ഞാനോത്സവത്തിന്റെ തുടര്‍ച്ചയായി നവാഗതര്‍ക്കായി ജൂലൈ 2 മുതല്‍ 5 വരെയുള്ള തീയതികളില്‍ “ക്യാംപസ് കാര്‍ണിവല്‍” എന്ന പേരില്‍ ഓറിയന്റേഷന്‍ പ്രോഗ്രാം ഒരുക്കിയിരിക്കുകയാണ്. പ്രമുഖ കോര്‍പറേറ്റ് പരിശീലകന്, മുഹമ്മദ് ഐക്കണ്‍, സോഫ്റ്റ് സ്കില്‍ പരിശീലകന് ഡാനിഷ് റ്റി. എ, തൊഴില്‍ നൈപുണ്യ പരിശീലക രാജേശ്വരി കെ. വി തുടങ്ങിയവരാണ് ക്യാംപസ് കാര്‍ണിവലില്‍ പരിശീലകരായെത്തുന്നത്.
നൂറു ശതമാനം നീന്തല്‍ സാക്ഷരത, കലാകായിക നൈപുണികള്‍ തുടങ്ങി ജീവിത വിജയത്തിന് അവശ്യം വേണ്ട നൈപുണികള്‍ സ്വായത്തമാക്കുന്നതിനുള്ള പരിശീലനം ബി.സി.എം കോളേജിനെ വേറിട്ടുനിര്‍ത്തുന്നു. ഡോ. നീതു വര്‍ഗ്ഗീസ്, ഡോ. റീജാ പി. എസ്, ആന്‍ മരിയ ബിനോയ്, മിന്നു മറിയം ജോസ്, കുമാരി ഷെബി ഐസക്, ദേവു വിനോദിനി, നീരജ ബി ദേവ്, കെസിയ എലിസബത്ത്, ആദിത്യ ജോഷി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.





